ബറാഅത്ത്

0
1355
athmaonline-bara-ath-shoukkath-ali-khan

ഓർമ്മക്കുറിപ്പുകൾ

ഷൗക്കത്തലി ഖാൻ

ഇന്ന് ബറാഅത്ത് ആണ്. വലിയകുളം അങ്ങാടിയില്‍ പോകണം.. നെരപ്പലകയും ഓടാമ്പലും മാറ്റി പീടിക തുറക്കുന്നത് ഓത്തുപള്ളിയില്‍ പോകുമ്പോള്‍ കണ്ടിട്ടുണ്ട്. അങ്ങനെ മൂന്നുമുറിപ്പീടികയാണ് ബീരാവുഹാജിയുടേത്. ഉമ്മ സാധനങ്ങളുടെ പേര് തന്നു. ശരക്കരയും നല്ല ജീരകവും ചെറിയ ഉള്ളിയും വെളിച്ചെണ്ണയും വാങ്ങണം. അരീരമുണ്ടാക്കാനാണ് ഈ വസ്തുവഹകള്‍. ബറാഅത്തിന്റെ പ്രത്യേക ചീരണിയാണ് അരീരം. സ്‌കൂള്‍ വിട്ട് വന്ന പാടെത്തന്നെ വടക്കിനിയില്‍ നിന്ന് അശരീരി വന്നു. “ബീരാവുഹാജിയുടെ പീടികയില്‍ പോണം ”
“കളിക്കാനും കാറോടാനുമൊന്നും പോകണ്ട.” പീടികയില്‍ ഒറ്റ ഓട്ടത്തിന് പോയിട്ട് വായോ. ?

എന്നിട്ടെന്താ പണി?

കുളത്തില്‍ പോയി വുളു എടുത്ത് വന്ന് ആദരവായ റസൂലിന്റെ പേരില്‍ ഒരു യാസീന്‍ ഓതണം. ഫാത്തിഹയും ദിക്‌റുകളും. അനവധി സ്വലാത്തുകളും ഓതണം. വെളിച്ചെണ്ണക്കുപ്പിയെടുത്ത് വലിയകുളം അങ്ങാടിയിലേക്ക് ഗിയര്‍ മാറ്റി റിവേഴ്‌സ് ഗിയറിട്ട് കയ്യാലയിലേക്ക് നോക്കി. വൈക്കോലൊടിച്ചിക്കാർ പോയ ലക്ഷണമുണ്ട്. അവരുടെ നെല്ലിന്‍ ചാക്കും പൊക്കണങ്ങളും മുഷിഞ്ഞ കുപ്പായത്തുണികളും ഒന്നും കാണുന്നില്ല. മാത്രമല്ല കയ്യാല നല്ല വെടിപ്പും വൃത്തിയിലും ഇരിക്കിന്നുമുണ്ട്. പൈയ്യും കുട്ടിയും താഴത്തെ കുടംപുളി മരം നില്‍ക്കുന്ന കള്ളിയില്‍ ആക്രാന്തത്തോടെ നിന്ന് പുല്ല് തിന്നുന്നു. അവിടെ പറമ്പിന്റെ എതക്കല്‍ നല്ലോണം ഇഞ്ചിപ്പുല്ലുണ്ട്. പയ്യ് കൊമ്പ് കുലുക്കി എതിരെ വരുന്ന തെക്കാമാക്കരുടെ നായയോട് അരിശപ്പെടുന്നു. പൈയ്ക്കുട്ടി അകിടിലേക്ക് നോക്കി നുണയുന്നു. അതിന്റെ മോന്തക്കെട്ടി അഴിഞ്ഞുകിടക്കുകയാണ്. രണ്ട് കാര്യങ്ങള്‍ക്കാണ് മോന്തക്കെട്ടി. ഒന്ന് അത് ഈയിടെയായി നന്നായി മണ്ണ് തിന്നുന്നുണ്ട്. പിന്നെ പോരാത്തതിന് പയ്യിന്റെ അകിടില്‍ കേറി പാല് കുടിക്കുന്നുമുണ്ട്. പൈക്കുട്ടി പാല് കുടിച്ചാല്‍ പിന്നെ പാല് കൊറയും. ഇതൊക്കെ മൊരശിന്റെ കണ്ടുപിടിത്തങ്ങളാണ്. അയാള്‍ തന്നെ വന്നാണ് മോന്തക്കെട്ടി ഉണ്ടാക്കിയത്. ഒരു തെങ്ങിന്റെ കുരുത്തോല മെടഞ്ഞ് കെട്ടികൊടുത്തത്. വൈക്കോലുണ്ടയുടെ പള്ളക്ക് ഓരോ തുരന്നതുപോലെ വികൃതമായി നില്‍ക്കുന്നു.വെളിച്ചെണ്ണയും ശര്‍ക്കരയും പെരിഞ്ചീരകവും വാങ്ങി ഒറ്റ ഓട്ടത്തിന് തന്നെ പെരയിലെത്തി. കുളത്തില്‍ പോയി വുളു എടുത്ത് അടുക്കളയില്‍ നിന്ന് നോക്കിയപ്പോള്‍ ഉമ്മ വാഴക്കൂമ്പുകള്‍ വെട്ടിയെടുക്കുന്നുണ്ട്.



