ഇറച്ചിക്കൊമ്പ് – കീഴാളതയുടെ ഉയിർപ്പ്

0
740

വിജയകുമാർ എ

കാണുന്നീലോരക്ഷരവും എന്റെ വംശത്തെപ്പറ്റി
കാണുന്നുണ്ടനേക വംശത്തിൻ ചരിത്രങ്ങൾ.

എന്ന് പ്രത്യക്ഷരക്ഷാദൈവസഭ സ്ഥാപിച്ച പൊയ്കയിൽ അപ്പച്ചൻ എഴുതിയിട്ടുണ്ട്. ക്രിസ്തുമതത്തിലെ ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയ വ്യക്തിയായിരുന്നു അദ്ദേഹം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പാട്ടുകളിലൂടെ കീഴാള ജനങ്ങളുടെ സ്വത്വത്തെ അവതരിപ്പിച്ചു. അന്നത്തെ സാമൂഹികസാഹചര്യത്തിൽ നിന്നും സമകാലികാന്തരീക്ഷത്തിലേക്കെത്തുമ്പോൾ ദലിത് ജനത തങ്ങളുടെ സ്വത്വത്തെയും യാഥാർഥ്യങ്ങളെയും തിരിച്ചറിയുക മാത്രമല്ല, ജീവൻ കൊടുത്തും അവകാശങ്ങൾ നേടിയെടുക്കുകയും മേലാളർക്കെതിരെ പ്രതിരോധത്തിന്റെ മതിൽ തീർക്കുകയും പ്രതിഷേധങ്ങൾ അഗ്നിയായി ആളിപ്പടരുകയും ചെയ്യുന്നു. തുടർച്ചയായി നടന്നുവരുന്ന ഈ പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ മണപ്പാട്ടിന്റെ ഇറച്ചിക്കൊമ്പ് എന്ന കഥയെ വായിക്കാം. മാതൃഭൂമി നടത്തിയ വിഷുപ്പതിപ്പ് കഥാമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച കഥയാണിത്.

“അന്റെ എല്ലാ ചോരപ്പുഴുക്കൾക്കും
അന്റെ എല്ലാ നെറികേടുകൾക്കും
ന്റെ അപ്പന്
അമ്മച്ചിയ്ക്ക്
നിക്കോളാസിന്
ജ്യോഷ്യാക്ക്
അന്റെ വിശുദ്ധ പുണ്യാളന്
ന്റെ കറുത്ത പുണ്യാളന്
ഇതെന്റെ അന്ത്യവാഴ്ത്ത് ”

എന്നു പറഞ്ഞാണ് ഇറച്ചിക്കൊമ്പ് എന്ന കഥയുടെ അവസാനം പ്രതിനായകനായ ഈനാശുവിനെ റെയ്ച്ചലും തേരേസയും കൂടി അറക്കാൻ നിർത്തുന്നത്. വിശുദ്ധ പുണ്യാളൻ/ കറുത്ത പുണ്യാളൻ എന്ന ബൈനറി തന്നെയാണ് കഥ ചർച്ച ചെയ്യുന്ന പ്രധാന വിഷയം. കറുത്തവരുടെ കുതിച്ചുയിർപ്പാണിത്.

