ആഴം തൊട്ടുടലാഴം

0
416

സൂര്യ സുകൃതം

ഏകദേശം ഒരു വർഷം മുൻപ് യൂട്യൂബ് സജഷൻസിലേക്ക് കയറി വന്ന ‘പൂമാതേ പൊന്നമ്മ ‘… എന്ന് തുടങ്ങുന്ന ഒരു പാട്ടിൽ നിന്നുമാണ് ഉടലാഴം എന്ന സിനിമയിലേക്കുള്ള കാത്തിരിപ്പ് തുടങ്ങുന്നത്.

‘ഉടലാഴം’ എന്ന പേരിൽ ധ്വനിക്കുന്ന ശരീരത്തിന്റെ രാഷ്ട്രീയം തന്നെയാണ് സിനിമ ചർച്ചയ്ക്കു വയ്ക്കുന്നതെങ്കിലും, ഈ വിഷയങ്ങളിൽ മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരം മികച്ച അവതരണമാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. ഒരേ സമയം കവിതയും കഥയുമാവുന്ന ഒരു ചിത്രം. സീസർ എ ക്രൂസിന്റെ‌ പ്രശസ്തമായ ഒരു ഉദ്ധരണിയുണ്ട്  “അസ്വസ്ഥരായവരെ ആശ്വസിപ്പിക്കുകയും സ്വസ്ഥരായവരെ അലോസരപ്പെടുത്തുകയും ചെയ്യുന്നതാവണം കല” എന്ന്. “ഉടലാഴം” അങ്ങനെയാണ്. ആണുടലിനകത്തെ സ്ത്രീസ്വത്വം കൊണ്ട് വീർപ്പുമുട്ടുന്ന ഗുളികന്റെയും ഭാര്യ മാതിയുടെയും പക്ഷത്തു നിർത്തി പ്രേക്ഷകരുടെ ഉള്ളു പൊള്ളിക്കുകയാണ് സംവിധായകൻ ഉണ്ണിക്കൃഷ്ണൻ ആവള. ദ്വിലിംഗ ജീവികളിലൊന്നായ അട്ടകൾ ഈ സിനിമയുടെ ഓപ്പണിങ്ങ് ഫ്രേമുകളിൽ ആകസ്മികമായ് പ്ലേസ് ചെയ്യപ്പെട്ടതാവാനിടയില്ല എന്ന് വിശ്വസിക്കുന്നു.

പണ്ടേക്കു പണ്ടേ കാട് നാടാക്കി കടന്നു പോയ  മനുഷ്യരുടെ പിൻതലമുറയ്ക്ക് തങ്ങളുടെ ജനിതക ചരിതം വായിച്ചെടുക്കാൻ പാകത്തിന് കാലവും പ്രകൃതിയും ബാക്കി വച്ചവയാണ് ഇന്നത്തെ ഗോത്ര ജീവിതങ്ങൾ. വർഗീയമായ് അരികുവത്കരിക്കപ്പെട്ട ഭിന്നലിംഗജീവിതങ്ങളും, ഗോത്ര ജീവിതങ്ങളും സിനിമകളിലോ മറ്റ് രാഷ്ട്രീയ വേദികളിലോ  ചർച്ച ചെയപ്പെട്ട് തുടങ്ങിയിട്ട് അധികനാളായിട്ടില്ല. മലയാള സിനിമകളിൽ പോലും ഇവരുടെ ജീവിതം പരിഹസിക്കപ്പെടാത്ത വിധം അവതരിപ്പിച്ച് തുടങ്ങിയത് വളരെ അടുത്ത കാലത്താണ്. അപ്പോഴാണ് ഒരേ സമയം ട്രൈബലും ട്രാൻസ്ജെന്ററുമായ ഗുളികന്റെ പ്രശ്നങ്ങൾ “ഉടലാഴം” മുന്നോട്ട് വയ്ക്കുന്നത്. ശരീരത്തിനും മനസ്സിനുമിടയിലെ പിടിവലിയിൽ ഉത്തരമില്ലാതലഞ്ഞ് തിരിയുന്ന ഗുളികനോട് ഡാൻസ് ടീച്ചർ എന്ന കഥാപാത്രം “ഞാൻ എന്നാൽ എന്റെ ശരീരം മാത്രമാണോ എന്ന് ” വിലപിക്കുന്നതിലെ വിരോധാഭാസം തന്നെയാണ് ഈ ചിത്രത്തിന് ഒരു കവിതയോളം ഭംഗി നൽകുന്നത്.

