കഥ
ജോബിൻ കെ വി
ഈ വർഷത്തെ സ്വാതന്ത്ര്യദിനം വെള്ളിയാഴ്ചയാണ്.മൂന്ന് ദിവസം തുടർച്ചയായി അവധി ആയതിനാൽ ഹോസ്റ്റലിലിരുന്ന് മുഷിയേണ്ടിവരും .അതുകൊണ്ട് വെള്ളിയാഴ്ച രാവിലെ തന്നെ നാട്ടിലേക്കുള്ള വണ്ടികേറാം എന്ന തീരുമാനമെടുത്തു . ലേഡീസ് ഹോസ്റ്റലിലെ വാർഡന്മാർക്ക് ജയിലിലെ വാർഡന്മാരെക്കാൾ കാർക്കശ്യമാണ്.പെൺകുട്ടികളെ അതും കോളേജുപിള്ളേരെ കയറഴിച്ചുവിട്ടാൽ പുരുഷ ജയിലുകളിലെ അംഗബലം കൂടും എന്നതാണ് വാർഡൻ ഷീലാമ്മയുടെ വാദം . പഴയ വൊഡാഫോൺ പരസ്യത്തിലെ പഗ് നായയുടെ മുഖമാണ് ഷീലാമ്മയുടേത്. സന്ധ്യയോടടുക്കുമ്പോൾ അതൊരു പിറ്റ്ബുള്ളാവും .കൂട്ടിൽ കയറാത്ത കോഴിക്കുഞ്ഞുങ്ങളോട് വാലാട്ടിയിട്ട് കാര്യമില്ല. ദംഷ്ട്രകൾ കാട്ടി കുരക്കുക തന്നെ വേണം . ഇനിയുമുണ്ട് ഇത്തരം ഷീലാമ്മാവാദങ്ങൾ .
“പിന്നെ വേണ്ടാതെ; ഇനിയിപ്പോ ഇതിന്റെയൊരു ചൂട് അറിയാൻ മൂന്നു ദിവസമെങ്കിലും കഴിയണം.”
അന്നാമേരി നീട്ടിയ സിഗരറ്റ് വിരലുകൾക്കിടയിൽ കോർത്തുകൊണ്ടവൾ പറഞ്ഞു.
“ഏതൊന്നാണോ ആരോഗ്യത്തിനു ഹാനികരം അവയെല്ലാം മനസ്സിന് സന്തോഷകരം!”
അന്നാമേരി കബോർഡിലേക്ക് നോക്കി നെടുവീർപ്പിട്ടു.
“ഈ ടീഷർട്ടും ബർമുഡയൊന്നും കൊണ്ടോണില്ലേ ?”
“വീട്ടീന്ന് ടീഷർട്ട് ല്ലേ? അതിലും ഭേദം ദാ കറങ്ങണ ഫാനിന്റെ ലീഫിന്റെടേല് തല കൊണ്ടക്കണതാ”
അവൾ എരിഞ്ഞടങ്ങിയ സിഗരറ്റിന്റെ ബഡ് പുറത്തേക്ക് ചൊട്ടിക്കളഞ്ഞു.
“ഓ ജീസസ് , ഈ കബോഡും ടീഷർട്ടുകളും ബര്മുഡകളും അടുത്ത മൂന്നു ദിവസം എന്റേതുമാത്രം! സ്തുതി സ്തുതി സ്തുതി ”
അന്നാമേരി നെഞ്ചത്ത് കുരിശ് വരച്ചു.
“ഉം എന്തേലും കാണിക്ക്.എല്ലാം അലക്കി ഓണക്കി വച്ചിട്ടുണ്ട്,ഞാൻ രാവിലെ പോകും പറയാനൊന്നും നിക്കൂല്ല”
“ഹാപ്പി വിശുദ്ധ സദാചാര ത്രിദിനങ്ങൾ ഇൻ അഡ്വാൻസ് ”
അന്നാമേരി ലൈറ്റണച്ച ശേഷം അടുത്ത സിഗരറ്റ് കത്തിച്ച് പുറത്തേക്ക് നടന്നു.
