ജീവിതത്തിന്റെ പര്യായപദങ്ങൾ

0
753
dr-ks-krishnakumar-jeevithathinte-paryayapadangal-wp
ഡോ. കെ.എസ് കൃഷ്ണകുമാർ

ഡോ കെ എസ് കൃഷ്ണകുമാർ

ഭൂമി പോലെയാണ് വായനയും. പരന്നങ്ങനെ കിടക്കുന്നു. പുസ്തകങ്ങളുൾപ്പെടെ വായനാസാമഗ്രികൾ ജനസംഖ്യയെക്കാൾ എത്ര ഇരട്ടി കാണുമെന്ന് ചോദിച്ചാൽ ഉത്തരം മുട്ടിപ്പോകും. അത് ഗൂഗിളിൽ തിരഞ്ഞിട്ടൊന്നും കാര്യമില്ല. വിനോദസഞ്ചാരം പോലെയാണ് പുസ്തകവായനയും. ഈ പുരുഷായുസ്സ്‌ പോരാ കേരളം എന്ന ചെറിയ പ്രദേശം മുഴുവനായും ഒരു വട്ടമെങ്കിലും കണ്ടു തീർക്കാൻ. നമ്മളുടെ സ്വന്തം നാട്ടിൽ നമ്മൾ കാണാത്ത, അറിയാത്ത മനോഹരസ്ഥലങ്ങൾ നിരവധിയാണ്. വായനയുടെ കാര്യവും അങ്ങനെത്തന്നെ. മാധ്യമ ലഭ്യതകളുടെ ബാഹുല്യം കാരണം പ്രസിദ്ധമായ ആനുകാലികപ്രസിദ്ധീകരണങ്ങളിലും മുഖ്യധാരയിലലും മാത്രമായി ഭൂരിപക്ഷവായന വിധേയമാകുന്നത്‌. വായനയുടെ തിരഞ്ഞെടുപ്പിൽ പ്രസിദ്ധിയും മൂല്യവും പരസ്പരബന്ധിതമായി പുതിയ കാലത്തെ വായനയെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. പ്രസാധകരുടെ ലോഗോ വായനാമൂല്യത്തിന്റെ കൂടി മുദ്രയായി വായനക്കാർ അറിയാതെ ശീലിക്കുന്നുണ്ട്. പുസ്തകം ആരാണ് പ്രസിദ്ധീകരിക്കേണ്ടതെന്ന് എഴുത്തുകാരുടെ ഐച്ഛികങ്ങളിൽ ബ്രാന്റുകൾക്ക് സ്ഥാനമുണ്ട്. പ്രസിദ്ധമായതിനെക്കാൾ മൂല്യമേറിയ എത്രയെത്ര രചനകളാണ് വെളിച്ചം കാണാതെയും വായിക്കപ്പെടാതെയും പോകുന്നത്‌. കല ഉൾപ്പെടെ മനുഷ്യന്റെ എല്ലാ തരം സർഗാവിഷ്കാരങ്ങൾക്കും ഈ ദുരവസ്ഥയുണ്ട്. ഒരു നിയോഗമെന്ന് ആശ്വസിക്കുക മാത്രം. ക്രിയാത്മകമായി രചനകൾ നിരന്തരം സാധ്യമാകുന്നതിൽ സ്വാസ്ഥ്യം കൊള്ളുക.

എഴുത്തിന്റെതുപോലെ വായന വരുന്ന വഴികളും പ്രവചനാതീതമാണ്. അവിചാരിതമായും നല്ല വായനകൾ സംഭവിച്ചേക്കാം. ആർ കെ ഷാജിയുടെ കവിതാസമാഹാരമായ ‘പര്യായപദങ്ങൾ വാക്യത്തിൽ പ്രയോഗിക്കുമ്പോൾ’ എന്ന പുസ്തകത്തിന്റെ വായനാനുഭവത്തിനു ആമുഖമാണ് ഇത്രയും പറഞ്ഞത്‌. ഷാജിയുടെ ആദ്യത്തെ പുസതകമാണ് ‘പര്യായ പദങ്ങൾ വാക്യത്തിൽ പ്രയോഗിക്കുമ്പോൾ’. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും സമൂഹമാധ്യമങ്ങളിലും എഴുത്തുകൊണ്ട്‌ ഷാജി സജീവമാണ്. കുറച്ച് വാക്കുകളിലും വരികളിലുമായി തീക്ഷ്ണമായ ആശയങ്ങൾ അവതരിപ്പിക്കുന്ന കവിതകളാൽ ആർ കെ ഷാജി ശ്രദ്ധേയനാണ്. ഷാജിയുടെ ഓരോ കവിതയും അത്രമേൽ അളന്നും കിഴിച്ചും കൂട്ടിയും കൃത്യമായി ചമയ്ക്കുന്നവയാണ്. മുഖ്യധാരയിലെ എഴുത്തുകാരുടെതുപോലെ ഉൾക്കാമ്പും ഭാവുകത്വവും രൂപഭദ്രതയും നിറഞ്ഞ കവിതകളാണ് ഷാജിയുടെത്‌.

