കാറൽ മാർക്സിന്റെ താടി

0
596
athmaonline-the-arteria-karl-marxinte-thaadi-story-harikrishan-thachadan

കഥ

ഹരികൃഷ്ണൻ തച്ചാടൻ

“ഹൈഗേറ്റ് സെമിത്തേരിയിലെ മാർക്സിൻ്റെ ശവകുടീരം അജ്ഞാതർ ആക്രമിച്ചു കേടുപാടുകൾ വരുത്തി. താടിക്കാരെയാണ് എനിക്ക് സംശയം!”
പതഞ്ഞ് പൊങ്ങുന്ന കടൽത്തിരകൾ പോലെ ചുരുണ്ടിരുന്നു അവൻ്റെ മുടിയിഴകൾ. ബീച്ചിൽ കാറ്റാടിപമ്പരം വിറ്റു നടക്കുന്ന ആ പയ്യനെ ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ മൂന്നാം ദിവസവും കണ്ടു.
കുറിയ ബദാംമരങ്ങളുടെ തണലിൽ, അർഥശങ്കകൾക്കിടയില്ലാതെ ഇടംവലം തിരിയുന്ന വർണ്ണ പമ്പരങ്ങളുമായി കടലിനഭിമുഖമായാണ് അവൻ നിന്നത്. അവന് പ്രായം പതിനാറിനടുത്ത് തോന്നിച്ചു. കവിളുകൾ പോക്കുവെയിലിൽ, പഴുത്ത ചോളം കണക്കെ തിളങ്ങി.
ഹേയ് ഒരു കാറ്റാടിക്കെന്താ.. വില? ഞാൻ കൈവീശിക്കൊണ്ട് അവൻ്റെ ശ്രദ്ധയെ ക്ഷണിച്ചു.
പത്തുരൂപ സാർ.
വിളിക്കാൻ കാത്തുനിൽക്കുകയായിരുന്നു എന്നു തോന്നിപ്പിക്കും വിധം, വേഗത്തിൽ അവൻ അടുത്തെത്തി. അവൻ്റെ പമ്പരങ്ങളുടെ ദളങ്ങളിൽ നൂറുകണക്കിന് സൂര്യന്മാർ അസ്തമയം കാത്തു നിൽക്കുന്നുണ്ടായിരുന്നു.കാറ്റാടി തരുമ്പോൾ അവൻ ചിരിച്ചു.
നിൻ്റെ പേരെന്താണ്..?
കാറൽ മാർക്സ്. സങ്കോചമേതുമില്ലാതെ അവൻ പേരു പറഞ്ഞു!
കാറൽ… മാർക്സ്..!! ഞാൻ അവനെ ചോദ്യഭാവത്തിൽ നോക്കി.അവൻ പക്ഷെ കൂസലില്ലാതെ നിന്നു.
‘ആരാണ് നിനക്കീ പേരിട്ടത്?’
അറിയില്ല സാർ. ഈ കടപ്പുറത്തെ കള്ളുകുടിയന്മാരായ താടിക്കാരൊക്കെ എന്നെ അങ്ങനെയാണ് വിളിക്കുന്നത്.
മനസ്സിലായില്ലെന്ന മട്ടിൽ ഞാനവനെ വീണ്ടും ഉറ്റുനോക്കി.ഇല്ല.., കാൾ മാർക്സാകാനുള്ള ലക്ഷണങ്ങളൊന്നുമില്ല. നീണ്ട താടിയോ.. തടിച്ച മുഖമോ.. ഗാംഭീര്യം നിഴലിക്കുന്ന കണ്ണുകളോ ഒന്നും തന്നെയില്ല. പക്ഷെ… കൗമാരത്തിലെ മാർക്സിനെ എനിക്ക് പരിചയമില്ലാത്തതാണ്. ഈ കൊച്ചു പയ്യൻ കാൾ മാർക്സായി തീരാനുള്ള പ്രോബബിലിറ്റികളിലേക്ക് എൻ്റെ തലച്ചോർ അതിനോടകം സഞ്ചരിച്ചു തുടങ്ങിയിരുന്നു. അത്തരം സാധ്യതകളെ കുറിച്ച് അതിശയോക്തിയോടെ ചിന്തിക്കേണ്ടതില്ല. സാധ്യതകൾ ഉണ്ട് എന്നത് തന്നെ ഒരു വലിയ കണ്ടു പിടിത്തമാണ്. ഞാനെന്നെ സമാധാനിപ്പിച്ചു.

ആരാണ് താടിക്കാർ? എൻ്റെ ജിജ്ഞാസയെ ശമിപ്പിക്കാനായി അടുത്ത ചോദ്യം അറിയാതെ നാവിൻ്റെ അതിര് കടന്നുപോയിരുന്നു.അവൻ കുറച്ചു സമയം മിണ്ടാതെ നിന്നു. ചുറ്റിലും നോക്കി, ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തി. ശബ്ദം താഴ്ത്തി സംസാരിക്കാൻ തുടങ്ങി.
‘സാറിനവരെ അറിയാൻ വഴിയില്ല. അവർ പല തരക്കാരുണ്ട്. എണ്ണക്കറുപ്പുള്ള, ചീകി മിനുക്കിയ താടിയുള്ളവർ. നരച്ച്, മൈലാഞ്ചിയിട്ടു ചോപ്പിച്ച, തൊപ്പിക്കാരായ താടിക്കാർ. ഭസ്മത്തിൻ്റെ മണമുള്ള ഉണക്കചകിരി പോലെ താടി വച്ചവർ. ഇതിലൊന്നും പെടാത്ത ഊശാൻ താടിവച്ച കുർത്തക്കാർ.അങ്ങനെ അവർ എണ്ണിയാൽ ഒടുങ്ങാത്ത അത്രയുമുണ്ട്. താടിക്കാരിവിടെ വന്നു കൂടുന്ന ദിവസങ്ങളിൽ, എന്നെയവർ കൂട്ടി കൊണ്ടുപോകും. കടപ്പുറത്തെ പൂഴിമണ്ണിലിരുത്തി പാതിരാത്രി വരെ ഉറക്കെ വർത്തമാനം പറയും. ചിലപ്പോൾ പുലരും വരെ.. ഒക്കെയും എനിക്കറിവില്ലാത്ത കാര്യങ്ങൾ. പിന്നെ….’
അവന്‍ നിര്‍ത്തി.

