ബിനീഷ് പുതുപ്പണം
ആരെയും കാത്തിരിക്കാനില്ലാതെ
വിരസമാം വൈന്നേരമൊരിക്കൽ
അവളങ്ങിനെയിരിക്കുന്ന നേരം
നെഞ്ചുലച്ച് കടന്നു വരുന്നു ഒരാൾ.
ആലയിൽക്കിടക്കുoപൈക്കുട്ടി
പരിചയം ഭാവിച്ച് തലകുലുക്കുന്നു.
മുറ്റത്തുകളിക്കുന്ന പേരക്കുട്ടികൾ
ആരെന്നറിയാതെ ചിണുങ്ങുന്നു.
പെട്ടന്നു കടന്നു വന്ന
ഓർമയുടെ വെയിലേറ്റ്
അവളുടെ കണ്ണിലെ
ആകാശം തെളിയുന്നു.
കാലം ചുളിവു ചുട്ടികൾ കുത്തിയ മുഖത്ത്
നേരം പരപരാ വെളുത്ത പോലെ
പുഞ്ചിരി പരക്കുന്നു.
ഓർമയുണ്ടോ? എന്നയാൾ
മരണമില്ലല്ലോ – എന്നവൾ
ശൂന്യമായ ചാരുകസേരയിൽ നിന്ന്
ചുമരിലേക്കു നോട്ടമെറിഞ്ഞ അയാൾ
മാലയിട്ടൊരാ പടം കണ്ട് ഖിന്നനാകുന്നു.
ഭർത്താവില്ലേ – എന്ന,യാൾ
ഉള്ളിലെപ്പോഴുമുണ്ടല്ലോ – എന്ന,വൾ.
അപ്പോൾ ഞാനോ?- വീണ്ടും അയാൾ.
ഉള്ളിലും പുറത്തും ഇപ്പോഴുമെപ്പോഴുമുണ്ടല്ലോ -എന്നവൾ.
അവർ മലർന്നു ചിരിക്കുന്നു.
മുറ്റത്ത് അന്തം വിട്ടുനിൽക്കുന്ന
കുട്ടികളേയും പശുവിനേയും കടന്ന്
കണ്ണിറുക്കി
പറമ്പിലേക്കു നടക്കുന്നു.
ഏറെ കൊല്ലങ്ങൾക്കു മുമ്പ്
ഒരുമിച്ചു നട്ടൊരു വിത്തിന്റെ
ഓർമയാൽ ഒരു മരം
ഇലകളാകെ കൊഴിക്കുന്നു
ചിറകുവിരിച്ചു പറക്കും ഉമ്മകളെ പോൽ
മേനികളെ ഇക്കിളിപ്പെടുത്തുന്നു ഇലകൾ.
അവരോ..
പറമ്പിൽ ഇതുവരെ കാണാതിരുന്ന പൂക്കളെ കാണുന്നു
ഇക്കാലമത്രയും മറഞ്ഞിരുന്ന ശലഭങ്ങളായ് മാറുന്നു
സാന്ധ്യ നേരത്തിൻ പിച്ചളപാത്രത്താൽ
നിറങ്ങളെ തൊടുന്നു.
എനിക്കേറ്റം പ്രിയപ്പെട്ടവനേ -എന്നവൾ
എന്റെ പൊന്നേ- എന്നയാൾ
കൗമാരക്കരുത്തും തോൽക്കുന്ന ഉശിരൻ കാറ്റ്
തൊടിയിലെ തെങ്ങുകളെ ഉലച്ച് കരിക്കുകൾ വീഴ്ത്തുന്നു.
എന്റെ മരമേ – എന്നയാൾ
എന്റെ മധുരമേ-എന്നവൾ.
പൊടുന്നനെ അയാൾ
‘പിരിഞ്ഞു പോയതിൽ
പൊറുക്കൂ ‘എന്നു കരഞ്ഞ്
അവളുടെ കാൽചുവട്ടിൽ മുട്ടുകുത്തിയിരിക്കുന്നു.
നിലാക്കിണ്ണം പോലെ തിളങ്ങുന്ന കഷണ്ടിത്തലയിലവൾ
അമർത്തി ഉമ്മവെക്കവേ
ഏറെ പഴക്കമുള്ള അയാളുടെ മണമാകെ പടർത്തി വന്ന ഇരുട്ട്
അവളെ നനയ്ക്കുന്നു.
അതിലൊന്നായ് മൂടിയവൾ നിശ്വസിക്കേ
അമ്മേ.. അമ്മൂമ്മേ.. പെങ്ങളേ..
എന്നീ വിളികൾ പേറിയ
ടോർച്ചു വെട്ടങ്ങൾ
പറമ്പിലേക്ക് കേറി വരുന്നു.
അതിനെതിരെ വെളിച്ചം തൊടുക്കുന്നു
മരങ്ങൾക്കിടയിൽ നിന്ന്
രണ്ടു മിന്നാമിനുങ്ങുകൾ..
ചിത്രീകരണം: സുബേഷ് പത്മനാഭന്‍
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in