paryayapadangal-vakyathil-prayogikkumbol

പഠനങ്ങളിൽ ആരംഭത്തിൽ തന്നെ പ്രതിപാദ്യം മികച്ചതെന്ന് പ്രസ്താവിക്കരുത്‌. ആ നിയമമെല്ലാം തെറ്റിച്ചുകളയും ‘പര്യായപദങ്ങൾ വാക്യത്തിൽ പ്രയോഗിക്കുമ്പോൾ’ എന്ന കൃതിയുടെ ആസ്വാദനത്തിൽ ലഭിക്കുന്ന സുഖത്തിൽ അതിന്റെ വായനാനുഭവങ്ങൾ എഴുതാനിരിക്കുമ്പോൾ. മലയാള പുതുകവിതയുടെ സമൃദ്ധഭാഗങ്ങളാണ് ആർ കെ ഷാജിയുടെ രചനകളെന്ന് പറയാനാകും. പുതുകവിതയുടെ ലക്ഷണയുക്തമായ പ്രദേശങ്ങളാണ് അവ. നിത്യപരിചിതമായ കാര്യങ്ങളിൽ നിന്ന് അൽപവരികളിൽ വിചാരവിസ്മയങ്ങൾ തീർക്കുന്ന ഭാവനാവൈചിത്ര്യങ്ങൾ.

അവിചാരിതമായാണ് ഷാജിയുടെ പുസ്തകം കയ്യിൽ വന്നത്‌. ഒരു യാത്രയിൽ. സുഹൃത്തും കവിയും ഗസൽഗായകനുമായ അഹമ്മദ്‌ മുഈനുദ്ദീന്റെ കൂടെ ജന്മദേശമായ ഗുരുവായൂരിൽ നിന്ന് ഞങ്ങളുടെ നഗരമായ തൃശൂരിലേക്ക്‌ ബസ്സിൽ യാത്രചെയ്യുമ്പോഴാണു ‘വാക്യത്തിൽ പ്രയോഗിച്ച പര്യായപദങ്ങൾ’ എന്ന പുസ്തകം മൊയ്നുക്കാന്റെ മടിയിൽ ഒരു ആഴ്ചപതിപ്പിന്റെയുള്ളിലിരിക്കുന്നത്‌ കാണുന്നത്‌. മൊയ്നുക്ക ചിന്ത ബുക്സിന്റെ പുസ്തകചന്ത സ്റ്റാളുകളിൽ മേൽനോട്ടക്കാരൻ കൂടിയാണ്. രണ്ടാഴ്ചയായി എറണാകുളത്ത്‌ അന്താരാഷ്ട്രപുസ്തകോത്സവത്തിൽ ഡ്യൂട്ടിയിലായിരുന്നു മൊയ്നുക്ക. പുസ്തകങ്ങൾക്കിടയിലെ ജീവിതത്തെക്കുറിച്ച്‌ അദ്ദേഹം എപ്പോഴും വാചാലനാകും. പുസ്തകങ്ങളെ മനുഷ്യരായി കണ്ട്‌ മൊയ്നുക്ക ധാരാളം കവിതകൾ എഴുതിയിട്ടുണ്ട്‌. പുസ്തകങ്ങൾ നടന്നുപോകുന്നതും കലഹിക്കുന്നതും പ്രണയിക്കുന്നതും ചിരിക്കുന്നതും ചുമയ്ക്കുന്നതും അവയ്ക്ക്‌ ജലദോഷം വന്നതുമെല്ലാം മൊയ്നുക്കയുടെ കവിതകളിൽ വായിക്കാം. പുസ്തകച്ചന്തകളുടെ അവസാനത്തീയതി കഴിഞ്ഞാലും പിന്നെയും രണ്ടുമൂന്ന് ദിവസം കൂടി ബാക്കി വന്ന പുസ്തകങ്ങളെ പ്രസാധകരുടെ അടുത്തേക്ക്‌ തിരികെ അയക്കാൻ അവയെ കെട്ടുകളാക്കുന്ന ജോലിയിലായിരിക്കും മൊയ്നുക്ക. വായിക്കാൻ ആഗ്രഹിച്ച ചില പുസ്തകങ്ങളെ കൂട്ടത്തിൽ നിന്ന് മാറ്റി വയ്ക്കും. പുസ്തകച്ചന്ത കഴിഞ്ഞാലും അവ പിടിവിടാതെ വീട്ടിലേക്ക്‌ കൂടെ പോരുമത്രേ. അങ്ങനെ കൊച്ചിയിലെ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നിന്ന് മൊയ്നുക്കാന്റെ കൂടെ ഇറങ്ങിപോന്ന ഒരു പുസ്തകമായിരുന്നു ‘പര്യായപദങ്ങൾ വാക്യത്തിൽ പ്രയോഗിക്കുമ്പോൾ’.