വീട്ടുകാരും നാട്ടുകാരും ബന്ധുക്കളും പറഞ്ഞും പറയാതെയും പാപമെന്ന് പഠിപ്പിച്ച പല സുഖങ്ങളും അവളെ അനുഭവിപ്പിച്ചത് അന്നാമേരിയാണ്.അതിൽ പ്രധാനപ്പെട്ടതാണ് സിഗരറ്റ് വലി.ആദ്യമൊക്കെ യൂദാസ് പെൺവേഷത്തിലവതരിച്ചതാണെന്നായിരുന്നു ധാരണകൾ.കല്ലും മുള്ളും നിറഞ്ഞ വഴികൾ പിന്നിട്ട് സ്വർഗ്ഗത്തിന്റെ കവാടമെങ്കിലും കാട്ടിത്തന്നത് അന്നാമേരിയാണെന്നു പിന്നീടാണ് മനസിലായത്.പേരറിയുന്നതും അറിയാത്തതുമായ എല്ലാ ദൈവങ്ങൾക്കും എന്റെ പേരിലും ഒരു സ്തുതി…..
എന്റെ വായിൽ ആദ്യ സിഗരറ്റ് വച്ചുതരുന്നതിനുമുമ്പവൾ എന്നോട് ചോദിച്ചത് മനുഷ്യന്റെ ആത്മാവും ശരീരവും തമ്മിലുള്ള ഏക സിമിലാരിറ്റി എന്താണെന്നായിരുന്നു.
“സിമിലാരിറ്റി? വേണെങ്കിൽ ഒരുപാട് വ്യതാസങ്ങൾ പറഞ്ഞുതരാം”
ഞാനൊന്നു ചൊടിച്ചു.
”ശരീരത്തിനും ആത്മാവിനും ഭാരമുണ്ട് ”
”ആഹാ അത് കൊള്ളാല്ലോ…. നിന്റെ ആത്മാവ് എത്ര കിലോ കാണും?”
”21 ഗ്രാം”
അന്നാമേരിയുടെ മുഖത്തു നിസ്സാരമല്ലാത്ത ഗൗരവം പടർന്നു
”എന്റേത് മാത്രമല്ല നിന്റെയും എല്ലാവരുടെയും ആത്മാവിന്റെ ഭാരം 21 ഗ്രാം ആണ്.നാല് വർഷം മുൻപ് വല്യപ്പച്ചൻ മരിച്ച എക്‌സാറ്റ് മൊമെന്റിൽ വല്യമ്മച്ചി അങ്ങേരുടെ വായിലൂടെ ഒരു അടക്കക്കുരുവി വലിപ്പത്തിൽ വെളുത്ത പുക പോലൊന്ന് പോകുന്നതായി കണ്ടിട്ടുണ്ട്.ആൻഡ് യു നോ വാട് ഈസ് ദാറ്റ്? ആത്മാവ്! വല്യപ്പച്ചന്റെ ആത്മാവ്.അങ്ങനുള്ള എട്ടുപത്തു അടക്കക്കുരുവികൾ ന്റെ കയ്യിലിരിക്കണ ഈ മൂന്നിഞ്ച് നീളക്കാരനെ കത്തിച്ചു വലിച്ചാൽ പുറത്തേക്ക് പോവുന്നത് കാണാം”
ലോകസിനിമകളിലും ക്ലാസിക് കൃതികളിലും ഉള്ള ഗഹനമായ അറിവ് കാരണം അന്നാമേരിയുടെ ആത്മകഥകളിലെ നുണയുടെ ശതമാനം അളക്കാൻ ആരും മെനക്കെടാറില്ല.ചെയ്യണ്ട ചെയ്യണ്ട എന്ന് പറയണത് ചെയ്യാനുള്ള ത്വരയുടെ കൂടെ അന്നാമേരിടെ ഈ കഥയും കൂടി കേട്ടപ്പോൾ ഒരാത്മാവിനെയെങ്കിലും ശ്വസകോശത്തീന്ന് അന്നനാളം വഴി സ്വതന്ത്രമാക്കണമെന്ന് നിശ്ചയിച്ചു.
കൂട്ടിലടച്ച ഏതോ പൂവൻകോഴി സ്വാതന്ത്ര്യദിനമാണെന്നറിഞ്ഞിട്ടാവണം പതിവിലും ഉച്ചത്തിൽ കൂവി.ബസ്സ്റ്റാന്റിലേക്കെത്താൻ ഓട്ടോ പിടിക്കണം.തന്റെ ശരീരത്തിനൊട്ടും ചേരാത്ത പാപ്പാസ് വസ്ത്രം ധരിച്ചു് അവൾ ഓട്ടോയിൽ കയറി.ഹോസ്റ്റലിലെ ഉത്സവരാപകലുകൾ പടക്കം പൊട്ടണ നിമിഷനേരത്തേക്ക് കണ്മുന്നിൽ വന്നുപോയി.രാവിലത്തെ പൂർണമാകാത്ത ഉറക്കത്തിൽനിന്ന് ഞെട്ടിയുണർന്ന പോലെ അവൾ കണ്ണുകൾ തിരുമ്മി.