‘പിന്നെ ?’
‘എനിക്കറിയില്ല സാര്‍.. അവര്‍ പ്രാന്തന്മാരാണ്.ആ നേരങ്ങളിൽ മനുഷ്യർക്ക് മനസ്സിലാവാത്ത കീറാമുട്ടി വർത്തമാനം മാത്രമേ അക്കൂട്ടര് പറയുകയുള്ളു.തളർന്നാലും എന്നെ അവർ വിടുകയില്ല. ഇടയ്ക്ക് എന്നെ നടുവിലിരുത്തി, എന്റെ ചുറ്റിലും കൂടിയിരുന്ന്, ഞാൻ ഇന്നേ വരെ കണ്ടിട്ടുള്ള മനുഷ്യരൊന്നും പറഞ്ഞു കേട്ടിട്ടില്ലാത്ത ഭാഷയിൽ എന്നോടോരോന്ന് ചോദിക്കും. അപ്പോഴൊക്കെ അവരെന്നെ കാറൽ…കാറൽ എന്ന് നീട്ടി വിളിച്ച് കൊണ്ടിരിക്കും. പല സ്വരങ്ങളിൽ ആ വിളിയെന്റെ ചെവിയിൽ കുത്തിനിറയ്ക്കും. ഒന്നും മിണ്ടാതെ കണ്ണു മിഴിച്ചിരിക്കുന്ന എന്റെ ചെള്ളയിൽ തടവി താടിക്കാരന്മാർ ആർത്തട്ടഹസിക്കും.ഹേയ്.. കാറൽ നിനക്കൊന്നുമറിയില്ല.
നീ ഇന്നേവരെ ധരിച്ച് വച്ചതൊക്കെയും തെറ്റാണ്. നീ ഒരു പടുവിഡ്ഢിയാണ്. അപ്പോഴെനിക്ക് സങ്കടം വരും.നിങ്ങൾ പറയു.. സാർ എനിക്കൊന്നും അറിയാത്തത് എന്റെ തെറ്റാണോ..? ‘
കാൽവിരലുകൾക്കിടയിൽ പറ്റിപ്പിടിച്ച എണ്ണമയമുള്ള അസംഖ്യം പൂഴിത്തരികൾ പോലെ ആ ചോദ്യവും എന്നെ അസ്വസ്ഥനാക്കി.

‘നിൻ്റെ വീടെവിടെയാണ്?’ അങ്ങനെ ചോദിച്ച് വിഷയം മാറ്റാനാണ് എനിക്കപ്പോൾ തോന്നിയത്.

‘എനിക്ക് വീടില്ല സാർ. ഞങ്ങൾ നാടോടികൾ വീടുകളിൽ പാർക്കാറില്ല എന്നാണ് എന്റെ അമ്മ പറഞ്ഞു തന്നിട്ടുള്ളത്.’
പൂഴി മണലിൽ ആരോ കൊറിച്ചിട്ട് പോയ കപ്പലണ്ടി തോടുകളിൽ വ്യഗ്രതയോടെ പരതുന്ന എലികളിൽ ചിലത് എൻ്റെ വുഡ്‌ലാൻഡ് ഷൂവിൻ്റെ അയഞ്ഞ ലെയ്സുകൾ നാറ്റിച്ചു നോക്കി. കുന്നിക്കുരു മണികൾ പോലുള്ള കണ്ണുകൾ കൊണ്ട് അവ പരന്നു കിടക്കുന്ന കടലിനെ നോക്കി. വിറക്കുന്ന മീശരോമങ്ങൾ. കാലുകൾ അലക്ഷ്യമായൊന്ന് വെട്ടിച്ചപ്പോൾ അവറ്റകൾ കടലിനെ ആവുന്നത്രയും കണ്ണിലെടുത്ത് ഏതെല്ലാമോ മാളങ്ങളിലേക്ക് പാഞ്ഞു കയറി പോയി.
‘ഞങ്ങൾക്ക് വീടില്ല സാർ. ഞങ്ങൾ നാടോടികളാണ്.’ അവൻ വീണ്ടും പറഞ്ഞതായി എനിക്ക് തോന്നി.
‘നിൻ്റെ അമ്മ എവിടെ പോയി?’
‘മരിച്ചു പോയി സാർ. കഴിഞ്ഞ കൊല്ലമാണ് അവർക്ക് ഡങ്കിപ്പനി പിടിച്ചത്. ഈ ബീച്ച് ആശുപത്രിയുടെ വരാന്തയിലാണ് അന്നവരെ കിടത്തിയിരുന്നത്. നല്ല ഭംഗിയുള്ള ഒരു നേഴ്സ് കൂടെ കൂടെ വരുമായിരുന്നു. പാതിരാത്രിയിൽ, ഇരുമ്പു കാലിൽ തൂക്കിയിട്ട പ്ലാസ്റ്റിക് കൂടിലെ, മഞ്ഞിച്ച് കൊഴുത്ത ദ്രാവകം അവർ ഇടക്കിടെ മാറ്റി കൊണ്ടിരുന്നു. ഞാനത് ഇറ്റി തീരുന്നതും നോക്കി ഉറങ്ങാതിരിക്കും. നിങ്ങൾക്കറിയാമോ ആ വരാന്തകളിൽ മനുഷ്യരേക്കാൾ ആയുസ്സുള്ള കൊതുകുകളുണ്ട്.’

‘സാർ..’ അവൻ ഏതോ ഓർമകളിൽ പെട്ടപോലെ എന്നെ നീട്ടി വിളിച്ചു.
‘പറയു കാൾ ഞാൻ കേൾക്കുന്നുണ്ട്.’

