തിരക്ക്

0
295
binesh-chemanchery

കവിത

ബിനേഷ് ചേമഞ്ചേരി

എത്ര പെട്ടെന്നായിരുന്നു
ഒരു പകൽ, മലർന്നുകിടന്ന്
മോണകാട്ടി ചിരിച്ച് മുട്ടിലിഴഞ്ഞ് കേല തൂവി,

മുറ്റത്തു പിച്ചവെച്ച്
പുഞ്ചിരി പൊഴിച്ച്,
ഉച്ചവെയിലിൽ വിയർത്തൊലിച്ച്,

സായന്തനത്തിൽ വടികുത്തിപ്പിടിച്ച് വേച്ചു, വേച്ച്…
കടൽത്തീരത്തെ മണൽത്തരികളിൽ നെടുവീർപ്പുതിർത്ത്,

കരഞ്ഞു ചുവന്ന കണ്ണുമായി
ചക്രവാളത്തിലലിഞ്ഞു ചേർന്നത് !.

ഇന്നിതാ ഒരു പകൽ,
പുലരിയിൽ കത്തിവേഷം ചുട്ടി കുത്തി.
മുറ്റത്തു നിഴൽ ചിത്രങ്ങൾ ചാർത്തി.

ചാരുകസേരയിൽ അലസമായ് ചാഞ്ഞിരുന്ന്.
നിമിഷ പുഷ്പങ്ങളിൽ താംബൂലം ചേർത്തു
ചവച്ചു തുപ്പി.

പറമ്പിന്നതിരുകളിൽ മുള്ളുവേലി കെട്ടി.
വിഷുപ്പക്ഷിയെ കല്ലെറിഞ്ഞോടിച്ച്.

ഉച്ചവെയിലിന്നു കരിമ്പടം ചാർത്തി ചുട്ടുപൊള്ളിച്ച്.

കടപ്പുറത്തെ ശ്മശാന ഭിത്തിയിൽ,
കറുത്തപ്പുഴുക്കളുടെ ചിത്രം വരച്ചു ചേർത്ത്.

കൊറോണക്കാലമെന്നടിക്കുറിപ്പെഴുതി
കാറ്റിൽ മൃതഗന്ധം പുരട്ടി
ഇഴഞ്ഞിഴഞ്ഞു നീങ്ങിടുന്നു.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here