കൺപീലികൾ കാവൽ നിൽക്കുന്ന തന്റെ കണ്ണുകളെ പുറത്തേക്ക് മേയാൻ വിട്ടു.ഒരേ മുഖത്തോടുകൂടിയ ധാരാളം മനുഷ്യർ.പക്ഷേ അണിഞ്ഞിരിക്കുന്ന വസ്ത്രങ്ങൾ എല്ലാം വ്യത്യസ്തം .എന്തിനാണ് മനുഷ്യൻ എപ്പോഴും,ഇപ്പോഴും ഈ ആവരണത്തിനുള്ളിൽ കഴിയുന്നത്?
ബസ്സ്റ്റാൻഡിലേക്കെത്താൻ ട്രാഫിക്കിലൂടെ ഒരല്പം ചുറ്റിവളയണം.ഓട്ടോക്കാരനോട് കോൺക്രീറ്റ് പാകിയ,രണ്ടാൾ വീതിയുള്ള ഇടനാഴിക്ക് മുന്നിൽ വണ്ടി നിർത്താൻ പറഞ്ഞ് അവൾ നടന്നു.ഇറങ്ങിയപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്.കുട്ടിക്കൊമ്പന്റെ എടുപ്പ് തോന്നിപ്പിക്കുന്ന ഓട്ടോയുടെ ഇരുചെവിയുടെ മുകളിലും കാളക്കൊമ്പുകൾ പോലെ മൂവർണ്ണക്കൊടി ചിറകിട്ടടിക്കുന്നു.കെട്ടിയിട്ടിരിക്കുന്ന കൊടിക്കൂറക്ക് ആ കമ്പിൽ നിന്നും എത്രയും വേഗം മോചനം നൽകേണമേയെന്ന് ഓട്ടോക്കാരന്റെ മുഖത്തുനോക്കി നോൺവെർബൽ കമ്മ്യൂണിക്കേഷനിലൂടെ അവൾ യാചിച്ചു.പോകെപ്പോകെ ഇടനാഴിയോരത്തെ ഓടുമേഞ്ഞ പഴയൊരു കെട്ടിടത്തിൽ പത്തോളം ഖാദർധാരികൾ പായസം ഉണ്ടാക്കുന്ന തിരക്കിലാണ്. തിളച്ച പാലിലെ വെന്ത ഏലക്കയുടെ മണം നിമിഷനേരത്തേക്കെങ്കിലും അവൾ മൂക്കിലൂടെ അലിച്ചിറക്കി.
ഉറക്കമുണരുന്നത്.എഴുന്നേറ്റപാടെ അന്നാമേരിക്ക് മിനിമം അരക്കുറ്റി സിഗരറ്റെങ്കിലും നിർബന്ധമായും പുകച്ചു തള്ളണം.തുടുത്ത റോസാപ്പുവിനെ ഗാഢമായി ചുംബിക്കുന്നതുപോലെയാണ് അന്നാമേരി ഓരോ പുകയും ഉള്ളിലേക്ക് വലിച്ചെടുക്കുന്നത്.ആ പ്രേമോദാരദൃശ്യം കണ്ടാൽ ബാക്കി പാതി വലിക്കാതിരിക്കാൻ കഴിയില്ല.എന്നും അന്നാമേരി നീട്ടിയ പാതിവലിച്ചു ശീലമായതിനാൽ ഒരു സിഗരറ്റ് കിട്ടിയിരുന്നെങ്കിൽ എന്ന് അവൾക്ക് തോന്നി.കൂട്ടിനു അടിമുതൽ മുടി വരെയുള്ള രോമകാണ്ഡങ്ങളെ ഉത്തേജിപ്പിക്കുന്ന ഇളംതണുപ്പും.