‘ എന്റെ അമ്മയൊരു തേവിടിശ്ശി ആയിരുന്നു! എന്നെ വിളിച്ചു കൊണ്ടുപോകുന്ന കള്ളുകുടിയന്മാരായ താടിക്കാരുടെ കൂടെയൊക്കെ അവർ കിടന്നിട്ടുണ്ട്. എന്നാലും അവർക്കെന്നോട് എന്തു സ്നേഹമായിരുന്നു. എന്നെ കൂടാതെ അവർക്ക് ജീവിക്കാൻ കഴിയുമായിരുന്നില്ല. പക്ഷെ, അവർ മരിച്ചിട്ടും ഞാൻ ജീവിച്ചിരിക്കുന്നു. അതാണ് അൽഭുതം. അന്ന് പുലർച്ച നേരത്ത്, ഞാനൊറ്റക്ക് അവരെ എടുത്ത് ഈ കടപ്പുറത്ത് കൊണ്ടുവന്നു. ഈ കാറ്റാടികളുടെ അത്ര പോലും ഭാരമില്ലായിരുന്നു അവർക്ക്. ഞാനവരെ ഇവിടെ കുഴിച്ചിട്ടു. ഈ വിളക്കുകാലിന് നേരെ നോക്കിയാൽ എനിക്ക് സ്ഥാനമറിയാം. ഈ വിളക്കു കാലുകൾ ഞങ്ങൾക്കുള്ള വെളിച്ചമല്ല അടയാളങ്ങളാണ് തരുന്നത്.’
ചാവടയാളം പോലെ നിൽക്കുന്ന കറുത്ത വിളക്കുകാലിനെ ഞാൻ ഭയപ്പാടോടെ നോക്കി. കാറൽ മാർക്സ് കടലിൻ്റെ പശ്ചാത്തലത്തിൽ വർത്തമാനം തുടരുകയായിരുന്നു.

‘താടിക്കാർക്കിടയിൽ പളുങ്കുഗോട്ടി പോലെ നീല കണ്ണുകളുള്ള ഒരു വെഞ്ചാമരത്താടിക്കാരൻ ഉണ്ടായിരുന്നു. അയാളായിരുന്നു അമ്മയുടെ പതിവുകാരൻ.
”നീം” എന്നാണയാൾ അമ്മയെ സ്നേഹത്തോടെ വിളിച്ചിരുന്നത്.പെട്ടന്നൊരു ദിവസം മുതൽ അയാൾ വരാതായി.അതിനു ശേഷം അമ്മ ആരുടെ കൂടെയും കിടന്നതായി ഞാൻ ഓർക്കുന്നില്ല. അതിൽ പിന്നെയാണ് ആ താടിക്കാരന്മാർ എന്നെ വിളിച്ച് കൊണ്ടുപോവാൻ തുടങ്ങിയത്.’
അവൻ സംസാരം നിർത്തി കടലിലേക്ക് നോക്കി. സൂര്യൻ പഴുത്ത് തുടുത്തൊരു മഞ്ഞ നാരകം പോലെ ഞെട്ടറ്റു വീഴാൻ പാകത്തിൽ ചക്രവാളത്തിൽ തൂങ്ങിക്കിടന്നു. പ്രദോഷത്തിൻ്റെ ചുവപ്പ് രാശികളിലേക്ക് കണ്ണുകൾ തുറന്നു പിടിച്ച് ധ്യാനനിരതരായ കൊക്കുകൾ പഴയ കടൽപ്പാലത്തിലെ പായലുപിടിച്ച കാലുകളിൽ ശിൽപങ്ങളായി.
‘കാൾ.. നിനക്കെത്ര വയസ്സുണ്ട്?’
‘എനിക്ക് നിശ്ചയമില്ല സാർ. ഈ പുസ്തക കച്ചവടക്കാർ കൊല്ലം തോറും നടത്തി വരുന്ന വലിയ പുസ്തകച്ചന്ത തുടങ്ങിയ കാലം തൊട്ട് ഞാനിവിടെ കാറ്റാടി വിൽക്കുന്നുണ്ട്. അതിനും മുമ്പ് അരിവാൾ ചുറ്റികക്കാരുടെ രണ്ട് മൂന്ന് വലിയ സമ്മേളനങ്ങൾ ഇവിടെ നടന്നിരുന്നു.അതിനും മുമ്പ്… എൻ്റെ ഓർമ്മയിലുള്ളത് ഈ കടലു മാത്രമാണ്. കാണാനാവുന്ന ഈ കടലിന്റെ പരപ്പിനോളം വലിപ്പമേ എന്റെ ഓർമ്മകൾക്കുള്ളു. അപ്പോഴെനിക്ക് അത്രയും വയസ്സ് കാണണം.’

‘മാർക്സ്.. നീ എന്തിനാണിങ്ങനെ ഒരു ദാർശനികനെ പോലെ സംസാരിക്കുന്നത്? ഈ ഗൗരവം നിൻ്റെ മുഖത്തിന് ലേശം പോലും ചേരുന്നില്ല.’ അവൻ ചിരിച്ചു. ‘ആ പോട്ടെ.. നീ ഇന്നെവിടെ ഉറങ്ങും? നീ കിടക്കുന്നതിനടുത്ത് എനിക്കൊരൽപ്പം സ്ഥലം നീക്കി വെക്കണം. ഞാനിന്ന് നിന്റെ കൂടെ ഉറങ്ങാമെന്ന് വിചാരിക്കുന്നു. നിന്നെ പിടിച്ച് കൊണ്ടുപോകാൻ വരുന്ന കള്ളുകുടിയന്മാരായ താടിക്കാരന്മാരെ എനിക്ക് കാണുകയും ചെയ്യാമല്ലോ.’
പക്ഷെ കാറൽ മാർക്സ് എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ദൂരെ വിളക്കു കാലിനടുത്തായി നിന്ന വെളുത്ത് തുടുത്ത പെണ്ണിൻ്റെ മുഖത്ത് അവൻ്റെ കണ്ണുകൾ ഉടക്കി പോയിരുന്നു. അവളുടെ പകുതി കളർ ചെയ്ത മുടിയിഴകളിൽ കാറ്റു പിടിച്ചു. നെയിൽ പോളീഷിട്ട് മിനുക്കിയ നീണ്ട നഖമുള്ള വിരലുകൾ കൊണ്ട് വിളക്കുകാലിൽ പോറി അവൾ അക്ഷോഭ്യയായി കടലിനെ നോക്കി.
‘സാർ പോകുന്നില്ലേ?’ എന്തോ കള്ളത്തരം ഒളിപ്പിക്കുന്ന മട്ടിൽ അവൻ ചോദിച്ചു.
‘അപ്പോൾ ഞാൻ പറഞ്ഞതൊന്നും നീ കേട്ടില്ലേ..? സാരമില്ല ഞാൻ പോകുകയാണ്.പക്ഷെ കാൾ.. നിനക്കീ കാറ്റാടിവിൽപ്പനക്കാരൻ്റെ ജോലി തീരെ ചേരുന്നില്ല കേട്ടോ.. ദിവസം മുഴുവൻ കാറ്റാടി വിറ്റാലും നിനക്ക് എന്തു കിട്ടാനാണ്.’

