പൗലോ കൊയ്‌ലോയെ നിങ്ങൾ വായിക്കും; മനോജ് നാരായണനെ അംഗീകരിക്കില്ല

0
1029

വി. കെ. ജോബിഷ്

മലയാളത്തിൽ ഏറ്റവും ജനപ്രീതിയുള്ള വിദേശ എഴുത്തുകാരൻ പൗലോകൊയ്‌ലോയാണ്. സംശയമുണ്ടാവാനിടയില്ല. ഇവിടെ മാത്രമല്ല. അതുകൊണ്ടുതന്നെ അത്ര വില്പന മൂല്യമുള്ള എഴുത്തുകാരൻ കൂടിയാണ് പൗലോ കൊയ്‌ലോ. അയാളേക്കാൾ എത്രയോ ഉയരെയുള്ള മാർക്കേസിന്റെയോ ബോർഹസിന്റെയോ യോസയുടെയോ ഒന്നും കൃതികൾ ഈ ബ്രസീലിയൻ എഴുത്തുകാരന്റെ പകുതി പോലും മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടില്ല. യോസ തോണി പിടിച്ച് വരുമ്പോൾ കൊയ്‌ലോ വിമാനത്തിൽ വരും. അത്രേയുള്ളൂ!

എന്തായാലും യോസയൊക്കെ പൂർണ്ണവേഷത്തിൽ എന്നെങ്കിലും ഇവിടെ വരും. അപ്പോൾ അവർ കൊണ്ടുവരുന്ന വെളിച്ചത്തിലിരുന്ന് പൗലോ കൊയ്‌ലോയെക്കുറിച്ചും ജനപ്രിയ സാഹിത്യത്തിന്റെ സങ്കീർണ്ണതകളെക്കുറിച്ചും നമുക്കും ചർച്ച ചെയ്യാം. കൊയ്‌ലോയുടെ വഴിയും വഴി തന്നെ. നമുക്ക് പരിചിതമായ വഴി! അത് എളുപ്പവുമല്ല. വായനയെന്ന ശീലത്തെ നിലനിർത്തുന്നതിൽ വലിയ പങ്കുള്ള എഴുത്തുകാരനാണയാൾ. എന്തൊക്കെ സൈദ്ധാന്തിക ന്യായങ്ങൾ കൊണ്ട് പുറത്താക്കാൻ നോക്കിയാലും അയാൾ ഇവിടുത്തെ വായനയിലുണ്ട്. ചരിത്രത്തിലുണ്ട്. പാഠപുസ്തകങ്ങളിലുണ്ട്! ചുരുക്കിപ്പറഞ്ഞാൽ മലയാളികളും അയാളെ വായിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. വായനയിൽ ഒരു ജനതയെ നിലനിർത്തുന്നതിൽ പൗലോ കൊയ്‌ലോയോട് നമ്മൾ മലയാളികളും കടപ്പെട്ടിരിക്കേണ്ടതുണ്ട്.