ഗുരുവായൂർ സ്റ്റാന്റിൽ നിന്ന് ബസ്സ്‌ എടുക്കുമ്പോൾ ഞാൻ ആ പുസ്തകത്തിലെ അഞ്ചാമത്തെ കവിത ‘ഗീതേച്ചി’ വായിക്കുകയായിരുന്നു. കോഴിക്കോടൻ ഹലുവ പോലെ മധുരമേറിയ ‘ഏട്ടൻ’,’ഏച്ചി’ വിളി പണ്ടേ പ്രിയതരമാണ്. കവിതയുടെ ശീർഷകത്തിൽ അത്‌ സമർത്ഥമായി വിനിമയം ചെയ്യുന്നുണ്ട്‌. വിധവയായ ഗീതേച്ചി പിന്നീട്‌ ജീവിതായോധനാർത്ഥം സ്വയം സംരംഭകയായി തുന്നൽ പണി ആരംഭിച്ചു. പത്തെണ്ണാക്കി ഷോപ്പിട്ട്‌ വിപുലീകരിച്ചു. ഒരു സ്കൂട്ടറും വാങ്ങിച്ചു. ഇപ്പോൾ ഒന്നിനും സമയമില്ല. പ്രേമേട്ടൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ മക്കളെയും നോക്കി തുണി അലക്കിയും ഇസ്തിരി ഇട്ടും അങ്ങനെ കഴിഞ്ഞേനേ. എന്നും പ്രേമേട്ടന്റെ ഫോട്ടോയ്ക്ക്‌ മുന്നിൽ വിളക്ക്‌ വച്ച്‌ പ്രാർത്ഥിച്ച്‌ തൊഴുന്ന ഗീതേച്ചിമാരെ നമുക്കെല്ലാം സുപരിചിതമാണെങ്കിലും നമ്മളാരും ഗീതേച്ചിയെ ഒരു കവിതയാക്കിയില്ല എന്നതാണു ആർ കെ ഷാജിയും നമ്മളും തമ്മിലുള്ള പ്രധാന വ്യത്യാസം.

ബസ്സ്‌ വേഗത്തിൽ നീങ്ങുന്നുണ്ട്‌. ‘കല്ല്’ എന്ന ആദ്യ കവിത ആശയാവതരണങ്ങൾ കൊണ്ട്‌ ഞെട്ടിച്ചുകളഞ്ഞു. രണ്ടും കല്ലാണെങ്കിലും അലക്ക്‌ കല്ലും ദൈവക്കല്ലും തമ്മിലുള്ള അടുപ്പയകലങ്ങൾ വിവരിക്കുന്ന കവിതയാണ് ആദ്യത്തേത്‌, ‘കല്ല്’. വിയർപ്പും കണ്ണീരും വിഴുപ്പും ചോരയും മഞ്ഞും വെയിലും കുടിച്ച്‌ അലക്ക്‌ കല്ല് ധ്യാനിച്ചിരിക്കുമ്പോൾ, തേനും പാലും കുടിച്ച്‌ ആടയാഭരണങ്ങളണിഞ്ഞ്‌ ഇരിക്കുകയാണ് ദൈവക്കല്ല്. കുറച്ച്‌ വരികളെയുള്ളൂ ഷാജിയുടെ കവിതകളിൽ, പക്ഷെ അനന്തമായ വർത്തമാനങ്ങളുടെ ഉറവകൾ നിറയെ പൊട്ടുന്നുണ്ട്‌ അവ ഓരോന്നിലും.

