അകത്തേക്ക് തുറക്കുന്ന കവിതകള്‍

0
233

(അഭിമുഖം)

ഗണേഷ് പുത്തൂര്‍ / സന്തോഷ് ഇലന്തൂര്‍

കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ യുവ സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹനായത് ഗണേഷ് പുത്തൂര് ആണ്. ‘അച്ഛന്റെ അലമാര’എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. 8ആം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മാത്യഭൂമി ആഴ്ച്ചപ്പതിപ്പില്‍ ‘നാളത്തെ പ്രഭാതം’ എന്ന കവിത പ്രസിദ്ധീകരിച്ചുകൊണ്ടാണ് ഗണേഷ് സാഹിത്യ രംഗത്തേക്ക് പ്രവേശിക്കുന്നത്. 2020 ല്‍ ‘അച്ഛന്റെ അലമാര’ എന്ന കവിതയിലൂടെ മാത്യഭൂമി വിഷുപ്പതിപ്പ് കവിതാ പുരസ്‌കാരത്തിന് അദ്ദേഹം അര്‍ഹനായി. ജീവിതത്തില്‍ കണ്ടുമുട്ടിയ വ്യത്യസ്തരായ മനുഷ്യര്‍, യാത്ര ചെയ്ത അപരിചിതമായ ഇടങ്ങള്‍, സന്ധ്യയ്ക്ക് കൊളുത്തിവെച്ച നിലവിളക്കിന് അടുത്തിരുത്തി അമ്മ പറഞ്ഞുതന്ന കഥകളിലെ അരൂപിയായ ബിംബങ്ങള്‍, വൈക്കം കായലിന്റെ ഓരത്തെ തണുത്ത കാറ്റിന്റെ തലോടലുകള്‍, മനുഷ്യന്റെ ആന്തരികമായ വികാരവിസ്‌ഫോടനങ്ങളുടെ കലര്‍പ്പില്ലാത്ത തുറന്നു പറിച്ചിലുകള്‍ യാഥാര്‍ഥ്യവും ഫാന്റസിയും സന്ധിക്കുന്ന ബിന്ദുവില്‍നിന്ന് വായനക്കാരന്റെ മനസ്സിനിണങ്ങുന്ന വരികളിലൂടെ മാധുര്യമൂറുന്ന ശൈലിയില്‍ കവിതകളിലൂടെ അടയാളപ്പെടുത്തുന്നു. മനുഷ്യന്റെ ആധുനീക കാലത്തിന്റെ ഹൃദയത്തുടിപ്പുകള്‍ പകര്‍ത്തുന്ന ഗണേഷ് ജീവിതത്തേക്കുറിച്ചും എഴുത്തിനേക്കുറിച്ചും സംസാരിക്കുന്നു.

ആദ്യ കവിതാ സമാഹാരമായ ‘അച്ഛന്റെ അലമാര’യിലൂടെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുകയാണ് ഗണേഷ്. പുരസ്‌കാരങ്ങള്‍ എഴുത്തിനെ സ്വാധീനിക്കുന്നുണ്ടെന്ന് തോന്നിയിട്ടുണ്ടോ?

