കഥ
മഹമൂദ് പെരിങ്ങാടി
അന്ത്രുക്ക വീട്ടിലെ ഒരംഗത്തെ പോലെയാണ്…
മിക്ക ദിവസങ്ങളിലും ഉച്ചയൂണിന് അന്ത്രുക്കയുണ്ടാകും.
വെളുത്ത് ദേഹം മുഴുവൻ ചുക്കിച്ചുളിഞ്ഞു കട്ടിയുള്ള കണ്ണട വെച്ച് മരപിടിയുള്ള വലിയ കുടയുമായാണ് വരവ്. കുട വരാന്തയിലെ കഴുക്കോലിൽ തൂക്കിയിട്ട് വീടിനു പുറത്തുള്ള തണയുടെ മുകളിൽ പ്രകൃതിയുടെ കാറ്റേറ്റ് അന്ത്രുക്ക അങ്ങിനെ കിടക്കും.ഇരു കൈകളും തലക്കു പിറകിൽ കൂട്ടിവെച്ച് തലയിണയാക്കിയാണ് കിടപ്പ്. കിടന്ന കിടപ്പിൽ ഗാഢനിദ്രയിലേക്കു പെട്ടെന്ന് വഴുതിവീഴും.
അധികം താമസിയാതെ കൂർക്കം വലിയുടെ ശബ്ദ വീചികൾ അന്തരീക്ഷത്തിൽ ഉയരും.
ഉണർന്നു കഴിഞ്ഞാൽ ഒരു കഥയുണ്ടാകും. ഒന്നുകിൽ നാട്ടിലെ മരമില്ലുകളെ കുറിച്ച്.. അല്ലെങ്കിൽ ജിന്നുകളെ കുറിച്ച്…
മരമില്ലുകളുടെ നാടായിരുന്നു എന്റേത്. രണ്ട് ഫർലോങ്ങ് ദൂരത്തിനുള്ളിൽ മൂന്ന് മരമില്ലുകൾ. തൊട്ടടുത്ത് ഒരു ചെരുപ്പ് കമ്പനിയും…
നാടിന്റെ യശസ്സുയർത്തി അവ അങ്ങിനെ തലയുയർത്തി നിന്നു. അന്ന് നാടിന്റെ പട്ടിണി മാറ്റുന്നതിൽ ഈ കമ്പനികൾ വഹിച്ച പങ്ക് ചെറുതല്ല. പുലർകാലം മുതൽ സജീവമാകുന്ന നാടിന്റെ അഭിമാനസ്തംഭങ്ങൾ. കച്ചവടസ്ഥാപനങ്ങൾ എന്നതിലുപരി നാടിന്റെ നീറുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന പഞ്ചായത്ത്, വ്യക്തികൾ തമ്മിലുള്ള അസ്വാരസ്യങ്ങൾ തീർപ്പ് കൽപ്പിക്കുന്ന കോടതി, ചില നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്ന സാംസ്കാരിക കേന്ദ്രം, ഇതൊക്കെയായിരുന്നു കമ്പനികളുടെ അന്നത്തെ ഓഫീസ്. ഞങ്ങൾ പലരുടെയും ‘കരിയർ’ തുടങ്ങിയത് ഈ പഠനകളരിയിലൂടെ ആയിരുന്നു.
വലിയ തടികൾ ഈർച്ച മില്ലിലൂടെ കടന്നു പോകുമ്പോൾ അടർന്നു വീഴുന്ന മരകഷ്ണങ്ങൾ പെറുക്കികൂട്ടി കെട്ടുകളാക്കി വീടുകളിൽ കൊണ്ട് പോയി വിറ്റ് ഉപജീവനം നടത്തിയവർ വരെ ഒട്ടേറെയായിരുന്നു. ചെമ്മണ്ണ് വിരിച്ച പാതയോരങ്ങളിൽ വിറക് കെട്ടുകൾ ചുമന്നു പോകുന്ന നാരായണിയേട്ടത്തിയും ഈർച്ചപ്പൊടി കൊണ്ട് പോകുന്ന ദാമുവും അന്നത്തെ നിത്യ കാഴ്ചകളാണ്.