ബസ്സ്റ്റാൻഡിന് പടിഞ്ഞാറ് അധികമാരും ശ്രദ്ധിക്കാത്ത കോണിൽ കാളിയമർദനം പോലൊരു പേരാലുണ്ട്.അതിന്റെ ഓരം പറ്റി ചെറിയൊരു ഒറ്റമുറി പീടികയും.മീശയോ താടിയോ ഉള്ളവർക്ക് മാത്രമേ ആ ചുറ്റുവട്ടത്തേക്ക് പ്രവേശനമുള്ളൂ എന്ന അലിഖിതനിയമം അവിടുത്തെ കാറ്റിൽ അന്തർലീനമായി ഒഴുകിനടക്കുന്നുണ്ട്.കാരണം പേരാലിനോട് ചേർന്ന കടയുടെ താങ്ങ്കമ്പിയിൽ കെട്ടിതൂക്കിയിരിക്കുന്ന ലൈറ്ററും അതിന് താഴത്തെ മണ്ണും ആൺസ്പർശം മാത്രമേ ഇന്നുവരെയും ഏറ്റിട്ടുള്ളു.പണ്ടൊരുദിവസം അന്നാമേരിക്ക് ഹോസ്റ്റലീന്ന് വലിക്കാൻ ജാവ ബൈക്കിലെത്തിയ അവളുടെ ബോയ്ഫ്രണ്ട് അവിടെ നിന്നാണ് ഒരുപെട്ടി സിഗരറ്റും ഒരു ലൈറ്ററും വാങ്ങിച്ചത്.എന്നിട്ട് കുറച്ചപ്പുറത്ത് അധികമാരും കടന്നുവരാത്ത,ദുർഗന്ധപൂരിതമായ വേസ്റ്റ് ലാൻഡിനടുത്ത് പോയി പുകച്ചു. അന്നാമേരി വലിച്ച ആദ്യ സിഗരറ്റും അതേ ബോയ്ഫ്രണ്ട് പാതി എരിച്ചതാണ്.
അവൾ മെല്ലെ പേരാലിനടിയിലേക്ക് നോക്കി.കാക്കി ഷർട്ടും കള്ളിമുണ്ടുമണിഞ്ഞ രണ്ട് ചെക്കന്മാർ ചുണ്ടുകൾക്കിടയിൽ സിഗരറ്റ് കത്തിച്ച് വലിച്ചൂറ്റൂകയാണ്. അന്നാമേരി ഇടയ്ക്ക് പറഞ്ഞ് ചടയ്പ്പിക്കുന്ന സിഗരറ്റ് അഡിക്ഷൻ എന്ന ആഴമുള്ള സത്യവും ടാക്കിസിൽ സിനിമ തുടങ്ങുന്നതിനുമുന്നെയുള്ള രാഹുൽ ദ്രാവിഡിന്റെ മുന്നറിയിപ്പ് പരസ്യവും നിമിഷനേരത്തേക്ക് തലച്ചോറിലെ വെള്ളിത്തിരയിൽ ട്രെയിനോടിച്ചു. ശ്വാസകോശത്തിലെ സ്പോഞ്ചിൽ കത്തിയമർന്ന തീക്കുണ്ഡം എരിയുന്ന പോലൊരു ഫീൽ. പ്ലസ്‌ടുവിന് പഠിക്കണ അനിയന്റെ പാന്റിന്റെ പോക്കറ്റിന്ന് ഒരിക്കെ തീപ്പെട്ടി കിട്ടിയപ്പോ വീട്ടുകാരെല്ലാം കൂടി അവനെ ശകാരിക്കണതും ചെറിയ കിഴുക്ക് കൊടുക്കണതും ചരിത്രമായിട്ട് അധികകാലമൊന്നുമായില്ല.ഒടുക്കം ആൺകുട്ടിയല്ലേ അതൊക്കെ ണ്ടാവും ഇത്തവണത്തേക്ക് കണ്ണടച്ചേക്ക്ന്ന് കൂട്ടത്തിലാരോ ഭാരതവാക്യം ചൊല്ലി ആ രംഗം അവസാനിപ്പിച്ചു.
”ഹാപ്പി ഇൻഡിപെൻഡൻസ് ഡേ.പ്ലാസ്റ്റിക് കൊടി,പേപ്പർ കൊടി,റിബൺ,ബലൂൺ,എന്താ വേണ്ടേ?” ചുവന്ന ട്രേ ഇടതുകൈവെള്ളയിൽ ബാലൻസ് ചെയ്ത് ഒരു ചെക്കൻ മുന്നിൽ വന്ന് നിന്നു. അവൾ ട്രേയിലേക്ക് അലസമായി നോക്കി.പ്ലസ്‌ടുവിനു പഠിക്കണ തന്റെ ബാക്കികഷണത്തിന്റെ ഏകദേശരൂപമുണ്ട് മുന്നിൽ നിൽക്കുന്ന ചെക്കന്. അവൾ ഒന്നും വേണ്ടെന്ന അർത്ഥത്തിൽ തലയാട്ടി. ചെക്കൻ അടുത്തയാളെ നോക്കി നടന്നു.