‘ഈ കാറ്റാടികൾ എൻ്റേതല്ല സാർ.’ നോട്ടം പിൻവലിക്കാതെ അവൻ ചുണ്ടുകൾ ചലിപ്പിച്ചു.’ഞാനിതിൻ്റെ വിൽപ്പനക്കാരൻ മാത്രമാണ്. എനിക്കിതിൽ അവകാശങ്ങളൊന്നുമില്ല. കാറ്റാടികൾ ഉണ്ടാക്കാനും വിൽക്കാനും മാത്രമറിയാവുന്ന ഒരാളാണ് ഞാൻ.’
‘അപ്പോൾ നിൻ്റെ മുതലാളി ആരാണ് ?’
‘അതോ.. അതൊരു താടിക്കാരൻ!’അവൻ ശബ്ദം താഴ്ത്തി പറഞ്ഞു.
‘എന്നാലും ഇത് ശരിയല്ല കാൾ.. നീ കൂടുതൽ പണം കിട്ടുന്ന മറ്റെന്തെങ്കിലും ജോലി കണ്ടെത്തണം.’
‘അതിന് ഞാൻ അധികകാലമൊന്നും ഈ ജോലി ചെയ്യാൻ പോകുന്നില്ല സാർ. വളരെ അടുത്ത് തന്നെ ഞാൻ ഈ കടല് കടക്കും.’
‘കടൽ കടക്കാനോ! എങ്ങനെ !? നിനക്കവിടെ ആരെങ്കിലും ജോലി തരാമെന്ന് ഏറ്റിട്ടുണ്ടോ..?’

കാറൽ മാർക്സ് ചിരിച്ചു.അവനാ വിളക്കുകാലിനു നേരെ കൈ ചൂണ്ടി.’സാറാ വെളുത്ത പെണ്ണിനെ കണ്ടോ.. ആ വിളക്കുകാലിന് താഴെ നിൽക്കുന്ന.. അവളാണെനിക്ക് ജോലി തരാമെന്നേറ്റിരിക്കുന്നത്.അവളെന്നെ ഈ കടലു കടക്കാൻ സഹായിക്കും.ഞങ്ങൾ പ്രേമത്തിലാണ്.’
‘നിന്നെ അവൾ പ്രേമിക്കുന്നെന്നോ..!!!’


എനിക്കെന്തോ പന്തികേട് തോന്നി. കഴിഞ്ഞ കാൽമണിക്കൂർ സംഭാഷണത്തിനിടയിൽ വിശ്വസനീയമായ ഒന്നും ഈ ചെറുക്കൻ പറഞ്ഞിട്ടില്ല. ഇവനിനി പരിഹസിക്കുകയാണോ..? കാറൽ മാർക്സ് പക്ഷെ നിർത്താൻ ഭാവമില്ലായിരുന്നു. വിളക്കുകാലിനടുത്ത് കാത്തു നിൽക്കുന്ന കാമുകിയെ തെല്ലുനേരം വിസ്മരിച്ചെന്ന പോലെ അഭിമാനം തുളുമ്പുന്ന ഒച്ചയിൽ അവൻ തുടർന്നു.
‘അതെ സാർ.. ആദ്യ കാഴ്ച്ചയിൽ തന്നെ അവളെന്നോട് ചോദിച്ചത് അവളെ വിവാഹം ചെയ്യുമോ എന്നാണ്. എന്നാൽ അന്ന് ഞാൻ പൂച്ചയുടെ മുന്നിലകപ്പെട്ട പെരുച്ചാഴിയെ പോലെ അവിടെ നിന്നും ഒരുവിധം ഓടി രക്ഷപ്പെടുകയാണുണ്ടായത്. അക്കാലം വരെയും അത്തരം വലിയ പത്രാസ് കാണിക്കുന്ന മനുഷ്യരെ എനിക്ക് ഭയമായിരുന്നു. നിങ്ങൾക്കറിയാമോ.. നഗരത്തിനെ കടൽത്തീരത്തു നിന്നും വേർതിരിക്കുന്ന ഈ റോഡിൻ്റെ അപ്പുറത്തേക്ക് ഞാൻ അതേവരെയും സഞ്ചരിച്ചിട്ടില്ലായിരുന്നു. അതിന്റെ ഉള്ളറകളിലേക്ക് കടന്നു ചെല്ലാനാവാത്ത വിധം ആകാരണമായ ഒരു ഭയം എന്നെ എല്ലാക്കാലത്തും പിന്നോട്ട് വലിച്ചിട്ടിട്ടുണ്ട്. ഈ കടപ്പുറത്തിനപ്പുറത്ത് ഭൂമിയുടെ കിടപ്പ് ഏതു വിധത്തിലാണെന്ന് പോലും എനിക്ക് രൂപമില്ലായിരുന്നു. അവളാണെന്നെ ആദ്യമായി നഗരത്തിലേക്ക് കൂട്ടി കൊണ്ടുപോയത്. കടൽത്തീരത്തിന്റെ അത്രയൊന്നും ഹൃദയവിശാലത നഗരത്തിനില്ല സാർ. ആകെ എനിക്ക് തോന്നിയ സാമ്യം കടലിൽ തിരകളെന്ന പോലെ നഗരത്തിലേക്കുള്ള മനുഷ്യരുടെ ആർത്തലച്ചു കൊണ്ടുളള ഒഴുക്കാണ്. ആസക്തികളെ ശമിപ്പിച്ച് അവർ പിൻവാങ്ങുന്നു. പിന്നെയും ആർത്തി മൂത്ത് തിരിച്ച് വരുന്നു.
അവളും കടലിലെ തിരപോലെയാണ് സാർ. ഞാനീ കടൽത്തീരം പോലെ ചലിക്കാനാവാതെ അവൾക്കു കീഴടങ്ങേണ്ടി വന്നു. പ്രണയത്തിന്റെ ഒരു വലിയ സുനാമിയാണവൾ.’
‘നീ അവളെ പ്രേമിക്കുന്നില്ലേ..?’