അതുപോലെ തദ്ദേശീയനായ ഒരാളുടെ ആത്മാ/ അരങ്ങാവിഷ്കാരങ്ങളെയെല്ലാം വർഷങ്ങളായി ഇവിടുത്തെ കാണികൾ കണ്ടു കൊണ്ടേയിരിക്കുന്നുണ്ട്. അതെ മനോജ് നാരായണനെന്ന നാടക സംവിധായകന്റെ മനോലോകങ്ങളുടെ പിന്നാലെ ഇവിടെ ഒരു കാണിക്കൂട്ടമുണ്ട്. അവരൊരു ചെറിയ സംഖ്യയല്ല. അവർ ഇയാളെ നിസ്സാരമായി, വെറുതെ പിന്തുടരുന്നതല്ല. അവരുടെ അഭിലാഷങ്ങളും ആവശ്യങ്ങളും പ്രതീക്ഷകളും ഈ സംവിധായകൻ കൊണ്ടുവരുന്ന ദൃശ്യങ്ങളിലുണ്ടാകാം. എന്നാൽ മനോജ് നാരായണനൊരുക്കുന്ന നാടകങ്ങളിൽ മുങ്ങിനിവരുന്ന മലയാളിക്ക് എന്താണ് സംഭവിക്കുന്നത്? നമ്മളത് അന്വേഷിക്കാറില്ല. ഇതാ ഇപ്പോൾ കെ.പി.എ സി.ക്കു വേണ്ടി ചെയ്ത ഈഡിപ്പസ് എന്ന നാടകത്തിലൂടെ സംസ്ഥാനത്തെ മികച്ച നാടക സംവിധായകനുള്ള ആറാമത്തെ പുരസ്കാരം കൂടി മനോജ് നാരായണന് കിട്ടിയിരിക്കുകയാണ്. എന്നിട്ടും ഇവിടുത്തെ സംസ്കാരപഠിതാക്കളോ കലാവിമർശകരോ ഇയാൾ ഇത്രയുംകാലം അരങ്ങിൽ എന്ത്ചെയ്തു കൊണ്ടിരിക്കുന്നതെന്തെന്നന്വേഷിച്ചിട്ടില്ല. പോട്ടെ… ഏതെങ്കിലും മുഖ്യധാരാ മാധ്യമത്തിൽ ഒരൊറ്റ കവർ സ്റ്റോറി. ഏയ്.. ഉണ്ടാവില്ല! കാരണം നാടകമല്ലേ. അതും പ്രൊഫഷണൽ നാടകം!

പ്രൊഫഷണൽ നാടകത്തിന്റെ കാണികളെല്ലാം ലോലവികാരങ്ങളുടെയും അനുഭൂതികളുടെയും മനോചാപല്യങ്ങളുടെയും കെണികളിൽപ്പെട്ട് പൈങ്കിളി വൽക്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നാണോ നമ്മൾ കരുതുന്നത്. യഥാർത്ഥത്തിൽ അങ്ങനെ മാത്രമാണോ? എങ്കിൽ തെറ്റി. ഇവിടെത്തന്നെ മനോജ് നാരായണൻ ചെയ്ത അറുപതോളം വലിയ നാടകങ്ങളിൽ ചിലതിലേക്ക് നോക്കൂ. പെരുന്തച്ചൻ, കുറിയേടത്തു താത്രി, തച്ചോളി ഒതേനൻ, കണ്ണകി, ബഷീറിന്റെ ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്, വത്സലയുടെ നെല്ല്, ആനന്ദിന്റെ ഗോവർദ്ധന്റെ യാത്രകൾ, ശ്രീനാരായണ ഗുരു, കടത്തനാട്ടമ്മ, പ്രണയസാഗരം. ദാ.. ഇപ്പോൾ ഈഡിപ്പസ്. പേരുകൾ മാത്രം നോക്കിയാൽ മതി. നിങ്ങൾക്കെന്തു തോന്നുന്നു? പൈങ്കിളിയാണെന്നോ? ഏത് കണ്ണകിയോ! അതോ പ്രണയസാഗരമോ? കൂട്ടത്തിൽ പ്രണയസാഗരം എന്ന പേരു കേൾക്കുമ്പോൾ ചിലപ്പോൾ അങ്ങനെ തോന്നിയേക്കാം. എന്നാൽ ടോൾസ്റ്റോയിയുടെ കഥയെ പിൻപറ്റി ചെയ്ത നാടകമാണത്! അമ്പലപ്പറമ്പിലും ഉത്സവപ്പറമ്പിലുമൊക്കെ വരുന്ന വലിയ ആൾക്കൂട്ടമാണിതിന്റെയൊക്കെ കാണികൾ. കലകളുൾപ്പെടെയുള്ള കാര്യങ്ങൾ വളരെ പൊളിറ്റിക്കലാക്കണം എന്ന് നാം ഇടയ്ക്കിടയ്ക്ക് പറയാറില്ലേ! പൊളിറ്റിക്കലായ പരീക്ഷണങ്ങൾ അരങ്ങിൽ നടക്കുമ്പോൾ വലിയൊരു കാണികൾ ആ കാഴ്ചയുടെ പുറത്തുണ്ട്. പക്ഷെ അവർ ഇവിടെയുണ്ട്. മനോജ് നാരായണന്റെ കാണികളായി! സൂക്ഷ്മമായി നോക്കിയാൽ അവർ ഈ നാടകത്തിലൂടെ രാഷ്ട്രീയവൽക്കരിക്കപ്പെടുന്നുണ്ട്. സാമൂഹ്യവൽക്കരിക്കപ്പെടുന്നുണ്ട്.

