കവിത
ബാലകൃഷ്ണൻ മൊകേരി
കരാറുകാരൻ വിട്ടുകളഞ്ഞ ക്വാറിയിലെ
ചന്നംപിന്നം പാറപ്പൊടിയിൽ
എപ്പോഴൊക്കെയോ വീണ
പ്രണയത്തിന്റെ
ചില വിത്തുകള്‍
നാമ്പെടുക്കാനൊരുങ്ങിയെങ്കിലും,
പുളിപ്പിച്ച കള്ളങ്ങളുടെ
ജൈവവളം കിട്ടാതെ
അവയെല്ലാം
മുളയിലേ കരിഞ്ഞു!
കാണുന്ന മുഖങ്ങളിൽ
കാണാത്ത കള്ളങ്ങളുടെ
ചിരിയൊളിപ്പിക്കാനാവാതെവന്നപ്പോള്‍,
കൂട്ടുകാര്‍ പിണങ്ങിപ്പോയി!
നാട്ടുനടപ്പിന്റെ കള്ളങ്ങളിൽവീണു
കടുകുമണിപോലെ
പൊട്ടിത്തെറിച്ചപ്പോള്‍
വീട്ടുകാര്‍ പടിയടച്ചു.
വേണ്ടപ്പോള്‍ വേണ്ടപോലെ
പച്ചച്ചിരിപുരട്ടി
കള്ളം പറയാനാവാതെ
കുഴങ്ങിയപ്പോള്‍
ജീവിതം പിണങ്ങി വഴിമാറി.
കള്ളം പറയാൻ മിടുക്കില്ലാതെ,
കരളിൽ കിളിര്‍ത്ത സത്യങ്ങളാൽ
കവിത കോറിയിടുമ്പോള്‍,
അതിലെ ചോരപ്പാടുകള്‍ കണ്ട്
നിങ്ങള്‍ പറയുന്നു,
ഹാ, എത്ര ഉദാത്തമായ കള്ളം !
ഞാനിപ്പോള്‍,
കളവും സത്യവും തിരിച്ചറിയാനാവാതെ,
സ്വത്വപ്രതിസന്ധിയിലങ്ങനെ
അങ്ങനെ
ഇങ്ങനെ..
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.