ചലിക്കുമ്പോൾ കൂടെ ചലിക്കാൻ ആയിരം പേർ വരും !

0
472
irattachanku-suresh-narayanan-wp

സുരേഷ് നാരായണൻ

അതെ, ചലനത്തിന്റെ കലയാണല്ലോ സിനിമ. അതിനൊപ്പം ചലിക്കാൻ, ചരിക്കാൻ, ചിരിക്കാൻ, ചിന്തിക്കാൻ, ഒരു ജനതതിയൊന്നാകെ ഉണ്ടാകും. സമൂഹത്തിൻറെ പ്രഷർ റിലീസ് പോയിൻറുകൾ ആണോരോ റിലീസ് തിയേറ്ററുകളും! സിനിമ പകർന്നുതരുന്ന വർണ്ണ വെളിച്ചത്തിനു പുറകിലുള്ള വഴുവഴുത്ത സത്യങ്ങളെ ചൂണ്ടിക്കാണിച്ചു തരുന്നു ഇരട്ടച്ചങ്ക്.

ബിപിൻചന്ദ്രനെ പോലുള്ള ഒരു മലയാളം മാഷ് തിരക്കഥാകൃത്താകുമ്പോൾ, സൃഷ്ടികളിൽ നമ്മൾ പ്രതീക്ഷിക്കുന്നതു പോലെ തന്നെ സാഹിത്യത്തിന്റെ ചേരുവ കുറച്ചധികം കലരും. അതിന്റെ ഒരു നേർസാക്ഷ്യമാണ് ഈ ബുക്ക്.

suresh-narayanan
സുരേഷ് നാരായണൻ

ആദ്യത്തെ അദ്ധ്യായത്തിൽ തന്നെ അയാൾ സിൽക്ക് സ്മിതയെ വാസവദത്തയോട് ഉപമിച്ചിരിക്കുന്നു. സ്ക്രീനിലെ ആലക്തിക സൗന്ദര്യം പലർക്കും അഭിശപ്തമായ്ത്തീരും. കാലത്തിന്റെ പഴന്തുണിക്കെട്ടിലേക്കവർ വലിച്ചെറിയപ്പെടുകയും ചെയ്യും. പക്ഷേ കാലം അവൾക്ക് അൽപ്പവസ്ത്രങ്ങൾ തുന്നിക്കൊടുക്കുക മാത്രമല്ല, ‘വിശുദ്ധ സ്മിതയ്ക്ക്’ എന്നപേരിൽ സ്മരണികയും, അഥർവ്വം പോലെയുള്ള സിനിമയിലെ നായിക വേഷവും വെച്ചുനീട്ടും.

അഥർവ്വത്തിൽ എത്തിച്ചേരുന്ന തൂലിക പിന്നെ കുറെനേരം ഡെന്നീസ് ജോസഫിനു ചുറ്റും കിടന്നു കറങ്ങുന്നു. അയാളൊരു വിക്ഷേപണ വാഹനമാണ് എന്ന് പറയുന്നു. ന്യൂഡൽഹിയും രാജാവിൻറെ മകനും അയാളുടേതും കൂടിയാണല്ലോ.. ശരിക്കും ഒരു ‘ഹിറ്റുമാനൂരപ്പൻ’! വെടിമരുന്ന് നിറച്ച പേനകൊണ്ട് കഥയെഴുതിയ ആൾ! ദശാബ്ദങ്ങൾക്ക് ഇപ്പുറം അദ്ദേഹത്തെ പ്രേക്ഷകർ തിരിച്ചറിയുകയാണ്, അല്ല ശരിക്കറിയുകയാണ്!