വാഴയിലയില്‍ വെച്ചാണ് ശര്‍ക്കരയും പെരിഞ്ചീരകവും അരിപ്പൊടിയും ചേര്‍ത്ത മിശ്രിതത്തില്‍ നിന്ന് ഉമ്മയും പെറ്റമ്മയും കൂടി അരീരത്തിന്റെ വട്ടുകള്‍ ഉണ്ടാക്കുന്നത്. റെഡിയാക്കിവെച്ച നടുക്ക് കുഴിയുള്ള അരീരങ്ങള്‍. പിന്നെന്തൊക്കെയോ അനതാരികള്‍ ചേര്‍ത്ത് തയ്യാറാക്കുന്നു. ബറാത്തിന്റെ വിശിഷ്ടമായ ചീരണിയാണല്ലോ അരീരങ്ങള്‍. ബറാത്തിന്റെ പുണ്യം പങ്കിടാന്‍ ചോറ്റിന്‍കുട്ടയില്‍ അരീരം എന്ന പലഹാരം ഉയര്‍ന്നുവന്നു. മുമ്പാരത്തിരുന്ന് മയമു മുസ്ല്യാര്‍ ഓത്തു തുടങ്ങിയിരിക്കുന്നു. മയമു മുസ്ല്യാരെ കൊച്ചേലന്‍ മെയ്‌ല്യാരെന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്. അദ്ദേഹത്തിന്റെ കാല്‍പാദങ്ങളും ചുരുണ്ടുമടങ്ങി ഒരു കുഴ രൂപത്തിലാണ്. നല്ല പതിഞ്ഞ പരുക്കന്‍ ശബ്ദമാണ് മൊയ്‌ല്യാരുടേത്. രണ്ട് കാലും സൂക്ഷിച്ചുവെച്ച് വളരെ പ്രയാസപ്പെട്ടാണ് അദ്ദേഹം നടക്കുക. കൂനിക്കൂടി നടന്നുപോകുന്നത് കണ്ടാല്‍ പ്രയാസം തോന്നും. അതുകൊണ്ട് വളരെ അത്യാവശ്യഘട്ടങ്ങളില്‍ മാത്രമെ അദ്ദേഹം പുറത്തിറങ്ങൂ. എപ്പോഴും മൊട്ടം വടിച്ച ശിരസ്സാണ് മെയ്‌ല്യാരുടേത്. വീടുകളില്‍ ഖത്തം ഓതലും മൗലൂദ് ചൊല്ലലും നിസ്‌കാരവും ഇബാദത്തും ഒക്കെത്തന്നെയാണ് മൊയ്‌ല്യാരുടെ ആത്മീയജീവിതം. എപ്പോഴും ഓരോന്ന് ചെല്ലിപ്പറഞ്ഞ് കണ്ണടച്ച് അദ്ദേഹം വീട്ടിലിരിക്കുന്നത് കാണാം. നാട്ടില്‍ മൗലൂദ്, റാത്തീബ് എന്നിങ്ങനെയുള്ള വിശിഷ്ടാവസരങ്ങളില്‍ കോഴിയെ അറത്തുകൊടുക്കുന്നതും മൊയ്‌ല്യാരാണ്. ഇതൊക്കെ പ്രതിഫലേച്ഛ ഇല്ലാതെയാണ് അദ്ദേഹം ചെയ്യുന്നത് മൊയ്‌ല്യേര് അറത്താലേ കോഴിയിറച്ചി ഹലാലാകൂ. എന്നും ഒന്നോ രണ്ടോ കോഴികളെ അറക്കാനുണ്ടാകും. തന്റെ മൂര്‍ച്ചയുള്ള പിശ്ശാങ്കത്തികൊണ്ട് ബിസ്മി ചൊല്ലി മൊയ്‌ല്യാര് കോഴിയെ അറത്ത് തന്റെ വീടിന്റെ സമീപമുള്ള ഇരിമ്പാംപുളിയുടെ കടയ്ക്കലേക്കിടും. ഉറച്ച ശബ്ദവും ദൃഷ്ടിയുറച്ച നോട്ടവുമായി പതിഞ്ഞ ശബ്ദത്തില്‍ തന്റെ കാല്‍ക്കുഴകളെ ഉഴിഞ്ഞ് ഉഴിഞ്ഞ് മൊയ്‌ല്യാര് തന്റെ രണ്ട് കാലും മുകളിലേക്ക് വെച്ച് വീടുകളില്‍ കൈതോലപ്പായിയില്‍ ഇരുന്ന് ഓതുന്നത് കാണാം. എന്തൊരു വൃത്തിയാണ് ആ കാല്‍ക്കുഴകള്‍ക്ക്. അദ്ദേഹത്തിന്റെ ചെരുപ്പ് ഒരു ചെറിയ കൊട്ട പോലയാണ്. ഏതോ മുബീനില്‍ വെച്ച് മുറിച്ച് കൊച്ചുകാലന്‍ മെയ്‌ല്യാര്‍ മുറ്റത്ത് വന്നിരുന്ന് നെല്ല് ചിക്കുന്ന കാക്കയെ കൈകൊണ്ട് ആട്ടി ഞങ്ങളുടെ വീട്ടിലിരുന്ന് ബറാത്തിന്റെ ഖത്തം ഓത്ത് തുടങ്ങിയിരിക്കുന്നു. അയാള്‍ പിന്നെയും മുസഹഫിലേക്ക് കണ്‍ കൂർപ്പിരച്ചിരുന്നു. മുസഹഫിന്റെ സമീപത്ത് അദ്ദേഹത്തിന്റെ വെളുത്ത് സ്ഫടികമണികള്‍ പോലുള്ള ദസ്ബീഹ് വിശ്രമത്തിലുമാണ്. മുസഹഫ് മടക്കി ഉറയിലാക്കി മൊയ്‌ല്യാര് ദുആ ഇരക്കാന്‍ കൈകള്‍ ചേര്‍ത്തിരുന്നു. ഉമ്മയും പെറ്റമ്മയും ദുആയില്‍ പങ്ക് ചേരാനായി മുമ്പാരത്തെ കിളിവാതിലിന് സമീപം വന്നുനിന്നു. തട്ടത്തിന്റെ തെല്ല് നേരെയാക്കി നെറ്റിയിലേക്ക് ചേര്‍ത്തുവെച്ച് ഉമ്മ ആമീന്‍ ചൊല്ലുകയാണ്. പെറ്റമ്മ ഏറ്റുപറയുന്നു. ”ഇനി മങ്കൂസ് മൗലൂദ് കൂടി ഓതിയാല്‍ നന്നായിരുന്നു മൊയ്‌ല്യാരെ”?



