പെൺകുട്ടികൾ കളരി പഠിക്കണം : മന്ത്രി കെ.കെ ഷൈലജ ടീച്ചർ

0
418

തിരുവനന്തപുരം : ഭാരത് ഭവനില്‍ നടന്ന മാധവ മഠം സി.വി. എന്‍ കളരി സ്ഥാപകന്‍ സര്‍വ്വശ്രീ രാമചന്ദ്രന്‍ ഗുരുക്കളുടെ 6ാം ഓര്‍മ്മക്കൂട്ടായ്മയും സിമ്പോസിയവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലുള്ള ജീവിത സാഹചര്യങ്ങളില്‍ നമ്മുടെ ശരീരം വ്യായാമകുറവ് മൂലമുള്ള കാരണങ്ങളാല്‍ പലവിധ അസുഖങ്ങള്‍ക്കും അടിമപ്പെട്ടിരിക്കുന്നു എന്നും, വടക്കന്‍ കളരിപോലുള്ള ആയോധന കലകള്‍ നമ്മുടെ ജീവിതത്തില്‍ ശാരീരിക ഉന്മേഷവും വളര്‍ത്തിയെടുക്കാന്‍ അത്യന്താപേഷിതമാണെന്നും ജീവിതത്തിലുണ്ടാകുന്ന പല ദുര്‍ഘട സാഹചര്യങ്ങളെയും സധൈര്യം നേരിടാന്‍ നമ്മുടെ പെണ്‍കുട്ടികളെ കളരി പഠിപ്പിക്കേണ്ടതാണെന്നും ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലും പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്ന അവസ്ഥയെ ചങ്ങൂറ്റത്തോടെ നേരിടാന്‍ പെണ്‍കുട്ടികള്‍ കളരി അഭ്യസിക്കുന്നത് നന്നായിരിക്കുമെന്ന് ബഹു. മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂരിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുന്‍ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ പി.കെ മോഹന്‍ലാല്‍, ശ്രീമതി കാവാലം ശാരദാമണി, സത്യനാരായണ ഗുരുക്കള്‍ എന്നിവരെ മന്ത്രി ആദരിച്ചു. സ്‌പെയിനില്‍ നിന്നും കേരളത്തിലെത്തി വര്‍ഷങ്ങളായി കളരി പരിശീലിക്കുന്ന മാന്വല്‍ അല്‍ക്കല അല്‍ബറാനും, ഡോ. ഗൗതമനും, മാധവമഠം കളരി സംഘവും ചേര്‍ന്ന് വിവിധ കളരി സമ്പ്രദായങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് കേരളത്തിന്റെ സാംസ്‌കാരിക ആരോഗ്യ പാരമ്പര്യത്തില്‍ കളരിപ്പയറ്റിനുള്ള സ്വാധീനം എന്ന വിഷയത്തില്‍ സിമ്പോസിയവും നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here