അടുത്ത അധ്യായങ്ങളിലായി കടന്നുവരുന്നു ‘കമ്മട്ടിപ്പാടവും’, ‘കുമ്പളങ്ങി നൈറ്റ്സും’. കമ്മട്ടിപ്പാടത്തെപ്പറ്റി എഴുതുമ്പോൾ ചോർന്നൊലിക്കുന്ന തന്റെ മഹാരാജാസ് ഹോസ്റ്റൽമുറിയിലേക്ക് തിരിച്ചു പോകുന്നു ബിബിൻ ചന്ദ്രൻ. ‘7 രൂപ കഞ്ഞിക്കട’യിൽനിന്ന് കഞ്ഞിയും കുടിച്ചിട്ട്. അംബരചുംബികൾ കാണുമ്പോൾ
അയാളറിയാതെ വൈലോപ്പിള്ളി നാവിൽ വന്നിരുന്നു പാടുന്നു,
 ‘ദുഷ്പ്രഭു പുലയാടികൾ പാർക്കും
ഈ പുരയ്ക്കിടിവെട്ടു കൊള്ളട്ടെ.’
സങ്കടങ്ങളുടെ സെമിത്തേരിയായി ജീവിക്കുന്ന ഗംഗയല്ലാതെ വേറെയാരാണ് കമ്മട്ടിപ്പാടത്തിലെ നായകൻ എന്ന് നമ്മെക്കൊണ്ട് ഉറക്കെ ചോദിപ്പിക്കുന്നു ബിബിന്റെ തൂലിക.

മുഖമുയർത്താതെയാണെങ്കിലും, ‘ഏതു ടൈപ്പ് ചേട്ടൻ ആയാലും മര്യാദയ്ക്ക് പെരുമാറണ’മെന്ന് സിമി പറയുമ്പോൾ, ഒരു വെളിച്ചം കൊളുത്തപ്പെടുകയാണ്. 
ഗ്രന്ഥകാരൻ പറയുന്നതുപോലെ,
’ദീപം പോൽ എരിന്തവൾ നാൻ , തീപ്പന്തമായെന്നെ മാറ്റി വിട്ടായ്!’
 ആത്മാവിൻ ഷണ്ഡത്വം ഉള്ള ആൺ ലോകമേ കരുതിയിരിക്കുക!
പുഷ്കരപുത്രൻ വന്നിരിക്കുന്നു! തുമ്പികൾ മരിച്ചവരുടെ ഓർമ്മകളാണ്. ഒ.വി വിജയൻ, ലെനിൻ രാജേന്ദ്രൻ: ഈ രണ്ടു തുമ്പികൾ ആണ് അടുത്ത രണ്ടു അധ്യായങ്ങളിൽ പറന്നു നടക്കുന്നത്. ഖസാക്ക് എന്തുകൊണ്ട് സിനിമയായില്ല എന്ന് ആദ്യഭാഗം ചർച്ച ചെയ്യുമ്പോൾ, ‘മഴ’ എന്ന അഭ്രകാവ്യത്തിൻറെ അന്തരാളങ്ങൾ അഭംഗിയില്ലാതെ കാട്ടിത്തരുന്നു രണ്ടാം ഭാഗം.

bipin-chandran
ബിപിൻ ചന്ദ്രൻ

അടുത്തതായി മഴയെപ്പറ്റിയും, പിന്നെ മണിയെപ്പറ്റിയും പറയുന്നു. ഇവിടെ പക്ഷേ പ്രതിപാദിതമാകുന്നത് ജയകൃഷ്ണനും ക്ലാരയും നനഞ്ഞമഴയല്ല, മറിച്ച് ബിബിൻ തന്നെ രാജമാണിക്യം കാണാൻ പോയപ്പോൾ മുണ്ടക്കയത്തു നനഞ്ഞ മഴയാണെന്നു മാത്രം! ഓർമ്മകളിലൂടൊന്ന് മുങ്ങി നടന്നിട്ടു വരാമെന്ന് പറഞ്ഞ് ഒറ്റയോട്ടമാണ് പിന്നീട്. മഹാരാജാസ് കോളേജു മുറ്റത്തേക്ക്.. വിദ്യാർത്ഥിയുടെ ‘രൂപത്തിൽ’ അവിടെ എത്തിയതും, ചങ്കായ അൻവർ റഷീദിനെ അൻപോട് ചേർത്തുപിടിച്ച് ഹോസ്റ്റലിലെ പ്രളയങ്ങൾ താണ്ടിയതും എല്ലാം സിനിമാക്കഥയ്ക്കുള്ളിലെ സിനിമാക്കഥ പോലെ അവതരിപ്പിച്ചിരിക്കുന്നു. ഒരിക്കലും വയസ്സാകാത്ത മഹാരാജാസിന്റെ വർണ്ണനയിൽ വായനക്കാർ വീണുപോകുന്നു!