അന്ത്രുക്കയുടെ മകൾ പരപ്പനങ്ങാടിയിലാണ്. എല്ലാ ആഴ്ചയും മുടക്കം വരുത്താതെ അന്ത്രുക്ക മകൾക്ക് കത്തയക്കും. മകൾ തിരിച്ചും… ആഴ്ചയിൽ ചുരുങ്ങിയത് ഒരു കത്ത്. അതാണ് കണക്ക്. ഒരു കത്ത് പരപ്പനങ്ങാടിക്ക് പറക്കുമ്പോൾ അവിടുന്ന് ഒരെണ്ണം തിരിച്ച് പെരിങ്ങാടിക്ക് പറക്കുന്നുണ്ടാവും.
ഒരിക്കൽ അന്ത്രുക്കയോട് ചോദിച്ചു..
ഈ രണ്ട് കത്തുകളും കോഴിക്കോട് വെച്ച് കണ്ടുമുട്ടുന്നുണ്ടാവും…ല്ലേ..?
അന്ത്രുക്ക അതുകേട്ട് ആർത്ത് ആർത്ത് ചിരിച്ചു.
മിക്ക ദിവസവും രാവിലെ പോസ്റ്റുമാൻ കരുണൻ മാഷിനെ അദ്ദേഹം സന്ദർശിക്കും. അത് ദിനചര്യയുടെ ഭാഗമാണ്.
തപാൽ ഓഫീസും പോസ്റ്റുമാനും ജീവിതത്തിന്റെ തന്നെ ഭാഗമായ അക്കാലത്ത് കരുണൻ മാഷ് ഞങ്ങൾക്ക് പോസ്റ്റുമാൻ മാത്രമായിരുന്നില്ല.
നാട്ടു വൈദ്യൻ കൂടിയായിരുന്നു.
ചെറിയ ഒടിവിനും ചതവിനും ആദ്യത്തെ ആശ്രയം കരുണൻ മാഷാണ്. അദ്ദേഹത്തിന്റെ കൈ പൊരുത്തം കൊണ്ട് അത് വേഗം സുഖപ്പെടും. പോസ്റ്റുമാൻ ഓരോ നാടിന്റെയും ജീവനാഡിയാണെങ്കിലും കരുണേട്ടൻ ഞങ്ങൾക്ക് അതിനപ്പുറം എന്തോ ആയിരുന്നു.നാട്ടിലെ ഓരോ കുടുംബത്തിന്റെയും വ്യക്തമായ ചിത്രം ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന ഒരാൾ. പെരിങ്ങാടിയുടെ ചരിത്രത്തിന്റെ നടവരമ്പത്ത് കൂടെ നടന്നു പോയ മനുഷ്യൻ…
അന്ത്രുക്കാക്ക് എഴുത്തും വായനയും അറിയില്ല. ഇത് രണ്ടും അദ്ദേഹത്തിന് വേണ്ടി ചെയ്യുന്നത് ഞാനാണ്. മകളുടെ കത്ത് വന്ന ദിവസം അന്ത്രുക്ക കൂടുതൽ സന്തോഷത്തിൽ ആയിരിക്കും.
വീതിയുള്ള അരപ്പട്ടയിലെ സ്വർണ്ണ നിറമുള്ള സിബ്ബ് തുറന്ന് കത്ത് പുറത്തെടുത്ത് വായിച്ചു കേൾപ്പിക്കാൻ പറയും. ഞാൻ കത്ത് വായിക്കുന്ന സുഖലഹരിയിൽ മുഴുകി കണ്ണുകളടച്ച് അന്ത്രുക്ക ഇരിക്കും. അൽപ്പം മേമ്പൊടി ചേർത്ത് എന്റെ ഭാവനയിൽ കൂട്ടിക്കുഴച്ച് അത് വായിച്ചു കേൾപ്പിക്കും.
വായന പൂർത്തിയാകുന്നതോടെ വല്ലപ്പോഴും മാത്രം കാണാറുള്ള മകളെ നേരിൽ കണ്ട ചാരിതാർഥ്യത്തോടെ അന്ത്രുക്ക ഊറിച്ചിരിക്കും. പിന്നെ, കട്ടിയുള്ള കണ്ണടയിൽ കുടുങ്ങിയ കണ്ണുനീർ കള്ളിമുണ്ടിന്റെ കോന്തലയിൽ തുടക്കും.
