കഥയും കഥാപാത്രങ്ങളും സങ്കല്പികമല്ല.

0
799

പോൾ സെബാസ്റ്റ്യൻ

ചോര പൊടിയുന്ന അനുഭവങ്ങളുടെ നേരെഴുത്താണ് ലക്ഷ്മിപ്രിയയുടെ “കഥയും കഥാപാത്രങ്ങളും സങ്കല്പികമല്ല.” എന്ന ഓർമ്മക്കുറിപ്പുകളുടെ പുസ്തകത്തിൽ കാണാൻ സാധിക്കുക. ബാല്യത്തിന്റെ നിഷ്കളങ്കതയും അനാഥത്വത്തിന്റെ നൊമ്പരവും നിരാസത്തിന്റെ തേങ്ങലുകളും വഞ്ചനയുടെ കൂരമ്പുകളുമേറ്റ ആത്മാവിന്റെ പിടച്ചിലും അനുഭവിപ്പിക്കുന്ന എഴുത്താണ് ലക്ഷ്മിപ്രിയയുടേത്. ലക്ഷ്മിപ്രിയയെ അറിയില്ലേ? നിവേദ്യത്തിലെ എണ്ണപ്പാട്ട രാധാമണി? ഭാഗ്യദേവതയിലെ പൂവാലി സോഫി? കഥ തുടരുന്നുവിലെ അമ്മയ്‌ക്കെതിരെ ചൂലെടുത്ത മല്ലിക?

ദിവസവും പത്രങ്ങളിൽ കാണുന്ന കൊലപാതകങ്ങളും ക്രൂരകൃത്യങ്ങളും നമ്മുടെ ഏറ്റവും മികച്ച ഡിറ്റക്റ്റീവ് നോവലിസ്റ്റുകളുടെ ഭാവനയെപ്പോലും വെല്ലുന്നതാണെന്ന് കേരളത്തിലെ ഏതൊരാളും ഇന്ന് സമ്മതിക്കും. കൊലപാതകങ്ങളിൽ മാത്രമല്ല, ജീവിതത്തിന്റെ സമസ്ത മേഖലകളിലും മനുഷ്യർ പടവെട്ടിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികൾ അനാവരണം ചെയ്യുന്നതിൽ നമ്മുടെ എഴുത്തുകാർ എത്ര പിറകിലാണ് എന്ന് ചിന്തിപ്പിക്കും വിധം ജീവിതത്തിലെ പ്രതിസന്ധികളുടെ കുത്തൊഴുക്കിലൂടെയാണ് നർത്തകിയും സിനിമാ, സീരിയൽ അഭിനേത്രിയുമായ ലക്ഷ്മിപ്രിയയുടെ ജീവിതയാത്ര ഈ പുസ്തകത്തിൽ അനാവരണം ചെയ്യപ്പെടുന്നത്. “നിങ്ങൾക്ക് അനുകരണീയമോ മാതൃകയോ ആകാവുന്ന ഒരു വ്യക്തി അല്ല ഞാൻ. ഈ പുസ്തകത്തിൽ അങ്ങനെ ഒന്നും ഇല്ല. ഉള്ളത് നിങ്ങൾ എന്നെയും ചേർത്തു താരതമ്യം ചെയ്യുമ്പോൾ ലഭിച്ചേക്കാവുന്ന ഇത്തിരി സമാധാനം!” എന്ന് എളിമപ്പെടുമ്പോഴും അനുഭവങ്ങളുടെ മൂശയിൽ ഊതിക്കാച്ചിയുണ്ടാക്കി ചിന്ത കൊണ്ട് മൂർച്ച വെപ്പിച്ച നിഗമനങ്ങളുടെ വജ്രായുധങ്ങൾ ഈ പുസ്തകത്തിൽ ധാരാളം കാണാം.

അഭിനേത്രിയെപ്പറ്റി കൂടുതൽ അറിയാത്ത എന്നെപ്പോലുള്ള ഒരാളെ ജിജ്ഞാസയുടെയും ആകാംക്ഷയുടെയും മുൾമുനയിൽ നിർത്താൻ തക്കവിധം ചടുലതയോടെയും ഷോക്കാവും വിധം പരിണാമഗുപ്തി ഒളിപ്പിക്കുന്ന നിപുണതയോടെയുമാണ് എഴുത്ത്. സസ്പെൻസ് ഫാക്ടർ ശരിക്കും പ്രവർത്തിക്കുന്നുണ്ട്.