‘എന്തു ചോദ്യമാണ് സാർ.നിങ്ങളവളെയൊന്നു നോക്കു. മിൽക്ക് മെയ്ഡിന്റെ നിറമാണവൾക്ക്. ഖാദർ സുലൈമാന്റെ ബേക്കറിയിലെ പളുങ്ക് ഭരണിയിൽ തേനൊലിച്ച് കിടക്കുന്ന ചെറിപ്പഴം പോലെ തുടുത്ത ചുണ്ടുകൾ നോക്കു. എന്നുമൊരു കറുത്ത മെഴ്സിഡസ് ബെൻസ് കാറിലാണ് അവളീ കടപ്പുറത്ത് വന്നിറങ്ങുക. അവളെന്റെ കാറ്റാടി പമ്പരങ്ങളുടെ ആരാധികയാണ്.’
കടലിനെ കടാക്ഷിച്ചു നിൽക്കുന്ന പെണ്ണിനെ ഞാനൊന്നു നോക്കി. മിൽക്ക് മെയ്ഡു പോലെ തന്നെ!! എണ്ണമയമുള്ള വെളുത്ത ചർമ്മം. കറുത്ത സ്ലീവ്ലെസ്സ് ടോപ്. വെളുത്ത ജീൻസ്. വെള്ളിയാൻകല്ലു പോലെ തിളങ്ങുന്നൊരു മൂക്കുത്തി.
‘സാർ കേൾക്കുന്നുണ്ടോ.. കഴിഞ്ഞയാഴ്ച്ച ഒരു സംഭവമുണ്ടായി. അവളെന്നെ ആ ബെൻസിൽ കയറ്റി കൊണ്ടുപോയി. ആ താടിക്കാരന്മാർ നോക്കി നിൽക്കുമ്പോഴാണ്. അവർക്കത് തീരെ പിടിച്ചിട്ടുണ്ടാവില്ല. പിന്നെ പറയാൻ എനിക്ക് നാണമാകുന്നു സാർ.’അവൻ കുറച്ചു സമയം പളുങ്ക് കൃഷ്ണമണികൾ ഉരുട്ടി മിണ്ടാതെ നിന്നു. ചോളത്തിൻ്റെ നിറമുള്ള കവിളുകൾ തുടുത്തു. തെല്ലു നേരം കഴിഞ്ഞപ്പോൾ അവൻ സങ്കോചത്തോടെ തുടർന്നു. ‘അവളാ കാറിൽ വച്ച് എന്റെ നാറുന്ന തുണികളെല്ലാം അഴിച്ചു കളഞ്ഞു സാർ. ദേഹത്തെല്ലാം അവളുടെ മാർദവമുള്ള കൈപ്പത്തികൾ കൊണ്ടുഴിഞ്ഞു. ഈ കടപ്പുറത്തെ പൂഴിമണ്ണിൽ ഉടുതുണിയില്ലാതെ കിടന്നുരുളുന്ന പോലെയാണ് എനിക്ക് തോന്നിയത്. പിന്നെ അവളെന്നെയൊരു ജീൻസും ബനിയനും ഉടുപ്പിച്ചു. അതിനു മേലെ ഒരു കറുത്ത ജാക്കറ്റ്. ചിത്രശലഭങ്ങളെ പോലെ അവളുടെ വിരലുകൾ എന്റെ മുലക്കണ്ണുകളിൽ ചിറകടിച്ചു.

അതിനു ശേഷം ഞങ്ങൾ പോയത് ഈ നഗരത്തിലെ ഏറ്റവും വലിയ മാളിലേക്കാണ്. ആ വലിയ കൊട്ടാരം പോലെയുള്ള സ്ഥലത്തിനെ മാളെന്നാണ് വിളിക്കുക എന്ന് അവളെന്നോട് പറഞ്ഞു. എന്തു പറയാനാണ് സാർ എന്നെ പോലെ ഒരു തെണ്ടിക്ക് ഈ ആയുഷ്ക്കാലത്തിനിടക്ക് കടന്നു ചെല്ലാൻ പറ്റുന്നൊരു സ്ഥലമാണോ അത്. ഒരു കറുത്ത ജാക്കറ്റും ജീൻസും അല്പ്പം ബോഡി സ്പ്രേയും എത്ര എളുപ്പത്തിലാണ് എന്നെ അതിനകത്ത് കയറ്റിയത്. എന്റെ കൂടെയുള്ള തെണ്ടികളൊക്കെ കടപ്പുറത്തെ പൊരിവെയിലത്ത് കിടന്നുണങ്ങുമ്പോൾ ഞാൻ മിൽക്ക് മെയ്ഡ് പോലുള്ള ഒരു പെണ്ണിനൊപ്പം ആ ഐസുപെട്ടി മാളികയിൽ!’
‘ഹേയ്.. മാർക്സ് നീ എന്തൊരു വർഗബോധമില്ലാത്ത കരിങ്കാലിയാണ്.’
‘ഹ ഹ ഹ നാടോടികളേക്കാൾ വർഗബോധമുള്ള മനുഷ്യരെ സാറിന് വേറെയെവിടെയെങ്കിലും കാണിച്ച് തരാൻ കഴിയുമോ?
എവിടെ തെണ്ടി നടന്നാലും എത്ര നാടോടിയാലും രാത്രിയിൽ ഞങ്ങളീ കടത്തിണ്ണകളിലേക്ക് തന്നെ തിരിച്ചെത്തുന്നു. ഞങ്ങൾക്ക് വർഗബോധം ഉണ്ടാക്കിത്തരാൻ പാടുപെട്ട് പണിയെടുക്കുന്നവരാണ് ഈ നഗരത്തിലുള്ളവർ.