എഴുത്തിന് ലഭിക്കുന്ന ഓരോ പ്രോത്സാഹനവും വിലമതിക്കാനാവാത്തതാണ്. പണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പ് ബാലപംക്തിയില്‍ കവിതകള്‍ എഴുതിയിരുന്നപ്പോള്‍ 100 രൂപ പ്രതിഫലം ലഭിക്കുമായിരുന്നു. സ്‌കൂളിലേക്ക് ആണ് മണി ഓര്‍ഡര്‍ വന്നിരുന്നത്. പൊതുവെ ക്ലാസ് നടക്കുന്ന സമയത്താകും പോസ്റ്റുമാന്‍ വരിക. അത് വാങ്ങാന്‍ പോകുമ്പോള്‍ വലിയ സന്തോഷം ആയിരുന്നു. പിന്നീട് കോളേജ് കാലഘട്ടത്തില്‍ ആണ് അവാര്‍ഡുകള്‍ ലഭിച്ചു തുടങ്ങിയത്. ‘അച്ഛന്റെ അലമാര’ എന്ന കവിതയ്ക്ക് ആദ്യം ലഭിച്ചത് കോട്ടയത്തെ പരസ്പരം വായനക്കൂട്ടത്തിന്റെ പുരസ്‌കാരമാണ്. പിന്നീട് കാഞ്ഞങ്ങാട് നെഹ്റു കോളേജ് നല്‍കുന്ന മാമ്പൂ സാഹിത്യ പുരസ്‌കാരം ലഭിച്ചു. വായിച്ചുപരിചയം മാത്രമുള്ള എഴുത്തുകാരെ ആദ്യമായി നേരില്‍ കാണുന്നതും സംസാരിക്കുന്നതും അവിടെ വെച്ചാണ്. അച്ഛന്റെ അലമാരയ്ക്ക് മാതൃഭൂമി വിഷുപ്പതിപ്പ് കവിതാ മത്സരത്തിലും സമ്മാനം കിട്ടി. പിന്നീടും കുറച്ചു അവാര്‍ഡുകള്‍ ലഭിക്കാന്‍ ഭാഗ്യമുണ്ടായി. ഇപ്പോള്‍ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരവും ലഭിച്ചു. പുരസ്‌കാരങ്ങള്‍ മുന്നോട്ടുള്ള യാത്രയ്ക്ക് വലിയ ആത്മവിശ്വാസം തരുന്നുണ്ട്.

‘അച്ചന്റെ അലമാര’യെന്ന കവിതയിലൂടെ മാത്യഭൂമി വിഷുപ്പതിപ്പ് മത്സര വിജയിയായി. അതേ പേരില്‍ കവിതാ സമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം. എങ്ങനെ നോക്കിക്കാണുന്നു എഴുത്ത് ജീവിതത്തെ?

മാതൃഭൂമി ആഴ്ചപ്പതിപ്പിന് എന്റെ ജീവിതത്തില്‍ വലിയ സ്ഥാനമുണ്ട്. അച്ഛന്‍ പണ്ട് മുതലേ ആഴ്ചപ്പതിപ്പിന്റെ വായനക്കാരനാണ്. അതുകൊണ്ട് തന്നെ ആഴ്ചപ്പതിപ്പ് എനിക്ക് അപരിചിതം ആയിരുന്നില്ല. ആദ്യ കവിത പ്രസിദ്ധീകരിച്ചതും ആഴ്ചപ്പതിപ്പിലെ ബാലപംക്തിയില്‍ ആണ്. പിന്നീട് ബാലപംക്തിയിലും കോളേജ് മാഗസിന്‍ പംക്തിയിലും കവിതകള്‍ പ്രസിദ്ധീകരിച്ചു. ചങ്ങനാശ്ശേരി എന്‍.എസ്.എസ് ഹിന്ദു കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥി ആയിരുന്നപ്പോഴാണ് എഴുത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ചേര്‍ന്നപ്പോള്‍ ലോകം കൂടുതല്‍ വിശാലമായി. എന്റെ കോളേജ്-യൂണിവേഴ്‌സിറ്റി പഠനകാലത്ത് എഴുതിയ കവിതകള്‍ ആണ് അച്ഛന്റെ അലമാരയില്‍ ഉള്ളത്. വിഷുപ്പതിപ്പ് മത്സരത്തില്‍ സമ്മാനമുണ്ടെന്ന് അറിഞ്ഞപ്പോള്‍ വലിയ സന്തോഷമായിരുന്നു. എത്ര മഹാരഥന്മാര്‍ക്ക് ലഭിച്ച അംഗീകാരമാണിത്. ആ ശൃംഖലയില്‍ ഒരു കണ്ണിയാകാന്‍ സാധിച്ചത് വലിയ ഒരു ഭാഗ്യമായിരുന്നു.

ഗണേഷിന്റെ കവിതാ സമാഹാരം ആധുനിക കാലത്തിന്റെ ഹൃദയത്തുടിപ്പുകളാണെന്ന് ഡോ. പള്ളിപ്പുറം മുരളി കാവ്യസമാഹാരത്തിന്റെ അവതാരികയില്‍ കുറിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ നിരീക്ഷണത്തെ എങ്ങനെയാണ് കാണുന്നത്?