ഏതൊരു ഓർമ്മക്കുറിപ്പെഴുതുന്ന ആൾക്കും വേണ്ട അവശ്യം വേണ്ട ഗുണമാണ് ഓർമ്മ. ഓർമ്മയുടെ ധാരാളിത്തം ലക്ഷ്മിപ്രിയയുടെ സവിശേഷതയാണ്. രണ്ടു വയസ്സിന് മുൻപുള്ള കാര്യങ്ങൾ വരെ തീർത്തും വ്യക്തതയുള്ള ചിത്രങ്ങളായി ഇന്നും ഓർക്കാനും എഴുതാനും കഴിയുക എന്നത് ചില്ലറ ഗുണമല്ല. “രണ്ടു വയസ്സ് ഉള്ളപ്പോഴാണ്. മുട്ടത്തെ സ്ഥലത്തു വീട് വയ്ക്കുന്നതിനു വാനം കോരാൻ അടയ്ക്കാമരം മുറിച്ചിട്ടത്. അപ്പൂപ്പന്റെ കയ്യിൽ പിടിച്ചു അത് നോക്കിനിന്ന എന്റെ കാലിൽ അടയ്ക്കാമരത്തിൽ നിന്ന് കടയോടെ ഇളകിവന്ന കട്ടുറുമ്പിൻ കൂട്ടം കടിച്ചു ശരിപ്പെടുത്തിക്കളഞ്ഞു.” എന്നാണ് ഈ പുസ്തകത്തിലെ രണ്ടാമത്തെ വാചകം. അവിടെ നിന്ന് ഓർമ്മക്കുറിപ്പുകൾ എഴുതിയ ദിവസം വരെയുള്ള തീക്ഷ്ണമായ ജീവിത സന്ദർഭങ്ങളെ ഈ പുസ്തകത്തിൽ ഒരു ചലച്ചിത്രത്തിലെന്ന പോലെ വായനക്കാരുടെ കണ്മുമ്പിലേക്ക് എത്തിക്കുന്നുണ്ട് ലക്ഷ്മിപ്രിയ.

lakshmipriya

ഓർമകളെ വ്യക്തതയുള്ള കാഴ്ചകളായി അവതരിപ്പിക്കുന്നതിലെ മിടുക്കാണ് ഏതൊരു ഓർമ്മക്കുറിപ്പിനെയും വായനക്കാർക്ക് സമീപസ്ഥവും പ്രിയപ്പെട്ടതാക്കുന്നത്. ഈ പുസ്തകം അക്കാര്യത്തിൽ മറ്റു ഓർമ്മക്കുറിപ്പുകളെക്കാൾ വളരെയേറെ മുന്നിലാണ്. ഉദാഹരണത്തിന്, ഗർഭം അലസിപ്പിച്ച ഒരമ്മയുടെ വേദന എഴുതിയിരിക്കുന്നത് വായിക്കൂ. “രണ്ടു ദിവസം കഴിഞ്ഞു രണ്ടാമത്തെ ഗുളികകൾ കഴിച്ചു. എന്താ ബുദ്ധിമുട്ട് ഉണ്ടാകുക എന്നൊന്നും അറിയാത്തതിനാൽ ചേട്ടൻ ക്ലാസ്സെടുക്കാൻ പോയി. ആറു മണി കഴിഞ്ഞ നേരത്ത് വയറ്റിൽ നിന്നു ഒരു ഭൂഗോളം പൊന്തിവരും പോലെ തോന്നി. ആഹ്,,,അ..ആഹ്ഹ്ഹ്ഹ്ഹ്. ഞാൻ നിലത്തു വീണുരുണ്ടു. ഇപ്പൊ എന്റെ ഇടുപ്പെല്ല് തകർന്ന് പോകും. എനിക്ക് ടോയ്‌ലറ്റിൽ പോകണം. പോയി. എന്നാൽ എനിക്ക് ഇരിക്കാൻ ആവുന്നില്ല. ഞാൻ അലറിപ്പോയി. ഇരിക്കുമ്പോ കിടക്കാൻ തോന്നും കിടക്കുമ്പോൾ നില്ക്കാൻ തോന്നും. നിൽക്കുമ്പോൾ നിലത്ത് വീണുരുളാൻ തോന്നും. സഹായത്തിനാരുമില്ലാതെ ആ കുഞ്ഞുവീട്ടിൽ ഞാൻ. ഒടുവിൽ അവൻ പോകാൻ സമയമെടുത്തു. വിട! ഇനി ഒരു ജന്മത്തിലും ഇത്ര സ്നേഹശൂന്യയായ് സ്ത്രീയുടെ ഗർഭപാത്രത്തിൽ പിറവി എടുക്കാതിരിക്കട്ടെ. അതിശക്തമായ രക്തപ്പാച്ചിലിൽ അവൻ പോയി. മാപ്പ് പറയാൻ അർഹതയില്ലെങ്കിലും പതിനാറു കൊല്ലം കഴിഞ്ഞിട്ടും നിത്യവും ഈ അമ്മയും അച്ഛനും മോനോട് മാപ്പ് പറഞ്ഞുകൊണ്ടേയിരുന്നു. മാപ്പ്. നിന്നെ പ്രസവിക്കാനുള്ള പുണ്യം ‘അമ്മ ചെയ്തിട്ടില്ല. മാപ്പ്.” ആ അനുഭവത്തിന്റെ വേദനയുടെ രണ്ടാമതും കടന്നുപോകാതെ ഒരാൾക്ക് ഇങ്ങനെ എഴുതാനാവില്ല. അതിനാൽ തന്നെ അനുഭവത്തിന്റെ തീച്ചൂളയിലേക്ക് രണ്ടാമത്തിറങ്ങി തന്നെയാണ് ലക്ഷ്മിപ്രിയ ഈ ഓർമ്മക്കുറിപ്പ് എഴുതിയിരിക്കുന്നത് എന്ന് വ്യക്തമാണ്. പ്രത്യേകിച്ച് പഴയ ഓർമ്മകൾ.

