മൈസൂരു : മൈസൂരു മാനസഗംഗോത്രിയിലെ ഓപ്പണ്‍ എയർ ഓഡിറ്റോറിയത്തിൽ സംഗീതപരിപാടി അവതരിപ്പിച്ചു കൊണ്ട് എസ് ജാനകി തന്റെ പൊതുസംഗീതജീവിതത്തിന് വിരാമമിട്ടു.
ഓഡിറ്റോറിയത്തില്‍ ജാനകിയമ്മ മകന്റെ കൈപിടിച്ചു എത്തിയപ്പോള്‍ വന്‍ കയ്യടികളോടെയാണ് ജനം പ്രിയപ്പെട്ട ജാനകിയമ്മയെ സ്വീകരിച്ചത്. തന്റെ സംഗീത യാത്രയ്ക്ക് വിരാമമിടാന്‍ ജാനകിയമ്മ എത്തിയപ്പോള്‍ ആയിരങ്ങളുടെ കണ്ണ് നിറഞ്ഞത് അവരെയും അവരുടെ ശബ്ദ മാധുര്യത്തെയും അത്രമേല്‍ സ്നേഹിച്ചിരുന്നതുകൊണ്ടാണ്.
പ്രായാധിക്യം സ്വരത്തെ ബാധിക്കുമോ എന്ന സംശയം ഉടലെടുത്തതോടെയാണു പാട്ടു മതിയാക്കാന്‍ ജാനകിയമ്മ തീരുമാനിച്ചത്. സിനിമയില്‍ പാടുന്നത് അവസാനിപ്പിച്ച ജാനകിയുടെ സാന്നിധ്യം ഇനി സംഗീതനിശകളിലും ഉണ്ടാകില്ല. പാട്ടു നിര്‍ത്തരുതെന്ന സദസ്സിന്റെ അഭ്യര്‍ഥനയോട്, സ്വരം നന്നായിരിക്കുമ്ബോള്‍ പാട്ടു നിര്‍ത്തണമെന്ന പഴഞ്ചൊല്ല് ജാനകിയമ്മ ഓര്‍മിപ്പിച്ചു.’നിങ്ങളുടെ സ്നേഹമാണ് എന്നെ ഇന്ന് ഇവിടെ എത്തിച്ചത്.
നിങ്ങളുടെ മനസ്സില്‍ ഞാനുണ്ട്. ഞാന്‍ തൃപ്തയാണ്,’എന്നാണ് ജാനകിയമ്മ സദസ്സിനോട് പറഞ്ഞത്.പിന്നീട് ‘ഗണവദനേ ഗുണസാഗരേ.’ യില്‍ തുടങ്ങി സന്ധ്യേ കണ്ണീരിതെന്തേ അടക്കമുള്ള മതിവരുവോളം ആലപിച്ചാണ് ‘അമ്മ വേദി വിട്ടത്.മൈസൂരു മലയാളിയായ മനു ബി.മേനോന്‍ നേതൃത്വം നല്‍കുന്ന സ്വയംരക്ഷണ ഗുരുകുലവും എസ്.ജാനകി ചാരിറ്റബിള്‍ ട്രസ്റ്റ് മൈസൂരുവും സുവര്‍ണ കര്‍ണാടക കേരള സമാജം ഉത്തര മേഖലയും ചേര്‍ന്നാണു സംഗീത നിശയ്ക്ക് അരങ്ങൊരുക്കിയത്.