1921 – 2021 = മലബാർ സമരങ്ങൾ: ചരിത്രവും സാമൂഹികതയും

0
939
Dr. KS Madhavan

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം
ഡോ.കെ.എസ് മാധവൻ

ഒരു നൂറ്റാണ്ടു പൂർത്തിയാകുന്ന 1921-ലെ മലബാറിലെ കൊളോണിയൽ വിരുദ്ധ ദേശീയസമരം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ സമാനതകളില്ലാത്ത പ്രക്ഷോഭമായിരുന്നു. സമകാലിക ഇന്ത്യനവസ്ഥയെ മുൻനിർത്തി പലവിധ വ്യാഖ്യാനങ്ങൾക്കും വിശദീകരണങ്ങൾക്കും മലബാർ സമരങ്ങൾ കാരണമാകുന്നുണ്ട്. ആധുനിക കേരളത്തിൽ നടന്ന ഏറ്റവും വലിയ ബ്രിട്ടീഷ് വിരുദ്ധ ബഹുജന പ്രക്ഷോഭമായിരുന്നു മലബാർ സമരങ്ങൾ. ഏറ്റവും കൂടുതൽ അക്കാദമിക പഠനങ്ങൾ നടന്ന ആധുനിക കേരള ചരിത്രത്തിലെ ഒരു പഠനമേഖല കൂടിയാണ് മാപ്പിള സമരങ്ങൾ എന്നു കൂടി അറിയപ്പെടുന്ന മലബാറിലെ ദേശീയ സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങൾ. കൊളോണിയൽ വിരുദ്ധ ദേശീയ സമരം എന്ന നിലയിൽ ഒട്ടനവധി സങ്കീർണ്ണവും ബഹുലവുമായ പ്രക്രിയകൾ ഉൾവഹിക്കുന്നതാണ് മലബാർ സമരങ്ങൾ. വിവിധ മാനങ്ങൾ ഉള്ളതും പലവിധ കാരണങ്ങളാൽ രൂപപ്പെട്ടതുമാണ് മലബാറിലെ കൊളോണിയൽ വിരുദ്ധ പ്രക്ഷോഭങ്ങൾ. അധിനിവേശപരവും വൈദേശികവുമായ ആശയങ്ങൾ, കൊളോണിയൽ ഭരണവ്യവസ്ഥയും അടിച്ചമർത്തൽ സ്ഥാപനങ്ങളും, ചൂഷണാത്മകമായ സമ്പദ്ക്രമവും നിയമപിന്തുണയോടെ നില നിന്ന ഭൂവുടമസ്ഥതയും ജന്മിത്തവും, വിവേചന സ്വഭാവമുള്ളതും അസമത്തം നിറഞ്ഞതുമായ കൊളോണിയൽ നികുതി പിരിവു രീതികൾ, അടിച്ചമർത്തലും വേർതിരിവും നിലനിർത്തിയ സാമൂഹിക വേർതിരിവു രൂപങ്ങൾ, ജാതിവരേണ്യതയും ബ്രാഹ്മണ്യ സാംസ്കാരിക കോയ്മയും നിലനിർത്തിയ സാമൂഹിക അടിച്ചമർത്തൽ വ്യവസ്ഥ, ജാതി അധികാരത്തെ താങ്ങി നിർത്തിയ തദ്ദേശീയരായ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ എന്നിങ്ങനെ വിവിധ കാരണങ്ങൾ ജന്മിത്ത വിരുദ്ധവും ബ്രട്ടീഷ് പരമാധികാരത്തെ നിഷേധിക്കുന്നതുമായ മനസ്ഥിതി മലബാറിലെ സാധാരണക്കാരായ കാർഷിക സമൂഹങ്ങളിൽ വളർത്തി കൊണ്ടുവന്നു. കാർഷിക സമൂഹങ്ങളായ പാട്ടക്കുടിയാൻമാരെയും നിർബന്ധിത അധ്വാനം നടത്തിയിരുന്ന ജാതി അടിമകളെയും കീഴൊതുക്കി നിലനിന്ന ജാതി ജന്മിത്തവും കീഴായ്മയും അടിയാളത്തവും മറ്റൊരു പ്രധാനപ്പെട്ട സാമൂഹിക കാരണമാണ്. ഇങ്ങനെ പലവിധ വ്യവസ്ഥകൾ കൂടിച്ചേർന്നതാണ് പ്രക്ഷോഭങ്ങളിലേക്ക് നയിച്ച ചരിത്ര പ്രക്രിയകൾ. ജാതിജന്മിത്തവും വൈദേശിക ബ്രിട്ടീഷ് ഭരണവ്യവസ്ഥയും സൃഷ്ടിച്ച കോയ്മയും ബ്രട്ടീഷ് കൊളോണിയലിസത്തിൻ്റെ രാഷ്ട്രിയ പരമാധികാരവും മലബാറിലെ സാമാന്യ ജനസഞ്ചയങ്ങളെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ കീഴായ്മയ്ക്ക് വിധേയമാക്കി. ജാതി ജന്മിത്തത്തെ ചൂഷണവ്യവസ്ഥയായി നിലനിർത്തിയ ഭൂവുടമ വ്യവസ്ഥിതി നിയമപരമായ ഭൂപ്രഭുത്വമായി നിലനിന്നു. ഈ ജാതി ഭൂപ്രഭുത്വത്തെ ബ്രിട്ടീഷ് ഭരണവ്യവസ്ഥിതിയും നിയമ സംവിധാനങ്ങളും സംരക്ഷിക്കുകയും പാട്ടക്കുടിയാൻമാരും വെറും പാട്ടക്കാരും ജാതി അടിമകളായ അയിത്തജാതി സമൂഹങ്ങളും കീഴായ്മയിലും ചൂഷണത്തിലും ദാരിദ്ര്യത്തിലും നിലനിന്നു. ഈ ചൂഷണക്രമത്തെയും വൈദേശികമായ ഭരണത്തെയും അനീതിയും ചൂഷണവും കൊള്ളയുമായി ബോധ്യപ്പെടുത്തുന്ന തദ്ദേശിയ ഇസ്ളാമിക പ്രബോധന പാരമ്പര്യവും മതധാർമ്മിക ബോധ്യങ്ങളും മലബാറിൽ മധ്യകാലം മുതൽ വികസിച്ചു വന്നിരുന്നു. ജാതി ജന്മിത്തവും ജാതി അടിമത്തവും വൈദേശിക ആധിപത്യവും മറികടക്കാനുള്ള നൈതീകവും പ്രബോധനപരവുമായ ആശയങ്ങൾ സൂഫി പരമ്പര്യവും മഖാം -ദർഗ വിശ്വാസസ്ഥാനങ്ങളും ആത്മീയ ധാർമിക ആശയങ്ങളുമായി മലബാറിൽ നിലനിന്നിരുന്നു. ഈ പാരമ്പര്യങ്ങളാണ് മധ്യകാലം മുതൽ മലബാറിലെ ജാതി അടിമകളെയും അയിത്ത ജാതി സമൂഹങ്ങളേയും മാപ്പിള ജനസഞ്ചയങ്ങളാക്കി മാറ്റിയത്. സാമൂഹിക തുല്യതയ്ക്കും മനുഷ്യാന്തസ്സിനുമായി നിലനിന്ന സൂഫി-തങ്ങൾ പാരമ്പര്യങ്ങൾ അയിത്ത, അടിമ ജാതികളുടെ മതാരോഹണ മാനവികത ജീവിതത്തിന് ധാർമ്മികമായ പ്രചോദനമായി തീർന്നു. ഇതിൻ്റെ ഭാഗമായിട്ടാണ് ജാതീഹീനരായ കീഴോർ സമൂഹങ്ങൾ മാപ്പിളമാരായി തീരുകയും അവർ വെറുംപാട്ട കുടിയാൻ സമൂഹങ്ങളായി ജാതിജന്മിത്തത്തിൻ്റെയും ബ്രട്ടീഷ് നികുതി ഭരണത്തിൻ്റെയും (tax regime) വ്യവസ്ഥയിൽ അടിച്ചമർത്തപ്പെട്ട പാട്ടക്കുടിയാൻമാരായി മാറുകയും ചെയ്തത്. ഈ പ്രക്രിയയിൽ കൊളോണിയൽ വിരുദ്ധ മനോഭാവവും പാശ്ചാത്യ വിരുദ്ധ ചിന്തയും ജന്മിത്തവിരുദ്ധ ധാരണകളും സാമൂഹിക അന്തസ്സിൻ്റെയും മനുഷ്യ തുല്യതയുടെയും ആശയങ്ങളും വികസിപ്പിക്കാനാവശ്യമായ വൈജ്ഞാനികവും പ്രബോധനപരവും മതവിശ്വാസപരവുമായ ആശയാവലികൾ നല്കുകയായിരുന്നു മലബാറിലെ പാശ്ചാത്യ അധിനിവേശ വിരുദ്ധ പാരമ്പര്യമുള്ള മതനേതൃത്വം.