മാതാപിതാക്കളുടെ വിവാഹമോചനത്തിന്റെ ഇരയാണ് അഭിനേത്രിയും എഴുത്തുകാരിയുമായ ലക്ഷ്മി പ്രിയ. അതിനാൽ തന്നെ വിവാഹ മോചനത്തെ എതിർക്കുന്ന കാഴ്ചപ്പാടാണ് എഴുത്തുകാരുള്ളത്. സ്നേഹരാഹിത്യത്തിൽ ഒരു ബാല്യവും പൊലിയരുത് എന്ന ചിന്തയാണ് ഈ നിലപാടിന്റെ അടിസ്ഥാനം. ജീവിതത്തിൽ തനിക്ക് നിഷേധിക്കപ്പെട്ട അമ്മയുടെ സ്നേഹത്തിന്റെ ഓർമ്മയിലാവാം, ‘അമ്മ എന്ന പദത്തിന്റെ അടിമയാണ് ലക്ഷ്മിപ്രിയ എന്ന ചിന്ത പുസ്തകം വായിക്കുമ്പോൾ ലഭിച്ചേക്കാം.

ഒരു സ്ത്രീ എന്ന നിലയിൽ ബാല്യം മുതൽ ചിലപ്പോഴൊക്കെ നേരിടേണ്ടി വന്ന തിക്താനുഭവങ്ങൾ എഴുത്തുകാരി കാണുന്നത് ഇങ്ങനെയാണ്. “ഒരു പെണ്ണ് ഇത്തിരിയൊന്നു മുതിർന്നാൽ ഇതാണ് നാട്ടുകാരുടെ മട്ട്. വരുന്നവനും പോകുന്നവനുമൊക്കെ അതിൽ അവകാശം വയ്ക്കണം. പോകാൻ പറ. ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു.” തന്നെ ബാല്യത്തിൽ ചൂഷണം ചെയ്യാൻ ശ്രമിച്ച വൃദ്ധനോടും ആ ബാലികയ്ക്ക് ക്ഷമിക്കാനാവുമായിരുന്നില്ല. എങ്കിലും അനാഥത്വത്തിലേക്ക് കുഞ്ഞുങ്ങളെ തള്ളിവിടുന്നവർക്ക് കൂടെ അതിൽ ഒരു കൂട്ടുത്തരവാദിത്വമുണ്ട് എന്ന ഓർമ്മപ്പെടുത്തലിനും ഈ എഴുത്ത് ഓർമ്മക്കുറിപ്പുകാരി ഉപയോഗിക്കുന്നുണ്ട്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കാൻ ശ്രമിച്ച ഒരു മാധ്യമ പ്രവർത്തകന്റെ മുഖവും ഈ പുസ്തകത്തിൽ വലിച്ചു കീറുന്നുണ്ട്. അതെ സമയം തന്നെ കരുതലിന്റെ ശീതളിമയും ഈ എഴുത്തിൽ കാണാം. ആർത്തവാനന്തരം വല്യച്ഛൻ നൽകിയ കരുതലിനെപ്പറ്റി ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്. “ആളൊഴിഞ്ഞ നേരത്ത് റ്റാറ്റ എന്റെ ഒപ്പം മൂലയിൽ ഇട്ടു തന്ന തഴപ്പായിൽ ഇരുന്നു. എന്റെ ശരീരത്തിന്റെ മാറ്റത്തെ പാറ്റി, അതിന്റെ വിശുദ്ധി എങ്ങനെ കാത്തു സൂക്ഷിക്കണം എന്നതിനെപ്പറ്റി. ഇനി എനിക്കുണ്ടായേക്കാവുന്ന മാനസിക ബുദ്ധിമുട്ടുകളെപ്പറ്റി, ഞാൻ എന്റെ പുതിയ കണ്ണുകളിലൂടെ കണ്ടേക്കാവുന്ന കാഴ്ചകളെപ്പറ്റി, പ്രണയത്തെപ്പറ്റി, മാസംതോറും അതു വരുമ്പോൾ ഉണ്ടായേക്കാവുന്ന വേദനയെപ്പറ്റി, എങ്ങനെ ശരീരം വൃത്തിയാക്കി സൂക്ഷിക്കണം. അങ്ങനെ ഒരമ്മ പറഞ്ഞു തരേണ്ടതെല്ലാം എല്ലാമെല്ലാം ഒരു അച്ഛന് മാത്രം കഴിയുന്ന രീതിയിൽ ജന്മം കൊണ്ട് എന്റെ അച്ഛനല്ലാത്ത റ്റാറ്റ എനിക്കു പറഞ്ഞു തന്നു.”