മകൾക്കുള്ള മറുപടി അപ്പോൾ തന്നെ എഴുതിയാലേ സമാധാനമാകൂ. ഒരക്ഷരം എഴുതാൻ അറിയില്ലെങ്കിലും കുപ്പായ കീശയിൽ എപ്പോഴും ഫൗണ്ടൻ പേനയുണ്ടാകും. അത് മകൾക്ക് കത്തെഴുതാനുള്ളതാണ്. നിറഞ്ഞ മഷിയോടെ എപ്പോഴും അത് അന്ത്രുക്കയോടൊപ്പമുണ്ട്.
ഒരാഴചയിൽ പെരിങ്ങാടിയിൽ നടന്ന ചെറുതും വലുതുമായ സകല സംഭവങ്ങളും മറുപടിയായി ഒറ്റ ശ്വാസത്തിൽ പറഞ്ഞ് വെക്കും. ഇത് എവിടെ തുടങ്ങണം അവസാനിപ്പിക്കണം എന്നറിയാതെ പന്തം എപ്പോഴോ കണ്ട പെരുച്ചാഴിയെ പോലെ പേനയുമായി ഞാൻ ഒരേ നിൽപ്പ് നിൽക്കും.
മകളോടുള്ള സ്നേഹാധിക്യത്താൽ തേൻ പുരട്ടിയ വാക്കുകളാണ് എഴുതാൻ പറയുക.
ഞാൻ അതിൽ കുറച്ച് അമൃത് കൂടി ചേർക്കും.
ഇൻലന്റിന്റെ അകവും പുറവും വിലാസം എഴുതുന്ന ഭാഗം ഒഴിച്ചുള്ള മുഴുവൻ സ്ഥലവും അക്ഷരക്കൂട്ടങ്ങൾ നിറഞ്ഞിരിക്കും. അത് ഒരാവർത്തി വായിച്ചു കേൾപ്പിച്ചാൽ കുപ്പായ കീശയിൽ നിന്ന് ഒരു മിഠായി എടുത്തു നീട്ടും.
ഒരു തവണ കൂടി വായിക്കാനുള്ള കൈകൂലിയാണത്.
മിഠായി കിട്ടിയാൽ പാതിരാവിൽ കല്ലാപ്പള്ളി കുന്നിൽ വരെ പോകാൻ തയ്യാറാവുന്ന കാലമാണത്.
അന്ത്രുക്കയുടെ പ്രലോഭനങ്ങൾക്ക് വഴങ്ങി രണ്ടും മൂന്നും തവണ വായിച്ചു കൊടുത്തിട്ടുണ്ട്.
വായിക്കാൻ അറിയാമായിരുന്നെങ്കിൽ അത് അദ്ദേഹം പലവട്ടം വായിച്ചേനെ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഒരിക്കൽ അന്ത്രുക്ക പറഞ്ഞു..
“നമ്മുടെ ഗവർമെൻണ്ട് ശരിയല്ല മോനേ…”
അന്ത്രുക്കാ…എന്തെങ്കിലും പ്രശ്നം..?
ഞാൻ ചോദിച്ചു.
“അതെല്ല മോനേ….ഈ ഇൻലന്റിൽ കാര്യമായ വിശേഷങ്ങളൊന്നും എഴുതി അറീക്കാൻ പറ്റുന്നില്ല…
അവർക്ക് ഇത് കുറച്ചുകൂടി വലുതാക്കിക്കൂടെ”..?
അന്ന് എന്റെ മുഖത്തു വിരിഞ്ഞ ഭാവം ഏതാണെന്നു നീണ്ട വർഷങ്ങൾക്കിപ്പുറവും എനിക്ക് ഇതുവരെ പിടി കിട്ടീട്ടില്ല.
പതിനാലാം രാവ് തെളിഞ്ഞു നിൽക്കുന്ന ഒരു രാത്രിയിൽ പറയാൻ കുറേ കഥകൾ ബാക്കിയാക്കി അന്ത്രുക്ക പോയി. ചില ജീവിതവഴികളിലൂടെ കടന്നു പോകുമ്പോൾ അന്ത്രുക്കയെ ഓർമ്മ വരും. കഥകളും കത്തുകളും നിറഞ്ഞ ബാല്യം ഓർമ്മ വരും. കാലം എത്ര കാതം അകലെ പോയാലും ചിലത് അങ്ങിനെ മായാതെ കിടക്കും…
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.