ഇപ്പോൾ അമ്പലപ്പറമ്പിൽ വരുന്ന എത്ര പേരോട് നിങ്ങൾക്ക് ടോൾസ്റ്റോയിയെക്കുറിച്ചും ബഷീറിനെക്കുറിച്ചും എം. മുകുന്ദനെക്കുറിച്ചും അവരുടെ കൃതികളെക്കുറിച്ചും സംസാരിക്കാൻ കഴിയും. പോട്ടെ… തീർത്തും പൊളിറ്റിക്കലായ ഒരു പ്രഭാഷണം അവിടെ സാധ്യമാകുമോ! എന്നാൽ ഇതാ ഇവിടെ തിയറ്ററിന്റെ സാമ്പ്രദായിക ചട്ടക്കൂടുകളിൽ നിന്ന് ഇവരെക്കുറിച്ചൊക്കെ ഒരു ചെറുപ്പക്കാരൻ പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. വളരെ പൊളിറ്റിക്കലായിത്തന്നെ. അയാളാണ് മനോജ് നാരായണൻ. നാടകമെന്നാൽ അയാൾക്ക് കഴിഞ്ഞ തലമുറയുടെ കാലത്ത് കഴിഞ്ഞ സൃഷ്ടി-സ്ഥിതി സംഹാരത്തിന്റെ ഭൂതകാലക്കുളിരല്ല! മറിച്ച് തപിക്കുന്ന വർത്തമാനത്തിലിടപെടാനുള്ള ആയുധമാണ്. അതയാൾ ശക്തമായി ഉപയോഗിക്കുന്നുണ്ട്.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ/ ഇടതുപക്ഷ രാഷ്ട്രീയ ചരിത്രത്തിൽ നാടകങ്ങൾക്കുണ്ടായിരുന്ന പങ്ക് ചെറുതല്ലെന്ന് നമുക്കറിയാം. ആദ്യം നാടകം തട്ടിൽക്കയറിയതുകൊണ്ടാണ് ആദ്യ മന്ത്രിസഭ ഇടതുപക്ഷത്തിന്റേതായത്! നാടകമായിരുന്നു അതിന്റെ മൂലധനം. സിനിമയ്ക്കന്ന് രണ്ടാംകിട പദവി മൂല്യമേ ഉണ്ടായിരുന്നുള്ളൂ. നാടകത്തിനങ്ങനെയായിരുന്നില്ല. അതു കൊണ്ടാണ് കേരളമുണ്ടായപ്പോൾ അതിനു പിന്നാലെ നാടക അക്കാദമിയുമുണ്ടായത്. 1958 ൽ കേരള സംഗീതനാടക അക്കാദമി ഉദ്ഘാടനം ചെയ്യാൻ നെഹ്റുവിനെത്തന്നെയായിരുന്നു കൊണ്ടുവന്നത്. ചലച്ചിത്ര അക്കാദമിയുണ്ടാകാൻ തൊണ്ണൂറുകൾ വരെ കാത്തിരിക്കേണ്ടി വന്നു. പക്ഷെ ഇപ്പോഴോ? സിനിമ എല്ലാറ്റിനെയും വിഴുങ്ങിയില്ലേ. ഇവിടെ ഇന്നലെ പ്രഖ്യാപിച്ച അവാര്‍ഡ് തുക തന്നെ നോക്കൂ. മികച്ച നാടകത്തിന്റെ സംവിധായകന് വെറും മുപ്പതിനായിരം രൂപ! ഒരിക്കലും സിനിമ നൽകുന്ന വെള്ളിവെളിച്ചത്തിലല്ല ഒരു നാടക സംവിധായകൻ ജീവിക്കുന്നത്. നൂറു നാടകം ചെയ്‌തൊരാളേക്കാൾ പരിഗണന ഒരൊറ്റ സിനിമ ചെയ്തവനുള്ള നാട്ടിലാണ് ഈ കളി. നാടകമെന്ന മാധ്യമത്തിനു വേണ്ടി മുഴുവൻ സമയം പ്രവർത്തിക്കുന്ന ഒരാൾക്ക് വെച്ചു നീട്ടാവുന്ന തുക അത്ര മതിയോ. എന്നാൽ സിനിമാക്കാരനു കൊടുക്കുന്നതോ!