പത്തൊൻപതാം നൂറ്റാണ്ടിൻ്റെ ആരംഭത്തോടെ ബ്രട്ടീഷ് പിന്തുണയിലും സംരക്ഷണത്തിലും നിലനിന്ന ജന്മിത്ത ഭൂപ്രഭുത്വത്തിൻ്റെ ഭാഗമായി തെക്കെ മലബാറിലെ മാപ്പിള കർഷകരിൽ കൂടുതലും കുടിയൊഴിപ്പിക്കലിനു വിധേയമാകുകയും വെറും പാട്ടക്കാരായി തീരുകയും ചെയ്തു. ബ്രട്ടീഷ് ഭരണം അസമത്തത്തിലും വിവേചനത്തിലും അടിസ്ഥാനപ്പെടുത്തി ഏർപ്പെടുത്തിയ ഭൂനികുതി സമ്പ്രദായം ഒരു ചൂഷണാത്മകമായ നികുതി ഭരണമായി തീർന്നു. ഭൂവുടമസ്ഥത പാരമ്പര്യമായി നിലനിർത്തുന്നതും ബ്രിട്ടീഷ് നിയമസംരക്ഷണത്താൽ സ്ഥിരപ്പെട്ടതുമായ ഭൂപ്രഭുത്വ അധികാരമായി ജന്മിമാർ മാറ്റി. ജന്മിമാരിൽ നിന്നും കാണാവകാശത്തിൻ്റെ അടിസ്ഥാനത്തിൽ ഭൂമിയുടെ ഇടനില അവകാശം നേടിയെടുത്ത് ധനികരും കച്ചവടക്കാരുമായ ഇടനിലക്കാർ കാണക്കാരായി വളർന്നു വന്നിരുന്നു. ഇവർക്കു താഴെ കൃഷി ചെയ്യാൻ ഭൂമിയിൽ സ്ഥിരാവകാശം നഷ്ടപ്പെട്ട പാട്ടകുടിയാൻമാർ പാട്ടവ്യവസ്ഥയിൽ കൃഷി ചെയ്യുന്ന സാധാരണ അസ്വതന്ത്ര്യ വെറും പാട്ട കുടിയാൻമാരായി കാർഷിക ഉൽപാദനം നടത്തി നിലനിന്നു. പരമ്പരാഗതമായി കാർഷിക അധ്വാനം നിർബന്ധിതമായി ചെയ്തിരുന്ന ജാതി അടിമകൾ ഈ വ്യവസ്ഥയിൽ അടിത്തട്ടിൽ അയിത്തജാതികളായി കായിക ആധ്വാനം നടത്തുന്നവരായിരുന്നു. 1850കളോടെ ജന്മി കുടിയാൻ വ്യവസ്ഥക്കുള്ളിൽ വെറും പാട്ടക്കാരായി മാറിയ കർഷകരെ ചൂഷണം ചെയ്യുന്ന വ്യവസ്ഥിതിക്കെതിരെ പലതരത്തിലുള്ള സംഘർഷങ്ങൾ തെക്കെ മലബാറിൽ പ്രദേശികമായി വളർന്നു വന്നു. ഇവ പലതും ജന്മിമാരും ബ്രട്ടീഷ് സർക്കാരും ഏർപ്പെടുത്തുന്ന കരം പിരിവ്കാരുടെയും തദ്ദേശിയ ബ്രട്ടീഷ് ഉദ്യോഗസ്ഥന്മാരുടെയും ബ്രട്ടീഷ് ഭരണസംവിധാനത്തിൻ്റെയും ചൂഷണത്തിനെതിരായ പ്രദേശിക അസംതൃപ്തിയും പൊട്ടിതെറികളുമായിട്ടാണ് വളർന്നു വന്നത്. പാട്ടം, നികുതി എന്നിവ ഏർപ്പെടുത്തിയതിലെ അസമത്തവും വിവേചനവും നികുതി പിരിക്കുന്ന ഉദ്യോഗസ്ഥരുടെ പക്ഷപാതിത്തവും ഇതിന് കാരണമായിട്ടുണ്ട്. എന്നാൽ ഈ പ്രക്ഷോഭങ്ങൾ പലതും ജാതി-ജന്മിത്തവും വൈദേശികമായ ബ്രട്ടീഷ് ആധിപത്യവും സൃഷ്ടിച്ച അധികാര വ്യവസ്ഥ ഉണ്ടാക്കിയ ചൂഷണ ക്രമത്തിനെതിരായിട്ടാണ് ഉണ്ടായി വന്നത്. 