vijayakumar-a
വിജയകുമാർ എ

ക്രിസ്ത്യൻ പശ്ചാത്തലങ്ങളിലെ ജാതീയമായ ക്രൂരതകളെ തീക്ഷ്ണമായ ആഖ്യാനത്തിലും ശക്തമായ ഭാഷയിലും പറഞ്ഞു വയ്ക്കുന്ന കഥയാണ് ഇറച്ചിക്കൊമ്പ്. ഇറച്ചിവെട്ട് സ്ഥിരമായി ചെയ്തുവരുന്ന, പൊതിനംകുന്നിലെ ഒരു കുടുംബത്തിന്റെ കഥയെന്ന് സാമാന്യമായി പറയാം. വാര്യത്തെ ഔസേപ്പിന്റെയും ഇടവകയിലെ മുതലാളിമാരുടെയും മർദ്ദനങ്ങൾ സഹിച്ചാണ് പോത്തുജോയിയും കുടുംബവും കഴിഞ്ഞുവന്നിരുന്നത്. റേയ്ച്ചലിന്റെ അമ്മച്ചിയെ ഔസേപ്പ് കൊതിതീർത്ത് കെട്ടിത്തൂക്കുകയായിരുന്നുവെന്നു പറയുന്ന സന്ദർഭം കഥയിലുണ്ട്. ദലിത് ക്രൈസ്തവരായതുകൊണ്ടും തൊഴിൽ ഇറച്ചിവെട്ടായതു കൊണ്ടും അറപ്പോടെയും വെറുപ്പോടെയുമാണ് ജനങ്ങൾ പോത്തു ജോയിയുടെ കുടുംബത്തെ കണ്ടിരുന്നത്. കഥാപാത്രമായ ഈനാശുവിന്റെ ഭാഷയിൽ പറഞ്ഞാൽ ‘ഉളുമ്പിയ എനങ്ങൾ’. ജാതീയമായ വിവേചനത്തിന്റെ പല സന്ദർഭങ്ങൾ കഥയിൽ പറയുന്നുണ്ടെങ്കിലും ഉദാഹരണത്തിന് ഒന്നു പറയാം. ജോഷ്വായുടെ മരണശേഷം ഈനാശു റേയ്ചലിനെ കാണുമ്പോൾ റെയ്ചലിനോടു പറയുന്ന ഒരു മറുപടിയുണ്ട്. “നിന്റെ തന്തേം തള്ളേം മറ്റോനും ചത്തിട്ടും നെഗളിപ്പ് തീർന്നില്ലാല്ലേ? നീയൊക്കെ ഞങ്ങടെ കക്കൂസ് അടിച്ചു വൃത്തിയാക്കുന്ന ജന്തുക്കളാ. നീയൊക്കെ വെട്ടിപ്പൊതിയണ എറച്ചി കൊറേകഴുകീട്ടന്നെയാടീ ഞങ്ങള് തിന്നുന്നേ. ദാ ഈ റോട്ടിലൂടെ വലിച്ചിഴച്ചു കൊണ്ടോവാനറിയാത്തോണ്ടല്ല ഈ ഈനാശുവിന് ” ജാതിവിവേചനത്തിന്റെ തീക്ഷ്ണത ഈ മറുപടിയിലുണ്ട്. ഈ പീഡനങ്ങളിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുന്ന പെണ്ണാണ് റേയ്ച്ചൽ. റേയ്ച്ചലാണ് കഥയിലെ മുഖ്യകഥാപാത്രം. അപ്പനൊപ്പം ഇറച്ചിവെട്ടാനെത്തി പണി പഠിച്ചവളാണ്. ‘പോത്തി ‘നെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവൾക്ക് നന്നായി അറിയാം. ഇറച്ചി വാങ്ങാനെത്തുന്ന പുരുഷക്കൂട്ടങ്ങളുടെ നോട്ടങ്ങളും തെറികളും അവളുടെ കശാപ്പുക്കത്തിക്ക് മൂർച്ഛ കൂട്ടുന്നു. തന്റെ മുലകൾ കാണുമ്പോൾ മൂത്രമൊഴിക്കാൻ മുട്ടുന്ന ഈനാശുവിന്റെ കിടുങ്ങാമണി വെട്ടിനുറുക്കണമെന്ന് കഥയിൽ അവൾ പറയുന്നുണ്ട്. റേയ്ച്ചൽ എന്ന ക്രൈസ്തവദലിത്പെൺയുവതിയുടെ അതിജീവനത്തിന്റെ കഥയാണ് ഇറച്ചിക്കൊമ്പ്. തന്റെ പ്രിയപ്പെട്ടവരുടെ മരണങ്ങളെ സധൈര്യം നേരിടാനുള്ള സഹനശക്തിയും ഏത് പ്രതിസന്ധി വന്നാലും അതിനെ മറികടക്കാനുള്ള മനക്കരുത്തും അവൾക്കുണ്ട്. കഥയുടെ തുടക്കത്തിൽ നിക്കോളാസിന്റെയും അപ്പന്റെയും മരണത്തെ അവൾ എങ്ങനെയാണ് നേരിട്ടതെന്ന് പറയുന്നുണ്ട്. ” എത്ര കയറിട്ടുകെട്ടിയാലും മൂക്കു ചീറ്റി കണ്ണു തുളയ്ക്കണ ഒരു മൂരിയുടെ കൊരവള്ളിക്കിട്ട് ഒറ്റവെട്ടിന് മലർത്തി കെടത്തണ ലാഘവത്തോടെയാണ് അതും റേയ്ച്ചൽ നേരിട്ടത് “. ആരുടെയും മുന്നിൽ തോറ്റുകൊടുക്കാത്ത മനോവീര്യവും ഇച്ഛാശക്തിയുമാണ് റേയ്ച്ചലിന്റെ ഇറച്ചിക്കത്തിയുടെ ബലം. അപ്പനും നിക്കോളാസുമൊക്കെ മരിച്ചപ്പോഴും കരയാതിരുന്ന റേയ്ചൽ കഥയുടെ അവസാനം ഒരു സന്ദർഭത്തിൽ കരയുന്നുണ്ട്. ആ കരച്ചിലിന് കഥാഗതിയിലൊരു സ്ഥാനമുണ്ട്. എത്ര മനക്കട്ടിയുള്ളവരും പതറിപ്പോകുന്ന നിമിഷങ്ങളിലൊന്ന്. ഏതു ദുർസാഹചര്യത്തെയും നേരിടാനുള്ള കരുത്താർജ്ജിക്കലായിരുന്നു ആ കരച്ചിൽ.