അതുപോട്ടെ സാർ.. ഇതു കേൾക്കു.
പിന്നെ അവളെനിക്ക് തിന്നാൻ എന്തെല്ലാമോ വാങ്ങി തന്നു. കടപ്പുറത്ത് കിട്ടുന്ന ഐസൊരതിയേക്കാൾ തണുപ്പും മധുരവുമുള്ളത്. കറങ്ങുന്ന ഗോവണികളിലൂടെ കൊതിയടങ്ങുവോളം ഞങ്ങൾ കൈകോർത്തു പിടിച്ച് നിന്നു.
നിൽക്കാനുള്ളതാണോ സാർ കോണിപ്പടികൾ? എനിക്കിപ്പോഴും സംശയം മാറിയിട്ടില്ല. കറങ്ങുന്ന കോണിപ്പടികളാണെങ്കിൽ ഒരു കാലത്തും അവസാനിക്കുന്നുമില്ല.’
ഞാനവൻ്റെ ചോദ്യത്തിനുത്തരം കൊടുത്തില്ല. പകരം എൻ്റെ ജിജ്ഞാസ പോയ വഴിക്ക് അടുത്ത ചോദ്യം വിരിച്ച് കാത്തിരുന്നു.
‘കാൾ നിന്നെ എങ്ങനെയാണവൾ കടൽ കടത്താൻ പോകുന്നത്? ‘അവിടെ നീ എന്തു പണിയെടുക്കും.കാറ്റാടി വിൽക്കുമോ..?’
‘ഹേയ് ഇല്ല സാർ. എന്റെ കാറ്റാടികൾ ഞാൻ ഇവിടെ തന്നെ വിറ്റു തീർക്കും. കടലിനപ്പുറത്ത് എണ്ണ കുഴിച്ചെടുക്കുന്ന വലിയ കിണറുകളുണ്ടെന്നാണ് അവൾ പറയുന്നത്.അവിടെ എനിക്കെന്തെങ്കിലും ജോലി തരപ്പെടുമായിരിക്കും.
കടൽ കടക്കാൻ എന്തെല്ലാമോ വയ്യാവേലികൾ ഉണ്ടുപോലും. അതുകൊണ്ട് അവളിപ്പോൾ എന്നെ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്.’
‘നീ പഠിക്കുന്നുണ്ടെന്നോ!’
‘അതെ സാർ മിക്കവാറും രാത്രികളിൽ അവളെന്നെ പഠിപ്പിക്കാറുണ്ട്. ഇപ്പോൾ ഞാൻ അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പഠിച്ചു കഴിഞ്ഞു. ചരിത്രം പഠിക്കാനാണ് എനിക്കിഷ്ടം. കടൽ കടന്നവരാണ് ചരിത്രം സൃഷ്ട്ടിച്ചതെന്ന് അവൾ പറഞ്ഞു. എനിക്കും അതുപോലെ ചെയ്യണം. ചരിത്രം സൃഷ്ടിക്കണം. അവളെനിക്ക് പുസ്തകങ്ങൾ തരാറുണ്ട്. ഞാനത് പണിപ്പെട്ട് വായിക്കും. രാത്രികാലങ്ങളിൽ അവളെന്നെ വീട്ടിലേക്ക് ക്ഷണിക്കും. നിറയെ ബോഗൻവില്ലകളാൽ ചുറ്റപ്പെട്ട അവളുടെ പറമ്പിന്റെ അതിരുകളിൽ, ആൾപ്പൊക്കത്തിലുള്ള മതിലുകളിലൊക്കെ കുപ്പിച്ചില്ലുകൾ കുത്തിനിർത്തിയിട്ടുണ്ട്. അതിന്റെ ഒരു മൂലയിൽ ബോഗൻ ചില്ലകൾ മറച്ചുപിടിച്ച മതിൽ കെട്ടിൽ അവൾ ചണച്ചാക്കു കെട്ട് വിരിച്ചിടും. അതിലൂടെയാണ് ഞാൻ അവളുടെ മട്ടുപ്പാവിലേക്ക് കയറാറ്. ഇറ്റാലിയൻ മാർബിൾ പാകിയ അവളുടെ കിടപ്പറയിലേക്ക് രാത്രിയിലാണ് ഞാൻ പ്രവേശിക്കുക. അപ്പോളവൾ കാട്ടുതാറാവിന്റെ തൂവൽ നിറച്ചു തുന്നിയ കിടക്കയിൽ നീണ്ടു നിവർന്ന് കിടക്കുകയായിരിക്കും. അവളെനിക്ക് അക്ഷരങ്ങൾ പറഞ്ഞു തരും. പക്ഷെ ഞാനൊരു മണ്ടനല്ലേ.. സാർ. എന്റെ തലക്കകത്ത് അതൊന്നും കയറുകയില്ല. മടുക്കുമ്പോൾ അടിമുടി മിൽക്ക് മെയ്ഡിന്റെ മണത്തിൽ ഞങ്ങൾ വിയർക്കും. പിന്നെ… എന്റെ വിയർപ്പിൽ കുളിച്ച നടുമ്പുറത്ത്, അവളുടെ നനഞ്ഞ ചെറിപ്പഴങ്ങൾ കൊണ്ട് ഓരോ അക്ഷരങ്ങളായി എഴുതും. അങ്ങനെയാണ് ഞാനവയെ മനപ്പാഠമാക്കിയത്. അവളുടെ ചുമരിൽ ഒരു നരച്ച ചിത്രമുണ്ടായിരുന്നു. അതെന്നെ അൽഭുതപ്പെടുത്തി. അമ്മയുടെ പതിവുകാരനെ പോലെ നീലകൃഷ്ണമണികളുള്ള കഷണ്ടി കയറിയ ഒരു വെഞ്ചാമര താടിക്കാരൻ.