പൃഥ്വിരാജിന്റെ റിയൽ ലൈഫ് ഡയലോഗിൽ നിന്നു തുടങ്ങുന്ന അടുത്ത അധ്യായം ഒന്നാന്തരമൊരു ഒരു സ്ത്രീപക്ഷ സ്വഭാവം കാണിക്കുന്നു. വാക്കുകൾ, അവ മുറിവേൽപ്പിക്കുന്ന വക്കുകളെയെല്ലാം ഉപേക്ഷിച്ച് അനന്തതയിലേക്കുയരട്ടെ എന്ന ആഹ്വാനം തെളിഞ്ഞു കാണുന്നു.’താനിനിമേൽ സ്ത്രീ വിരുദ്ധ സിനിമകളുടെ ഭാഗമാവുകയില്ല ‘എന്ന പൃഥ്വിരാജ് ‘വചനം’ അത്രമേൽ എഴുത്തുകാരനിൽ സ്വാധീനം ചെലുത്തുകയും, സഹജീവികളോടുള്ള കരുണയും കരുതലും ആണ് എഴുത്തിന്റ ആത്മരതിയെക്കാൾ വലുതെന്ന് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നു.

സ്വന്തം ജില്ലയുടെ (കോട്ടയം) ചരിത്രവും സ്വന്തം സിനിമയുടെ (ബെസ്റ്റ് ആക്ടർ-തിരക്കഥ) ചരിത്രവും സരസമായി പറഞ്ഞു്, സിനിമാറ്റിക് ആയിട്ടുള്ള ഒരു ക്ലൈമാക്സിലേക്കു തന്നെ ഈ ബുക്കിനെ എത്തിക്കുന്നു ഗ്രന്ഥകാരൻ, അടുത്ത രണ്ടധ്യായങ്ങളിലൂടെ.

വാക്കുകളുടെ വാകച്ചാർത്തായി മാറിയ ചില ഡയലോഗുളെപ്പറ്റി പറയുന്ന ‘ഡയലോഗിൻറെ ഡയറി’യും, സൂപ്പർ താരദ്വയങ്ങൾക്കുള്ള ഒരു അർച്ചനയായി മാറുന്ന ‘ഇരട്ടച്ചങ്ക്’ എന്ന അവസാന അധ്യായവും. ആത്മാംശങ്ങൾ കലർത്തിയുള്ള സരസമായ വിവരണം.. മലയാളി മനസ്സിൽ പച്ച കുത്തപ്പെട്ട രണ്ടു പേരുകൾ-the big Ms- അതൊരു അധ്യായത്തിൽ ഒതുങ്ങേണ്ടതല്ല, ഒതുക്കേണ്ടതല്ല..
 ഒരു പുസ്തകം തന്നെ വേണ്ടിവരും !
ജസ്റ്റ് റിമംബർ ദാറ്റ്!! അങ്ങനെ 148-ആം പേജിലെത്തുമ്പോൾ ഗ്രന്ഥകാരൻ നമ്മളോട് പറയാതെ പറയുന്നു, ‘ഇതെൻറെ രക്തമാണിതെന്റെ മാംസമാണെടുത്തു കൊള്ളുക’.
തീർച്ചയായും സീരിയസ് സിനിമാ പ്രേക്ഷകൻ ഇതേറ്റെടുക്കുക തന്നെ ചെയ്യും! കുറച്ചുകൂടി റഫറൻസ് സ്വഭാവം കൈവരേണ്ടതുണ്ട്, ഭാഷ കുറച്ചുകൂടി ലഘുവാകേണ്ടതുണ്ട്, ഈപുസ്തകത്തിന്.. എങ്കിലും മലയാള സിനിമ തിയേറ്ററിൽ ഉള്ള കാലത്തോളം ഈ പുസ്തകവും നമ്മുടെ ഷെൽഫിൽ ഉണ്ടാകും!

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here