വായന
സമീർ പിലാക്കൽ
“പ്രപഞ്ചത്തിൽ എന്തെങ്കിലും നേടിയെടുക്കാൻ ഒരാൾ പൂർണ്ണമനസ്സോടെ ആഗ്രഹിച്ചാൽ ആ ആഗ്രഹം പൂർത്തീകരിക്കാൻ ഈ ലോകം മുഴുവൻ അയാളുടെ കൂടെ നിൽക്കും’’ ആൽക്കെമിസ്റ്റ് എന്ന പുസ്തകത്തിന്റെ തുടക്കവും ഒടുക്കവും മധ്യവും പറയുന്നത് ഇതാണ്. ആദ്യമായിട്ടാണ് ഞാനൊരു പുസ്തകത്തിന്റെ വായനാനുഭവം എഴുത്തിലൂടെ പങ്കുവെക്കുന്നത്,അതിന് കാരണമുണ്ടാവും,കാരണമുണ്ട്, കാരണങ്ങളില്ലാതെ ഈ ലോകത്ത് ഒന്നും സംഭവിക്കുന്നില്ലെന്നാണ് ഈ പുസ്തകം തന്നെ പറയുന്നത്.
ഞാനാദ്യം ഈ പുസ്തകവുമായി ബന്ധപ്പെട്ട എന്റെ ഓർമ്മകൾ ഇവിടെ പങ്കുവെക്കാം, ഞാൻ ആദ്യമായി ഈ പുസ്തകം വാങ്ങിക്കുന്നതും വായിക്കുന്നതും ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു പെണ്കുട്ടിക്ക് പിറന്നാൾ സമ്മാനമായി കൊടുക്കാനായിട്ടാണ്. പ്രണയം തുറന്നു പറഞ്ഞതിന് എല്ലാ വിധ ആധുനിക സാധ്യതകളും ഉപയോഗിച്ചു അവൾ എന്നെ ബ്ലോക്ക് ചെയ്ത സമയം (ആധുനിക സംവിധാനം എന്നത് കൊണ്ട് ഉദ്ദേശിച്ചത് വാട്ട്സപ്പ്, ഫേസ്ബുക്ക്, ഇന്സ്റ്റാഗ്രാം തുടങ്ങിയവയെ കുറിച്ചൊക്കെയാണ് ). ശേഷം ശ്രമകരമായി തന്നെ അവളുടെ വീട്ടിലെ വിലാസം കണ്ടു പിടിച്ച് ഈ പുസ്തകവും അതിൽ ചുരുട്ടി ഒരു പ്രണയലേഖനവും ഞാനന്നവൾക്കയച്ചു കൊടുത്തു.
ആ പുസ്തകമോ പ്രണയലേഖനമോ അവൾ തുറന്ന് നോക്കിയിട്ടുണ്ടോ എന്ന് പോലും എനിക്കറിയില്ല, ആ പോസ്റ്റ് അവിടെ എത്തിച്ചിട്ടുണ്ട് എന്ന് മാത്രം പോസ്റ്റ്മാനിൽ നിന്നറിഞ്ഞു, അതിനപ്പുറത്തേക്ക് പിന്നീട് അതിനെ പറ്റിയൊന്നും കൂടുതലായി ഞാനറിഞ്ഞിട്ടില്ല, തീർച്ചയായും ഈ സമയവും ആ പുസ്തകം അവളുടെ ജീവിതത്തിൽ എല്ലാ വിധ പ്രകാശവും കൊണ്ട് വരട്ടെ എന്ന് ആത്മാർതഥമായി പ്രാർതഥിക്കുന്നു.
ഞാൻ ഈ പുസ്തകം വായിക്കാൻ നിമിത്തമായ സംഭവം എന്താണ് എന്നാണ് സങ്കീർണ്ണമായ നീട്ടിപരത്തലിലൂടെ ഞാൻ ഇവിടെ പറഞ്ഞു വെച്ചത്.സത്യത്തിൽ എല്ലാം ഒരു നിമിത്തമാണ്, ആ നിമിത്തത്തിന്റെ ഭാഗമായതിന് , കാരണമായതിന് ആ പെൺകുട്ടിയോട് എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഇത് പോലെ സ്പെയിനിലെ ഒരു പ്രശസ്തമായ തീർതഥാടന കേന്ദ്രത്തിൽ നിന്നുണ്ടായ ഒരു വ്യത്യസ്ത അനുഭവമാണ് ബ്രസീലിയനായ പൗലോ കൊയ്ലോ ഈ പുസ്തകമെഴുതാൻ നിമിത്തമാകുന്നത്.നിമിത്തങ്ങളില്ലാതെ ഒന്നും പ്രപഞ്ചത്തിൽ സംഭവിക്കുന്നില്ല എന്ന് തന്നെയാണ് മനോഹരമായി അദ്ദേഹം ഈ പുസ്തകത്തിലൂടെ പറഞ്ഞു വെക്കുന്നത് .