വീണ്ടും നമുക്ക് മനോജ് നാരായണനിലേക്കു വരാം. ‘ഗുരുവും ശിഷ്യനും’ എന്ന നാടകത്തിൽ സ്കൂളിൽ പഠിക്കുമ്പോൾ അഭിനയിച്ചു തുടങ്ങിയ മനോജ് നാരായണൻ അരങ്ങിലും അണിയറയിലുമായി ‘ലൈറ്റ് ബോയ്’ മുതൽ സംവിധായകൻ വരെയുള്ള ഭിന്നങ്ങളായ ‘വേഷങ്ങൾ’ ആടിക്കഴിഞ്ഞു. എന്നാലിപ്പോൾ പ്രൊഫഷണൽ നാടകത്തിന്റെ സംവിധായകൻ എന്നാൽ മനോജ് നാരായണൻ എന്നായി! ഇന്ന് പ്രൊഫഷണൽ നാടകത്തിന്റെ കാണികളെ മാത്രം തൃപ്തിപ്പെടുത്തുന്ന സംവിധായകൻ മാത്രമല്ല ഈ കലാകാരൻ. സംസ്ഥാന സ്കൂൾ/കോളേജ് കലോത്സവങ്ങളിലും ദേശീയ ശാസ്ത്ര നാടകവേദികളിലെയും അമച്വർ നാടക മത്സരങ്ങളിലെയും നിത്യസാന്നിധ്യമാണ്. 75-ല്‍പ്പരം അമച്വർ നാടകങ്ങൾ 60 ഓളം പ്രൊഫഷണൽ നാടകങ്ങൾ 150 ഓളം കുട്ടികളുടെ നാടകങ്ങൾ പത്തോളം ശാസ്ത്ര നാടകങ്ങൾ ഇതൊക്കെ ഈ സംവിധായകന്റെ പേരിലുള്ളതാണ്. ഇതൊന്നും ഒരു ചെറിയ സംഖ്യയല്ല. ഇപ്പോൾ കേരളത്തിലെവിടെ നിന്നെങ്കിലും നിങ്ങൾ ഒരു നാടകത്തിന്റെ ബെല്ലു കേൾക്കുന്നുണ്ടെങ്കിൽ അതിൽ പത്തിൽ അഞ്ചെണ്ണമെങ്കിലും മനോജ് നാരായണൻ സംവിധാനം ചെയ്ത നാടകത്തിന്റെതായിരിക്കും. അത്ര സജീവമാണിയാൾ. അത്ര ‘പ്രൊഫഷണ’ലാണയാൾ!