1920കളോടെ ദേശീയ പ്രസ്ഥാനത്തിലെ ബ്രിട്ടിഷ് വിരുദ്ധ ജനമുന്നേറ്റ പ്രക്ഷോഭങ്ങളിലൊന്നായ നിസ്സഹരണ പ്രസ്ഥാനത്തിൻ്റെയും ബ്രട്ടീഷ് വിരുദ്ധ ഖിലാഫത്ത് പ്രസ്ഥാനത്തിൻ്റെയും രാഷ്ട്രീയ ആശയങ്ങൾ മലബാറിലെ ജന്മിത്വ വിരുദ്ധവും ബ്രിട്ടിഷ് വിരുദ്ധവുമായ മനോഭാവത്തിനും പ്രക്ഷോഭങ്ങൾക്കും ആശയപരമായ അടിത്തറയൊരുക്കി. കൊളോണിയൽ വിരുദ്ധ ദേശിയതയുടെയും ബ്രട്ടീഷ് വിരുദ്ധമായ സ്വാതന്ത്ര്യ/സ്വരാജിൻ്റെയും രാഷ്ട്രീയ ആശയങ്ങൾ ഹിന്ദു മുസ്ലീം ഐക്യവും ജന്മി-കുടിയാൻ പ്രശ്നവുമായി മലബാറിൽ സാമാന്യജനങ്ങളുടെ രാഷ്ട്രീയ ബോധമായി മാറി. ഈ പ്രക്ഷോഭകരമായ ദേശീയ ആശയങ്ങളിലൂടെയും ബ്രട്ടീഷ് വിരുദ്ധ നിസ്സഹരണ ഖിലാഫത്ത് സമരങ്ങളിലൂടെയുമാണ് 1921 ലെ മലബാർ സമരങ്ങൾ വളർന്നു വന്ന് അത് ബ്രട്ടീഷ് വിരുദ്ധ സായുധ സമര പ്രക്ഷോഭമായി മാറിയത്. മലബാറിലെ ജന്മിത്വ വിരുദ്ധവും ബ്രിട്ടീഷ് വിരുദ്ധവുമായ പ്രക്ഷോഭങ്ങൾ ബ്രിട്ടീഷ് പരമാധികാരത്തെ വെല്ലുവിളിച്ചു കൊണ്ട് ബ്രിട്ടിഷ് ഭരണത്തെ ഇല്ലായ്മ ചെയ്യുന്ന സായുധ പ്രക്ഷോഭങ്ങളായി, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ സമാനതകളില്ലാത്ത സായുധ പോരാട്ടമായി മാറി. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലീയാരും നയിച്ച ഈ സമരങ്ങൾ തെക്കെ മലബാറിലെ ഇരുനൂറിൽ പരം ഗ്രാമങ്ങളിൽ നിന്ന് ബ്രട്ടീഷ് ഭരണത്തെയും കൊളോണിയൽ അധിനിവേശ അധികാരസ്ഥാനങ്ങളെയും തുരത്തി ആ പ്രദേശത്തെ ഒരു സ്വതന്ത്ര പ്രദേശമായി മാറ്റി. ബ്രട്ടീഷുകാരിൽ നിന്നും സ്വതന്ത്രമാക്കിയ ദേശത്തെ ഒരു മലയാള രാജ്യമായി ബ്രട്ടീഷ് വിരുദ്ധ യുദ്ധത്തിന് നേതൃത്വം കൊടുത്ത വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പ്രഖ്യാപിച്ചു.


