കോഴിക്കോട്: കൈരളി പീപ്പിള്‍ ടിവി ജ്വാലാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാമൂഹ്യോന്മുഖ യുവസംരംഭകയ്ക്കുള്ള അവാര്‍ഡ് ദിവ്യാ തോമസും, നവാഗത യുവസംരംഭകയ്ക്കുള്ള പുരസ്‌കാരം പൂര്‍ണിമാ വിശ്വനാഥും, മുഖ്യധാര യുവസംരംഭകയ്ക്കുള്ള പുരസ്‌കാരം ബിസ്മി ബിനുവും ഏറ്റുവാങ്ങി. മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരത്തിന് രേഖ കാര്‍ത്തികേയന്‍ അര്‍ഹയായി. പുരസ്‌കാര ജേതാക്കള്‍ മമ്മുട്ടിയില്‍ നിന്നും പുരസ്‌കാരം ഏറ്റവാങ്ങി.
മമ്മൂട്ടിയില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയതിനേക്കാള്‍ മാഹാനടനെ നേരില്‍ക്കാണാന്‍ കഴിഞ്ഞതാണ് ജീവിതത്തിലെ വലിയ ഭാഗ്യമെന്ന് പ്രത്യേക പുരസ്‌കാരത്തിനര്‍ഹയായ രേഖ പറഞ്ഞപ്പോള്‍ സദസ്സ് ഒന്നടങ്കം ഏറ്റെടുത്തു. സാമൂഹ്യോന്മുഖ യുവ സംരഭക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയായ ദിവ്യതോമസ് നെറ്റിപ്പട്ടം ആലേഖനം ചെയ്ത പേപ്പര്‍ ബാഗ് മമ്മൂട്ടിയ്ക്ക സമ്മാനിച്ചു. പ്രളയ അതിജീവനത്തിന്റെ പ്രതീകമായ ചേക്കുട്ടിപ്പാവ ആദ്യ ജ്വാലാ അവാര്‍ഡ് ജേതാവും വ്യവസായ സംരഭകയുമായ ലക്ഷ്മി മേനോന്‍ സമ്മാനിച്ചത് കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്.
മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങളുമായി ബന്ധപ്പെട്ട ഓര്‍മകള്‍ മുഖ്യധാരാ യുവസംരഭകക്കുള്ള പുരസ്‌കാരത്തിനര്‍ഹയായ ബിസ്മി ബിനു പങ്കുവെച്ചത് മഹാനടനും കൗതുകമുണര്‍ത്തി. രേഖാ കാര്‍ത്തികേയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവിലേക്കായി ഒരുലക്ഷം രൂപ ഒ. വി. മുസ്തഫ വേദിയിലെത്തി പ്രഖ്യാപിച്ചത് ചടങ്ങിന്റെ നന്മപൂക്കുന്ന കാഴ്ചയായി.