ഉടൽ ഒരേ സമയം കെണിയും ചതിയുമാണെന്ന് പ്രസ്താവിക്കുന്ന മറ്റൊരു കഥാപാത്രത്തിന് മുൻപിൽ മുറിവേറ്റ ശരീരവും മനസുമായ് ഇരിക്കുന്ന ഗുളികനോളം തിരിച്ചറിവ് ആ വിഷയത്തിൽ മറ്റാർക്കുമുണ്ടാവാനിടയില്ല. ഗോത്രാചാര പ്രകാരം കൗമാരപ്രായത്തിൽ  വിവാഹിതരാവേണ്ടി വന്ന ഗുളികനും മാതിക്കും ദാമ്പത്യമെന്നാൽ ഉടലിനപ്പുറം മറ്റെന്തൊക്കെയോ ആയി തീരുന്നതും കാണാം. നിനക്ക് വേണ്ടതൊന്നും തരാൻ കഴിയാത്തവനാണ് മാതീ ഞാനെന്ന് പറയുമ്പോഴുള്ള ഗുളികന്റെ അപകർഷതയെ ആശ്വസിപ്പിക്കാൻ പാകത്തിന് ഫിലോസഫി അറിയാത്ത മാതി പക്ഷേ എല്ലാം ശരിയാവുമെന്ന് ആശ്വസിക്കുകയും, പ്രതീക്ഷിക്കുകയും ചെയ്യുന്നു.

പ്രണയവും ചൂഷണവും തമ്മിൽ ഒരു നേർത്ത വരയുടെ അന്തരം പോലുമില്ലാതാവുന്നതിന്റെയും അതേ സമയം പ്രണയം ഒരാശ്വാസമാവുന്നതിന്റെയും നേരനുഭവങ്ങളാണ് ചിത്രത്തിലുടനീളം. സ്ത്രീ സ്വത്വം,  പ്രതികരിക്കാൻ കയ്യുയർത്താത്തിടത്തോളം, ഒരു ശരീരത്തിനകത്തും സുരക്ഷിതയാവുന്നില്ല എന്ന വസ്തുത കൂടി സിനിമ പറഞ്ഞു വയ്ക്കാൻ ശ്രമിക്കുന്നു. പെണ്ണായ് പെണ്ണുടലിൽ പിറന്ന മാതിക്കും, റിസർച്ചർ പെൺകുട്ടിക്കും ചൂഷണസാധ്യതകളുടെ കരണകുറ്റി നോക്കി പൊട്ടിക്കാൻ  കഴിയുമ്പോഴും ആണുടലിൽ തോറ്റു തളരുന്ന ഗുളികന്റെ കരച്ചിൽ പ്രേക്ഷകരുടെ  തൊണ്ടക്കുഴിയിൽ ഇടറിയമരുന്നു.

ലിംഗ രാഷ്ട്രീയത്തിനപ്പുറം വർണവിവേചനത്തെ കുറിച്ചും, ഗോത്രാചാരപ്രകാരം നടക്കുന്ന ശൈശവവിവാഹങ്ങളെ കുറിച്ചും, വനനശീകരണത്തെ കുറിച്ചും, ഗോത്രജനതയുടെ മൊത്തത്തിലുള്ള നിസ്സഹായതയെ കുറിച്ചുമൊക്കെ ഓരോരോ ഘട്ടത്തിൽ വിശദമായ് പ്രതിപാദിച്ചാണ് സിനിമ മുന്നേറുന്നത്. കുഞ്ഞായിരിക്കെ തന്നെ അമ്മയുമച്ഛനും  മദ്യം നാക്കിൽ തൊട്ട് നൽകി പിന്നീട് മദ്യലഹരിക്കടിമപ്പെട്ടുഴറുന്ന നാണിയമ്മയെ പോലുള്ളവർ ഒരുപാടുണ്ട് ആദിവാസി കോളനികളിൽ. പരിഷ്കൃത വർഗമെന്ന് പറയപ്പെടുന്ന നാട്ടുമനുഷ്യരുടെ  വ്യാജസദാചാര ബോധത്തിനും ചൂഷണങ്ങൾക്കും  ഇടയിൽ വീർപ്പുമുട്ടുന്ന ഗുളികനും മാതിയും കോളനിയിലെ മറ്റുള്ളവരും വെറും കഥാപാത്രങ്ങളല്ല, ഗോത്ര ജീവിതത്തിന്റെ നേർക്കാഴ്ച്ചകളാണ്. 