ഈ പ്രക്ഷോഭങ്ങളെ ബ്രട്ടീഷ് പട്ടാളം ഭീകരമായ രീതിയിൽ അടിച്ചമർത്തുകയും നേതാക്കന്മാരെ എല്ലാവരെയും ഇല്ലാതാക്കുകയും ചെയ്തു. 1921 ലെ സമരത്തിൽ പങ്കെടുത്ത പ്രക്ഷോഭകാരികളും അവരെ സഹായിച്ചവരും അവരുടെ കുടുംബങ്ങളിലും ഉൾപ്പെടുന്ന 4000 ത്തിൽ പരം ആളുകൾ പട്ടാള അടിച്ചമർത്തലിൽ കൊല്ലപ്പെട്ടു. രണ്ടായിരത്തിൽപരം ആളുകളെ നാടുകടത്തി. 40,000 പരം ആളുകൾക്ക് പരിക്കുപറ്റി, അതിലേറെ പേർക്ക് ദുരിതങ്ങളും കഷ്ടനഷ്ടങ്ങളുമുണ്ടായി. ബ്രിട്ടീഷ് പട്ടാളം 1921 ലെ പ്രക്ഷോഭത്തെ അടിച്ചമർത്തിയതിൻ്റെ ഭാഗമായി ഉണ്ടായ പ്രത്യാഘാതങ്ങളും സാമൂഹിക ദുരിതങ്ങളും മലബാറിലും മലബാറിനു പുറത്തും കേരളീയ സമൂഹത്തിലും പല രീതിയിലാണ് സ്വാധീനിച്ചത്. സവർണ്ണ ജാതിയിൽപ്പെട്ട ഒട്ടനവധി ആളുകൾ ഈ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നല്കി. പാട്ട കുടിയാൻമാരിൽ ഏറിയ പങ്കും മാപ്പിളമാരായിരുന്നു. എന്നാൽ ബ്രട്ടീഷ് പക്ഷപാതികളായ മുസ്ലീം ജന്മിമാരും മതപണ്ഡിതന്മാരും മുസ്ലീംങ്ങളായ സർക്കാർ ഉദ്യോഗസ്ഥരും ഈ സമരത്തിന് എതിരായിരുന്നു. ബ്രട്ടീഷ്കാരും ബ്രട്ടീഷുകാരെ പിന്തുണക്കുന്നവരും എന്ന നിലയിൽ, മലബാർ സമരത്തിൽ അണിചേർന്നവരും സമരത്തെ പിന്തുണക്കുന്നവരും വേർതിരിഞ്ഞു. മലബാറിലെ ദേശീയ സമരത്തെ പിന്തുണക്കുന്നവരും എതിർക്കുന്നവരും ബ്രട്ടീഷ് അനുകൂലികളും എന്ന നിലയിൽ ഇക്കാലത്ത് മലബാർ സമൂഹം വേർതിരിഞ്ഞു. ജന്മിമാരെ പിന്തുണക്കുന്നവരെയും ബ്രട്ടീഷ് പക്ഷക്കാരെയും സമരത്തിൻ്റെ എതിരാളികളായി പ്രക്ഷോഭകാരികൾ കണ്ടു. രണ്ടു പക്ഷത്തും മുസ്ലിംങ്ങളും വിവിധ ഹിന്ദു ജാതി വിഭാഗങ്ങളും ഉണ്ടായിരുന്നു. ഒരു കൂട്ടം മുസ്ലിം പണ്ഡിതരും പൊതുവെ മുസ്ലീം കച്ചവടക്കാരും ജന്മിമാരായ മുസ്ലീംങ്ങളും ബ്രിട്ടീഷ് ലോയലിസ്റ്റുകളായി സമരക്കാർക്കെതിരായിരുന്നു. സവർണ്ണ ജന്മിമാരും അവരുടെ മധ്യജാതി ആശ്രിതരും കരം പിരിവുകാരും തദ്ദേശിയരായ മേൽജാതി ഉദ്യോഗസ്ഥരും ബ്രട്ടീഷ് പക്ഷപാതികളായ മാപ്പിളമാരും മലബാറിലെ കൊളോണിയൽ വിരുദ്ധ സമരത്തിന് എതിരുമായിരുന്നു. അയിത്തജാതിക്കാരും ജാതി അടിമകളും മാപ്പിളമാരായ വെറും പാട്ടക്കാരോടൊപ്പമായിരുന്നു എന്ന് അനുമാനിക്കാവുന്നത്. ജാതി അടിമകളായ അയിത്തജാതിക്കാർ ഇസ്ലാം മതാരോഹണത്തിലൂടെ മലബാറിലെ മാപ്പിളമാരായി തീർന്ന പ്രക്രിയ ഗൗരവമായി പഠിക്കപെട്ടിട്ടില്ല. വെറും പാട്ട കർഷകരായ പല മാപ്പിള കുടുംബങ്ങളും ഈ ചരിത്ര പ്രക്രിയയുടെ ഭാഗമാണ്. മാത്രമല്ല സാമൂഹിക ജീവിതത്തിലെ ദൈനംദിന ഇടപാടുകളിൽ മാപ്പിളമാരായ കാർഷിക സമൂഹവുമായി സാമൂഹിക സാഹോദര്യവും കൊടുക്കൽ വാങ്ങൽ ബന്ധവും ജാതി അടിമകളും അയിത്തജാതികളുമായ ദലിത് വിഭാഗങ്ങൾ നിലനിർത്തിയിരുന്നു. ജാതി ഹിന്ദുക്കളും ഇടനില ജാതികളും തമ്മിൽ ദലിതർക്ക് ഇത്തരത്തിലുള്ള സാമൂഹിക ജീവിതം നില നിർത്തുന്നതിന് തടസ്സമായി പ്രവർത്തിച്ച സാമൂഹിക സ്ഥാപനമായിരുന്നു ജാതി. മലബാറിലെ സാമൂഹിക ജീവിതത്തിൽ ഈ ബന്ധം ഇപ്പോഴും നിലനില്ക്കുന്നുണ്ട്. 1921 ലെ പ്രക്ഷോഭങ്ങളെ ബ്രിട്ടിഷുകാർ അടിച്ചമർത്തിയപ്പോൾ ഏറ്റവും കൂടുതൽ അരക്ഷിതരായ ജനസമൂഹവും സാമൂഹിക ദുരിതങ്ങൾ അനുഭവിച്ചവരും മലബാറിലെ മാപ്പിളമാരും ദലിതരുമായിരുന്നു. മലബാറിലെ ദലിതരുടെ സമകാലിക സാമൂഹിക ഓർമ്മകളിൽ മലബാർ സമരങ്ങൾ ഒരു മതംമാറ്റ ലഹളയായി സ്ഥാനപ്പെടുന്നില്ല എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. മലബാർ സമരങ്ങൾ നടക്കുന്ന സന്ദർഭത്തിൽ കേരളത്തിൽ ഒരു ആധുനിക ഹിന്ദു മതസമുദായം രൂപപ്പെട്ടിരുന്നില്ല. കൊളോണിയൽ സെൻസ്സസ് കണക്കുകൾക്കപ്പുറത്ത് തങ്ങൾ ഹിന്ദുക്കൾ ആണെന്ന് ഒരു സ്വയം ബോധ്യം മലബാറിലെ തീയർക്കും