ഐ വി ദാസ്; ഗ്രന്ഥശാല പ്രവര്‍ത്തനത്തിലെ ഊര്‍ജ്ജദായകന്‍

0
161

അഭിജിത്ത് വയനാട്

സാംസ്‌കാരിക മേഖലയില്‍ വലിയ സംഭാവനകള്‍ നല്‍കിയ ഐ വി ദാസിന്റെ (ഇല്ലത്ത് വയക്കര വീട്ടില്‍ ഭുവനദാസ്) ജന്മദിനമാണ് ജൂലൈ 7. 1932ലാണ് അദ്ദേഹം ജനിച്ചത്. പത്രാധിപര്‍, എഴുത്തുകാരന്‍, ഗ്രന്ഥശാല പ്രവര്‍ത്തകന്‍, സാംസ്‌കാരിക നായകന്‍ തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹം പ്രശസ്തനാണ്. ചെറിയൊരു കാലയളവില്‍ കൃഷിവകുപ്പില്‍ ഗുമസ്തനായും പിന്നീട് അധ്യാപകനായും അദ്ദേഹം ജോലി ചെയ്തു. 1982ല്‍ 29 വര്‍ഷത്തെ അധ്യാപന ജീവിതത്തില്‍ നിന്ന് സ്വയംവിരമിച്ച അദ്ദേഹം സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കടന്നു.

ലാളിത്യവും വിനയവും നിറഞ്ഞ പെരുമാറ്റത്തിനുടമയായ ഐ വി ദാസ് അരനൂറ്റാണ്ടോളം ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ മുഖ്യ പ്രവര്‍ത്തകനായിരുന്നു. കേരള ഗ്രന്ഥശാലാ സംഘം ജോയിന്റ് സെക്രട്ടറി, കണ്‍ട്രോള്‍ ബോര്‍ഡ് അംഗം, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി, കേരള സാഹിത്യ അക്കാദമി സെക്രട്ടറി എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെ ഗ്രന്ഥശാലകളെയും അനുബന്ധ പ്രവര്‍ത്തനങ്ങളേയും ഉണര്‍വിലേക്കെത്തിച്ചതില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. പുതിയ പരിപാടികളും പദ്ധതികളും ആസൂത്രണം ചെയ്തു നടപ്പിലാക്കാനും അത് വിജയത്തിലേക്കെത്തിക്കുന്നതിനും ഐ വി ദാസ് ശ്രമിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലൂടെ സമൂഹത്തിന്റെ നന്മയ്ക്കായി പലതും ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കേരളത്തിലെ മിക്ക വായനശാലകളും അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാം. കേരള ഗ്രന്ഥശാലാ നിയമങ്ങളും ചട്ടങ്ങളും രൂപപ്പെടുത്തിയെടുത്തില്‍ ഐ വി ദാസും പ്രധാന പങ്ക് വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ ബഡ്ജറ്റില്‍ 50% തുക ജില്ലാ പദ്ധതികള്‍ക്ക് മാറ്റിവെച്ചത് ഈ രംഗത്ത് പുതിയ ഊര്‍ജ്ജം പകരുന്നതിന് സഹായകമായി. എല്ലാ ജില്ലകളിലും അക്കാദമിക് സ്റ്റഡി സെന്റര്‍, മോഡല്‍ വില്ലേജ് ലൈബ്രറി, കരിയര്‍ ഗൈഡന്‍സ് സെന്ററുകള്‍, താലൂക്ക് റഫറന്‍സ് ലൈബ്രറികള്‍, ബാലവേദി, അഖില കേരള വായനോത്സവം തുടങ്ങിയ വിവിധ തരത്തിലുള്ള മികവാര്‍ന്ന പരിപാടികള്‍ക്കും പദ്ധതികള്‍ക്കും കടമ്മനിട്ടയും ഐ വി ദാസും സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തിലിരിക്കുന്ന കാലത്ത് തുടക്കം കുറിക്കുകയും നിലവിലുണ്ടായിരുന്നവയെ മെച്ചപ്പെടുത്തുന്നതിനായി പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്.

മലയാളത്തില്‍ ഓര്‍മ്മപ്പുസ്തകങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഒരുപക്ഷേ ഐ വി ദാസാകാം. വായന മരിക്കുന്നില്ല, വാഗ്ഭടാനന്ദ ഗുരുദേവന്‍, ലേഖനമാല, ഐ വി ദാസിന്റെ രാഷ്ട്രീയ ലേഖനങ്ങള്‍, സമരങ്ങളും പ്രതികരണങ്ങളും, ശങ്കരദര്‍ശനം, വിചാരവിപ്ലവത്തിന്റെ വഴി, ഗാന്ധിസം ഇന്നലെ ഇന്ന് നാളെ, നീണ്ട കുറിപ്പുകള്‍, ഇ എം എസ് ജീവിതവും ചിന്തയും തുടങ്ങി നിരവധി കൃതികള്‍ രചിക്കുകയും രചനകളുടെ സമ്പാദനം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്.

റീഡേഴ്സ് പുരസ്‌കാരം, അക്ഷര പുരസ്‌കാരം, പി എന്‍ പണിക്കര്‍ പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായി.

ഏറെക്കാലം ദേശാഭിമാനി പത്രാധിപസമിതി അംഗമായിരുന്ന അദ്ദേഹം മരിക്കുമ്പോള്‍ ദേശാഭിമാനി വാരികയുടെ പത്രാധിപരായിരുന്നു. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും ജൂണ്‍ 19 മുതല്‍ ഐ വി ദാസ് എന്ന അതുല്യ പ്രതിഭയുടെ ജന്മദിനമായ ജൂലൈ 7 വരെയാണ് വായനപക്ഷാചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കര്‍മ്മനിരതനായി ജീവിച്ച അദ്ദേഹം വായനയേയും ഗ്രന്ഥശാലാ പ്രവര്‍ത്തനങ്ങളെയും സ്‌നേഹിക്കുന്നവരുടെ ഓര്‍മ്മകളിലെന്നുമുണ്ടാകും.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

 

LEAVE A REPLY

Please enter your comment!
Please enter your name here