കല്‍പ്പാത്തി സംഗീതോത്സവം: വിദ്യാര്‍ഥികള്‍ക്കായി സംഗീത മത്സരം

0
197

പാലക്കാട് ജില്ലാ ടൂറിസം പ്രൊമേഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പാത്തി രഥോത്സവത്തിനോടനുബന്ധിച്ച് നടക്കുന്ന കല്‍പ്പാത്തി ദേശീയ സംഗീത ഉത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 26, 27 തീയതികളില്‍ ശാസ്ത്രീയ സംഗീത മത്സരം നടത്തുന്നു. വയലിന്‍, വീണ, മൃദംഗം, വായ്പ്പാട്ട് എന്നീ ഇനങ്ങളിലായി സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലാണ് മത്സരം നടക്കുക.

ചെമ്പൈ ഗവ:സ്മാരക സംഗീത കോളെജില്‍ ഒക്ടോബര്‍ 26, 27 ദിവസങ്ങളില്‍ രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ച് വരെ മത്സരം നടക്കും. എട്ടു മുതല്‍ 10 വയസു വരെയുള്ള കുട്ടികള്‍ക്ക് സബ്ജൂനിയര്‍ വിഭാഗത്തില്‍ ശാസ്ത്രീയ സംഗീതം, വായ്പാട്ട് എന്നിവയ്ക്ക് മാത്രമേ മത്സരം ഉണ്ടാവൂ.

മത്സരാര്‍ഥികള്‍ക്ക് അടിസ്ഥാന അഭ്യാസ പാഠങ്ങളെ സംബന്ധിച്ചുള്ള അറിവും ഏതെങ്കിലും വ്യത്യസ്ത രാഗങ്ങളിലുള്ള നാല് ഗീതങ്ങള്‍ പാടാനുള്ള കഴിവുണ്ടാവണം. ജൂനിയര്‍ വിഭാഗത്തില്‍ 11 മുതല്‍ 14 വയസ്സുവരെയുള്ളവര്‍ക്കാണ് വായ്പാട്ടില്‍ പങ്കെടുക്കാന്‍ അവസരം. എട്ട് മുതല്‍ 13 വയസ്സ് വരെയുള്ളവര്‍ക്ക് വയലിന്‍, മൃദംഗം വിഭാഗങ്ങളിലും പങ്കെടുക്കാം.

മത്സരാര്‍ഥികള്‍ക്ക് അടിസ്ഥാന പാഠങ്ങള്‍ക്ക് പുറമേ രണ്ട് ജതിസ്വരം/ സ്വരജതി, നാല് വര്‍ണ്ണങ്ങള്‍ എന്നിവ പാടാനുള്ള കഴിവും ജൂനിയര്‍ മൃദംഗം വിഭാഗത്തില്‍ ആദി -( രണ്ട് – കള) രൂപകം എന്നീ താളങ്ങളില്‍ തനിയാവര്‍ത്തനം വായിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം .

സീനിയര്‍ വിഭാഗത്തില്‍ 15 വയസ്സു മുതല്‍ 18 വയസ്സ് വരെയുള്ളവര്‍ക്ക് വായ്പാട്ട് മത്സരത്തിലും 14 മുതല്‍ 18 വയസുവരെയുള്ളവര്‍ക്ക് വയലിന്‍, വീണ, മൃദംഗം എന്നി വിഭാഗത്തിലും മത്സരിക്കാം. പങ്കെടുക്കുന്നവര്‍ക്ക് അടിസ്ഥാന അഭ്യാസ പാഠങ്ങള്‍ക്ക് പുറമേ വര്‍ണ്ണങ്ങള്‍, രാഗം, നിരവല്‍, മനോധര്‍മ്മസ്വരം എന്നിവ ഉള്‍പ്പെടുത്തി നാല് കീര്‍ത്തനങ്ങള്‍ പാടാനുള്ള കഴിവുണ്ടായിരിക്കണം. സീനിയര്‍ മൃദംഗം വിഭാഗത്തില്‍ ഏതെങ്കിലും മൂന്ന് താളത്തില്‍ തനിയാവര്‍ത്തനം വായിക്കാനുള്ള കഴിവും വേണം.

എല്ലാ വിഭാഗത്തില്‍ പങ്കെടുക്കുന്നവരും വിധികര്‍ത്താക്കളുടെ സംഗീത സംബന്ധിയായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതാണ്. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും ലഭിക്കും. മത്സരാര്‍ഥികള്‍ നിബന്ധനകള്‍ക്ക് അനുസൃതമായി പൂരിപ്പിച്ച അപേക്ഷകള്‍, വയസ്സ് തെളിയിക്കുന്ന രേഖകളുമായി ഒക്ടോബര്‍ 25 നകം കണ്‍വീനര്‍ പ്രോഗ്രാം കമ്മിറ്റി 2/82 അനുപമ, ന്യൂ കല്‍പ്പാത്തി പാലക്കാട് 3 വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് kalpathymusiccompetition@gmail.com ലോ 9746643886, 8848864123, 9447724294 എന്നീ നമ്പറിലോ ബന്ധപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here