നോവലെറ്റ്
അഞ്ജലി മാധവി ഗോപിനാഥ്
മാർഗരറ്റ് ചുറ്റും നോക്കി, മാർഗരറ്റിനെ പോലെ ക്ലമന്റും റോഡ്രിഗസിനെ നോക്കി നിൽക്കുകയാണ്. പെട്ടന്ന് നിശബ്ദതയേ ഭേദിച്ചു കൊണ്ടു മാർഗരറ്റ് അയേഷയെ വിളിച്ചു, അയേഷ മാർഗരറ്റിനെ നോക്കി. തലയുയർത്തി മാർഗരറ്റിനെ നോക്കുന്ന അയേഷയെ കണ്ട് റോഡ്രിഗസ് പെട്ടന്ന് പരിസര ബോധം വീണ്ടെടുത്തു.
മാർഗരറ്റ് റോഡ്രിഗസിനോട് യാത്ര പറഞ്ഞിറങ്ങി. അയേഷയോട് കാര്യമായൊന്നും മിണ്ടാതെ മാർഗരറ്റ് മുന്നിൽ നടന്നു. അയേഷ മാർഗരറ്റിനു പുറകേ ഒരു കുറ്റവാളിയേപ്പോലെ നടന്നു. നടന്നു നീങ്ങുന്ന അവരെ നോക്കി റോഡ്രിഗസും ക്ലമന്റും നിൽക്കുന്നു.
നടന്നുപോകുന്ന വഴി മാർഗരറ്റ് അയേഷയോട്, അവൾക്കു റോഡ്രിഗസിനെ പരിചയമുണ്ടോ എന്ന് ചോദിക്കുന്നു. സൽസ ക്ലാസ്സിൽ പോയി വരുന്ന വഴി ബാറിന്റെ പരിസരങ്ങളിൽ കണ്ടിട്ടുണ്ടെന്നും ഇടയ്ക്കു തനിക്ക് അപകടം സംഭവിച്ച ദിവസങ്ങളൊന്നിൽ അയാൾ തന്റെ നമ്പറിലേക്ക് ഒരു മെസ്സേജ് അയച്ചിരുന്നെന്നും, മാർഗോ ബാറിലെ റോഡ്രിഗസിന്റെ നമ്പർ ക്രിസ്റ്റഫർ സാർ പപ്പക്ക് കൊടുത്തത് താൻ പപ്പക്ക് വേണ്ടി സേവ് ചെയ്തിരുന്നെന്നും അയേഷ പറഞ്ഞു.
വളരെ സ്വാഭാവികമായി കേട്ട് നിൽക്കുന്നത് പോലെ നിന്നെങ്കിലും മാർഗരറ്റിന്റെ ഉള്ളിൽ അതുവരെ അവളനുഭവിച്ചിട്ടില്ലാത്ത തരം ഒരു അസ്വസ്ഥത ഉണ്ടായി. റോഡ്രിഗസിനെ തനിക്ക് നഷ്ടമായേക്കും എന്നൊരു തോന്നൽ മാർഗരറ്റിന്റെ ഉള്ളിൽ കടന്നു കൂടി. നിന്ന നിൽപ്പിൽ അയേഷയോട് ഒന്നും പറയാതെ മാർഗരറ്റ് ഓടിപ്പോയി. അയേഷ അവിടെ നിന്നും പോയപ്പോൾ മുതൽ റോഡ്രിഗസ് അവർ വന്നതിനെക്കുറിച്ച് മാത്രം ക്ലമന്റിനോട് സംസാരിച്ചുകൊണ്ടിരുന്നു.
മാർഗരറ്റ് ഓടിപ്പോയതിന്റെ കാരണം മനസിലാവാതെ അയേഷ ആലോചിക്കുന്നു. വീട്ടിൽ എത്തിയ മാർഗരറ്റ് വളരെ പെട്ടന്ന് ക്രിസ്റ്റഫറിനോട് തനിക്ക് റോഡ്രിഗസിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്നും പറയുന്നു. മാർഗരറ്റിന്റെ തീരുമാനത്തിൽ ക്രിസ്റ്റഫർ സന്തോഷിക്കുന്നു. തന്റെ സ്വത്തുക്കളും തനിക്കേറ്റവും പ്രിയപ്പെട്ട തന്റെ മകളേയും ഏൽപ്പിക്കാൻ അതിലും മികച്ചൊരാളെ തനിക്ക് കണ്ടെത്താൻ കഴിയില്ലെന്ന് വിശ്വസിക്കുന്ന ക്രിസ്റ്റഫർ ഇതേക്കുറിച്ച് സംസാരിച്ചു ഒരു തീരുമാനമെടുക്കാം എന്ന ഉറപ്പ് മാർഗരറ്റിനു കൊടുക്കുന്നു.
