പ്രതിചരിത്രത്തിന്റെ കനലെരിയുന്ന കരിക്കോട്ടക്കരി

0
888

സനൽ ഹരിദാസ്

ഡി. സി കിഴക്കേമുറി ജന്മശതാബ്ദി നോവൽ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെടുകയും 2014-ൽ പ്രസിദ്ധീകൃതമാവുകയും ചെയ്ത നോവലാണ് വിനോയ് തോമസിന്റെ ‘കരിക്കോട്ടക്കരി’. കരിക്കോട്ടക്കരി എന്നത് ഒരു സ്ഥലനാമമാണ് നോവലിൽ. ക്രിസ്ത്യാനികളായി പരിവർത്തിപ്പിക്കപ്പെട്ട പുലയരാണ് കരിക്കോട്ടക്കരി നിവാസികൾ.  ഈ പ്രദേശത്തെയും ആദി ചേരരുടെ ആധുനിക പരമ്പരകളേയും  അടിസ്ഥാനമാക്കി പുലയരുടെ സ്വത്വപ്രതിസന്ധികൾ, ചരിത്രത്തിന്റെ തിരോധാനം,  മതംമാറ്റത്തിന്റെ  അർത്ഥരാഹിത്യം എന്നിവയാണ് നോവലിൽ ആവിഷ്കരിക്കപ്പെടുന്നത്. 

‘കരിക്കോട്ടക്കരി’ എന്ന് പിൽക്കാലത്ത് വിളിക്കപ്പെട്ട പ്രദേശം പുലയർക്ക് വീതിച്ച് നൽകുകയും അവരെ മത പരിവർത്തനം നടത്തുകയും അയിത്ത ജാതിക്കാരുടെ പ്രശ്നങ്ങളെ ക്രിസ്തു മാർഗ്ഗത്തിലൂടെ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന നിക്കോളാച്ചൻ എന്ന കഥാപാത്രം ഇന്ത്യയിൽ മിഷനറിമാർ തുടങ്ങിവച്ച പാശ്ചാത്യ സമത്വ ശ്രമങ്ങളുടെ തുടർച്ചയായി നോവലിൽ നിലകൊള്ളുന്നു. ഇതേസമയം ഇതിന് വിരുദ്ധമായി മതം മാറാൻ വിസമ്മതിക്കുകയും ദ്രാവിഡ രാജപാരമ്പര്യവും ചരിത്രവും സംസ്കാരവും ഉയർത്തി പിടിക്കുകയും ചെയ്യുന്ന ചാഞ്ചൻ വല്യച്ചൻ എന്ന കഥാപാത്രം ദക്ഷിണേന്ത്യയിലെ ആദിരാജ പാരമ്പര്യത്തിന്റെ  ബൗദ്ധിക പ്രതിനിധിയായി മറുപുറം നിൽക്കുന്നു. ഇവർ രണ്ടുപേരും ആണ് ഈ നോവലിനെ ആശയപരമായ ഇരു ദ്രവങ്ങളുടെ തേരുതെളിക്കുന്നത്. 

ആദിചേരരുടെ വംശപരമ്പരയിൽപ്പെട്ട കുടുംബങ്ങൾ സ്വയം സവർണ്ണരായി  അവരോധിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കു മേലെ പാരമ്പര്യത്തിന്റെ കറുത്തവാവ് പടരുന്നതോടെയാണ് നോവൽ ആരംഭിക്കുന്നത്. ‘അധികാരത്തിൽ’ എന്ന കുടുംബപ്പേര് സ്വീകരിക്കുകയും റോമൻ കത്തോലിക്കരായി  സ്വയം അവതരിപ്പിക്കുകയും ചെയ്ത ഒരു പുലയ കുടുംബത്തിൽ ‘ഇറാനിമോസ്’ എന്ന കറുത്ത കുട്ടി പിറക്കുന്നതാണ് കൃതിയിൽ ആദ്യമായി ഉടലെടുക്കുന്ന സംഘർഷം. പുതുതലമുറയെല്ലാം  വെളുത്തവരായ ആ കുടുംബത്തിലെ പുതിയ ജനനം അധികാരത്തിൽ തറവാടിനെ ഉറക്കം കെടുത്തുന്നു. അവന്റെ മുതിർച്ചയിൽ മാതാവിന്റെ അഗമ്യഗമനങ്ങളടക്കമുള്ള സംശയങ്ങളാണ് അവനെ കാത്തിരിക്കുന്നത്. പിന്നീട് ഒരു പ്രത്യേക ഘട്ടത്തിൽ വീടുവിട്ടിറങ്ങുന്ന ഇറാനിമോസ് ചെന്നെത്തുന്നത് കരിക്കോട്ടക്കരിയിലാണ് കരിക്കോട്ടക്കരിക്കാരുമായുള്ള അവന്റെ രൂപ സാദൃശ്യമാണ് അവനെ തന്റെ പാരമ്പര്യം തേടി അവിടെ എത്തിക്കുന്നത്. പിന്നീട് നിക്കോളാച്ചന്റെ  പ്രധാന സഹചാരിയായി മാറുകയും കോളനിയിലെ സജീവസാന്നിധ്യമാവുകയും ചെയ്യുന്നുണ്ട് ഇറാനിമോസ്. 

