ആര്‍. സംഗീത
പ്രണയിക്കപ്പെടാത്തവളെ
പെട്ടെന്ന് തിരിച്ചറിയാം
ലോകം മുഴുവൻ
ഉറങ്ങുമ്പോഴും
തോർച്ചകളിൽ ഇലഞെട്ടിൽ
വീണ് ചിതറുന്ന
മിന്നാമിന്നി വെട്ടങ്ങൾ പോലെ
മുനിഞ്ഞു കത്തുന്ന
ഒറ്റവെളിച്ചമുള്ള മുറി
അവളുടെയാണ്….
തിരക്കുള്ളയിടങ്ങളിൽ
അവൾക്ക് മാത്രം
കണ്ടെത്താൻ കഴിയുന്ന.,
ആന്തലോടെ നുഴഞ്ഞു കയറി
ഉടലൊളിപ്പിക്കാൻ കഴിയുന്ന
ചെറുതുരുത്തുകൾ ഉണ്ടാവും
ചുറ്റുമുള്ള
കോർക്കുന്ന വിരലുകളെ
ചുണ്ടുകളുടെ രാജ്യങ്ങളെ
കണ്ണുകളുടെ പതാകകളെ
നിഴൽ വീഴാത്ത
പീലികൾക്കിടയിൽ നട്ടുവയ്ക്കും
മരണം റിഹേഴ്സൽ ചെയ്‌തെടുക്കുന്ന
കളികളിൽ ഏർപ്പെട്ടിരിക്കുന്ന
ഓർമ്മകളുമായുള്ള
മൽപ്പിടുത്തങ്ങളാണ്
രാത്രികൾ
ഗ്രൂപ്പ് ഫോട്ടോകളിൽ
പിന്നിൽ മാത്രം ഇടം കിട്ടുന്ന
കുട്ടിയുടെ മുഖo കാട്ടുന്ന
കണ്ണാടികളാണ് ചുറ്റും
കഴുത്തിലും ചുണ്ടിലുമേറ്റ
പ്രണയക്ഷതങ്ങൾ
മറയ്ക്കാൻ പാടുപെടുന്ന
മറ്റൊരുവളുടെ കണ്ണിലെ
നാണത്തിൽ പൊതിഞ്ഞ
തളർച്ചയിൽ
ഒരു മരുഭൂമി നെഞ്ചിലേക്ക്
നടന്നു വരും
ഏതൊക്കെയോ വന്കരകളിൽ
അവൾക്കു മാത്രം
കേൾക്കാവുന്ന കരച്ചിലുകൾ
ചെവിയിൽ വന്നലയ്ക്കും
വരണ്ട ഭൂമി ചുരത്തിയ
അവസ്സാന വെളിച്ചത്തുള്ളികളിലൂടെ
ജീവിതം പോലെന്തോ
വേച്ച് പോകുമ്പോൾ
ഒറ്റ ചുംബനത്താൽ
മരിച്ചു പോകുന്നവൾ
ചിത്രീകരണം: സുബേഷ് പത്മനാഭന്‍
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in