ഞാന്‍ കാണുന്ന കാഴ്ചകള്‍, അനുഭവിക്കുന്ന സംഭവങ്ങള്‍, പരിചയപ്പെടുന്ന മനുഷ്യര്‍, ഇവയെല്ലാം എന്റെ കവിതകളില്‍ കടന്നുവരുന്നുണ്ട്. ഞാന്‍ എഴുതുന്ന കവിതകളില്‍ എല്ലാം ഒരു ആത്മാംശം ഉണ്ടാവാറുണ്ട്. ഈ ലോകത്തെ പറ്റി എനിക്ക് കൃത്യമായ ഒരു വീക്ഷണമുണ്ട്. അത് എന്റെ കവിതയില്‍ പ്രതിഫലിക്കുന്നു. ഞാന്‍ പ്രതിനിധാനം ചെയ്യുന്ന കാലം വളരെ സങ്കീര്‍ണ്ണമാണ്. ആ സങ്കീര്‍ണ്ണതയെ എന്റെ ഭാഷയില്‍ ആവിഷ്‌കരിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. എന്റെ അമ്മയെ കോളേജില്‍ പഠിപ്പിച്ച അധ്യാപകന്‍ ആണ് ഡോ. പള്ളിപ്പുറം മുരളി. എന്റെ പുസ്തകത്തിന് വളരെ ശക്തമായ ഒരു അവതാരികയാണ് അദ്ദേഹം എഴുതിയത്.

കഴിഞ്ഞ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം ലഭിച്ചത് അനഘയ്ക്കായിരുന്നു. ഈ വര്‍ഷം ഗണേഷിനും. രണ്ടുപേരും കവികള്‍. രണ്ടു പേരും ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജില്‍ പഠിച്ചവര്‍. കോളേജിന്റെ അഭിമാനം. എഴുത്തില്‍ കോളേജ് എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്?

എന്റെ സാഹിത്യ ജീവിതത്തിലെ വഴിത്തിരിവായിരുന്നു എന്‍.എസ്.എസ് കോളേജില്‍ ഞാന്‍ ചിലവഴിച്ച മൂന്ന് വര്‍ഷങ്ങള്‍. ചരിത്രം ആയിരുന്നു എന്റെ വിഷയം. ഞങ്ങളുടെ ഡിപ്പാര്‍ട്‌മെന്റ് HOD ആയിരുന്ന ഇ.ബി സുരേഷ്‌കുമാര്‍ സാറിന് സാഹിത്യത്തോടു വലിയ താല്‍പ്പര്യം ആയിരുന്നു. അദ്ദേഹം വലിയ രീതിയില്‍ പ്രോത്സാഹനം തന്നു. അവിടുത്തെ മലയാളം ഡിപ്പാര്‍ട്‌മെന്റിലെ മനോജ് കുറൂര്‍, ബി. രവികുമാര്‍ എന്നിവര്‍ അറിയപ്പെടുന്ന എഴുത്തുകാരാണ്, അവരും എന്നെ വലിയ രീതിയില്‍ സ്വാധീനിച്ചു. അധ്യാപകരുടെ വലിയ പിന്തുണ എനിക്കുണ്ടായിരുന്നു. അത് സാഹിത്യ ജീവിതത്തിലെ മുതല്‍ക്കൂട്ടാണ്. അനഘ ജെ കോലത്ത് കോളേജിലെ എന്റെ സീനിയര്‍ ആയിരുന്നു.

കവിതകളിലേക്ക് വന്ന സാഹചര്യത്തെ കുറിച്ച് പറയാമോ?

