പാലസ്തീനിലെ യുവ ആക്റ്റിവിസ്റ്റും അമേച്വര്‍ ജേര്‍ണലിസ്റ്റുമാണ് പതിനൊന്നുകാരിയായ ജന്ന ജിഹാദ്. അധിനിവേശ വെസ്റ്റ്ബാങ്കിലെ നബിസാലഹ് എന്ന ഗ്രാമത്തില്‍ കഴിയുന്ന ജന്നയുടെ ഇസ്രായേല്‍ യുദ്ധവുമായി ബന്ധപ്പെട്ട നേരനുഭവങ്ങള്‍ ഒരു പരമ്പരയായി പ്രസിദ്ധീകരിച്ചിരിക്കുകയാണ് സൂം ഇന്‍ ടി.വി. ചാനലിന്റെ ‘ലോക്കല്‍ ഹീറോസ്’ എന്ന പരിപാടിയിലാണ് ലക്ഷ്യം നേടിയെടുക്കാന്‍ ധൈര്യപൂര്‍വം മുന്നിട്ടിറങ്ങുന്ന ആളുകളുടെ ജീവിതത്തേയും ജോലിയേയും കുറിച്ച് തുറന്നു കാട്ടുന്നത്. തമീമി കുടുംബാംഗമായ ജന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ മാധ്യമപ്രവര്‍ത്തക കൂടിയാണ്.
“കളിക്കോപ്പുകളാകുന്ന ബോംബുകള്‍” എന്ന ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്തത് ഫെബ്രുവരിയിലായിരുന്നു. ഇസ്രായേല്‍ അധിനിവേശത്തിനു കീഴില്‍ ജീവിക്കുന്ന കുട്ടികളുടെ ജീവിതമാണ് ഇതിൽ കാണിക്കുന്നത്. ഇസ്രായേല്‍ സൈന്യം ജന്നയുടെ വീടിനു സമീപത്തേക്ക് വിക്ഷേപിച്ച ഗ്യാസ് കാനിസ്റ്ററുകളും ഗ്രനേഡുകളും കൊണ്ടാണ് ഇവിടെ കുട്ടികള്‍ കളിക്കുന്നത്.
”മറ്റൊരു ജീവിതമാണ് ഞാന്‍ സ്വപ്‌നം കാണുന്നത്. അധിനിവേശമില്ലാതെ ജീവിക്കാന്‍, ലോകത്തെ മറ്റേതൊരു കുട്ടിയും ജീവിക്കുന്ന പോലെ എനിക്കും ജീവിക്കണം. മറ്റു കുട്ടികള്‍ കളിക്കുന്ന കളിപ്പാട്ടങ്ങളുപയോഗിച്ച് ഞങ്ങള്‍ക്കും കളിക്കണം. രാത്രികളില്‍ ജനലിനു സമീപത്തു പതിക്കുന്ന ബോംബിന്റെ ഞെട്ടലില്ലാതെ ഉറങ്ങാന്‍ സാധിക്കണം. അര്‍ധരാത്രിയില്‍ പട്ടാളക്കാരുടെ ഭീതിയില്‍ നിന്നും മോചനം ലഭിക്കണം. എന്റെ കണ്‍മുന്നില്‍ വെച്ച് എന്റെ കൂട്ടുകാര്‍ കൊല്ലപ്പെടാത്ത മറ്റൊരു ലോകം. എന്റെ പ്രിയ കൂട്ടുകാർ എന്റെ മുന്നില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെടാത്ത, എന്റെ ഉമ്മക്ക് പരുക്ക് പറ്റാത്ത, വീട് തകര്‍ക്കപ്പെടാത്ത, ഒരു സാധാരണ ജീവിതത്തെയാണ് ഞാന്‍ സ്വപ്‌നം കാണുന്നത്… ജന്ന പറയുന്നു.
“റെയ്ഡുകള്‍”എന്ന രണ്ടാം എപ്പിസോഡിൽ 14 വയസ്സുകാരനായ തന്റെ സഹോദരന്റെ മുഹമ്മദിന്റെ കഥ പറയുകയാണ് ജന്ന. ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് തലക്ക് പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് മുഹമ്മദ് തമീമി.
തന്റെ ഗ്രാമത്തില്‍ സൈന്യം നടത്തിയ റെയ്ഡിനിടെയാണ് മുഹമ്മദിന് വെടിയേറ്റത്. റെയ്ഡുകളുടെ നിരന്തരമായ ഭയത്തിലാണ് ഞങ്ങള്‍ ജീവിക്കുന്നത്. നബി സാലഹ് എന്നത് ചെറിയ ഒരു ഗ്രാമമാണ്. ആകെ 553 ആളുകള്‍ മാത്രമാണ് ഇവിടെ ജീവിക്കുന്നത്. എല്ലാവരും തമീമി കുടുംബാംഗങ്ങളാണ്. ഇവിടുത്തെ പ്രയാസങ്ങളും ക്രൂരതകളും ലോകത്തിനു മുന്നില്‍ തുറന്നുകാണിക്കാന്‍ ഞാന്‍ ആരംഭിച്ചു. ഒരു ദിവസം എല്ലാത്തില്‍ നിന്നും മോചനം ലഭിക്കും എന്നു തന്നെയാണ് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നത്.
