HomeTHE ARTERIASEQUEL 94നാട് കടക്കും വാക്കുകൾ – 'ഹിന്ദിക്കാരന്മാർ'

നാട് കടക്കും വാക്കുകൾ – ‘ഹിന്ദിക്കാരന്മാർ’

Published on

spot_imgspot_img

അനിലേഷ് അനുരാഗ്

അങ്കമാലിയിൽ നിന്ന് കാലടി – പെരുമ്പാവൂർ റോഡിൽ ആൾക്കാരെ കാണുന്ന ആദ്യ കവല മരോട്ടിച്ചോടാണ്. പിന്നൊന്ന് ശങ്കരാചാര്യ യൂനിവേഴ്സിറ്റിയുടെ പുതിയ കവാടത്തിന് മുന്നിലുള്ള കാലടി ബസ്സ്സ്റ്റാൻ്റാണ്. ഇവ രണ്ടിൻ്റെയും ഇടയിലാണ് ഒരു വലിയ ക്രിസ്ത്യൻ പള്ളിയും, നീലംകുളങ്ങര ദേവീക്ഷേത്രത്തിന് മുന്നിലൂടെ കടന്ന്, നെടുമ്പാശേരി വിമാനത്താവളം വഴി ആലുവയ്ക്ക് പോകുന്ന വീതികൂടിയ പാതയുടെ തുടക്കവും, ഇപ്പോൾ ഇഷ്ടംപോലെ ബേക്കറി – സ്റ്റേഷനറികളും,മൊബൈൽ ഫോൺ കടകളും, ഹോട്ടലുകളും, തിരക്കുള്ള മീൻചന്തയും, ഒരു ഇന്ത്യൻ കോഫീ ഹൗസുമുള്ള മറ്റൂർ കവല. രണ്ടായിരത്തി നാലിൽ ഞാൻ അവിടെ എത്തുമ്പോൾ  റോഡുകളെല്ലാം വീതി കുറഞ്ഞതും, പൊട്ടിപ്പൊളിഞ്ഞതുമായിരുന്നു; പള്ളി പഴയ രൂപത്തിലായിരുന്നു. പഴയ മട്ടിൽ,വൃത്തി കുറഞ്ഞ രണ്ട് ഹോട്ടലുകളേ ഉണ്ടായിരുന്നുള്ളൂ. പേരിനൊരു ബേക്കറിയുണ്ട് . കോഫീഹൗസെന്ന് ആരും കേട്ടിട്ടുപോലുമില്ല. ബസ്സിറങ്ങുന്ന ഭാഗത്ത് ശ്രീശങ്കരാചാര്യ യൂനിവേഴ്സിറ്റിയെന്ന് നിരവധി പേർ തെറ്റിദ്ധരിച്ച ശ്രീശങ്കരാ കോളേജിൻ്റെ കുങ്കുമ നിറത്തിലുള്ള വലിയ കമാനം. അത് നയിക്കുന്ന ചെറിയ റോഡ് ഒരു അമ്പത് മീറ്ററെത്തിയാൽ എബിയുടെ കടയ്ക്കടുത്ത് നിന്ന് രണ്ടായി പിരിയും. ഒന്ന് കുറച്ചധികം ദൂരം കടന്ന് കോളേജിലേക്കും, മറ്റേത് കനാലിനരികിലൂടെ ഇടതെടുത്ത്, മരങ്ങളുടെ നിഴൽപടർത്തിയ കുഞ്ഞ് റോഡിലൂടെ ഞാൻ അന്ന് താമസിച്ച, ഒറ്റനിലയിൽ ഒരു പാട് മുറികളുള്ള ലോഡ്ജിലേക്കും എത്തും.