അച്ഛനും അമ്മയും വളരെ ചെറുപ്പത്തില്‍ തന്നെ എന്നെ വായിക്കാന്‍ പ്രോത്സാഹിപ്പിച്ചിരുന്നു. ബാലരമ, ബാലഭൂമി, തളിര്, യുറീക്ക മുതലായ പ്രസിദ്ധീകരണങ്ങള്‍ വീട്ടില്‍ അച്ഛന്‍ എനിക്ക് വേണ്ടി വരുത്തുമായിരുന്നു. അമ്മ എം.ടി യുടെ കഥകളും കുഞ്ഞുണ്ണി മാഷിന്റെ കവിതകളും മറ്റും വായിച്ചു തരുമായിരുന്നു. സാഹിത്യത്തോട് താല്പര്യം തോന്നിത്തുടങ്ങിയത് അങ്ങനെ ആണ്. എല്ലാ വര്‍ഷവും പുസ്തകം വാങ്ങാന്‍ വേണ്ടി മാത്രം ഒരു ദിവസം അച്ഛന്‍ എന്നെ കൊച്ചിക്ക് കൊണ്ടുപോകുമായിരുന്നു. പുസ്തകങ്ങളായിരുന്നു എന്റെ ലോകം. പിന്നീട് ചെറിയ കവിതകള്‍ എഴുതിത്തുടങ്ങി. അതില്‍ ഒരു കവിത ബാലപംക്തിയിലേക്ക് അയയ്ച്ചത് അച്ഛനാണ്. അത് പ്രസിദ്ധീകരിച്ചു വരികയും ചെയ്തു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കവിത വന്നു എന്നറിഞ്ഞു സ്‌കൂളില്‍ നിന്നും വലിയ പ്രോത്സാഹനം കിട്ടി. ആ എഴുത്തു തുടര്‍ന്നു.

കവിതയില്‍ സ്വാധീനിച്ച വ്യക്തി ആരാണ്?

മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ കവിതകളും ആത്മകഥയും എന്നെ ഒരുപ്പാട് സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രകൃതിദര്‍ശനവും സൗന്ദര്യവര്‍ണനയും എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. പ്രപഞ്ചത്തില്‍ നിറഞ്ഞുനില്‍ക്കുന്ന പരമാത്മാവിന്റെ ചൈതന്യം അദ്ദേഹത്തിന്റെ എഴുത്തില്‍ അനുഭവിച്ചറിയാം. അദ്ദേഹത്തിന്റെ ആത്മകഥകളായ കവിയുടെ കാല്‍പ്പാടുകള്‍, നിന്നെ തിരയുന്ന ഞാന്‍, നിത്യകന്യകയെ തേടി എന്നിവ ഞാന്‍ പല തവണ വായിച്ചിട്ടുണ്ട്. ഓരോ വായനയിലും വ്യത്യസ്തമായ അനുഭൂതിയാണ് ഈ പുസ്തകങ്ങള്‍ നല്‍കുന്നത്.

കവികള്‍ ധാരാളം ഉണ്ടെങ്കിലും കവിതകള്‍ വായിക്കപ്പെടുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്. എഴുത്തുകാര്‍ കവിതകളില്‍ നിന്നും കഥകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ഈ സാഹചര്യത്തെ എങ്ങനെ നോക്കിക്കാണുന്നു?

ഇന്ന് കവിതകളേക്കാള്‍ ആവശ്യക്കാരുള്ളത് കഥയ്ക്കാണെന്നത് ഒരു യാഥാര്‍ഥ്യമാണ്. പിന്നെ, എന്ത് എഴുതണം എന്നത് ഒരു എഴുത്തുകാരന്റെ സ്വാതന്ത്ര്യമാണ്. കൂടുതല്‍ മേഖലകളിലേക്ക് വ്യാപരിക്കാനുള്ള ആഗ്രഹം മനുഷ്യ സഹജമാണ്. കവിതയെക്കാള്‍ തനിക്ക് ഇണങ്ങുന്നത് കഥയോ നോവലോ ആണെന്ന് ഒരു എഴുത്തുകാരന് തോന്നിയാല്‍ അത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അയാള്‍ക്കുണ്ട്.

ഗണേഷെഴുതിയ കഥകള്‍ വായിച്ചിട്ടുണ്ട്. രണ്ട് സാഹിത്യ രൂപങ്ങളും കൈക്കാര്യം ചെയ്യുന്ന എഴുത്തുകാരന്‍ എന്ന നിലയില്‍ ചോദിക്കുകയാണ്, കഥയാണോ കവിതയാണോ എഴുതാന്‍ ഏറെയിഷ്ടം?