“കെണിയിലകപ്പെട്ടവര്‍”എന്നതാണ് മൂന്നാം ഭാഗം. ‘ഞാന്‍ ഇതുവരെ കടല്‍ കണ്ടിട്ടില്ല, ഫോട്ടോകളില്‍ മാത്രമാണ് കണ്ടത്’ നബിസലാഹിലെ ഒരു കുട്ടി ജന്നയോട് പറഞ്ഞു. അധിനിവേശ ഫലസ്തീനില്‍ നിന്നും യാത്രക്കുള്ള വിലക്കിനെ തുറന്നുകാട്ടുകയാണ് ജന്ന.
നമുക്ക് ഇഷ്ടപ്പെട്ടിടത്തേക്കൊന്നും നമുക്ക് പോകാന്‍ കഴിയില്ല. ഇവിടെ നമുക്ക് വലിയ ഒരു ജയില്‍ പോലെയാണ്. ഗ്രാമത്തിലെ മറ്റു കുട്ടികളുമായി അഭിമുഖം നടത്തിയതിന്റെ ഓര്‍മകളാണ് മൂന്നാം എപ്പിസോഡില്‍ അവര്‍ പങ്കു വെക്കുന്നത്. നമുക്കിഷ്ടപ്പെട്ടിടത്തേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കണമെന്നും ഈ കുടിയേറ്റം ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്നും കുട്ടികള്‍ ജന്നയോട് പറഞ്ഞു.
“അഹദിന്റെ ദിവസം”. ഇസ്രായേല്‍ സൈന്യത്തിന്റെ മുഖത്തടിച്ചതിന് അറസ്റ്റു ചെയ്ത് ജയിലില്‍ കഴിയുന്ന അഹദ് തമീമിയുടെ കഥയാണ് നാലാമത്തെ എപ്പിസോഡില്‍ ജന്ന പറയുന്നത്. ജന്നയുടെ കുടുംബാംഗമാണ് അഹദ് തമീമി.
വളരെ കഷ്ടമാണ് അഹദിന്റെ അവസ്ഥ, അവര്‍ സ്‌കൂളിലെ അവസാന വര്‍ഷത്തെ പഠനത്തിലായിരുന്നു. ഞങ്ങളുടെ കുടുംബാംഗത്തെ അറസ്റ്റു ചെയ്തത് ഞങ്ങള്‍ക്കും പ്രയാസമുണ്ടാക്കി. ‘എന്റെ സുഹൃത്തായിരുന്നു അഹദ്. അവളെ ഇപ്പോള്‍ എനിക്ക് മിസ് ചെയ്യുന്നുണ്ട്. എന്റെ ശരീരത്തിലെ ഒരു ഭാഗം നഷ്ടപ്പെട്ട പോലെയാണ് എനിക്ക് ഇപ്പോള്‍. ഒറ്റപ്പെട്ട പോലെ അനുഭവപ്പെടുന്നു, വളരെ ദു:ഖമുണ്ടതിൽ’ ജന്നയുടെ വാക്കുകളാണിത്..
പേടി സ്വപ്‌നങ്ങള്‍ എന്ന അവസാനത്തെ എപ്പിസോഡില്‍ ജന്ന നബി സാലഹിലെ അവരുടെ കലുഷിതമായ ജീവിതത്തെക്കുറിച്ചാണ് വിവരിക്കുന്നത്. ഭയവും വേദനയും നഷ്ടപ്പെടലുമെല്ലാം നിറഞ്ഞ പേടി സ്വപ്നങ്ങള്‍ക്ക് നടുവിലാണ് ഇപ്പോള്‍ ജീവിക്കുന്നത്. എവിടെ പ്രതിഷേധങ്ങളും കലഹങ്ങളുമുണ്ടാകുന്നുവോ അവിടെയെല്ലാം വെടിവെപ്പുകളും ബോംബിങ്ങും ഇപ്പോള്‍ നിത്യ സംഭവമായിരിക്കുകയാണ്. വീഡിയോവില്‍ ജന്ന ജിഹാദ് പറഞ്ഞു നിര്‍ത്തുമ്പോഴും വീടിനു താഴെ സൈന്യത്തിന്റെ വെടിവെപ്പുകള്‍ നടക്കുന്നുണ്ടായിരുന്നുണ്ട്.
(കടപ്പാട്: IslamOnLive)