lakshmipriya paul sebastian

നടി എന്ന നിലയിൽ ഉയരങ്ങളിൽ എത്താൻ കഴിവുള്ള ഒരാളാണ് ലക്ഷ്മിപ്രിയ എന്ന പ്രതീതിയാണ് നമുക്ക് ഈ പുസ്തകം വായിക്കുമ്പോൾ ലഭിക്കുക. ഹിഡുംബി എന്ന നാടകത്തിന് വേണ്ടി അവർ ചെയ്ത ത്യാഗങ്ങൾ ആരുടെയും കരളലിയിക്കുന്നതാണ്. “മറ്റെന്തിനേക്കാളും ഈ ലോകത്തു ഒരു അഭിനേതാവിനു പ്രിയം മികച്ച അവസരങ്ങൾ ആണ്” എന്നറിയാവുന്ന നടി ഗർഭവതിയായിരിക്കുമ്പോൾ ഹിഡുംബിയെ അവതരിപ്പിച്ച വേദിയിൽ അഭിനയിച്ചതിനെപ്പറ്റി എഴുതുന്നതിങ്ങനെയാണ്. “പിന്നീട് ഞാൻ എന്നെ മറന്നു. എന്റെ മുന്നിൽ എല്ലാ സീറ്റിലും ഭീമൻ ആയിരുന്നു. അർജുനനും നകുലനും സഹദേവനും ആയിരുന്നു. ഗന്ധമാദനത്തിലൂടെ ഭീമനെ തലയിലേറ്റി ഞാൻ പറന്നു! അവന്റെ മാറിൽ ഒരു കാട്ടുവള്ളിയായി പടർന്നുകയറി ഉരുണ്ടു! എന്നെ തനിച്ചാക്കി കാടുവിട്ടിറങ്ങിയപ്പോ ഒന്ന് തിരിഞ്ഞുപോലും നോക്കാതിരുന്നതോർത്തു ഞാൻ വിതുമ്പി. മകനെ ബലിയാടാക്കിയത് ചോദിച്ചു കൊണ്ട് ഞാൻ അട്ടഹസിച്ചു. പ്രസവവേദനയാൽ പുളഞ്ഞു കാടിന്റെ മുകളിലുള്ള പാറയിൽ വള്ളിയിൽ തൂങ്ങി കയറി പ്രസവിച്ചു. ഘടം പോലെയുള്ള അവന്റെ തല പുറത്തേക്ക് വന്നപ്പോൾ ഞാൻ അലറി. ആ അലർച്ചയിൽ എല്ലാവരും കിടുങ്ങി. പൊക്കിൾകൊടി കടിച്ചു തുപ്പി. കാലിയായ ഗർഭപാത്രം സമൂഹത്തിനു മുന്നിലേക്ക് നിസ്സാരമായി വലിച്ചെറിഞ്ഞു…..അവസാന നിമിഷങ്ങളിൽ അഗാധമായ ഗർത്തത്തിലൂടെ നടക്കുന്നതായി എനിക്ക് തോന്നി. ഏതു നിമിഷവും മറിഞ്ഞു വീണേക്കാം. എന്നിട്ടും ഒരു വാക്കു പോലും മറക്കാതെ, നിർത്താതെ ഞാൻ ഉറഞ്ഞാടുക തന്നെ ചെയ്തു. ഒടുവിൽ എല്ലാം കഴിഞ്ഞപ്പോൾ ജയേഷേട്ടന്റെ കയ്യിലേക്ക് ബോധമറ്റു വീണപ്പോൾ എന്റെ വസ്ത്രങ്ങൾ മുഴുവൻ ചോരയിൽ മുങ്ങിയിരുന്നു.” ലക്ഷ്മിപ്രിയയുടെ അഭിനയപ്രതിഭയ്‌ക്കൊത്ത റോളുകൾ ലഭിക്കുന്നില്ല എന്ന യാഥാർഥ്യത്തെ പക്ഷെ അവർ നോക്കിക്കാണുന്നത് ഇങ്ങനെയാണ്. “പക്ഷെ ഇന്നും ഏതൊരു ചെറിയ കുട്ടിയും എന്റെ അടുത്ത് വന്ന് എന്നോട് പറയുന്നത് “കഥ തുടരുന്നു” വിനെക്കുറിച്ചും “മല്ലിക”യെക്കുറിച്ചുമാണ്. അതിന്റെ അർത്ഥം ആ സിനിമക്കും കഥാപാത്രത്തിനും ശേഷം ഞാൻ കരിയറിൽ വളർന്നില്ല എന്നല്ലേ?”