എബിയുടെ കടയ്ക്ക് നേരെ എതിർവശത്ത് റോഡ് കുഴിഞ്ഞുകിടക്കുന്ന പുറമ്പോക്കിലാണ് തടിക്കഷണങ്ങളും, പീഞ്ഞപ്പെട്ടികളും കൊണ്ട് ഭിത്തി മെനഞ്ഞ തമ്പിച്ചേട്ടൻ്റെ ചായക്കട. ഉള്ളിൽ ഒരു മേശയും, മൂന്ന് നാല് ബെഞ്ചും, ഡെസ്കുമാണുള്ളത്. ഞാൻ താമസിക്കുന്നതിൻ്റെ അടുത്തെവിടെയോ തന്നെയാണ് തമ്പിച്ചേട്ടൻ കുടുംബമായി താമസിച്ചിരുന്നത്. നമ്മൾ ചേച്ചി എന്നു വിളിച്ചിരുന്ന,നല്ല കാര്യശേഷിയുള്ള ഭാര്യയും, ഒരു മോളും, മോനും. മോളെ മുൻപെ തന്നെ കല്ല്യാണം കഴിച്ചയച്ചു. മോൻ അന്നൊരു കൊച്ചുചെറുക്കനായിരുന്നു (അങ്കമാലിക്കാരുടെ ‘കൊച്ചെറുക്കൻ’ ). അതിരാവിലെ, നമ്മൾ എഴുന്നേല്കുന്നതിനും മുൻപെ തമ്പിച്ചേട്ടൻ ഒരു അഞ്ചുകട്ട ടോർച്ചുമായി കടയിലേക്ക് പോകും, മറ്റൂർകാർക്ക് ചൂട് ചായയും,സിഗരറ്റും കൊടുക്കും. ഒരേഴെട്ടുമണിയാകുമ്പോഴേക്ക് ചേച്ചി ഒരു വലിയ തൂക്കുപാത്രം നിറയെ നേർത്ത അപ്പവും, എരിവുള്ള ചട്ണിയും, കായത്തിൻ്റെ രുചിയുള്ള സാമ്പാറും കൊണ്ട് വേഗത്തിൽ നടന്നുപോകും. ഒരു പത്ത്-പതിനൊന്ന് മണിക്കടുത്ത് കൊച്ചെറുക്കൻ സൈക്കിളിൽ വീട് – കട ഷട്ടിലടിക്കും. ഉച്ചയ്ക്ക് നാടൻ ഊൺ, വൈകുന്നേരം ചായയും,ബോണ്ട എന്ന് അവിടെ അറിയപ്പെടുന്ന കണ്ണൂരിലെ ഉണ്ടക്കായയും. എന്നത്തേയും പോലെ രാവിലെ അപ്പവും, ചട്ണിയും കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് തമ്പിച്ചേട്ടൻ്റെ പല വർത്തമാനങ്ങൾക്കിടയിൽ ആ വാക്ക് ഞാൻ ശ്രദ്ധിക്കുന്നത്: ഹിന്ദിക്കാരന്മാർ. ആദ്യം കേട്ടപ്പോഴും, പിന്നീട് ഓർത്തപ്പോഴും ചിരിക്കാൻ തോന്നിയിട്ടേയുള്ളു: മലയാളത്തിലെത്തുമ്പോൾ ‘മുള്ളുകുത്തി’ യാകുന്ന ഇംഗ്ലീഷിലെ പിൻ (safety pin) നമ്മുടെ നാട്ടുകാർക്ക് ‘പിന്നുകുത്തി’ ആയ വേഡ് മാജിക്ക് കേട്ടുപരിചയമുള്ളതുകൊണ്ട്, പെരുമ്പാവൂരിൽ അക്കാലത്ത് പെരുകി വരുന്ന ഇതരസംസ്ഥാന തൊഴിലാളികളെയാണ് തമ്പിച്ചേട്ടൻ തൻ്റെ ഒളിവും,മറയുമില്ലാത്ത നാട്ടുഭാഷയിൽ ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കാൻ പ്രയാസമുണ്ടായില്ല.