”ഇരുപത് രൂപ ”അവൻ ചിരിച്ചു.
”തന്റെ പേരെന്താ?”
”നകുൽ”
”ഇതുതന്നാണോ അതോ വേറെ വല്ല ബിസിനസ്സും ണ്ടോ?”
വീണ്ടും ചിരി ”ജ്യൂസ് കടേല് നിക്കും…നൈറ്റ്”
”ഉം” സൂര്യകിരണമേറ്റ് തിളങ്ങുന്ന അവന്റെ കറുത്ത് വരണ്ട കീഴ് ചുണ്ട് നോക്കി അവൾ ചോദിച്ചു.
”താൻ സിഗരറ്റ് വലിക്കാറുണ്ടോ?”
ഞെട്ടൽ
നിശബ്ദത
”എന്താ ചേച്ചി ചോദിച്ചേ?”
തന്റെ ശബ്ദത്തിന്റെ കനം ഒരുപൊടിക്ക് താഴ്ത്തിയിട്ട് അവൾ ചോദിച്ചു.
”നമുക്കൊരോന്നു കത്തിച്ചാലോ?’’
എന്നിട്ട് കയ്യിലെ മൂവർണം ട്രേയിൽ തന്നെ വച്ച് ട്രാഫിക് ജംഗ്ഷനിൽ കുടുങ്ങിയ അന്ധന്റെ പോലുള്ള ചെക്കന്റെ മുഖത്തേക്ക് നോക്കി.
” ആരെങ്കിലും കണ്ടാ പ്രശ്നല്ലേ?”
”നിനക്കെന്ത് പ്രശനം?”
”ഏതാ ആ വെള്ളേം വെള്ളേം ചേട്ടന്മാരോ?”
”കഴിഞ്ഞീസം രാത്രി ബസ് വരണതും പോണതും നോക്കി വെറുതെ നിന്നപ്പോ വീട്ടിപോകാറായില്ലെന്ന് ചോയിച്ച് പൊറം പൊളിയണമാതിരി ഒന്ന് കിട്ടിയതാ”
”നിനക്ക് പേടിയാണെങ്കി വേണ്ടാ”
അവൻ നിമിഷനേരത്തേക്ക് താൻ ചവിട്ടിനിൽക്കുന്ന മണ്ണിലേക്കു കണ്ണുകൾ തറപ്പിച്ചു. അവന്റെ കാൽപടത്തിലെ ഞരമ്പുകളിൽ നീർച്ചാലുകൾ കുത്തിയൊലിച്ചൊഴുകുന്നത് അവൾ കണ്ടു. കൂർത്ത ചരൽചീളുകൾ നിറഞ്ഞ മണ്ണിൽ നിന്ന് അനിർവചനീയമായ ഏതോ അദൃശ്യഊർജം കാലുകളിലൂടെ ശരീരമെമ്പാടും വ്യാപിച്ചു.
ചെക്കൻ കയ്യിലെ ട്രേ തൊട്ടടുത്ത തട്ടുകടയിൽ വച്ച് അതിന്റെ മുകളിൽ അവിടെ കിടന്ന മുഷിഞ്ഞ തുണി വിരിച്ച് അവളുടെ അടുത്തേക്ക് നടന്നു.
”ചേച്ചി വാ”
അവൾ ചെറിയൊരു അമ്പരപ്പോടെ അവന്റെ പിന്നാലെ അഞ്ചടിദൂരം വിട്ട് നടന്നു. ഒരാവേശത്തിന് പറഞ്ഞതാ ഇപ്പൊ വേണ്ടായിരുന്നൂന്നൊരു തോന്നൽ. ഇനി അതൊന്നും ചിന്തിച്ചിട്ട് കാര്യമില്ല. അവളൊരു ദീർഘശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു.
