ഉടലൊരു കെണിയാണ്

0
442
udalazham-review-sangeetha-jaya-athmaonline

സംഗീത ജയ

ഉടലൊരു കെണിയാണ്. അഴിക്കുന്തോറും കുരുങ്ങുന്ന കുരുക്ക് പോലെ, ആഴം കാണാത്ത നദി പോലെ, ഓരോരുത്തരും അവനവന്റെ ഉടലിന്റെ കാണാച്ചുഴികളിൽ പെട്ടു പോകുന്നു.  ഉണ്ണികൃഷ്ണൻ ആവളയുടെ “ഉടലാഴം” എന്ന സിനിമ മുന്നോട്ടു വെയ്ക്കുന്ന ഉടലിന്റെ രാഷ്ട്രീയം ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ  എത്രയും പ്രസക്തവും ഏറെ ചർച്ച ചെയ്യപ്പെടേണ്ട ഒന്നുമാണ്. ആണിന്റെ ഉടലിൽ പെണ്ണിന്റെ ഉയിരുമായി ജീവിക്കേണ്ടി വരുന്ന, മണി അവതരിപ്പിച്ച ഗുളികൻ എന്ന  ആദിവാസി  കഥാപാത്രം, അവന്റെ ഭാര്യയായിപ്പോയതിനാൽ  ഉടലിന്റെ ആസക്തികളെല്ലാം അടക്കി വെക്കേണ്ടി വരുന്ന, പിന്നീടത് ചൂഷണം ചെയ്യപ്പെടുമ്പോൾ പലായനം ചെയ്യേണ്ടി വരുന്ന മാതി, ഗുളികനെ ഭോഗവസ്തുവാക്കുന്ന ‘ മാന്യന്മാർ ‘,  താൻ ഒരു ശരീരം മാത്രമല്ല എന്നുറക്കെ പ്രഖ്യാപിച്ച് ഭർത്താവിനെ ഉപേക്ഷിക്കുന്ന, അനുമോൾ അവതരിപ്പിക്കുന്നു ഡാൻസ്ടീച്ചർ, ഗുളികനെ മനുഷ്യനായി കാണാൻ കഴിയുന്ന, അവർ തമ്മിൽ സ്നേഹിച്ചാൽ നിങ്ങൾക്കെന്താ എന്ന് പറഞ്ഞ്  സദാചാരക്കാരെ ഓടിച്ചു വിടുന്ന  ജോയ്മാത്യുവിന്റെ കഥാപാത്രം, സജിത മഠത്തിൽ അവതരിപ്പിക്കുന്ന അൻപും അലിവുമുള്ള, ഉടൽ വിൽക്കുന്നവളായ തെരുവ് പെണ്ണ്,  അവനെ ചേർത്തു പിടിച്ചാശ്വസിപ്പിക്കുന്ന ഇന്ദ്രൻസിന്റെ  ശ്മശാന സൂക്ഷിപ്പ്കാരൻ ഇങ്ങനെ ഉടലിനെ വ്യത്യസ്ത കോണുകളിൽ നിന്നുള്ള സൂക്ഷ്മമായ  കാഴ്ചകളിലേക്ക് വിടർത്തി വെയ്ക്കുന്ന  കഥാപാത്രങ്ങളെ സൃഷ്ടിച്ചെടുത്ത സംവിധായകൻ മലയാള സിനിമയ്ക്ക് ഒരു വാഗ്ദാനമാണ്.