rahul-manappaattu
രാഹുൽ മണപ്പാട്ട്

കഥയിൽ അവതരിപ്പിക്കപ്പെടുന്ന മറ്റൊരു കഥാപാത്രമാണ് തേരേസ. പെറാത്ത തേരേസയെന്നാണ് വിളിപ്പേര്. കുട്ടികളുണ്ടാകാതിരുന്നാൽ , കുഴപ്പം ആണിനല്ല പെണ്ണിനാണെന്നു പറയുന്ന പൊതുബോധത്ത പ്രശ്നവൽക്കരിക്കാൻ ഈ കഥാപാത്രത്തിലൂടെ കഥാകൃത്ത് ശ്രമിച്ചിട്ടുണ്ട്. തന്റെ ഭർത്താവായ ഇട്ടിച്ചനോടൊപ്പമുണ്ടായിരുന്ന നേരങ്ങളെ തേരേസ ഛർദ്ദിച്ചു കളഞ്ഞിരുന്നത് റെയ്ച്ചിന്റെ അടുത്തായിരുന്നുവെന്ന് കഥാകൃത്തുപറയുന്നു. ഇട്ടിച്ചന്റെ വീട്ടിൽ നിന്നും ദുരിതമനുഭവിച്ച തേരേസക്ക് റേയ്ച്ചലിന്റെ കൂടെയുള്ള ജീവിതം ആശ്വാസകരമായിരുന്നു.

ഇറച്ചിക്കൊമ്പ് എന്ന കഥ ജാതിവിചാരങ്ങൾ മാത്രം ഉൾക്കൊള്ളുന്ന കഥയല്ല; പോത്തിറച്ചിയുടെ മണമുള്ള ഒരു പ്രണയം ഇതിലുണ്ട്. പ്രണയനിമിഷങ്ങളിൽ റേയ്ച്ചൽ നിക്കോളാസിനെ വിളിക്കുന്നതുപോലും ‘മൂരിക്കുട്ടാ ‘ എന്നാണ്. ഇത് പെണ്ണുങ്ങളുടെ കൂടെ കഥയാണ്. ഇറച്ചിവെട്ട് തൊഴിലായി ചെയ്യുന്ന പെണ്ണുങ്ങളെ, പരസ്പരം ഉമ്മവെയ്ക്കുന്ന പെണ്ണുങ്ങളെ, ആണധികാരത്തിന്റെ മുഖത്ത് കാർക്കിച്ചു തുപ്പുകയും കത്തിയോങ്ങുകയും ചെയ്യുന്ന പെണ്ണുങ്ങളെ, കള്ളും ചാരായവും കുടിക്കുന്ന പെണ്ണുങ്ങളെയൊക്കെ കഥയിൽ അവതരിപ്പിക്കുന്നുണ്ട്. ഇവിടെ പൊതുബോധനിർമ്മിതികളെ കഥാകൃത്ത് വരിഞ്ഞുടയ്ക്കുന്നു.

കഥയുടെ ഭാഷ മുറുക്കവും കനവുമുള്ളതാണ്. പ്രമേയത്തിനനുസരിച്ചുള്ള ഭാഷാശേഷി കഥയിലുണ്ട്. പദപ്രയോഗങ്ങളിലെ സൂക്ഷ്മതയും ഔചിത്യവും എടുത്തു പറയേണ്ടതു തന്നെയാണ്.

ചുരുക്കിപ്പറഞ്ഞാൽ, ക്രൈസ്തവമതത്തിനുള്ളിലെ ജാതീയമായ വേർതിരിവിനെ ശക്തമായി അവതരിപ്പിക്കുന്ന കഥയാണിത് . കഥയിൽ റേയ്ചൽ വെട്ടിനുറുക്കുന്നത് ആണധികാരത്തിന്റെ തുറിച്ചുനോട്ടങ്ങളെയും ജാതീയമായ ഉച്ചനീചത്വങ്ങളെയും സദാചാരപൊതുബോധങ്ങളെയുമാണെന്നു പറയാം.

ദലിത്ജനതയ്ക്കു വേണ്ടി പോരാടിയ വ്യക്തിയായിരുന്നു ഡോ.ബി ആർ അംബേദ്കർ. അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ഇറച്ചിക്കൊമ്പ് എന്ന കഥ വായിക്കാൻ കഴിഞ്ഞതിനെ യാദൃച്ഛികതയെന്നോ ഉയിർത്തെഴുന്നേല്പ് എന്നോ വിളിക്കാം.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here