ഇതിനെ ഏത് സാഹിത്യരചനയുടെ കീഴിൽ പ്പെടുത്തുമെന്നതിലെനിക്ക് സന്ദേഹമുണ്ട്, ഇതൊരു കഥയാണ്, കവിതയാണ്, ഫിലോസഫിയാണ്, ഫിക്ഷനാണ്, യാത്ര വിവരണമാണ്, അതിലപ്പുറം ജീവിതത്തിലെ സന്ദേഹിയായ ഒരു മനുഷ്യൻ നടത്തുന്ന യാത്രകളാണ്. സന്ദേഹിയായ മനുഷ്യൻ നടത്തുന്ന യാത്രകൾ മാത്രമേ അതിന്റെ ലക്ഷ്യവും നിയോഗവും നിറവേറ്റുന്നുളളൂ.. ഇവിടെ സാന്റിയാഗൊ എന്ന ആട്ടിടയൻ താൻ കണ്ട സ്വപനത്തിനുപ്പുറത്ത് അറ്റമില്ലാത്ത ലോകത്തിലൂടെ, മരുഭൂമിയിലൂടെ യാത്ര ചെയ്യുന്നു.
യാതനകളും വേദനകളും അനുഭവിക്കുന്നു, സന്തോഷവും ആനന്ദവും ലഭിക്കുന്നു . വായനക്കാരന് ആ യാത്രകളെ ആഖ്യാനിക്കാം, വ്യാകുലപ്പെടാം, ഒരു നിമിഷം അൽഭുതപ്പെട്ടു ഞാനും തലയിൽ കൈവെച്ചിട്ടുണ്ട്. സ്വപ്നങ്ങൾക്ക് പിന്നാലെയുള്ള ആ യാത്രയിൽ അയാൾ ഇഷ്ട്ടപ്പെട്ടിരുന്ന ആൻഡലൂഷ്യ പെൺകുട്ടിയെ അയാൾക്ക് നഷ്ടപ്പെടുന്നുണ്ട്, പിന്നീടൊരിക്കലും കാണാൻ പറ്റാത്ത പോലെ അവളിലേക്കുള്ള വാതിലടയുന്നുണ്ട്.
എന്നാൽ അതുമൊരു നിമിത്തമാവാം, അതിനപ്പുറമത് പ്രപഞ്ചത്തിന്റെ ആജ്ഞയാവാം. അതിന് ശേഷം സ്വപ്നങ്ങളിലേക്കുള്ള ആ യാത്രയിൽ അയാൾ മരുഭൂമിയിൽ അയാൾക്കായി എടുത്തു വെച്ച ഫാത്തിമ എന്ന പെൺകുട്ടിയെ കാണുന്നു, ഇഷ്ട്ടപ്പെടുന്നു, അവർ പരസ്പരം പ്രണയത്തിലാവുന്നു. ഇവിടെ ഞാൻ മനസ്സിലാക്കിയ കാര്യം ജീവിതത്തിൽ നമുക്കൊരിക്കലും ഒന്നും നഷ്ട്ടപ്പെടുന്നില്ല എന്നാണ്, നഷ്ട്ടപ്പെടുന്നുവെങ്കിൽ അത് നമ്മുടേതല്ല, നമ്മുടെതാണെങ്കിൽ തീർച്ചയായും അത് നമുക്കരികിലെത്തും.. നമുക്കരികിലേക്ക് എത്തുവോളവും അത് നമ്മുടേത് തന്നെയാണ്. ശരിയായ സമയത്തിന് വേണ്ടി ദൈവവും പ്രക്യതിയും നമുക്കായി എടുത്തു വെച്ചതാണെന്ന് മാത്രം.
അയാൾ അവിടെ ഫാത്തിമയോട് കാത്തിരിക്കാൻ പറഞ്ഞു അയാളുടെ സ്വപ്നത്തിലേക്ക് വീണ്ടും യാത്ര തുടരുന്നു . അയാൾ മടങ്ങി വരുന്നുണ്ടോ ?