ആദിവാസികളുടെ സബാൾട്ടേൺ ജീവിതം, ആവാസവ്യവസ്ഥ, അതിന്റെ ചൂഷണം, ചൂഷകരുടെ ചതിയിൽപ്പെടുന്ന, പുകയിലയ്ക്കും മദ്യത്തിനും അടിമപ്പെടുന്ന അവരുടെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങൾ, കാട്ടിൽ നിന്നും നാട്ടിൽ വരുമ്പോൾ അവരനുഭവിക്കുന്ന ഐഡന്റിറ്റി ക്രൈസിസ്, അരികുവൽക്കരിക്കപ്പെടുന്നവരിൽ വർക്കൗട്ട് ആകുന്ന പവർ പൊളിറ്റിക്സ്, ഇങ്ങനെ  കമേഴ്സ്യൽ വിപണിയിൽ സ്വീകാര്യമല്ലാത്ത വിഷയങ്ങൾ ഒരു സിനിമയിലൂടെ അവതരിപ്പിക്കാൻ അസാമാന്യമായ ചങ്കൂറ്റം വേണം. ഇതിന്റെ അണിയറ പ്രവർത്തകർക്കെല്ലാം അനുമോദനങ്ങൾ ?  മുഹമ്മദിന്റെ ക്യാമറയുടെ ദൃശ്യഭംഗി,  ബിജിബാലിന്റെ പശ്ചാത്തലസംഗീതം,  സിതാരയുടെ പാട്ടുകൾ,  രംഗനാഥ് രവിയുടെ  സൗണ്ട് മിക്സിംഗ്,  ഇങ്ങനെ ഒരുപാട് പറയാനുണ്ട് ഈ സിനിമയെ പറ്റി, എങ്കിലും എനിക്കേറ്റവും  ഇഷ്ടപ്പെട്ടത് ഗുളികന്റെ ഭാര്യയാവേണ്ടി വന്ന പെണ്ണിനെയാണ് എന്ന് പ്രത്യേകം പറയട്ടെ. 

ഒരു സിനിമ കണ്ടിട്ട് അതേൽപ്പിച്ച ആഘാതത്തിൽ നിന്നും കര കയറാനാവാതെ  അതിനെപ്പറ്റി പറയാൻ വാക്കുകളൊന്നും കിട്ടാതെ അസ്വസ്ഥമായിരുന്നിട്ടുണ്ടോ  എപ്പോഴെങ്കിലും ? ഞാനിപ്പോൾ അങ്ങനെ ഒരവസ്ഥയിലാണ്. ആദിവാസി ട്രാൻസ്ജെൻഡർ ജീവിതം ( അല്ലെങ്കിലേ ആൺ- പെൺ ബൈനറിക്കപ്പുറത്തുള്ളവർ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും അകറ്റി നിർത്തപ്പെടുമ്പോൾ ആദിവാസി എന്ന നിലയിൽ ഗുളികൻ doubly marginalised ആണ്)  അത്രയ്ക്കും നമ്മുടെ മനസ്സിനെ മുറിവേൽപ്പിക്കും. 

“ഞാൻ മരവും നീ ജലവുമായിട്ടും നമുക്കിടയിൽ തൊട്ടു നിൽക്കാൻ ഒരു വേരു തന്നില്ല ജീവിതം” എന്ന, സിനിമയുടെ നാന്ദി കുറിക്കുന്ന ഈ വരികൾ എന്നെ പിന്തുടർന്നു കൊണ്ടേയിരിക്കും. നന്ദി, ഉണ്ണി, ഈയൊരനുഭവത്തിന് ? അഭിമാനിക്കുന്നു, നിറയെ സ്നേഹത്താൽ നിന്റെയീ ടീച്ചർ നിന്നെ ഹൃദയത്തോട് ചേർത്തു പിടിക്കുന്നു ?

( മിസ്സാക്കരുത്.  സിനിമയെ ഗൗരവമായി കാണുന്ന എല്ലാ സഹൃദയരും തിയേറ്ററിൽ പോയി കാണുക.  കോഴിക്കോടുള്ളവർക്ക്‌  ക്രൗണിൽ രാവിലെ പതിനൊന്നിനും വൈകുന്നേരം ആറെ മുക്കാലിനും ഷോ ഉണ്ട്. )

06-12-2019

LEAVE A REPLY

Please enter your comment!
Please enter your name here