ഐലൻഡ് ഓഫ് ലൗ – ഭാഗം 3

0
219
athmaonline-the-arteria-island-of-love-part-03

നോവലെറ്റ്

അഞ്ജലി മാധവി ഗോപിനാഥ്

ക്ലമന്റിന്റെ കൈകളിലേക്ക് ഊർന്നു വീണ റോഡ്രിഗസിന്റെ കണ്ണുകളിലൂടെ രക്തം വാർന്നൊഴുകി. അയാളുടെ കണ്ണുകളടഞ്ഞു. ചെവികൾ കൊട്ടിയടച്ചു. നേർത്ത ശബ്ദങ്ങൾ അകലെയായി.

കണ്ണ് തുറക്കുന്ന റോഡ്രിഗസ് കാണുന്നത് തീരെ പരിചിതമല്ലാത്ത ഒരിടമാണ്. കിടക്കുന്നിടത്തെ ചുവരിലെ പെയിന്റ് പൊളിഞ്ഞിളകി കിടക്കുന്നു. ഈർപ്പത്തിന്റെ ഗന്ധം. അയാൾ ചുറ്റും നോക്കി. അടുത്തു നിൽക്കുന്നയാൾ അയാളെ നോക്കി പുഞ്ചിരിച്ചു. അയാളുടെ ചുണ്ടുകൾ അനങ്ങുന്നുണ്ടായിരുന്നെങ്കിലും റോഡ്രിഗസിന് അയാളെ കേൾക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

അയാൾ റോഡ്രിഗസിന്റെ ചുമലിൽ മൃദുവായി തട്ടി കണ്ണടച്ചോളാൻ ആവശ്യപ്പെട്ടു. യാന്ത്രികമായി കണ്ണുകളടയുമ്പോഴാണ് തന്റെ എതിർ സൈഡിൽ നിൽക്കുന്ന സ്ത്രീ രൂപം അവ്യക്തമായി അയാളുടെ ശ്രദ്ധയിൽപ്പെടുന്നത്. അയാൾ തന്റെ കണ്ണുകൾ വലിച്ചു തുറക്കാൻ കഷ്ടപ്പെട്ടു. തന്റെയടുത്ത് നിൽക്കുന്നയാൾ ആരാണെന്നറിയാനുള്ള ജിജ്ഞാസ അയാളിലുണ്ടായിരുന്നു.

ദീർഘ നേരത്തേ ഉറക്കത്തിനു ശേഷം അയാൾ വീണ്ടും കണ്ണ് തുറന്നു. ആദ്യം കണ്ട സ്ത്രീരൂപത്തെ അയാൾ ആ മുറിയൊട്ടാകെ തിരഞ്ഞു. കാണുന്നില്ല. പെട്ടെന്ന് മുറിയിലേക്ക് ചായയുമായി കടന്നു വന്ന ക്ലമന്റ് ഉണർന്നു കിടക്കുന്ന റോഡ്രിഗസിനെ കണ്ട് സന്തോഷത്തോടെ അയാളുടെ അരികിലേക്കെത്തി. അടുത്തിരുന്നു സംസാരിക്കാൻ തുടങ്ങി.

ക്ലമന്റ് പറയുന്നതൊന്നും അയാളുടെ ചെവിയിൽ വീണില്ല. അയാൾ ക്ലമന്റിനോട് ചോദിച്ചു. ” എത്ര ദിവസമായി? ” ക്ലമന്റ് അയാളെ നോക്കി അടുത്തേക്ക് ചേർന്നിരുന്നിട്ട് പറഞ്ഞു, ” ഇന്ന് രണ്ടാമത്തെ ദിവസം. വൈകുന്നേരം “. അതിശയത്തോടെ ക്ലമന്റിനെ നോക്കി റോഡ്രിഗസ് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു. ” ഞാനിന്നലെ ഉണർന്നിരുന്നോ?, എന്നെ കാണാൻ ആരെങ്കിലും വന്നിരുന്നോ? ആരാ എന്നെ തല്ലിയത്?, എന്തിനാണ് എന്നെ തല്ലിയത്? ” റോഡ്രിഗസിന്റെ ചോദ്യങ്ങൾക്കു ഉത്തരം പറയാനായി ക്ലമന്റ് തുടങ്ങുമ്പോഴാണ് വാതിൽക്കൽ അവരെത്തിയത്.