illustration-subesh-padmanabhan-02

എന്നാൽ സാർ ഇതൊന്നും ആ കള്ളുകുടിയന്മാരായ താടിക്കാരന്മാർക്ക് തീരെ പിടിക്കുന്നില്ല എന്ന കാര്യം ഉറപ്പാണ്. അവരവളെ എന്തെങ്കിലും ചെയ്ത് കളയുമോ എന്നു പോലും എനിക്ക് ഭയമുണ്ട്. എന്നാൽ അതിനെ കുറിച്ച് ഞാനിതുവരെ അവൾക്ക് സൂചന കൊടുത്തിട്ടില്ല. ഞങ്ങൾക്ക് എത്രയും പെട്ടന്ന് ഈ കടൽ കടക്കേണ്ടതുണ്ട്.’
‘നിനക്കതിനുള്ള പ്രായമായോ കാൾ.. നീ ഇനിയുമേറെ വളരാനുണ്ട്. അതുവരെ അവൾ നിന്നെ കാത്തുനിൽക്കുമോ.. അപ്പോഴേക്കും അവളുടെ മിൽക്ക് മെയ്ഡ് ചർമ്മം ഉടഞ്ഞു പോകും. ചെറിപ്പഴങ്ങൾ പോലുള്ള ചുണ്ടുകൾ കാലാന്തരത്തിൽ വരണ്ടുണങ്ങും.’
‘ഹേയ്.. അങ്ങനെയൊന്നുമില്ല സാർ. അവളിനി വളരുകയില്ല. അവളൊരു കൊച്ചു പെണ്ണാണ്. വളർന്നു വലുതായിരുന്നെങ്കിൽ അവളൊരിക്കലും എൻ്റെ കാറ്റാടി പമ്പരങ്ങൾ വാങ്ങുമായിരുന്നില്ല. അവരുടെ വർഗത്തിന്റെ വളർച്ച മുരടിച്ചു കഴിഞ്ഞെന്ന് മൂർഛിച്ചു വീഴുമ്പോഴൊക്കെ അവൾ പുലമ്പാറുണ്ട്. ഇനി ഞങ്ങളാണ് വളരുക. കാറ്റാടിയും കപ്പലണ്ടിയും ഐസൊരതിയും വിൽക്കുന്നവർ. നിലക്കണ്ണാടിക്ക് മുന്നിൽ നിലാവിനെ മാത്രമുടുത്ത് നിൽക്കുമ്പോൾ അവൾ പറയും’
‘കടത്തിണ്ണകൾ ഈ നഗരം വാഴുന്ന കാലം വരും’
‘അതെ സാർ ഞങ്ങൾ വളർന്ന് വലുതാവും. ഒരു കാലം ഞങ്ങളീ നഗരം പിടിച്ചടക്കും. അതുവരെ അവളെന്നെ കാത്തു നില്ക്കും.അതാ.. ആ വിളക്കുകാലിന്റെ വിടവിൽ എനിക്കായുള്ള സന്ദേശം ഒളിപ്പിക്കുകയാണവൾ. ഞാൻ പോവട്ടെ സാർ. താടിക്കാരന്മാരുടെ കണ്ണിൽപ്പെടും മുമ്പ് എനിക്കതെടുക്കണം. നമുക്ക് വീണ്ടും കാണാം.’

‘ഹേയ്.. കാൾ മാർക്സ് ഒരു നിമിഷം നില്ക്കു..’

‘അവളുടെ പേരെന്താണ്?’

‘ജെന്നി.. ജെന്നി വോൺ..’

അവന്റെ നീലകൃഷ്ണമണികൾ തിളങ്ങി. കാറ്റാടി പോലെ കറങ്ങി തിരിഞ്ഞ് കാറൽ മാർക്സ് ആൾക്കൂട്ടത്തിൽ മറഞ്ഞു. ജെന്നി വോൺ എന്ന മിൽക്ക് മെയ്ഡിന്റെ നിറമുള്ള പെണ്ണ് അപ്രത്യക്ഷയായി കഴിഞ്ഞിരുന്നു.

ഫെസ്റ്റിവൽ കഴിഞ്ഞ അന്നു തന്നെ കാറ്റാടി പമ്പരങ്ങൾ വിൽക്കുന്ന കാറൽമാർക്സിനെ പറ്റി പോർട്ടലിൽ ഞാനെഴുതി. വിചിത്രമായ പ്രതികരണങ്ങളാണ് അതിനു ലഭിച്ചത്. നാലു ദിവസം കഴിഞ്ഞ ശേഷം ഒരു സായഹ്നത്തിലാണ് എനിക്ക് കാൾ മാർക്സിനെ വീണ്ടും ഓർമ വരുന്നത്. ഹോട്ടലിലെ ടെലിവിഷൻ സ്ക്രീനിൽ ആ വാർത്ത കണ്ടപ്പോൾ അവനെ തിരഞ്ഞു പോകണമെന്ന് തോന്നി. ചുറ്റിക കൊണ്ടുള്ള ആക്രമണത്തിൽ മാർക്സിൻ്റെ അർധകായപ്രതിമയുടെ താടിക്ക് പരിക്കു പറ്റിയിരിക്കുന്നു. ഇരുണ്ടു തുടങ്ങിയ ബീച്ചിലേക്ക് ഇറങ്ങി നടക്കുമ്പോൾ വെറുതെ ആകാശത്തേക്ക് നോക്കി. ചുവന്ന മേഘങ്ങൾ മാർക്സിനെ വരയ്ക്കുന്നു. അയാളുടെ താടിരോമൾക്കിടയിൽ പക്ഷികൾ കൂടണയുന്നു. പഴയ കടൽപ്പാലത്തിൻ്റെ കാലുകൾക്കിടയിൽ കാക്കകളും മനുഷ്യരും ഒരു പോലെ കൂടി നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ഏതോ ശവം കരയ്ക്കടിഞ്ഞതാണ്. ആജ്ഞാതശവങ്ങളെ പറ്റി അറിയാനുള്ള കൗതുകം എൻ്റെ കൂടെ എല്ലാ കാലത്തുമുണ്ടായിരുന്നു. ശവം ആണോ പെണ്ണോ എന്നറിയാനായിരുന്നു കൗതുകം! എന്തിനാണത് ? അറിയില്ല. പക്ഷെ സത്യമാണ്. മനുഷ്യർക്ക് ചിലപ്പോൾ അവരുടെ കൗതുകത്തിൻ്റെ അർത്ഥം പോലും ഗ്രഹിച്ചെടുക്കാനുള്ള ശേഷിയില്ല. ശവത്തിൻ്റെ പിൻകഴുത്തിൽ ”മൂർ” എന്ന് പച്ച കുത്തിയത് വ്യക്തമായി കാണാമായിരുന്നു. മിൽക്ക് മെയ്ഡിൻ്റെ നിറമുള്ള ചർമ്മം അളിഞ്ഞു ചീർത്തിരിക്കുന്നു.
ആംബുലൻസ് വന്ന് ശവം പെട്ടന്ന് തന്നെ കൊണ്ടുപോയി.വിളക്കുകാലുകൾക്ക് നേരെ നിങ്ങളറിയാത്ത എത്ര ശവങ്ങൾ ഉറങ്ങുന്നുണ്ടെന്ന മട്ടിൽ കടൽ നെടുവീർപ്പിട്ടു. വടക്കോട്ട് നടന്നപ്പോൾ പെട്ടന്ന്, ഒരു വശത്തു നിന്നും വലിയ ആക്രോശങ്ങൾ അടുത്തടുത്ത് വരുന്നത് കേട്ടു. പോലീസുകാർ ആരെയോ പിടിച്ചിട്ടുണ്ട്. അവരവനെ പൂഴിമണ്ണിലൂടെ വലിച്ചു കൊണ്ടു പോവുകയാണ്. ഇടക്ക് ഒരു നോട്ടം കൊണ്ട് ഞങ്ങൾ തമ്മിലിടഞ്ഞു. അവൻ വിളക്കു കാലിലേക്ക് കണ്ണു കാണിച്ചു. ഞാൻ പെട്ടന്ന് നോട്ടം പിൻവലിച്ചു കളഞ്ഞു. ഒരു പക്ഷെ പോലീസുകാർ എന്നെയും പിടിച്ചു കൊണ്ടു പോയെങ്കിലോ.! അവരുടെ സംശയങ്ങൾ തിരകൾ പോലെയാണ്. അവസാനിക്കുകയില്ല. അവശേഷിച്ച വെളിച്ചത്തെയും വലിച്ചെടുത്ത് പോലീസുവണ്ടി രാത്രിയിലേക്ക് ഓടിച്ചു പോയി കഴിഞ്ഞിരുന്നു. നഗരത്തിൻ്റെ ഉടലിൽ നിറയെ നരച്ച നിയോൺ വെളിച്ചം ചീഞ്ഞ് പൊട്ടിയൊലിച്ചു തുടങ്ങി.