ഉറച്ച തീരുമാനങ്ങളും നിലപാടുകളുമുള്ള ഒരു വ്യക്തിത്വമാണ് ഈ കൃതി വായിക്കുന്നവർക്ക് ലഭിക്കുക. ഞാൻ എന്റെ മാത്രം വക്താവാണ്. “എനിക്ക് ഒരു അഭിപ്രായം പറയണം എന്ന് തോന്നുന്ന വിഷയത്തിൽ തീർച്ചയായും എന്റെ അഭിപ്രായം ഞാൻ അറിയിക്കും.” എങ്കിൽ പോലും വികാരത്തിന്റ അടിമയാണ് താൻ എന്ന് സമ്മതിക്കുന്ന ഒരു എഴുത്തുകാരിയെയും നമുക്കിതിൽ കാണാം. ഇതിന് ലക്ഷ്മിക്ക് തന്റേതായ ന്യായങ്ങളുമുണ്ട്. “അത്ര കൂടുതൽ ബുദ്ധി ഉള്ള ആളല്ല. ഞാൻ പറഞ്ഞല്ലോ ബുദ്ധി കുറവും വികാരം കൂടുതൽ ആയും ഉപയോഗിക്കുന്ന ആൾ ആണെന്ന്? ഈ ബുദ്ധി കൂടുതൽ ഉപയോഗിക്കുന്നവർക്കു മാനുഷിക പരിഗണനകൾ കൂടുതൽ ഉണ്ടാകുമോ എന്ന് സംശയം ആണ്. ഒരാൾ കരഞ്ഞാൽ കൂടെ കരയുകയും ചിരിച്ചാൽ കൂടെ ചിരിക്കുകയും ചെയ്യാൻ അവർക്ക് കഴിയുമോ? എനിക്കാതാവും. സഹജീവി വേദനിക്കുമ്പോൾ റൂൾ നോക്കിയിരിക്കാൻ എനിക്കാവില്ല…..എന്നെ തളർത്താൻ ഒന്നിനെ ആകൂ. സ്നേഹത്തിന്. അല്ലെങ്കിലും മനുഷ്യൻ എന്നത് പ്രകാശത്തിനു നേരെ വളഞ്ഞു വളരുന്ന ചെടി പോലെ ആണ്. അവൻ സ്നേഹത്തിനു നേരെ വളഞ്ഞു വളരും. അത് ഇനി കള്ളത്തരം ആണെങ്കിൽ കൂടി.” ” എന്നെ സ്നേഹം നടിച്ചു നടിച്ചു പറ്റിയ്ക്കാൻ വളരെ എളുപ്പമാണ്. വളരെ വളരെ… “എന്ന് കുമ്പസാരിക്കുന്നുണ്ട് ലക്ഷ്മിപ്രിയ. സ്നേഹത്തിന്റെ അടിമയായ ഒരു അഭിനേത്രിയെയാണ്, വ്യക്തിയെയാണ് ഈ പുസ്തകം നമുക്ക് കാണിച്ചു തരിക. “ഇപ്പോൾ മനസ്സിൽ സ്നേഹിക്കപ്പെടുവാൻ ഉള്ള യാതൊരു ആഗ്രഹവും ഇല്ല. ജീവിതത്തിൽ കുറച്ചു ഡിപ്ലോമാറ്റിക് ആയത് ഇപ്പൊ മാത്രം ആണ്.” എന്ന എഴുത്തുകാരിയുടെ ഉറപ്പിൽ പോലും അതങ്ങനെ എളുപ്പം മാറിപ്പോകുന്ന ആഗ്രഹം അല്ല എന്ന ചിന്തയാണ് വായനക്കാർക്ക് കിട്ടുക.