ബസ്സ്‌ ചൂണ്ടൽ എത്തി. കോഴിക്കോട്‌-തൃശൂർ ഹൈവേ. പുസ്തകത്തിൽ ആമുഖമായി ഷാജി എഴുതിയിരിക്കുന്നു, തനിക്ക്‌ ഒരു നാട്ടുമാവ്‌ ആകാൻ ആഗ്രഹമെന്ന്. ഗൃഹാതുരത്വം നിറഞ്ഞൊഴുകുന്ന ഒറ്റത്താൾകുറിപ്പ്‌. മരംകോച്ചും തണുപ്പറിഞ്ഞ്‌ പൂത്തുലഞ്ഞ്‌ ഉണ്ണികൾ വിരിഞ്ഞ്‌ മൂപ്പെത്തും മുമ്പേ പഴുക്കാതെ കല്ലേറുകൊണ്ട്‌ വാടാതെ നാടറിഞ്ഞ്‌ മഴയറിഞ്ഞ്‌ കാറ്ററിഞ്ഞ്‌ വെയിലറിഞ്ഞ്‌ നിലാവറിഞ്ഞ്‌ മണ്ണിൽ ഒട്ടിനിൽക്കുന്ന നാട്ടുമാവ്‌ പോലെയാകുന്നു തന്റെ കവിതകളെന്ന് ഷാജി ആമുഖക്കുറിപ്പിൽ സ്വയം തൻ്റെ കാവ്യജീവിതത്തെ നഗ്നമാകുന്നുണ്ട്‌.

ബസ്സ്‌ കേച്ചേരിയിലെത്തി. യൂസഫലി കേച്ചേരിയുടെ നാട്. ഒരു ജങ്ഷനാണത്. ബസ്സുകൾ കുറച്ച്‌ നേരം കേച്ചേരിയിൽ നിർത്തിയിടും. അടുത്ത ഗ്രാമങ്ങളായ വേലൂരിൽ നിന്നും ആളൂരിൽ നിന്നും ത്രൂശൂർ നഗരത്തിലേക്കുള്ള ആളുകളെ കാത്ത്‌ കിടക്കും. ബസ്സ്‌ നീങ്ങി. സൈഡ്‌ സീറ്റിൽ കാറ്റ്‌ കൊണ്ടിരുന്ന് മൊയ്നുക്ക സ്നേഹസംസാരങ്ങൾ തുടരുന്നുണ്ട്‌. എൻ്റെ പുസ്തകവായനയും. എറണാകുളം അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ രണ്ടാഴ്ചത്തെ അനുഭവങ്ങൾ വിവരിക്കുകയാണ് മൊയ്നുക്ക. പുസ്തകപ്രകാശന ചടങ്ങുകൾ, വന്ന എഴുത്തുകാർ, സെലിബ്രിറ്റികൾ, ഗസൽ സന്ധ്യയിൽ മൊയ്നുക്ക പാടിയത്‌, കവിയരങ്ങ്‌, പച്ചമുളക്‌ എന്ന കവിത അവതരിപ്പിച്ചത്‌. വാക്യത്തിൽ പ്രയോഗിച്ച പര്യായപദങ്ങളിലായിരുന്നു എന്റെ മനസ്സ്. ‘കവിതാ പുസ്തകം മാഷിന് ഇഷ്ടായോ?’ . എന്റെ മുഖഭാവം കണ്ട് മൊയ്നുക്ക ചോദിച്ചു. ബസ്സിനു വേഗതയേറി. വഴിയിൽ ഒരു വാഹനാപകടം. ആൾക്കൂട്ടം. അതിന്റെ ചുറ്റിലൂടെ വളച്ചെടുത്ത്‌ ബസ്സ്‌ വീണ്ടും ഹൈവേയിൽ പറന്നുതുടങ്ങി. ‘ഒൻപതാം വളവ്‌’ എന്നൊരു കവിതയുണ്ട്‌ ഈ പുസ്തകത്തിൽ. ഒരിക്കൽ വയനാട്‌ ചുരത്തിലെ ഒൻപതാം വളവിൽ നിന്നും ഓട്ടോറിക്ഷയോടൊപ്പം കൊക്കയിലേക്ക്‌ ചാടി കമിതാക്കൾ ആത്മഹത്യ ചെയ്ത സംഭവത്തെ ആസ്പദമാക്കി എഴുതിയ കവിതയാണത്‌. സാന്ദ്രമാണു ഷാജി തിരഞ്ഞെടുക്കുന്ന കവിതാപ്രമേയങ്ങൾ, പ്രമേയങ്ങൾ ഷാജിയുടെ കവിതയിലെത്തുമ്പോൾ സാന്ദ്രമാകുകയാണ് . പച്ചപ്പും മഞ്ഞും ആത്മാഹുതിയും ചെമപ്പുമെല്ലാം ചേർന്ന് വല്ലാത്ത ഒരു കൊറിയോഗ്രാഫി. കൺമുന്നിൽ ഭീതിദമായ ദൃശ്യങ്ങൾ. വയനാടൻ പച്ചപ്പിന്റെ വലിയ തിരശ്ശീലയിൽ രണ്ട്‌ കമിതാക്കൾ ചിന്നിചിതറി പിന്നെ ആത്മാവൊഴുകിയുണങ്ങി കിടക്കുന്നു. ഷാജിയുടെ കവിതകൾ പലതും പ്രത്യേക രീതിയിൽ വായിക്കുന്നവരെ നിശ്ചലമാക്കുന്നുണ്ട്. വായനയിൽ പൊടുന്നനെയുണ്ടാകുന്ന തീക്ഷ്ണമായ വിനിമയധാരകളുടെ ആരംഭത്തിൽ സംഭവിച്ചു പോകുന്ന നേർമ്മയേറിയ നിശ്ചലതയാണത്.