അയേഷക്ക് പിന്നെയും റോഡ്രിഗസിന്റെ മെസ്സേജുകൾ വരാൻ തുടങ്ങി. അയേഷ വന്നതിനെക്കുറിച്ചും കണ്ടതിനെക്കുറിച്ചും അയാൾ പറഞ്ഞുകൊണ്ടിരുന്നു. ദിവസേന വരുന്ന റോഡ്രിഗസിന്റെ മെസ്സേജുകൾ അയേഷക്ക് ആശ്വാസമായി മാറുകയായിരുന്നു. ജീവിതത്തിന്റെ ബുദ്ധിമുട്ടുകൾക്കിടയിൽ അയേഷ പലപ്പോഴും റോഡ്രിഗസിനോട് സംസാരിച്ചിരുന്നു. ചിലപ്പോഴൊക്കെ റോഡ്രിഗസിന്റെ പ്രണയാതുരമായ സംസാരങ്ങളിൽ തിരിച്ചെന്ത് പറയുമെന്നറിയാതെ അയേഷ കുഴങ്ങി. ഒന്നുകൂടി തന്നെ കാണാൻ വരണമെന്ന് റോഡ്രിഗസ് അയേഷയോടു ആവശ്യപ്പെടുന്നു. ഇല്ലെന്ന് പറയാൻ കഴിയാത്ത വിധം അയേഷക്ക് അയാളോട് അടുപ്പം തോന്നിത്തുടങ്ങിയിരുന്നു.
റോഡ്രിഗസ് ആവശ്യപ്പെട്ടതനുസരിച്ചു അയേഷ ആശുപത്രിയിൽ ചെല്ലുന്നു. അന്ന് ഡിസ്ചാർജ് ആവുന്ന റോഡ്രിഗസ് വീട്ടിലേക്ക് പോകാൻ ഏറെ നേരം ക്ലമന്റിനെ നോക്കി നിൽക്കുന്നു. ക്ലമന്റിനെ കാണാതെ വീട്ടിലേക്ക് പോകാൻ നിൽക്കുന്ന റോഡ്രിഗസിനെ സഹായിക്കാൻ അയേഷ അയാൾക്കൊപ്പം അയാളുടെ വീട്ടിലേക്ക് പോകുന്നു. അയേഷയും റോഡ്രിഗസും വീട്ടിലെത്തിയ സമയത്താണ് മാർഗരറ്റും ക്രിസ്റ്റഫറും അവിടേക്ക് വരുന്നത്. ക്രിസ്റ്റഫർ റോഡ്രിഗസിന്റെ വിവരങ്ങൾ അന്വേഷിക്കുകയും അയേഷയോടു വാത്സല്യത്തോടെ പെരുമാറുകയും ചെയ്യുന്നു.
തന്റെ സ്ഥാനം അയേഷ തട്ടിയെടുക്കുമെന്നുള്ള തോന്നൽ മാർഗരറ്റിനെ അടിമുടി തളർത്തുന്നു. റോഡ്രിഗസിനോടുള്ള അതിര് കവിഞ്ഞ സ്‌നേഹം അയേഷയോടുള്ള വൈരാഗ്യമായി മാറുന്നു. മാർഗരറ്റിന്റെ മാറ്റം അയേഷയെ ദുഃഖത്തിലാഴ്ത്തി. തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ അകൽച്ച അവളെ നിരാശയിലാക്കി. അയേഷയിൽ നിന്നകലുന്നത് ഏറെ വിഷമമുള്ള കാര്യമാണെങ്കിലും റോഡ്രിഗസിനോടുള്ള ഇഷ്ടത്തിന്റെ പുറത്ത് മാർഗരറ്റ് സൽസ ക്ലാസ്സിലേക്ക് പോലും പോകാതെയാവുന്നു. മാർഗരറ്റ് സുഹൃത്ത് ഈവയോട് താനനുഭവിക്കുന്ന മാനസിക സംഘർഷം പറഞ്ഞറിയിക്കുന്നു. മാർഗരറ്റ് പറഞ്ഞതത്രയും കേട്ടിട്ട് ഈവ ഒന്നും മിണ്ടാതെ പോയി. എന്തുകൊണ്ടൊക്കെയോ മാർഗരറ്റിനെ സമാധാനിപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഈവ.