ദലിത് വിഭാഗങ്ങൾക്കും ഉണ്ടായിരുന്നില്ല. തങ്ങളുടെ ഭാഗമായി പരിഗണിക്കേണ്ട ഹിന്ദു വിഭാഗങ്ങളായി അയിത്തജാതിക്കാരെ ജാതി ഹിന്ദുക്കളും സവർണ്ണ ജാതികളും കണ്ടിരുന്നില്ല. ക്ഷേത്രത്തിൻ്റെ അടുത്തുള്ള വഴികളിലൂടെ സഞ്ചരിക്കുന്നതിന് ആവശ്യമായ പൗരാവകാശ പ്രക്ഷോഭങ്ങൾ കൊച്ചി തിരുവിതാംകൂർ പ്രദേശത്തു പോലും മലബാർ സമരകാലത്ത് വളർന്നു വന്നിരുന്നില്ല. ക്ഷേത്ര പ്രവേശന വിളംബരം പ്രഖ്യാപിക്കുന്നതിന് ഒന്നര പതിറ്റാണ്ടിന് മുന്നേയാണ് മലബാർ പ്രക്ഷോഭങ്ങൾ നടക്കുന്നത്. 1920 കാലങ്ങളിൽ മലബാർ സമൂഹത്തിൽ സവർണ്ണ ഹിന്ദുക്കൾ ഒഴിച്ചു നിർത്തിയാൽ ഭൂരിപക്ഷവും അയിത്തജാതിക്കാരും മാപ്പിളമാരുമായിരുന്നു. അയിത്തജാതിക്കാരെ ജാതി ഹിന്ദുക്കൾ ഹിന്ദുക്കളായി കണ്ടിരുന്നില്ല. അയിത്തക്കാരും ജാതി അടിമകളുമായിട്ടാണ് അവരെ ജാതി ഹിന്ദുക്കൾ കണ്ടിരുന്നത്. ഹിന്ദുക്കളെ മതം മാറ്റാൻ മാപ്പിളമാർ നടത്തിയ ലഹളകളായിരുന്നു “മാപ്പിള ലഹളകൾ ” എന്ന ഹിന്ദു രാഷ്ട്രവാദക്കാരുടെ നിലപാടുകൾക്ക് ചരിത്രത്തിൻ്റെ പിൻബലമില്ല. 1921ൽ മലബാറിൽ ജീവിച്ചിരുന്ന കീഴാള ജാതികളും ജാതി അടിമകളും ഹിന്ദുക്കളായിരുന്നു എന്നു സ്ഥാപിക്കണമെങ്കിൽ അയിത്തജാതിക്കാരെ ജാതിഹിന്ദുക്കൾ ഹിന്ദുക്കളായി അക്കാലത്ത് കണ്ടിരുന്നോ എന്ന ചോദ്യത്തെയും ചരിത്ര യാഥാർത്ഥ്യത്തെയും അഭിമുഖീകരിച്ചേ വിലയിരുത്താൻ കഴിയു. ജാതി ജന്മിത്തത്തിനും ബ്രട്ടീഷ് ആധിപത്യത്തിനും എതിരെ പോരാടി രക്തസാക്ഷികളായ പോരാളികളെ പുറന്തള്ളുകയും മലബാർ സമരത്തെ സ്വാതന്ത്ര്യ സമരമല്ലാതാക്കുകയും ചെയ്യുന്ന ഹിന്ദുത്വ മതരാഷ്ട്രവാദ രാഷ്ടിയത്തിൻ്റെ ചരിത്ര വ്യാഖ്യാനങ്ങളെ തുറന്ന് കാണിച്ചു കൊണ്ടു കൂടിയാണ് മലബാർ സമരങ്ങളെ സമകാലികമായി സ്ഥാനപ്പെടുത്തേണ്ടത്.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here