കഥയിൽ യാത്രക്കസാനം അയാൾക്ക് എന്ത് സംഭവിക്കുന്നു, എന്ത് നേടുന്നു? അത് പറഞ്ഞു വായനാസ്വാദനത്തിന്റെ സാധ്യതകളെ ഞാൻ അറുത്തു മറ്റുന്നില്ല,ഇനി അത് പറഞ്ഞാലും വീണ്ടും വീണ്ടും ഈ പുസ്തകം വായനയും പുനർവായനയും അർഹിക്കുന്നുണ്ട്. അത് ജീവിതത്തിലെ സങ്കീർണ്ണമായ നിങ്ങളുടെ യാത്രകൾക്ക് ഉത്തരം നൽകും. കാരണം സാന്റിയാഗൊ എന്ന് പറയുന്ന ആട്ടിടയന്റെ അറ്റമില്ലാത്ത യാത്രയോടപ്പം ആൽക്കെമിസ്റ്റ് എന്ന് പറയുന്ന ഈ പുസ്തകത്തിന്റെ പ്രമേയങ്ങളും മരുഭൂമിയും ആകാശവും കടലും കടന്നു അറ്റമില്ലാതെ സഞ്ചരിക്കുന്നു,ഇന്നും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു .
മരുഭൂമിയിൽ വെച്ച് അയാൾ ഇരുമ്പ് സ്വർണമാക്കുന്ന വിദ്യ അയാൾ പഠിക്കുന്നുണ്ട്,എന്നിരുന്നാലും ഒരിക്കൽ പോലും അയാളത് ഉപയോഗിക്കുന്നില്ല,വിഭവങ്ങളുള്ള മനുഷ്യനാവുകയല്ലായിരുന്നു അയാളുടെ ജീവിതത്തിന്റെ നിയോഗവും ഉദ്ദേശവും എന്നത് കൊണ്ട് തന്നെ. മരുഭൂമിയിൽ നിന്ന് അയാൾ മനുഷ്യരുടെതല്ലാത്ത പ്രപഞ്ചത്തിന്റെ സർവലൗകിക ഭാഷ പഠിക്കുന്നുണ്ട് .കാറ്റ് മരങ്ങളോട് പറയുന്നതും ആകാശം ഭൂമിയോട് പറയുന്നതും തിരകൾ തീരത്തോട് പറയുന്നതും ഈ ഭാഷയിലാണ് .
ബെന്യമിൻറെ ആട് ജീവിതത്തിൽ ആടുകൾക്കിടയിൽ ജീവിക്കുന്ന നജീബ് എന്ന കഥാപാത്രവും മനുഷ്യരുടെതല്ലാത്ത ഭാഷ പഠിക്കുന്നുണ്ട് .എന്നാൽ അത് അതിജീവനത്തിന്റെ ഭാഷയായിരുന്നു .സാന്റിയാഗോയുടെത് പ്രപഞ്ചത്മാവിനേ തൊട്ടറിയലും .
യാത്രക്കാവസനം അയാൾ തേടിയിരുന്ന നിധി കിട്ടിയോ.. ആ നിധി കിട്ടിയില്ലെങ്കിൽ തന്നെ അയാളുടെ യാത്ര വെറുതെയാകുമായിരുന്നോ.. അയാൾ സഞ്ചരിച്ച യാത്രകളോക്കെയും നിധിയല്ലേ.. വായനയുമതാണ്. വായനക്കവസാനം നിങ്ങൾക്ക് എന്ത് ലഭിക്കുന്നു… വായനയും യാത്രയും അവസാനിക്കുന്നില്ല …
വായന കഴിഞ്ഞാലും പുസ്തകത്തിലൂടെയുള്ള യാത്ര അവസാനിക്കുന്നില്ല .
നിങ്ങൾ ഈ പുസ്തകം വായിക്കാൻ ഈ എഴുത്ത് ഒരു നിമിത്തമാവട്ടെ .. വായനദിനത്തിന് നിങ്ങൾക്ക് തരാൻ എന്റെ കയ്യിൽ ഒരു ഉപേക്ഷയുണ്ട് .മറ്റാർക്കും കൊടുക്കാത്ത ..അന്ന് എന്റെ പ്രണയിനിക്ക് പുസ്തകത്തിനോടപ്പമുള്ള കത്തിൽ എഴുതിയ അതെ ഉപേക്ഷ
“പുസ്തക താളുകൾ മറിക്കുമ്പോയല്ല ,അതിന്റെ കാതലിലൂടെ യാത്ര ചെയ്യുമ്പോഴാണ് നമ്മൾ ആ പുസ്തകത്തിന്റെ വസന്തമാകുന്നത് ,വസന്തത്തിന്റെ ഭാഗമാകുന്നത് “