വിഷകണ്ടൻ, മരണത്തിലും അനശ്വരനായ വടക്കിന്റെ വീരനായകൻ

0
566

 

മധു കിഴക്കയിൽ

നാടുവാഴിത്തത്തിന്റെ ക്രൗര്യതയിൽ ജീവൻ നഷ്ടപ്പെടേണ്ടി വന്ന ചാത്തമ്പള്ളി കണ്ടനെ തോറ്റിയുണർത്തി സ്വശരീരത്തിലേക്ക് പ്രതിഷ്ഠിക്കാൻ തയ്യാറായിക്കഴിഞ്ഞു കൊളച്ചേരി പെരുവണ്ണാൻ. കോലം ധരിക്കാൻ അടയാളം വാങ്ങിയ നാൾ തൊട്ട് ആരംഭിച്ച വ്രതാനുഷ്ഠാനത്തിലൂടെ കണ്ടനെന്ന മഹാപുരുഷനിലേക്കുള്ള പകർന്നാട്ടമാണിനി…..
നാല് തവണ വിഷ കണ്ടന്റെ കോലം ധരിച്ച മുപ്പത്തിയാറുകാരനായ കൊളച്ചേരി കൃഷ്ണൻ പെരുവണ്ണാനാണ് ഇക്കുറിയും വിഷകണ്ടൻ ദൈവത്തിന്റെ കോലധാരി.
അവർണ്ണന് അക്ഷരാഭ്യാസം പോലും നിഷേധിക്കപ്പെട്ട് അടിമയായി ജീവിക്കേണ്ടി വന്ന ജന്മി കാലഘട്ടത്തിലെ സംഭവ കഥയാണ് വിഷ കണ്ടന്റെത്. അധികാര വർഗ്ഗത്തിന്റെ വാൾത്തലപ്പുകളാൽ അവർണ്ണർ അരുംകൊല ചെയ്യപ്പെട്ട ദേശം കൊലച്ചേരി എന്നറിയപ്പെട്ടു.കാലാന്തരേ കൊളച്ചേരി എന്ന നാട്ട് നാമമുണ്ടായി എന്നാണ് ഒരു പ്രബല വാദം. പേരുകേട്ട വിഷവൈദ്യരായ കരുമാരത്ത് ഇല്ലക്കാരാണ് ദേശത്തിന്റെ നാടുവാഴികൾ. ഒരു നാൾ കോട്ടൂർ ദേശത്ത് നിന്ന് വിഷം തീണ്ടി കൊണ്ടുവന്ന പെൺകൊടിയെ രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് പറഞ്ഞ് മടക്കിയയച്ചു കരുമാരത്തെ ഭിഷഗ്വരൻ.സങ്കടത്തോടെ മടങ്ങുന്നവരെ കള്ള് ചെത്ത് കാരനായ ചാത്തമ്പള്ളി കണ്ടൻ കാണുന്നു. കാര്യം തിരക്കുകയും താൻ രഹസ്യമായി പഠിച്ച വൈദ്യ പ്രയോഗത്തിലൂടെ സർപ്പ ദംശനമേറ്റയാളെ രക്ഷിക്കുകയും ചെയ്യുന്നു.പ്രത്യുപകാരമായി അവർ പിന്നീട് കരുമാരത്തില്ലക്കാരോട് സ്ഥലം വാങ്ങി കണ്ടന് നൽകി. കണ്ടൻ വൈദ്യം പഠിച്ചെന്ന വാർത്ത തമ്പുരാന്റെ ചെവിയിലെത്തി. എനിക്കു ശേഷവും വൈദ്യനായി ഇന്നാട്ടിൽ ഒരാളുണ്ടല്ലോ എന്ന് തമ്പ്രാൻ ആശ്വാസം കൊണ്ടു. യാതൊരു വിധ പകയോ വിദ്വേഷമോ തമ്പുരാനുണ്ടായില്ല.എന്നാൽ ആശ്രിതരുടെയും ഇല്ലത്തെ കാര്യസ്ഥന്റെയും ഏഷണിയുടെ ഫലമായി കണ്ടനെതിരെ അധികാരത്തിന്റെവാൾത്തലയുയർന്നു.
കൊളച്ചേരിയുടെ മണ്ണിൽ മറ്റൊരു കൊല കൂടി…. കണ്ടന്റെ കുടുംബാംഗങ്ങൾ നാടുകടത്തപ്പെട്ടു.. സ്വത്ത് വകകൾ ഇല്ലത്തേക്ക് കണ്ടു കെട്ടി.
കണ്ടന്റെ മരണശേഷം ഇല്ലത്ത് ദുർനിമിത്തങ്ങളും ദുശ്ശകുനങ്ങളുമുണ്ടായി. ഇല്ലത്തിനകത്തും പുറത്തും കുളപ്പടവിലും കിണറ്റിലുമെല്ലാം സദാ സമയം പാമ്പുകളിഴയാൻ തുടങ്ങി. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ കാരണവർ കണ്ടന്റെ നാട് കടത്തപ്പെട്ട ബന്ധുക്കളെ തിരികെ വിളിച്ച് അവരുടെ ഭൂമി തിരികെ നൽകി .വിഷകണ്ടനെന്ന പേരിൽ കണ്ടനെ തെയ്യമാക്കി സ്ഥാനം നൽകി ആരാധിച്ചു.