ഉമ്മ മണ്ഡകത്ത് പോയി ജില്‍ദ് കൊണ്ടുവന്നു. വലിയ തടിച്ച വലുപ്പത്തിലുള്ള ഒരു വലിയ ബൃഹദ്ഗ്രന്ഥമാണ് ജില്‍ദ്. ഒരുവിധം മൗലൂദുകളും ദിക്‌റുകളും റാത്തീബും ഒക്കെ ഈ ജില്‍ദിലുണ്ട്. ഉപ്പ ഏതോ കാലത്ത് തിരൂരങ്ങാടിയിലെ ഒരു പണ്ഡിതനെ കൊണ്ട് കലമുകൊണ്ട് എഴുതിച്ചതാണത്രെ ഈ ജില്‍ദ്. നാട്ടിലുള്ള സകലമാന ഭക്തജനങ്ങളും ഈ ജില്‍ദ് വന്നു കൊണ്ടുപോകാറുണ്ട്. ഇപ്പോള്‍ ബറാത്ത് ആയതുകൊണ്ട് ജില്‍ദിന് ഇനി മുതല്‍ തിരക്കുപിടിച്ച ദിവസങ്ങളാണ്. ഒരു തലയിണയില്‍ വെച്ച് ഒരു വെള്ളത്തട്ടത്തിന്റെ മുകളില്‍ ജില്‍ദ് വെച്ചു. മൗലൂദിന്റെ കാറ്റിനോടൊപ്പം അഗര്‍ബത്തിയും പുകഞ്ഞു. മുമ്പാരത്തുനിന്നും ചന്ദനസുഗന്ധം മുറ്റത്തേക്ക് പരന്നു. മൗലൂദ് അവസാനിക്കുകയാണ്. മൊയ്‌ല്യാര്ക്ക് ഒരു വെള്ളപ്പിഞ്ഞാണത്തില്‍ നല്ല ചൂടുള്ള അരീരവും ചായയും കൊണ്ടുവന്നു വെച്ചുകൊടുത്തു. ബറാത്ത് ദിനത്തിലെ ഈ പ്രധാനപ്പെട്ട ചീരണി ഒറ്റക്ക് അകത്താക്കാനുള്ളതല്ല. അയല്‍പക്കത്തെ ശ്രീധരന്‍, കുട്ടായി, മാക്ക, അപ്പുട്ടി എന്നിവരുടെ കുടിയിരുപ്പിലേക്കും കൂമ്പന്‍വാഴയില്‍ പൊതിഞ്ഞി വിശിഷ്ട അതിഥികളായി യാത്ര പോകും. അന്നെ വിശേഷപ്പെട്ട ഈ പലഹാരം. യാസീന്റെയും ഫാത്തിഹയുടേയും മങ്കൂസ് മൗലീദിന്റെയും കൂടെ കട്ടന്‍ചായ കുടിച്ച് ചവച്ചിറക്കി, ബറാത്തിനെ രാജകീയമായിത്തന്നെയാണ് ഉമ്മ വരവേറ്റത്. എല്ലാ ബറാത്തിനും അരീരത്തിന്റെ സ്വാദുണ്ടായത് അങ്ങനെയാണ്.