vinoy-thomas-karikkottakkari-athma-online

സെമിത്തേരിയുടെ നടുവിൽ ചാരം കൊണ്ട് കളം വരച്ച് ചെമ്പരത്തിപ്പൂവ് വിതറി പരേതാത്മാക്കൾ കുരുതി നൽകുന്ന ചാഞ്ചൻ  വല്യച്ചന്റെ  ദൃശ്യവും അദ്ദേഹത്തിന്റെ വാക്കുകളുമാണ് ഇറാനിമോസിൽ  വിമോചനപരമായ ചിന്തകൾക്ക് തിരി തെളിയിക്കുന്നത്. ” എന്റെ മക്കളെയവൻ പരദേശി ദൈവത്തിന്റെ മുന്നിൽ മുട്ടുകുത്തിച്ചു. എന്റെ കാരണവന്മാരെ കുരിശു വച്ച പെട്ടിയിലടച്ചു. എന്റെ കുലം മുടിച്ചു” എന്നിങ്ങനെയുള്ള ചാഞ്ചൻ വല്യച്ഛന്റെ  സ്വത്വപരമായ ചരിത്രവിവരണം ഇറാനിമോസിൽ  വലിയ സ്വാധീനമുണ്ടാകുന്നതായി കാണാം. നോവൽ പൂർണ്ണമാകുമ്പോൾ പടർന്നു പന്തലിക്കുന്നതും ഇതേ സ്വത്വബോധമാണ്. നിക്കോളാച്ചന്റെ മരണത്തോടെ ശിഥിലമാകുന്ന കരിക്കോട്ടക്കരിയിൽ നിന്ന് ഉയർന്നു വരുന്ന നവ കീഴാള മുന്നേറ്റത്തിന്റെ  പ്രത്യാശകളും കൃതി പങ്കുവയ്ക്കുന്നുണ്ട്. കരിക്കോട്ടക്കരിക്കാരിയായ ബിന്ദുവാണ് ഈ നവ മുന്നേറ്റത്തിന്റെ നായികയാവുന്നത്. ബിന്ദുവിനോട് ഇറാനിമോസിനുണ്ടായിരുന്ന പ്രണയത്തെ അവൻ പുലയനല്ലാത്തതിന്റെ  പേരിൽ നിരാകരിക്കുന്ന ബിന്ദുവിൽ കീഴാള സ്വത്വ വിപ്ലവത്തിന്റെ കൊടിക്കൂറകൾ കഥാകൃത്ത് നേരത്തെ ഉയർത്തി കാണിക്കുന്നുണ്ട്. പിന്നീട് തന്റെ സ്വത്വസ്ഥാപനത്തിന് ഇറാനിമോസിനെ പ്രേരിപ്പിക്കുന്ന ഒരു ചാലക ശക്തിയായും  ഈ സംഭവത്തെ കാണാം. ചരൽ കല്ലെറിഞ്ഞ് ശുദ്ധിയാക്കി കൂടെ കൂട്ടാൻ കെഞ്ചുന്ന അന്തർജനത്തോട്  “എന്റെ കുടിലിൽ ഒരു പരമ്പരയുടെ ദുരിതമുണ്ട് അതിനു മുകളിൽ മറ്റൊരു പാരമ്പര്യത്തെ പ്രതിഷ്ഠിക്കില്ല” എന്ന്  പ്രതിവചിക്കുന്ന പ്രദീപൻ പാമ്പിരിക്കുന്നിന്റെ എരി  എന്ന കഥാപാത്രത്തിന് സമാനമാണ് ഈ നോവലിലെ ബിന്ദു എന്നതും ശ്രദ്ധേയമായ ഒന്നാണ്. ആദിവാസികളെയും അവശ ജനവിഭാഗത്തെയും തുരത്തി അധികാരത്തിൽ കുടുംബം സ്ഥാപിച്ച സാമ്രാജ്യത്തിൽ കൊടിനാട്ടിയാണ് ബിന്ദുവും കൂട്ടരും തങ്ങളുടെ തിരിച്ചുപിടിക്കലുകൾക്കു  തുടക്കമിടുന്നത് എന്നതും പുതുതലമുറയിലെ അധികാരിയായ ഇറാനിമോസ് അവരോടൊപ്പം ചേരുന്നതും ചരിത്രത്തിന്റെ അനിവാര്യമായ ഒന്നിപ്പുകളായി  എഴുത്തുകാരൻ വരച്ചിടുന്നു. 

“അയ്യങ്കാളി വില്ലുവണ്ടി കേറി നടന്നു. അടിമയായിട്ടല്ല. രാജാവായിട്ട്.  അവന്‌ നമ്മുടെ ചരിത്രമറിയാരുന്ന്.  രാജ്യം ഭരിച്ച രാജാക്കന്മാരാ നമ്മളെന്ന് അവനറിയാരുന്ന്”- എന്ന ചാഞ്ചൻ വല്യച്ഛന്റെ വാക്കുകൾ വായനയൊടുങ്ങിയതിനു ശേഷവും ഇടിമിന്നൽ കണക്കേ ജ്വലിച്ചു കൊണ്ടിരിക്കുന്നു.  കരിക്കോട്ടക്കരിയിൽ ചരിത്രത്തിന്റെ കനലെരിയുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here