ക്ലമന്റും റോഡ്രിഗസും അവിടേക്ക് നോക്കി നിൽക്കുമ്പോഴാണ് മാർഗരറ്റ് അവിടേക്ക് കടന്നു വന്നത്. തൊട്ട് പുറകിലായി അയേഷയും. തന്റെ കണ്ണുകളെ വിശ്വസിക്കാനാവാതെ റോഡ്രിഗസ് ക്ലമന്റിനെ നോക്കി. നിന്ന നിൽപ്പിൽ നിൽക്കുകയാണ് ക്ലമന്റ്. അവർ അടുത്തേക്ക് വന്നു. അടി കിട്ടിയ തലയിൽ കൈ വെച്ചു തലോടുന്ന മാർഗരറ്റ്. കൂടെ നിൽക്കുന്ന അയേഷ. റോഡ്രിഗസ് അവരെ നോക്കി പുഞ്ചിരിക്കാൻ ശ്രമിക്കുന്നു.

റോഡ്രിഗസിനായി കൊണ്ടു വന്ന ഭക്ഷണം അയേഷ മേശപ്പുറത്തു വെച്ചു. റോഡ്രിഗസ് ഒട്ടും പ്രതീക്ഷിക്കാതെ അയേഷ തന്നെക്കാണാൻ വന്നതോർത്ത് മനസ്സിൽ സന്തോഷിച്ചു. എന്തിനാണെന്ന് പോലും അറിയാതെ കിട്ടിയ അടിയേയും അടിച്ച ആളിനേയും നന്ദിയോടെ ഓർത്തു.

അയേഷ മാർഗരറ്റിന്റെ അടുത്തായി വന്നു നിന്നു. മാർഗരറ്റ് ക്ലമന്റിനോട് റോഡ്രിഗസിന്റെ ആരോഗ്യത്തേക്കുറിച്ച് ചോദിച്ചു. കൃത്യമായി കാര്യങ്ങൾ അറിഞ്ഞ ശേഷം മാർഗരറ്റ് അയേഷയെ ചേർത്തു നിർത്തിക്കൊണ്ട് റോഡ്രിഗസിനോട് പറഞ്ഞു. ” ഇത് അയേഷ. റോഡ്രിഗസിനു പരിചയമുണ്ടാവില്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ഞങ്ങളൊരുമിച്ചാണ് സൽസ ക്ലാസ്സിൽ. “. റോഡ്രിഗസ് മറുത്തൊന്നും പറയാതെ മാർഗരറ്റിനെ കേട്ടു. മാർഗരറ്റ് തുടർന്ന് പറഞ്ഞു. “ഞാനാണ് അയേഷയെ ഇവിടേക്ക് കൂട്ടിക്കൊണ്ട് വന്നത്. അവൾക്കു വരാൻ ഭയമായിരുന്നു ”

മാർഗരറ്റ് പറയുന്നത് കേട്ട് റോഡ്രിഗസിനു അതിശയം തോന്നി. “ഒരുപക്ഷെ അയേഷയെ ഏറ്റവും അധികം സ്നേഹിക്കുന്ന തന്റെയടുത്തു വരാൻ അയേഷ എന്തിനു പേടിക്കണം? ” അയാൾ മനസ്സിൽ ആലോചിച്ചുകൊണ്ടേയിരുന്നു. റോഡ്രിഗസിന്റെ നിശബ്ദതയേ ഭേദിച്ചു കൊണ്ടു മാർഗരറ്റ് പറഞ്ഞു. ” റോഡ്രിഗസിന്റെ തലയിൽ ബിയർ ബോട്ടിൽ വെച്ച് അടിച്ചത് അയേഷയുടെ പപ്പ ഡിസിൽവയാണ്. ”

റോഡ്രിഗസ് ഒരു ഞെട്ടലോടെ അയേഷയെ നോക്കി. ഒരു കുറ്റവാളിയേപ്പോലെ അയേഷ തലകുനിച്ച് അയാളുടെ മുന്നിൽ നിൽക്കുകയാണ്. റോഡ്രിഗസിന് സംഭവിക്കുന്ന ഒന്നിനെക്കുറിച്ചും ഒരു വ്യക്തത കിട്ടാതെ ആകെ അസ്വസ്ഥനാവുന്നു. താൻ അയേഷക്ക് മെസ്സേജ് അയച്ചതോ, താൻ അയേഷയെ സ്നേഹിക്കുന്ന കാര്യം അറിഞ്ഞിട്ടോ മറ്റുമാണോ ഇത് സംഭവിച്ചത് എന്നയാൾ സംശയിക്കുന്നു. അയാൾ മാർഗരറ്റിനോട് കാര്യം തിരക്കുന്നു.