ഇന്നലെ പയ്ക്കുട്ടി കയറ് പൊട്ടിച്ച് പയ്യിന്റെ അകിട് തപ്പി. അതുകൊണ്ട് മൊരശ്ശിന് അന്ന് പാല് കറക്കാതെ കഴിഞ്ഞു. കുടുംബത്ത് അന്ന് ഈ ബറാത്തിന് അരീരത്തിനോടൊപ്പം സുലൈമാനി കുടിക്കേണ്ടിവന്നു. പെറ്റമ്മ പയ്ക്കുട്ടിയെ നോക്കി മുറുമുറുത്തു. കാഞ്ഞിരമുറ്റത്തെ ശെയ്ഖ് പരീദൗലിയുടെ വിളക്ക് കത്തിച്ചുവെക്കുന്ന ഒരു കാവല്‍വിളക്കുണ്ട് ഞങ്ങളുടെ പറമ്പിന്റെ എതിര്‍വശത്തുള്ള തൊഴുവാനൂരെ പറമ്പിനോട് ചേര്‍ന്ന്. ഒരു പച്ചക്കൊടി അവിടെ പാറിക്കളിക്കുന്നുണ്ട്. റോഡ് മുറിഞ്ഞുകടന്നാല്‍ പൂഴി പരന്ന വിശാലമായ തെങ്ങിന്‍ പറമ്പാണ്. അത് ഒരിടവഴിയിലൂടെ കിഴക്കോട്ട് പോകുന്നു. ആ ഇടവഴിയുടെ അറ്റത്ത് ഒരു പെരുംതോട് വളഞ്ഞുപുളഞ്ഞ് ഒരു പെരുമ്പാമ്പിനെപ്പോലെ കിടക്കുന്നു. പെരുംതോടിന്റെ പള്ളയിലാണ് പരീതൗലിയുടെ പച്ചക്കൊടിമരം. അവിടെ ഒരു തുരമ്പിച്ച ബ്രിട്ടാനിയ ബിസ്‌കറ്റിന്റെ ടിന്ന്. ആ ടിന്നില്‍ ഒരു ചിമ്മിനിവിളക്ക് എല്ലാ രാത്രികളിലും മുനിഞ്ഞുകത്തും. ഈ പച്ചക്കൊടിമരം നാട്ടുവഴികളുടെ ദിശ കാണിക്കുന്ന ഒരു ജംഗഷനാണ്. പല ഇടവഴികളും ഇവിടെ നിന്ന് നാലു ദിക്കിലേക്ക് തെന്നിമാറുന്നു. തെക്കോട്ട് തൊഴുവാനൂരെ പറമ്പിലേക്ക്. വടക്കോട്ട് ചപ്പേലെ പറമ്പിലേക്ക്. ഈ പറമ്പുകള്‍ മണ്ണൂപാടത്തെ പാത്രക്കുളത്തില്‍ ചെന്നവസാനിക്കും.