നിരീക്ഷണപാടവം ഏറെയുള്ള വ്യക്തിയാണ് ലക്ഷ്മിപ്രിയ. വായന ശീലമാക്കിയ അഭിനേത്രി ഒരു വ്യക്തി എന്ന നിലയിൽ നടത്തുന്ന സൂക്ഷ്മമായ നിരീക്ഷണങ്ങളും അത്തരം നിരീക്ഷണങ്ങളിൽ നിന്നും അനുഭവങ്ങളിൽ നിന്നും എത്തിച്ചേരുന്ന നിഗമനങ്ങളും സിദ്ധാന്തങ്ങളും ഒരു തത്വചിന്തകന്റെ സ്വഭാവവിശേഷങ്ങളോട് ഏറെ അടുത്ത് നിൽക്കുന്നവയാണ്. നിരീക്ഷണപാടവത്തിന് ഏറ്റവും നല്ല ഒരു ഉദാഹരണം കുഞ്ഞിനെ ഗർഭം ധരിച്ചിരുന്നപ്പോൾ താൻ കണ്ടുപിടിച്ച കാര്യങ്ങളെ പങ്കു വെച്ചതാണ്. “ഷവറിൽ നിന്ന് വെള്ളം എന്റെ മേത്തു വീഴുന്നത് വാവയ്ക് വലിയ ഇഷ്ടമാണ്. അടുക്കളയിൽ പൈപ്പിൽ നിന്ന് വെള്ളം വീഴുന്ന ഒച്ചയും ഇഷ്ടമാണ്. കുക്കറിന്റെ ഒച്ച, മിക്സിയുടെ ഒച്ച ഒക്കെ കുഞ്ഞിന് പേടി ആണ്. കുക്കറിന്റെ വിസിൽ വരുന്നതിനു മുൻപും മിക്സി പ്രവർത്തിക്കുന്നതിന് മുൻപും വാവയോടു ഞാൻ പറയും, പേടിക്കേണ്ടെന്ന്. സംഗീതം വലിയ ഇഷ്ടമാണ്. ജയേഷേട്ടന്റെ പാട്ടും ദാസേട്ടന്റെ പാട്ടും വളരെ ഇഷ്ടം. ആ സമയത്തു വയറ്റിൽ കിടന്നു തുളി കളിക്കും. ചേട്ടൻ പുറത്തുപോയി വരുമ്പോൾ ഞാൻ ഡോർ തുറക്കുമ്പോ ചേട്ടൻ ‘ആഹാ’ എന്നു പറയും. അതും വല്യ ഇഷ്ടം.” ഈ നിരീക്ഷണം സ്കാനിങ്ങിലൂടെ തെളിയുകയും ചെയ്യുമ്പോൾ നമുക്ക് ആ നിരീക്ഷണ പാടവത്തെ അംഗീകരിക്കാതിരിക്കാനാവില്ല. ഈ നിരീക്ഷണപാടവം മറ്റു കാര്യങ്ങളിലും പുലർത്തുന്നുണ്ട് ലക്ഷ്മിപ്രിയ. ഇങ്ങനെയുള്ള നിരീക്ഷണം മാത്രമല്ല, ആ നിരീക്ഷണത്തിന്റെ സൈദ്ധാന്തീകരണവും ലളിതമായ അവതരണവുമാണ് പ്രത്യേകത. “പ്രതീക്ഷകൾ നമ്മെ ജീവിപ്പിക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും അതേ പ്രതീക്ഷകൾ നമ്മെ വേദനിപ്പിക്കുന്നു. പ്രതീക്ഷ, ഒരു വശത്തു ഇരുളും മറുവശത്തു വെളിച്ചവും ആയിരിക്കുന്നു.” “പ്രേമത്തിനും അപ്പുറത്ത് തന്നെയാണ് സ്നേഹം. പ്രണയം എന്നത് മൃദുലവികാരവും സ്നേഹം എന്നത് അതിലും മേലുള്ള ഒന്നുമല്ലേ? ആത്മാർത്ഥമായ പ്രണയം സ്നേഹത്തിൽ അധിഷ്ഠിതമായിരിക്കും. പ്രണയികൾ അവരുടെ ഏറ്റവും നല്ലത് മാത്രം പുറത്തു കാണിക്കുകയും മറ്റുള്ളതൊക്കെ ഒളിച്ചു വയ്ക്കുകയും ചെയ്യും. എന്നാൽ എനിക്കു ഒളിക്കുവാൻ ഒന്നും ഉണ്ടായിരുന്നില്ല.”

തീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ ഇടയിലും നർമ്മത്തിന്റെ മേമ്പൊടി ഇടയ്ക്കൊക്കെ വിതറിക്കൊണ്ടാണ് ലക്ഷ്മിപ്രിയയുടെ എഴുത്ത്. “ഒരു സാധാരണ നാട്ടിൻപുറത്തു വീടുകളിൽ കുറച്ചു കൊല്ലം മുൻപ് വരെ സ്വന്തം മക്കളുടെ സർഗ്ഗശേഷിക്ക് ഒരു ഉടുമുണ്ടിന്റെ വില പോലും ഉണ്ടായിരുന്നില്ല.” തന്റെ നിരയൊക്കാത്ത പല്ലുകളെ സംവിധായകന്റെ മുന്നിലേക്ക് അവതരിപ്പിക്കാനായി, “സാർ, എനിക്ക് മഞ്ജുവാര്യരെ പോലെ ഉള്ള പല്ലുകൾ ആണ് ഉറപ്പായും സാറിന് എന്നെ ഇഷ്ടമാവും. അടുത്ത ചിത്രത്തിൽ തീർച്ചയായും അവസരം പ്രതീക്ഷിക്കുന്നു.” എന്നൊക്കെ വായിക്കുമ്പോൾ ശ്രീനിവാസനെ ലക്ഷ്മിപ്രിയ എന്ത് കൊണ്ട് ആരാധിച്ചു എന്ന് വ്യക്തമാവും. കഥ തുടരുന്നുവിന് വേണ്ടി നടത്തിയ സൈക്കിൾ ചവിട്ടിന്റെ കഥയും പശുക്കളെ കൊറിയറിൽ വാങ്ങിയ കഥയുമൊക്കെ പൊട്ടിച്ചിരിയോടെയല്ലാതെ വായിക്കാനാവില്ല.