അയേഷയുടെ പപ്പാ ഡിസിൽവ അവിടുത്തെ എസ്റ്റേറ്റിലെ തൊഴിലാളിയാണ്. കാലങ്ങളായി അവിടെയാണ് അയാൾക്ക്‌ ജോലി. ഭാര്യയും രണ്ട് പെണ്മക്കളുമുള്ള ഡിസിൽവ കുറച്ചു നാളുകൾക്കു മുൻപ് ഉണ്ടായ കലശലായ ശ്വാസതടസത്തേത്തുടർന്നു ജോലിക്ക് പോകാൻ കഴിയാതെ വീട്ടിൽ തന്നെയായിരുന്നു.അയാൾ, ഒരാഴ്ച്ചയോളം എസ്റ്റേറ്റിലെ പണിക്കു പോകാതെ അവധിയെടുത്തു വീട്ടിലുണ്ടായിരുന്നു.

കടുത്ത ക്ഷീണവും വയ്യായ്മകളും കൊണ്ടു പൊറുതി മുട്ടിയപ്പോൾ മകളേയും കൂട്ടി ടൗണിലെ ആശുപത്രിയിൽ നിന്ന് ഡോക്ടറെ കണ്ട് മരുന്നും വാങ്ങി വരുന്ന വഴിയിലാണ് വായ്‌പ്പ വാങ്ങിയ പതിനായിരം രൂപ തിരികേ കൊടുക്കാത്തതിനെതുടർന്നു പലിശക്കാരൻ ജോർജുമായിട്ട് റോഡിൽ വെച്ച് കശപിശ ഉണ്ടാവുന്നത്. സംസാരം കയ്യാങ്കളിയിലെത്തി. ഡിസിൽവയേ ജോർജ് അടിക്കാൻ ചെന്നപ്പോൾ അത് തടുക്കാൻ ചെന്ന മകൾ അയേഷയെ ജോർജ് പിടിച്ച് തള്ളി. ജോർജിന്റെ ജീപ്പിന്റെ സൈഡിലേക്ക് വീണ അയേഷക്ക് പരിക്കുകൾ പറ്റി. ഇത് കണ്ട ജോർജ് ഭീഷണിപ്പെടുത്തിയ ശേഷം അവിടെ നിന്നും പോയി.

തന്റെ കണ്മുന്നിൽ വെച്ചു മകളേ ഉപദ്രവിച്ച ജോർജിനോട് ഡിസിൽവക്ക് പകയായി. ക്രിസ്റ്റഫർ മുതലാളി പറഞ്ഞതനുസരിച്ച് മാർഗോ ബാറിൽ നിന്നും പതിനായിരം രൂപ വാങ്ങി ജോർജിന് കൊടുത്ത് ഇടപാട് തീർക്കാൻ തീരുമാനമായി. ബാറിൽ നിന്നും കാശ് വാങ്ങാൻ എത്തിയ ഡിസിൽവ അവിടെ വെച്ചു ജോർജിനെ കണ്ടു. കാശ് വാങ്ങുന്നതിന് മുന്നേ തന്റെ മുന്നിൽ കിട്ടിയ ഡിസിൽവയേ അയാൾ കുറേ പരിഹസിച്ചു. കൂട്ടത്തിൽ തന്റെ മകളെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചു. കുറച്ചു നേരം കേട്ട് നിന്ന ഡിസിൽവ തന്റെ ക്ഷമ നശിച്ച സമയത്താണ് അവിടെയിരുന്ന ബിയർ ബോട്ടിൽ എടുത്ത് പ്രയോഗിച്ചത്. അതിനിടയിൽ അവിടേക്ക് വന്ന റോഡ്രിഗസിന്റെ തലയിലാണ് ആ അടി വീണത്.

കാര്യങ്ങൾ കേട്ട ശേഷം റോഡ്രിഗസ് അയേഷയെ നോക്കി. അവൾ തലകുനിച്ചു തന്നെ നിൽക്കുകയാണ്. മാർഗരറ്റ് റോഡ്രിഗസിനെ നോക്കി. താനവിടെ നിൽക്കുന്ന കാര്യം പോലും മറന്നു റോഡ്രിഗസ് അയേഷയെ കൗതുകത്തോടെ നോക്കി നിൽക്കുന്നത് കാണുന്ന മാർഗരറ്റ് ചെറിയൊരു ഇഷ്ടക്കേടോടെ റോഡ്രിഗസിനെ വിളിക്കുന്നു. മാർഗരറ്റിന്റെ വിളി റോഡ്രിഗസ് കേൾക്കുന്നില്ല. അയാളുടെ ശ്രദ്ധ പൂർണമായും തല താഴ്ത്തി നിൽക്കുന്ന അയേഷയിലായിരുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here