കവിത
ഫാത്തിമാബീവി
സൈദിന്റെ മേലാകെ
നീരാണെന്നും,
ഡോക്ടർമാരെല്ലാം
കയ്യൊഴിഞ്ഞുവെന്നും
ബീവി റാബിയയാണ്
പറഞ്ഞത്.
കേട്ടപ്പോൾ തന്നെ
ഞാനും, മറ്റൊരു
അയൽവാസിയും കൂടി
സൈദിനെ കാണാൻ
പോയിരുന്നു.
അപ്പോൾ തന്നാലാകുംവിധം
സൈദു ഒരു കാര്യം
പറയുകയുണ്ടായി.
മരിച്ചുപോയ വേലപ്പനെന്നെ
വിളിച്ചുവെന്നു..
എല്ലാം വെറും
തോന്നലാകുമെന്നും,
നേരത്തിനു മരുന്നു
കഴിക്കണമെന്നും,
നന്നായി വിശ്രമിക്കണമെന്നും
പറഞ്ഞു ഞങ്ങളിറങ്ങി.
അന്നു വൈകുന്നേരമാണ്
അയൽക്കൂട്ടത്തിനു
പെണ്ണുങ്ങൾ കൂടിയത്.
അക്കൂട്ടത്തിൽ
സൈദിന്റെ ബന്ധുക്കളായ
ആമിനയേയും,
സൈനബയേയും
കണ്ടിരുന്നു.
അവരുടെ സംസാരം
അവിടൊരു ചർച്ചയുമായിരുന്നു..
‘സൈദു ശരിക്കും
വേലപ്പനെ കണ്ടുകാണും,
അല്ലെങ്കിലും
ചെറുമക്കളുമായാണല്ലോ കൂട്ട്.
വീട്ടിലെ അടുപ്പിലെന്തു വെന്താലും
ആദ്യമതു വേലപ്പന്റെ
വീട്ടിലല്ലേ എത്തിയിരുന്നത്? ‘
ജാതിവാലുകൾ
അറുത്തുകളയാൻ
എന്നാണീ മനുഷ്യർക്കു
തോന്നുക?
വേലപ്പൻ..
അദ്ദേഹത്തെ
കുറിച്ചെനിക്കറിയണം,
ആരോടു തിരക്കും?
സൈദുവിന്റെ
മുന്നിൽ തന്നെയാണൊടുവിൽ
പോയിനിന്നത്.
‘ ശബരിമലയ്ക്കു
മാലയിട്ട മകൻ
കുളിയ്ക്കാനായി
കുളത്തിലിറങ്ങിയതായിരുന്നു.
പിന്നീടവൻ ജീവനോടെ
കരകയറിയില്ല.
തെങ്ങിൽ നിന്നും
വീണു കിടപ്പിലായ
വേലപ്പനും വൈകാതെ പോയി.
ഭാര്യ ശാന്ത തനിച്ചായി..
അന്നുതൊട്ടു,
അവളെ നോക്കിക്കോളണമെന്നു
പറയാൻ
എന്റടുക്കൽ വരുമായിരുന്നു
വേലപ്പൻ.
പിന്നെയാ വരവു നിന്നു.
അതെ,
അവളും പോയി,
ശാന്ത..
അതിനുശേഷം
വേലപ്പനെ കാണുന്നതു
ഈയിടെയാണ്,
ഞാൻ കിടപ്പിലായതിന്റെ
പിറ്റേന്നുമുതൽ.
ഭാര്യയ്ക്കു നൽകിയ
ചോറിനും, സഹായത്തിനും
നന്ദി പറഞ്ഞു.
കൂടെ പോരുന്നോ
എന്നൊരു ചോദ്യവും..’
അന്നു രാത്രിയെനിക്കു
ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല,
ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത
വേലപ്പനായിരുന്നു
മനസ്സിൽ.
പിറ്റേദിവസം പുലർച്ചെ
കേട്ടത്
സൈദിന്റെ മരിപ്പായിരുന്നു.
അതെ,
മരിച്ചു പോയ
ഓരോമനുഷ്യരും,
കരയുന്ന
ഓരോ കഥകളാണ്…
…
ആത്മ ഓൺലൈനിലേക്ക് സൃഷ്ടികൾ അയയ്ക്കാൻ
email : editor@athmaonline.in | Whasapp : 9048906827
തിരക്കുള്ള ലോകത്ത് ചെറു കഥകൾക്കാണ് പ്രാധാന്യം
???????? nice story