ഇത്രമാത്രം

0
512
ithramathram-kavitha-smithasailesh-athmaonline

കവിത

സ്മിത സൈലേഷ്

ഞാൻ നിന്നെ പ്രണയിക്കുന്നില്ല
നിന്റെ മനസ് സഞ്ചരിക്കുന്ന
വഴികളിലൂടെ മാത്രം
വെറുതെ നടക്കാനിറങ്ങുന്നു

ഞാൻ നിന്നെ ഓർമ്മിക്കുന്നേയില്ല
നിന്റെ ഗന്ധത്തെ ശ്വാസത്തെ
നിന്റെ കണ്ണുകളിലെ പൂക്കളെ
മാത്രം വിരിയിക്കുന്നൊരു
വസന്തത്തെ നട്ടു നനക്കുന്ന
ഉദ്യാനമാക്കി എന്റെ ഹൃദയത്തെ
മാറ്റുന്നു.. അത്ര മാത്രം

ഞാൻ നിന്നെ ചുംബിക്കുന്നില്ല
അധരത്തിൽ നിന്റെ നാമം മാത്രം
കുറിച്ച് വെക്കുന്നൂ, പിന്നെ
നിശബ്ദമായി മിഴിപൂട്ടി
മരിക്കാൻ കിടക്കുന്നു
എന്നെ പുനർജനിപ്പിക്കുന്ന
നിഗൂഢ മന്ത്രങ്ങൾ
നിന്റെ അധരങ്ങളിലേക്കു
പകർന്നു വെക്കുക
മാത്രം ചെയ്യുന്നു

ഞാൻ നിന്നെ അറിയുന്നേയില്ല
എന്റെ ശൂന്യതകളിൽ
സംഗീതമായും
എന്റെ വരൾച്ചകളിൽ
ജലമായും
ജീവരന്ധ്രങ്ങളിൽ
പ്രാണവായുവായും
നിന്നെ നിറച്ചു വെക്കുന്നു
അത്ര മാത്രം

ഞാൻ നിന്നെ കാത്തിരിക്കുന്നില്ല
എന്റെ നഗരത്തിന്റെ
ഗോപുരവാതിലുകൾ
മറ്റാർക്കും കടന്നു വരാനാകാത്ത വിധത്തിൽ
അടച്ചു പൂട്ടുന്നു
താക്കോൽ നിന്റെ ഹൃദയത്തിലേക്ക്
എറിഞ്ഞു തരുന്നു
വെറുതെ ജാലകവാതിൽക്കൽ
നിൽക്കുന്നു…

ഞാൻ നിന്നോട് ഇണ ചേരുന്നില്ല
ഉടയാടകളില്ലാത്ത ആത്മാവിന്റെ
നഗ്നതക്ക് മേൽ
നീലകംബളമായി
നിന്നെ പുതച്ചുറങ്ങുന്നു
അത്ര മാത്രം




ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here