അവിടന്നങ്ങോട്ട് നെല്‍പ്പാടങ്ങളാണ്. കന്നിയും മകരവും കൃഷി ചെയ്യുന്ന നെല്‍പ്പാടങ്ങള്‍. മണ്ണൂപാടത്തിന്റെ വക്കത്ത് ഒത്തിരി ചെറ്റപ്പുരകളുണ്ട്. അവിടങ്ങളില്‍ കുറേ ചെറിയ മനുഷ്യരും. പറമ്പ് കിളയും മീന്‍ക്കച്ചവടവും ഓലക്കച്ചവടവും മണ്ണുകോരലുമൊക്കെയാണ് അവരുടെ പണികള്‍. വൈകുന്നേരമായാല്‍ ഈ ഭാഗത്ത് വലിയ ഇരുട്ടാണ്. വലിയ മാമരങ്ങള്‍ അയിനിയും പിലാവും മുള്ളങ്കിയും പൊടിഅയിനിയും പിന്നെ പേരറയാത്ത കുറെ മരങ്ങളും ഈ ഭാഗത്തിന് കാവല്‍ നില്‍ക്കുന്നു. രാത്രിയില്‍ ഇതിലെ പോകുന്നവര്‍ക്ക് ദിശ കാണിച്ച് ഒരു വഴിവിളക്കായി ശൈഖ് പരീദൗലിയുടെ നേര്‍ച്ചപ്പെട്ടിയിരിക്കുന്നു. വിളക്കിന് ചുവട്ടില്‍ കുറെ ചിരട്ടകളും കൂട്ടിയിട്ടിട്ടുണ്ട്. നേര്‍ച്ചപ്പെട്ടിയുടെ താഴെ പൂഴിമണലില്‍ ചൂലിന്റെ ചുടുചുംബനങ്ങളുടെ പാട് കാണാം. ഈ നേര്‍ച്ചപ്പെട്ടിയും വിളക്കും ഇടവഴിയിലെ രാത്രിവെളിച്ചവും നിശാചാരികള്‍ക്ക് വെളിച്ചം നല്‍കും. മണ്ണൂപാടത്ത് താമസിക്കുന്നവര്‍ത്ത് രാത്രിയാത്രകളില്‍ അടയാളവെളിച്ചമായി ഏത് കാറ്റിലും ഉലയാത്ത നേര്‍ച്ചപ്പെട്ടിയിലെ ചിമ്മിണിവെളിച്ചം തുണയായുണ്ട്. മണ്ണൂപാടത്തെ ഈ നാട്ടുവെളിച്ചവും നേര്‍ച്ചപ്പെട്ടിയും ശൈഖ് പരീദൗലിയുടെ നേര്‍ച്ചക്കൊടിമരവും പരിപാലിക്കുന്ന ഒരു കൊച്ചുസംഘമുണ്ട്. അവരാണ് കാഞ്ഞരമുറ്റത്തെ നേര്‍ച്ച കഴിക്കുന്നത്. വീടുകളില്‍ നിന്ന് തേങ്ങ ശേഖരിച്ച് ആ വരുമാനം കൊണ്ടാണ്. നേര്‍ച്ചച്ചെലവുകള്‍ നടത്തുന്നത്. ശൈഖ് പരീദൗലിയുടെ നേര്‍ച്ച. നേര്‍ച്ചക്ക് എല്ലാ വീടുകളിലേക്കും ഉച്ചക്ക് ചീരണി ഉണ്ടാകും. ചക്കരച്ചോറ് വെച്ച് എല്ലാ വീടുകളിലേക്കും നേര്‍ച്ചസംഘം ഈ ഒജീനം എത്തിക്കും. ചക്കരച്ചോറ് എന്ന ചീരണി. ആ നേര്‍ച്ചസംഘത്തിന് കൊടുക്കാന്‍ ഉമ്മ പത്ത് നാല്പത് അരീരങ്ങള്‍ ഒരു വാഴയിലയില്‍ പൊതിഞ്ഞുതന്നു. അത് കരുമത്തില്‍ കുഞ്ഞുവിന്റെ പെരയില്‍ കൊടുക്കാന്‍ പറഞ്ഞു. കരുമത്തില്‍ക്കാരാണ് ശൈഖ് പരീദൗലിയായുടെ നേര്‍ച്ചയും കൊടിമരവും വിളക്കും പരിപാലിക്കുന്നത്. അതിന്റെ പോരിശിയാണ് മണ്ണൂപാടത്ത് കൊയ്ത്ത്കാലത്ത് നെന്മണികളായി നിന്ന് ചിരിക്കുന്നത്.

athma_online-whatsapp

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here