ഞാൻ വിളക്കു കാലിനടുത്തേക്ക് നടന്നു. ചുറ്റിലുമുള്ള താടിവച്ച മനുഷ്യരൊക്കെ എന്നെ ശ്രദ്ധിക്കുന്നതായി തോന്നി. ഞാൻ ഭീതിയോടെ ഒരോ മുഖത്തെയും നോക്കി. വിചിത്രമായി വളരുന്ന അവരുടെ താടികൾ. ആകാശത്ത് കാറൽ മാർക്സിനെ മേഘങ്ങൾ ഒറ്റിയിരിക്കുന്നു. വിളക്കുകാലിൻ്റെ തണുത്ത പ്രതലത്തിൽ ഞാൻ ആർത്തിയോടെ തിരഞ്ഞു. ഒരു വിള്ളലിനുള്ളിൽ നിന്ന് അത് പുറത്തേക്ക് തല നീട്ടി വന്നു. ദാസ് ക്യാപ്പിറ്റലിൻ്റെ അവസാനത്തെ പേജ്. പിൻപുറത്ത് വികൃതമായ കൈയ്യക്ഷരത്തിൽ എഴുതിയിരിക്കുന്നു.
‘അവസാനത്തെ രാത്രിയിൽ ഞങ്ങൾ മാർക്സിനെ വായിച്ചു തീർത്തു. എനിക്ക് നല്ല ആശ്വാസം തോന്നി. പക്ഷെ അവൾ പെട്ടന്ന് വേറൊരാളെ വായിക്കാൻ തുടങ്ങി. അയാളുടെ ഉദ്ധരണികൾ വായിച്ചവസാനിപ്പിച്ചപ്പോൾ കിതച്ചു കൊണ്ട് അവൾ എൻ്റെ ചെവിട്ടിൽ പിറുപിറുത്തു.’വർഗശത്രുക്കളെ ഉൻമൂലനം ചെയ്യാൻ തോന്നുന്നില്ലേ..’ ഞാൻ പ്രേമത്തോടെ അവളെ നോക്കി. അവൾ എന്നെയും. തലയിൽ ശത്രുത പെരുത്തു. ഓർമയിൽ പ്രേമവും. പ്രേമത്തോടെയാണോ ഞാനത് ചെയ്തത്? പ്രണയവും വിപ്ലവവും..! എന്തുമാത്രം വൈരുദ്ധ്യമുണ്ട് അവക്കിടയിൽ. വൈരുദ്ധ്യങ്ങളുടെ സംഘടനത്തിൽ ഞാനേത് ഭാഗത്താണ്?! കടലിൽ നിന്ന് തിരിഞ്ഞു നടക്കുമ്പോൾ തിരകൾ മുദ്രാവാക്യം വിളിക്കുന്നത് ഞാൻ വ്യക്തമായി കേട്ടു. ഒരു പ്രായം കഴിഞ്ഞാൽ എല്ലാവർക്കും താടിമുളയ്ക്കും. താടി ഒരു തരത്തിൽ പറഞ്ഞാൽ ബോധമാണ്. എനിക്കിന്നലെ ബോധോദയമുണ്ടായി.’

കടൽക്കര മനുഷ്യരാൽ സജീവമായിരുന്നു. ഖാദർ സുലൈമാൻ്റെ പളുങ്കുഭരണിയിലെ ചെറിപ്പഴം കടിച്ചു തിന്നുന്ന സുന്ദരികൾ. നനഞ്ഞ ചുണ്ടുകളിലൂടെ ഒലിച്ചിറങ്ങുന്ന പഴച്ചാറുകൾ. പൊത്തുകളിൽ നിന്ന് തല നീട്ടുന്ന എലികൾ. ഭൂമി ഒരു നീല കാറ്റാടി പോലെ കറങ്ങുന്നു. താടിക്കാർ ഐസൊരതി വിൽക്കുന്ന പയ്യന്മാരുടെ പിറകെയാണ്. അവരുടെ താടിരോമങ്ങൾ നോക്കി നിൽക്കെ വളർന്ന് പയ്യൻമാരെ കുടുക്കിട്ടു പിടിക്കുന്നു! എനിക്ക് ഉറങ്ങിയാൽ മതിയെന്നു തോന്നി. വിളക്കുകാലിന് നേരെ നനഞ്ഞ മണ്ണിൽ ശിരസ്സ് ചേർത്ത് ഉറങ്ങാത്ത നഗരത്തെ നോക്കി ഞാൻ കിടന്നു.
പിറ്റേന്ന് ലണ്ടൻ പോലീസിൻ്റെ പത്രക്കുറിപ്പിറങ്ങി. മാർക്സിൻ്റെ ശവകുടീരം ആക്രമിച്ചവരെ അറസ്റ്റ് ചെയ്തിരിക്കുന്നു. ഇന്ത്യൻവംശജരായ മൂന്ന് താടിക്കാരാണ് പിടിയിലായത്!

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here