കർട്ടൻ കെട്ടുന്നതു മുതൽ സംവിധാനം വരെ കണ്ടും കേട്ടും ഈ മാധ്യമത്തിന്റെ പിന്നാലെകൂടി പഠിച്ച ഒരാൾ. നാടകമെന്ന മാധ്യമത്തെക്കുറിച്ച് അക്കാദമിക്കായി പഠിക്കാൻ ഒരിക്കലും അവസരം കിട്ടാതിരുന്ന ഒരാൾ. എന്നിട്ടും തന്റെ നാടകം പിൻപറ്റിയത് ലോകപ്രശസ്തവും അല്ലാത്തതുമായ കൃതികളെ. അതിൽ ശാസ്ത്രമുണ്ട് ചരിത്രമുണ്ട് സാഹിത്യമുണ്ട്. അതിന്റെ കാണികളായിരുന്നിട്ടു കൂടിയാണ് മലയാളികളിൽ ഭൂരിപക്ഷമെങ്കിലും സെക്കുലറായി തുടരുന്നതെന്ന്, ഊഷ്മളമായ ബന്ധങ്ങളിൽ തുടരുന്നതെന്ന് പറഞ്ഞാൽ അതിശയോക്തിയാകില്ല. കാരണം ഈ നാടകങ്ങൾക്കെല്ലാം വലിയ കാണികളുണ്ട്. എന്നിട്ടും ഒരു പ്രാദേശിക പരിഗണനകൾക്കപ്പുറത്തേക്ക് ഒരു പ്രൊഫഷണൽ നാടകക്കാരനെ ഇപ്പോൾ കേരളം പരിഗണിക്കുന്നുണ്ടോ?

നാടകത്തിന്റെ കാര്യത്തിൽ മാത്രം ഭൂതകാലത്തിന്റെ പെരുമകൾ എഴുന്നള്ളിക്കുന്നവരായി നാം മാറുന്നില്ലേ? മലയാളി കൊണ്ടുനടന്ന ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം പിന്നീടെന്നെങ്കിലും നിങ്ങളാരെങ്കിലും കണ്ടിരുന്നോ? കണ്ടെങ്കിൽ മാത്രം അവിടുന്ന് ‘ഈഡിപ്പസി’ന്റെ അരങ്ങിലേക്ക് എത്ര ദൂരമുണ്ടെന്നറിയാം. ആ ദൂരം ചെറുതല്ല. പക്ഷെ നമ്മുടെ കലാ വിമർശകരോ സംസ്കാരപഠിതാക്കളോ ഈ വഴി വരാറില്ല. അത് അന്വേഷിക്കാറുമില്ല. അവർ ഈ മാധ്യമത്തിന്റെ ജനപ്രിയരൂപത്തെ ഒരിക്കലും കാണാതെ പുറത്താക്കിക്കൊണ്ടിരിക്കുമ്പോൾ, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയുടെയും പാട്ടബാക്കിയുടെയും മൂലധനത്തിന്റെയും ചരിത്രമെഴുതിക്കൊണ്ട് മാത്രമിരിക്കുമ്പോൾ പെരുന്തച്ചനെയും ഈഡിപ്പസിനെയുമൊക്കെ അരങ്ങിനു മുന്നിലിരുന്ന് ഒരു ജനത കണ്ട് കണ്ട് നാടകമെന്ന മാധ്യമത്തെ ഇവിടെ നിലനിർത്തുന്നുണ്ട്. നാടകമെന്ന മാധ്യമത്തെ ഇങ്ങനെ ജനപ്രിയമായി നിലനിർത്തുന്നതിന് മനോജ് നാരായണനെന്ന കലാകാരന് വലിയ റോളുണ്ട്. ഇയാൾ ഒരൊറ്റ ദിവസത്തെ വാർത്തയാവേണ്ട ഒരാൾ മാത്രമല്ല. നമ്മുടെ മാധ്യമങ്ങൾ അയാളെ പരിഗണിക്കുന്നില്ലെങ്കിലും അയാൾ ഇവിടെയുണ്ട്. ചരിത്രത്തിലുണ്ട്. പക്ഷെ ആരായിരിക്കും നാളെ ഈ സംവിധായകൻ കൊണ്ടുവന്ന അരങ്ങനുഭവത്തെ പഠിക്കാൻ തയ്യാറാവുക.

വി. കെ. ജോബിഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്

LEAVE A REPLY

Please enter your comment!
Please enter your name here