പക്ഷെ, വാക്കുകളും, അവയിലാരോപിതമാകുന്ന അർത്ഥങ്ങളും, ധ്വനികളും, സൂചിതങ്ങളും ഒന്നു ശ്രദ്ധിച്ചാൽ ഏതൊരാൾക്കും മനസ്സിലാകുന്ന ഒരു പ്രധാനകാര്യം ആധുനിക സാംസ്കാരിക സിദ്ധാന്തങ്ങളിലെല്ലാം ഊന്നിപ്പറയുന്ന അവയുടെ ചരിത്രപരമായ സാംഗത്യമാണ്. സർവ്വസംജ്ഞകളും – അവ പദങ്ങളിലോ,ദൃശ്യങ്ങളിലോ ഉള്ളതാകട്ടെ – ഒരു ചരിത്ര-സാംസ്കാരിക പരിസരത്തിനുള്ളിലാണ് നിർമ്മിക്കപ്പെടുന്നതും, വ്യവഹരിക്കപ്പെടുന്നതും. ഏറ്റവും വ്യക്തിപരമായതും, ചരിത്രപരം തന്നെയാണ്. തമ്പിച്ചേട്ടൻ തൻ്റെ നിഷ്കളങ്കതയിൽ പരാമർശിച്ച ‘ഹിന്ദിക്കാരന്മാർ’,ഹിന്ദി എന്ന നമ്മുടെ രാഷ്ട്രഭാഷ സംസാരിക്കുന്ന ‘ഹിന്ദിക്കാർ’ അല്ലെന്ന് ഒന്നു ചിന്തിച്ചാൽ ആർക്കും മനസ്സിലാകും. ഒറീസ്സയിൽ നിന്നോ,ബംഗാളിൽ നിന്നോ, ബീഹാറിൽ നിന്നോ വന്ന് (ഉയർന്നതെന്ന് വിളിക്കപ്പെടുന്ന) ജോലിക്കോ, ബിസിനസ്സിനോ വേണ്ടി കേരളത്തിൽ കുടുംബമായോ, അല്ലാതെയോ താമസിക്കുന്ന ആൾക്കാരെ നമ്മൾ ‘ഹിന്ദിക്കാർ’ എന്നാണ് വിളിക്കുന്നത്. ചിലപ്പോൾ കുറച്ചുകൂടി കൃത്യമായി ബീഹാറി, ഗുജറാത്തി എന്നും വിളിച്ചേക്കും. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നതും, മറ്റൊരു ഭാഷ സംസാരിക്കുന്നതുമായ ഇന്ത്യക്കാർ എന്ന് മാത്രമാണ് അപ്പോൾ അതിൻ്റെ അർത്ഥം. എന്നാൽ ‘ഹിന്ദിക്കാരന്മാർ’ അതല്ല. അവർ നമുക്ക് താൽപര്യമില്ലാത്ത, എന്നാൽ ഗതികേട്കൊണ്ട് സഹിക്കേണ്ടുന്ന, വംശീയവും,വർഗ്ഗീയവുമായി അധമരോ, രണ്ടാംകിടയിൽപ്പെട്ടവരോ ആയവരുടെ ഒരു കൂട്ടമാണ് ! ‘അവരുടെ ശാരീരിക ശേഷി എന്ന മൂലധനം കുറഞ്ഞകൂലിയിലൂടെയും, കൂടിയ അധ്വാനത്തിലൂടെയും ചൂഷണം ചെയ്യപ്പെടേണ്ടതാണ്. വൃത്തിഹീനമായ പരിസരങ്ങളിൽ അവർ പറ്റമായി ജീവിക്കട്ടെ. ഭക്ഷണത്തിനു പകരം ഹാൻസോ – പാൻപരാഗോ കൊടുത്താൽ മതിയാകും’ എന്നത് അക്കാലത്ത് മലയാളികൾ കൂടിയോ കുറഞ്ഞോ പങ്കുവെച്ച ഒരു പൊതുബോധമായിരുന്നു. ചുരുക്കത്തിൽ, പല അർത്ഥത്തിലും മനുഷ്യത്വം നിഷേധിക്കപ്പെട്ട (dehumanized) ജീവികളായാണ് നമ്മൾ അവരെ കണ്ടിരുന്നത്. കുറച്ചുകൂടി പുറകോട്ട് നോക്കിയാൽ കാണാം, ‘അന്യ’ എന്ന പദം ചേർത്ത് മനസ്സിലാക്കിയിരുന്ന തൊഴിലാളികളെ നമ്മൾ പരിഗണിച്ചിരുന്ന ഒരു രീതി എന്നും ഇങ്ങനെയൊക്കെത്തന്നെയായിരുന്നു എന്ന്: ‘തമിഴരെ’യല്ല നമ്മൾ ‘ അണ്ണാച്ചി’കൾ എന്ന് വിളിച്ചത്; കുടിയേറ്റക്കാരല്ല, കാട്ടുജാതിക്കാർ. ഇത് നമ്മൾ കേരളത്തിൽ പരസ്യമായ രഹസ്യമായി കൊണ്ടുനടക്കുന്ന ഒരു ആര്യൻ – അനാര്യൻ വിപരീതദ്വന്ദ്വം (binary opposition) തന്നെയാണ്. ഉത്തരേന്ത്യയിൽ നിന്ന് കിട്ടിയ ‘മദ്രാസി’ എന്ന ആക്ഷേപവിളിപ്പേരു കൊണ്ടും നാം പാഠംപഠിച്ചില്ല. വയനാട്ടിൽ ഇന്നും ഒരു വർഗ്ഗം മനുഷ്യരുടെ ‘അംഗീകൃത’ ജാതിപ്പേര് പണിയർ എതാണ്; പണിയെടുക്കാൻ മാത്രമുള്ളവർ എന്നർത്ഥം. കാവ്യസംസ്കൃതിയായ ഭോജ്പുരി നമുക്ക് അശ്ലീല വീഡിയോകളടെ ബ്രാൻ്റ് നെയിം മാത്രമാണ്.