പഴയ പോലെ റോഡ്രിഗസിനോട് സംസാരിക്കാനും അടുത്തു കാണാനും കഴിയാത്തതിൽ മാർഗരറ്റിനു ബുദ്ധിമുട്ടുണ്ടായിരുന്നു. മാർഗരറ്റ് ക്രിസ്റ്റഫറിനോട് റോഡ്രിഗസിന്റെ കാര്യം ഓർമിപ്പിക്കുന്നു. ക്രിസ്റ്റഫർ അതേക്കുറിച്ച് റോഡ്രിഗസിനോട് സംസാരിക്കാമെന്ന് സമ്മതിക്കുന്നു. ഏതു വിധേനയും റോഡ്രിഗസിനെ നേടിയെടുക്കാൻ തനിക്കു കഴിയുമെന്ന ആത്മവിശ്വാസത്തിൽ മാർഗരറ്റ് സമാധാനപ്പെടുന്നു.
റോഡ്രിഗസിന്റെ വീട്ടിൽ ചെന്ന് അയാളോട് കാര്യങ്ങൾ അവതരിപ്പിക്കുന്ന ക്രിസ്റ്റഫറിനോട്, റോഡ്രിഗസ് തന്റെ മനസിൽ അയേഷ ആണെന്ന കാര്യം വളരെ ബഹുമാനത്തിൽ അവതരിപ്പിക്കുന്നു. റോഡ്രിഗസിന്റെ താല്പര്യത്തോട് എതിർത്തൊന്നും പറയാൻ കഴിയാതെ ക്രിസ്റ്റഫർ സൗഹൃദപരമായി തന്നെ അവിടെ നിന്നും പോകുന്നു.
അന്ന് രാത്രി മാർഗരറ്റും ഹ്യൂഗോയും റോഡ്രിഗസിനെ ചൊല്ലി വീട്ടിൽ വഴക്കുണ്ടാക്കുന്നു. വഴക്കിന്റെ ഒടുവിൽ മാർഗരറ്റ് ബിയാട്രീസിന്റെ മരണത്തെപ്പറ്റിപ്പറഞ്ഞു ഹ്യൂഗോയുടെ ഉത്തരം മുട്ടിക്കുന്നു. മാർഗരറ്റ് പലപ്പോഴും തനിക്കൊരു ഭീഷണിയാവുന്നത് ഹ്യൂഗോയേ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു.
രാവിലെ തന്നെ സൽസ ക്ലാസ്സിന്റെ ചാവിയുമായി വന്ന ഈവ അലറി വിളിച്ചുകൊണ്ട് തിരികേ ഓടി. സൽസ ക്ലാസ്സിലേക്ക് പോകുന്ന വഴിയിൽ വീണും അവിടെ നിന്ന് എഴുന്നേറ്റോടിയും ഈവ റോഡിലേക്ക് എത്തുന്നു. കവലയിൽ അവിടിവിടെ നിൽക്കുന്ന ആളുകൾ ഈവയുടെ നിലവിളി കണ്ട് ഓടി വരുന്നു. പരിഭ്രാന്തിയിൽ ഒന്നും പറയാനാകാതെ കരഞ്ഞു കൊണ്ടു നിൽക്കുന്ന ഈവ. ഈവയുടെ കരച്ചില് കേട്ട് ബാറിൽ നിന്ന് ഓടിവരുന്ന ക്ലമന്റ് തന്റെ അനിയത്തിയെ ചേർത്തു പിടിച്ച് കാര്യം തിരക്കുന്നു.
ഈവ ക്ലമന്റിനെ ഇറുക്കിപ്പിടിച്ചു കൊണ്ടു സൽസ ക്ലാസ്സിലേക്ക് വിരൽ ചൂണ്ടുന്നു. ക്ലമന്റിന്റെ നേരെ നോക്കി വിറക്കുന്ന ചുണ്ടുകളോടെ ഈവ, “മാർഗരറ്റ് ” എന്ന് പറഞ്ഞു കരയുന്നു. ഞെട്ടലോടെ എല്ലാവരും സൽസ ക്ലാസ്സിലേക്ക് ഓടുന്നു.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.