ചെക്കൻ കാശ് വാങ്ങി വേസ്റ്റ് ലാൻഡിന്റെ അധികമാരും ശ്രദ്ധിക്കാത്ത കോണിൽ കാത്തുനിൽക്കാൻ നിർദേശം നൽകി. വിദൂര പരിചയമെങ്കിലുമുള്ള ആരെങ്കിലും ആ പരിസരത്തുണ്ടോയെന്ന് അവൾ താണും ചെരിഞ്ഞും ഒളിഞ്ഞും നോക്കി. ദൈവാധീനം! ആരുമില്ല.ബസ്സ്റ്റാൻഡിന് മുകളിൽ വലിയൊരു ഇരുമ്പ് ദണ്ഡിനെ ചുറ്റി മൂവർണ്ണക്കൊടി ആകാശം ലക്ഷ്യമാക്കി കുതിക്കാൻ ശ്രമിക്കുന്നുണ്ട്.ഒരു നിമിഷം അവൾ കണ്ണടച്ചു നിന്നു.
”ചേച്ചി പെട്ടെന്നായിക്കോട്ടെ”
ചെക്കൻ രണ്ട് സിഗരറ്റും ഒരു തീപ്പെട്ടീം അവളുടെ നേർക്ക് നീട്ടി. അവന്റെ കറുത്ത ചുണ്ടുകളും നേർത്ത കൈകളും നട്ടുച്ചനേരത്തെ ആലിലകൾ പോലെ വിറയ്ക്കുന്നുണ്ടായിരുന്നു. തന്റെ ചുംബനമേൽക്കാൻ കാത്തുകിടക്കുന്ന വെളുപ്പും തവിട്ടും നിറമാർന്ന സ്വർഗങ്ങളിലൊന്ന് അവൾ വളരെ പതുക്കെ കയ്യിലെടുത്തു. എന്നിട്ട് ഇരുചുണ്ടുകൾകൾക്കുമിടയിൽ കോർത്തു. ചെക്കന്റെ കണ്ണുകളിൽ തീരെ നിസ്സാരമല്ലാത്ത ഒരു ഭയം പ്രതിഫലിക്കാതിരുന്നില്ല. അതത്ര കാര്യമാക്കാതെ വേഗം കഥകളിയുടെ പുറംചിത്രമുള്ള തീപ്പെട്ടി തുറന്നു. ശ്വാസം മുട്ടി മരിച്ചുകിടക്കുന്ന അമ്പതോളം കൊള്ളികളിലൊന്നെടുത്ത് കത്തിച്ചു. ശവദാഹം കഴിയുന്നതിനു മുന്നേ തീ സിഗരറ്റിലേക്ക് കൈമാറി.
അവൾ ഒരു നിമിഷം മുകളിലേക്ക് നോക്കി. അവനും. ചുണ്ണാമ്പ് നിറമാർന്ന മാനത്ത് കറുത്ത ഭാണ്ഡക്കെട്ടുകൾ പോലെ മഴമേഘങ്ങൾ കെട്ടിനിൽക്കുന്നു. ദൂരെ കാടിളക്കി വരുന്ന കാട്ടുകൊമ്പനെ പോലെയുള്ള മഴയുടെ ആരവം നിമിഷനേരംകൊണ്ട് അടുത്തെത്തി. ഒടുവിൽ സിഗരറ്റിലേക്ക് പടർന്ന ചെന്തീ കർക്കടകസംക്രമത്തിലെ മേഘങ്ങൾ ഒരു ദാക്ഷിണ്യവും കൂടാതെ അണച്ചു.നനഞ്ഞ സിഗരറ്റ് അവൾ അരിശത്തോടെ നിലത്തേക്കെറിഞ്ഞു.
”ചേച്ചി അത് പോട്ടെ.മഴ നനയണ്ട… വാ”
ചെക്കൻ തലയിൽ കൈപൊത്തി ഓടി.
അവൾ കാലുകൾ പറിച്ചെടുത്ത് വേസ്റ്റ് ലാൻഡിൽ നിന്ന് ഓടാൻ ശ്രമിച്ചു. മഴവെള്ളം തീർത്ത ചുഴിയിൽ കാലുകൾ ഒട്ടിപ്പിടിച്ചപോലെ. സകലപേശികളെയും ഉത്തേജിപ്പിച്ച് ഒന്നുകൂടി ആഞ്ഞുവലിച്ചു.
ഇല്ല….ആ കാലുകൾക്ക് അനക്കമില്ല .അവളുടെ നേത്രഗോളങ്ങൾ ഒരിക്കൽ കൂടി മേൽപ്പോട്ടുയർന്നു.
ബസ്റ്റാന്റിന് മുകളിലെ മൂവർണ്ണക്കൊടി മഴയിൽ കുതിർന്ന് ഇരുമ്പ് ദണ്ഡിന്മേൽ പറ്റിപ്പിടിച്ചിരിപ്പുണ്ട്.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.