‘ഹിന്ദിക്കാരന്മാർ’ കൂട്ടംകൂടുന്നു, അവർ ‘ പരിപാവനമായ’നമ്മുടെ ‘ആർഷ-കേരള’സംസ്കാരത്തെ മലീമസമാക്കുന്നു എന്നാണ് സിനിമാ-രാജസേനൻ മുതൽ കവിതാ-സുഗതകുമാരി വരെ വിശ്വസിക്കുന്നത് ( ‘സുഗത,നീയെന്നെയറിയില്ല’ എന്നവർ തിരിച്ചുപാടാതിരുന്നാൽ മതി!). പരിസരശുചിത്വം പരിചയമില്ലാത്ത മലയാളി വാഴുന്ന കേരളത്തെ അവർ വന്ന് ഇനി കൂടുതലായി എന്ത് വൃത്തികേടാക്കാനാണ് ! ആസ്സാമിൽ അവർ കൂട്ടക്കൊല ചെയ്യപ്പെട്ടതും, ബോംബെയിൽ നിന്ന് പുറത്താക്കപ്പെട്ടതും, ഒടുവിൽ പാത്രംകൊട്ടി, വിളക്കുതെളിയിച്ച ഡൽഹിയിലെ മധ്യവർഗ്ഗ ബാൽക്കെണികൾക്കിടയിലൂടെ വിശന്നുവലഞ്ഞ കുഞ്ഞുങ്ങളേയും തോളിലേറ്റി അഞ്ഞൂറും,ആയിരവും മൈലുകൾ ആ “മേരേ പ്യാരേ ദേശ വാസിയോം” നടന്നുപോകുന്നതും നമ്മൾ കണ്ടു, കാണുന്നു.

സൈക്കിളിൽ ഷട്ടിലടിച്ച തമ്പിച്ചേട്ടൻ്റെ കൊച്ചെറുക്കൻ പോലീസായി മാറിയ വർഷങ്ങൾ കൊണ്ട് കേരളത്തിലും മാറ്റങ്ങളുണ്ടായി. ചേച്ചി ഒരു ഓപ്പറേഷന് ശേഷം ഉച്ചയൂണ് കച്ചവടം നിർത്തിയ കാലങ്ങൾ കൊണ്ട് അവർ ‘ബായി’മാരും പിന്നെ ‘ബംഗാളി’ കളുമായി. അന്യർ എന്ന് വിളിക്കപ്പെട്ടവർ ഔപചാരികമായി ‘അതിഥികൾ’ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയത്തിൻ്റെയും, പകർച്ചവ്യാധിയുടെയും കാലങ്ങളിൽ അവരെക്കൂടി സംരക്ഷിക്കുന്ന ഒരു സർക്കാർ നമുക്കുണ്ടായി.എങ്കിലും, ഹിന്ദിക്കാരന്മാരിൽ നിന്നും ഹിന്ദിക്കാരിലേക്കെത്താൻ ഇനിയും ദൂരങ്ങൾ താണ്ടാനുണ്ടെന്ന് തോന്നുന്നു: നമ്മൾക്കും, അവർക്കും.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...

പ്രണയം പൂക്കുന്ന ഇടവഴികൾ

(പുസ്തകപരിചയം) ഷാഫി വേളം മൗനം പാലിക്കുന്നവർ പെരുകുന്ന കാലത്ത് വിളിച്ചു പറയാൻ മടിക്കാത്ത  ശബ്ദങ്ങളാണ് ഖുത്ബ് ബത്തേരിയുടെ "മാഞ്ഞു പോകുന്ന അടയാളങ്ങൾ" എന്ന ...

More like this

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...