വളരെയേറെ ടെലിപ്പതിക് അനുഭവങ്ങൾ ഉണ്ടായിട്ടുള്ള വ്യക്തിയാണ് ലക്ഷ്മിപ്രിയ. അത് അവർക്ക് തിരിച്ചറിയാനുമാവുന്നുണ്ട്. അതെ സമയം, തിരിച്ചറിയാത്ത ഒരു ടെലിപ്പതിക് പവർ ട്രാൻസ്മിഷൻ കൂടെ അവരിലൂടെ നടക്കുന്നുണ്ടോ എന്ന് സംശയിപ്പിക്കുന്ന വിധത്തിലുള്ള അനുഭവങ്ങളും ഈ പുസ്തകത്തിൽ കാണാം. ആ മേഖലയിൽ ചിന്തിക്കുന്നവർക്ക് പുസ്തകത്തിലെ അനുഭവങ്ങൾ വിശകലനം ചെയ്യുക കൗതുകകരമായിരിക്കുമെന്ന് കരുതുന്നു.

“നിഷേധിക്കപ്പെട്ടതിനോട് മുഖം തിരിക്കാൻ തനിയെ പഠിച്ച കുട്ടി, ജീവിതം എന്ന പോരാട്ട ഭൂമിയിൽ തനിച്ചു നിൽക്കുമ്പോഴും പതറാത്ത കുട്ടി.” പക്ഷെ, “ഈ ലോകത്ത് അവനവാനാണ് എല്ലാം എന്ന് ഓരോ മനുഷ്യർക്കും ബോധ്യപ്പെടേണ്ടതുണ്ട്” എന്ന നിഗമനത്തിലേക്കാണ് എത്തുന്നത്. മാനവികതയെ മുന്നിൽ നിർത്തുന്ന ജീവിതവീക്ഷണമാണ് സ്വന്തം അനുഭവങ്ങളിൽ നിന്ന് ലക്ഷ്മിപ്രിയ വായനക്കാരോട് പങ്കു വെയ്ക്കുന്നത്. രക്തബന്ധത്തേക്കാൾ സ്നേഹബന്ധമാണ് വലുത് എന്ന നിലപാടാണ് ഈ പുസ്തകം വ്യക്തതയോടെ വരച്ചു കാട്ടുന്നത്.

ഒരു കഥാകാരനെന്ന നിലയിൽ ‘റ്റാറ്റാ’, ‘അമ്മ’ അച്ഛൻ’ എന്നീ മൂന്ന് കഥാപാത്രങ്ങളുടെ/വ്യക്തികളുടെ മനസിക വ്യാപാരങ്ങളിലൂടെയും അവരുടെ തീരുമാനങ്ങൾക്ക് പിന്നിലുള്ള ചോദനകളിലൂടെയും ഉള്ള ഒരു സഞ്ചാരത്തിന് കൂടി സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. ഭൂരിഭാഗം അധ്യായങ്ങളിലും അനുഭവിപ്പിച്ചു കൊണ്ടുള്ള എഴുത്തിൽ നിന്ന് വിഭിന്നമായി പുസ്തകത്തിന്റെ അവസാന അധ്യായങ്ങൾ അല്പം ധൃതി പിടിച്ചാണോ എഴുതിയത് എന്ന സംശയം ഉണ്ടാക്കുന്നുമുണ്ട്.

സ്വന്തം ജീവിതത്തിന്റെ ഉള്ളറകൾ ലോകത്തിന് മുന്നിൽ തുറന്നു വെയ്ക്കാൻ ഉറച്ച നന്മയും ആത്മബലവും കരുത്തുമുള്ളവർക്കേ സാധിക്കൂ. അത് അപൂർവ്വമായി മാത്രം ലഭിക്കുന്ന അവസരമാണ്. ഒരു വായനക്കാരാണെന്ന നിലയിൽ മറ്റൊരു ആത്മാവിന്റെ നോവുകൾ തൊട്ടറിയാൻ ലഭിച്ച ഈ അവസരം ഒരു ഭാഗ്യമായി കരുതുന്നു. ഈ പുസ്തകത്തിന്റെ വായന നിങ്ങൾക്ക് ഒരിക്കലും നഷ്ടമാവുകയില്ല. കാരണം, ഇതിലെ കഥയും കഥാപാത്രങ്ങളും സങ്കല്പികമല്ല. അതെ, അവർ നമുക്ക് ചുറ്റും എവിടെയൊക്കെയോ ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here