വിറകിലും, ഈർച്ച‌പ്പൊടിയിലും കാടിന്റെ തണുപ്പ് തേടുന്ന ഗുളികൻ പക്ഷേ നിർത്താതെ ഓടുകയാണ്. ചേർത്ത് നിർത്താൻ ശ്രമിക്കുന്നവരിൽ നിന്നു പോലും ഒഴിഞ്ഞുമാറി നിൽക്കക്കള്ളിയില്ലാതെ ഓടുന്ന ഗുളികൻ ഇടമില്ലാതാവുന്ന ആദിവാസി ജനതയെയും ഭിന്നലിംഗ ജീവിതത്തെയും ഒരു പോലെ പ്രതിനിധാനം ചെയ്യുന്നു.

ജീവിക്കാനായ് കാടിറങ്ങി, നാടറിഞ്ഞ്, കടലും മടുത്ത് തിരികെ കാട് കയറുന്ന ഗുളികൻ പെട്ട് പോവുന്ന  കൂട്ടിൽ, വന്യത മറക്കാനും മെരുക്കപ്പെടാനും സർവദാ സന്നദ്ധനായ  നായയും അവനും മാത്രം.

‘പുഴയിൽ ജലമെടുക്കാൻ പോയ വേരിന്നു … ‘എന്ന് തുടങ്ങുന്ന പാട്ടിലെ വരികളും സിനിമയോടത്രയേറെ ചേർന്നു നിൽക്കുന്നു.  ആദ്യത്തെ പെൺ സംഗീത സംവിധായികയായ് ഗായിക സിത്താര കൃഷ്ണകുമാർ തുടക്കം കുറിക്കുന്നു എന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്.

കാടിന്റേയും കടലിന്റെയും കാറ്റിന്റെയും ശബ്ദം തൊട്ട് ശ്വാസനിശ്വാസങ്ങളുടെ ശബ്ദം വരെ അത്രയും യഥാർത്ഥമായ് അനുഭവിപ്പിച്ചത്, സൗണ്ട് ഡിസൈനിംഗിൽ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട സൗണ്ട് ഡിസൈനർ രംഗനാഥ് രവിയാണ്. 

കാട് മുതൽ കടല് വരെയുള്ള വ്യത്യസ്ത ഭൂപ്രകൃതിയുടെ സൗന്ദര്യവും ന്യൂനതകളും ഒരു തരി പോലും ചോർന്ന് പോവാതൊപ്പിയെടുത്തിട്ടുണ്ട് സിനിമാറ്റോഗ്രാഫർ എ മുഹമ്മദ്.

അഭിനയത്തിൽ മികച്ച് നിന്ന കഥാപാത്രങ്ങൾ ഗുളികനും, മാതിയും, നാണിയമ്മയും തന്നെയാണ്. സ്വന്തം അനുഭവങ്ങളായത് കൊണ്ടാവാം ട്രൈബൽ ജീവിതാഭിനയങ്ങൾക്കിത്രയും തൻമയത്വം എന്ന് കരുതുന്നു.

ഉടലാഴത്തിലൂടെ സംവിധായകൻ സംവദിക്കാൻ ശ്രമിച്ചതിലിനിയുമെത്രയോ കാര്യങ്ങൾ നമ്മൾ വായിക്കാതെ വിട്ടിട്ടുണ്ടാവാം. പക്ഷേ ഒന്നുറപ്പാണ് ഒരു വലിയ ഓഡിയൻസിലേക്കെത്തേണ്ട സിനിമയാണ് ഉടലാഴം.

LEAVE A REPLY

Please enter your comment!
Please enter your name here