ബസ്സ്‌ അമല കാൻസർ ഇൻസ്റ്റിട്യൂട്ടിൻ്റെ മുന്നിൽ എത്തി. വീണ്ടും പുസ്തകത്തിന്റെ ആദ്യതാളുകൾ മറിച്ചുനോക്കി. ഡോ പി സുരേഷ്‌ എഴുതിയ അവതാരിക. ആർ കെ ഷാജിയുടെ കവിതയുടെ റൂട്ട് മാപ്പ് എന്തെന്ന് കൃത്യമായി സുരേഷ്‌ മാഷ്‌ ഗവേഷണസമമായി അവതാരികയിൽ അപഗ്രഥിക്കുന്നുണ്ട്‌. തന്റെ പരിസരജീവിതത്തിന്റെ ഉടലിൽ ശസ്ത്രക്രിയ ചെയ്യുന്നു. കേവലമായ ഒരു സാധാരണകാഴ്ചയെ തന്റെ ഭാഷാസൂക്ഷ്മതകൊണ്ട്‌ അസാധാരണമായ ദൃശ്യാനുഭവമാക്കാൻ ഷാജിക്ക്‌ കഴിയുന്നതായി ഡോ പി സുരേഷ്‌ വിലയിരുത്തുന്നുണ്ട്‌. ഷാജിയുടെ എഴുത്തുകളിലെ പുതുകവിതാലക്ഷണത്തികവുകളാണു അപഗ്രഥിക്കുന്നത്‌. ഷാജിയുടെ കവിതകളിലേക്കുള്ള അച്ചടക്കമുള്ള ചിന്തകൾ കൊണ്ട് മനോഹരമായ ഒരു കവാടമാണ് പുസ്തകത്തിന് ഡോ പി സുരേഷ് എഴുതിയ അവതാരിക. കാവ്യാസ്വാദനത്തിൽ പരിചയിച്ചെടുക്കേണ്ട കുറെ നല്ല ചുവടുകൾ കൂടി ആ എഴുത്തിൽ ലഭ്യമാകുന്നു.

ബസ്സ്‌ പുഴക്കൽ പാടം താണ്ടുന്നു. ഇരുവശവും നെൽവയലുകളുടെ ശവകുടീരങ്ങളായി ഉയർന്ന നവകാലവിൽപനശാലകൾ. മൊയ്നുക്ക ഒന്നുമയങ്ങിയെന്ന് തോന്നുന്നു. മരങ്ങളെക്കുറിച്ച്‌ മൊയ്നുക്ക ബസ്സിലെ ആ ഒറ്റയിരിപ്പിൽ സ്വപ്നങ്ങൾ കാണുന്നുണ്ടാകും. ‘സഞ്ചാരം’ എന്ന കവിതയിൽ ഒരാൾക്ക്‌ ഒറ്റയിരിപ്പിൽ എത്ര ദൂരം സഞ്ചരിക്കാനാകും എന്ന ചിന്ത ഷാജി അവതരിപ്പിക്കുന്നുണ്ട്‌. ഒപ്പം ഷാജി ചോദിക്കുന്നുണ്ട്‌, ഒറ്റനിൽപിൽ ഒരു മരം എത്ര ദൂരം സഞ്ചരിക്കുന്നുണ്ടാകും? ഓരോ പിടി മണ്ണിലും രാസസമവാക്യങ്ങൾ എത്ര ദൂരങ്ങൾ സഞ്ചരിക്കുന്നുണ്ടാകാമെന്ന് വിസ്മയപ്പെടുന്നതിൽ കവിയുടെ വിശ്വദർശനം വായിച്ചെടുക്കാനാകുന്നുണ്ട്‌.