മുല്ലക്കൊടിയിലെ പെരുവണ്ണാനാണ് വിഷകണ്ടന് കോലം ചമച്ചത്. രണ്ട് മണിക്കൂർ കൊണ്ട് ചൊല്ലിത്തീർക്കുന്ന തോറ്റം എഴുതിയത് കോൾത്തുരുത്തിയിലെ അതി പ്രഗത്ഭനായ ഒരു പെരുവണ്ണാനത്രെ. (ഇന്ന് കതിവന്നൂർ വീരൻ തെയ്യം കെട്ടുന്നതിൽ പ്രഗത്ഭനായ ശ്രീ ഷാനു പെരുവണ്ണാൻ അദ്ദേഹത്തിന്റെ കുടുബാംഗമാണ്).
ഇരുന്നൂറ് വർഷങ്ങൾക്ക് മുമ്പ് ജാതിവിവേചനത്താൽ തെയ്യക്കരുവായി  മാറേണ്ടി വന്നെങ്കിലും ഇന്ന് വിഷ കണ്ടന്റെ തെയ്യമുറയുമ്പോൾ ജാതിഭേദങ്ങളേതുമില്ലാതെ ഒരു നാടു മുഴുവൻ കണ്ടന്റെ കാവിലേക്കെത്തുന്നു…
വിദേശങ്ങളിൽ ജോലി തേടിപ്പോയവരും അന്യദേശങ്ങളിലേക്ക് താമസം മാറിപ്പോയവരും കൊളച്ചേരിയിൽ നിന്ന് കല്യാണം കഴിഞ്ഞ് പോയവരുമെല്ലാം കണ്ടനെ കാണാനെത്തുന്നു.അവർണ്ണനായതിനാൽ ജീവിതത്തിന്റെ നട്ടുച്ചയിൽ വെച്ച് മരണത്തെ പുൽകേണ്ടി വന്ന കണ്ടന്റെ കാൽച്ചിലമ്പ് ഉണരുമ്പോൾ ഒരു ദേശമാകെ സമത്വത്തിന്റെ സാഹോദര്യത്തിന്റെ ഉത്സവമേളങ്ങളിൽ സ്വയമലിഞ്ഞ് ചേരുന്നു….
(കടപ്പാട് : വിജേഷ് കണ്ടക്കൈ)
————————————————————————
വടക്കൻ കേരളത്തിലെ തെയ്യക്കാലത്തിനു
തുടക്കം കുറിക്കുന്നത് ചാത്തമ്പളളിക്കാവിലെ തെയ്യത്തോടെയാണ്. എല്ലാ വർഷവും തുലാമാസം 9,10 തിയ്യതികളിലാണ് ഇവിടെ തെയ്യം .
ഇളങ്കോലം, ഗുളികൻ, വിഷകണ്ടൻ, എളളടുത്ത് ഭഗവതി തായ്പരദേവത എന്നീ തെയ്യങ്ങളാണ്  ഇവിടെ കെട്ടിയാടുന്നത്. തുലാം 9 ന് സന്ധ്യയ്ക്ക് ഇളങ്കോലം പുറപ്പെടുന്നു. തുടർന്ന് വിഷകണ്ടന്റെ വെളളാട്ടം,തോറ്റം, ഗുളികന്റെ വെളളാട്ടം, എളളടുത്ത് ഭഗവതിയുടെ കലശം. തുലാം 10 നു പുലർച്ചെ 5 മണിക്ക് വിഷകണ്ടന്റെ തെയ്യം തുടർന്ന്  എളളടുത്ത് ഭഗവതി തായ് പരദേവത തെയ്യങ്ങൾ പുറപ്പെടുന്നതോടെ കളിയാട്ടത്തിനു പരിസമാപ്തി കുറിക്കുന്നു. തന്റെ കൊലയ്ക്ക് കാരണഭൂതമായ കരുമാരത്തില്ലത്തേക്കുളള വിഷകണ്ടന്റെ യാത്ര വികാരാർദ്രവും കൗതുകകരവും പഠനാർഹവുമാണ്.
തന്നെ ഇല്ലാതാക്കിയവരെപ്പോലും അനുഗ്രഹിക്കുന്നതാണ് വടക്കിന്റെ  യഥാർത്ഥ പാരമ്പര്യം എന്നു ഈ തെയ്യം നമ്മെ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
കണ്ണൂർ – മയ്യിൽ പാതയിൽ (13 രൂപ ബസ്സ്ചാർജ്) കരിങ്കൽ കുഴിസ്റ്റോപ്പിലിറങ്ങി  ഏതാണ്ട് ഒരു കിലോമീറ്റർ നടന്നാൽ ഈ കാവിലെത്താം.
പ്രകൃതിസുന്ദരമായ ഒരു തനി നാട്ടിൻ പുറത്തെ വിശാലമായ മുറ്റമുളള ഈ കാവിലിരുന്നു തെയ്യം കാണുമ്പോൾ അനുഭവപ്പെടുന്ന അനുഭൂതി വിവരണാതീതമാണ്. നിങ്ങൾ തെയ്യംഇഷ്ടപ്പെടുന്നുവെങ്കിൽ ഒരിക്കലെങ്കിലും ഇവിടെ വന്നു തെയ്യം കാണണം.

LEAVE A REPLY

Please enter your comment!
Please enter your name here