ബസ്സ്‌ പൂങ്കുന്നം റെയിൽവേ മേൽപാലം കയറുന്ന പണ്ട്‌ തീവണ്ടികൾ പോകാൻ കാത്തുനിന്നത്‌ ഓർമ വന്നു. ഓർമക്കവിതകൾ നിറയെയുണ്ട് ഈ കവിതാ സമാഹാരത്തിൽ. പണ്ട്‌ സ്കൂൾ വരാന്തകളിലൂടെ ആവേശത്തിലും താളാബോധത്തിലും മുദ്രാവാക്യം മുഴക്കിയിരുന്ന സുരേഷേട്ടനെക്കുറിച്ച്‌ ‘പരിണാമം’ എന്നൊരു കവിതയുണ്ട്. സുരേഷേട്ടൻ ഇന്ന് വാർക്കപ്പണിക്ക്‌ പോകുകയാണ്. പണ്ട് ഉഗ്രരാഷ്ട്രീയം പുരണ്ട ആ ജീവിതം ഇന്ന് പണിയെടുക്കുന്ന സ്ഥാപനത്തിന്റെ കവാടത്തിൽ തന്നെ രാഷ്ട്രീയം പറയരുതെന്ന് ഒരു ബോർഡ്‌ വച്ചിട്ടുണ്ട്‌. കാലം നൽകിയ പരിണാമം. ഇങ്ങനെ ആർ കെ ഷാജി ജീവിതത്തിലെ ചുറ്റുകാഴ്ചകളിൽ നിന്ന് തനിക്ക്‌ ലഭിച്ച പര്യായപദങ്ങളെ കവിതകളിൽ വേറിട്ട ആർജ്ജവത്തോടെ വാക്യത്തിൽ പ്രയോഗിക്കുന്ന രചനകളാണു ഈ സമാഹാരം നിറയെ.

ഈ പുസ്തകത്തിലെ ഒരു കവിതയും വെറുതെയാകുന്നില്ല. അവസാനത്തെ കവിത ‘വേശ്യ’ . അവളുടെ പൊട്ടിയ കുപ്പായക്കുടുക്കിന്റെ ഇടയിലൂടെ അവളുടെ കുഞ്ഞിന് അന്ന് വാങ്ങികൊണ്ടുവരാനുള്ള സാധന സാമഗ്രികളുടെ കുറിപ്പടി പുറത്തേക്ക് വരുന്നു. നാരങ്ങ മിഠായി, പുളിയച്ചാർ, മലയാളം കോപ്പി, എഞ്ചുവടി, മറക്കല്ലേ.. ഉമ്മ..ഉമ്മ..
വിരുദ്ധാവസ്ഥകളുടെ മറകളിലെ പ്രത്യേക വിന്യാസമാണ് എക്കാലത്തെയും മനുഷ്യജീവിതം. ഈ കെട്ട കാലങ്ങളിൽ അത് കൂടുതൽ തീവ്രമാകുന്നുണ്ട്. കാലത്തിൻ്റെ കണ്ണാടിയെന്ന രീതിയിൽ കവിതയും കൂടുതൽ കനപ്പെടുകയാണ്.

ബസ്‌ തൃശൂർ ശക്തൻ സ്റ്റാന്റെത്തി. ഇറങ്ങി. ചുറ്റിലും വാക്യത്തിൽ പ്രയോഗിക്കപ്പെട്ട പല തരം പര്യായപദങ്ങൾ. ഒരു അദ്ഭുതം പോലെ മൊയ്നുക്ക എന്നോട്‌ ചോദിക്കുന്നു. ‘ജീവിതത്തിന്റെ പര്യായപദങ്ങൾ ഏതൊക്കെയാണു മാഷേ.’

പര്യായപദങ്ങൾ വാക്യത്തിൽ പ്രയോഗിക്കുമ്പോൾ (കവിത)
– ആർ .കെ. ഷാജി.
ഐ ബുക്സ് പ്രസിദ്ധീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here