ക്യാമ്പസ് കാലത്ത് കഥയെഴുതാന്‍ ഞാന്‍ ശ്രമം നടത്തിയിരുന്നു. പക്ഷെ എഴുതിയതില്‍ പൂര്‍ണ്ണസംതൃപ്തന്‍ ആവാതിരുന്നതിനാല്‍ ആ ശ്രമം പിന്നീട് തുടര്‍ന്നില്ല. എന്റെ വഴി കവിത തന്നെയാണ് എന്ന തിരിച്ചറിവ് വളരെ വേഗം തന്നെ ഉണ്ടായി.

ആദ്യം പ്രസിദ്ധീകരിച്ച രചന ഏതാണെന്ന് ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടോ?

‘നാളത്തെ പ്രഭാതം’ എന്ന കവിതയാണ് പ്രസിദ്ധീകൃതമായ എന്റെ ആദ്യത്തെ കവിത. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയില്‍ ആണ് അത് വന്നത്. കെ.ഷെറീഫിന്റെ വരയും കവിതയ്ക്കൊപ്പം ഉണ്ടായിരുന്നു. കലുഷമായ ലോകത്തെ പറ്റിയുള്ള വിഹ്വലതകള്‍ ആയിരുന്നു ആ കവിത. കവിത മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചത് സ്‌കൂളില്‍ അനൗണ്‍സ് ചെയ്യുക ഒക്കെ ചെയ്തിരുന്നു.

നല്ല ഒരു ഹാസ്യ കഥയെഴുത്തുകാരനാണ് അച്ഛനെന്ന് ഗണേഷിന്റെ ഒരു ഫെയിസ് ബുക്ക് കുറിപ്പില്‍ കണ്ടു. എഴുത്തു ജീവിതത്തില്‍ അച്ഛന്‍ സ്വാധീനം എത്ര മാത്രമുണ്ട്?

ഒരു എഴുത്തുകാരന്‍ ആകണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. പക്ഷെ, അതിന് അനുകൂലമായ ഒരു സാഹചര്യം വീട്ടില്‍ ഉണ്ടായിരുന്നില്ല. കുറച്ചു ഫലിതബിന്ദുക്കളും നര്‍മ്മകഥകളും എഴുതി അച്ഛന്റെ സാഹിത്യജീവിതം അവസാനിച്ചു. നിറയെ പുസ്തകങ്ങള്‍ ചെറുപ്പം മുതലേ അച്ഛന്‍ വാങ്ങുമായിരുന്നു. അതുപോലെ തന്നെ ആനുകാലികങ്ങളും. ഈ പുസ്തകങ്ങള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. ‘അച്ഛന്റെ അലമാര’ എന്ന കവിത പൂര്‍ണമായി തന്നെ ഒരു യാഥാര്‍ഥ്യമാണ്. എന്റെ ഓരോ കവിത ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കുമ്പോഴും, എനിക്ക് ഓരോ അവാര്‍ഡ് ലഭിക്കുമ്പോഴും അച്ഛന്റെ മുഖത്തെ സന്തോഷം ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ കാവ്യയാത്രയിലെ ഇന്ധനമാണ് അച്ഛന്‍ എന്ന് പറയാം.

എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴേ ‘നാളത്തെ പ്രഭാതം’എന്ന കവിത മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ അച്ചടിച്ചു വന്നു. പ്രധാനപ്പെട്ട എല്ലാ ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ നേട്ടത്തെ എങ്ങനെ നോക്കിക്കാണുന്നു?

സ്‌കൂള്‍ കാലഘട്ടത്തില്‍ കുറച്ചു കവിതകള്‍ ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ചു വന്നു. കൂടുതലായി എഴുതിയത് ചങ്ങനാശ്ശേരിയില്‍ പഠിക്കുമ്പോഴാണ്. ആലപ്പുഴ വഴിയാണ് ഞാന്‍ ചങ്ങനാശ്ശേരിക്ക് പൊയ്ക്കൊണ്ടിരുന്നത്. ആലപ്പുഴയിലെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെ ദേശാഭിമാനി ബുക്ക്സ്റ്റാളിലാണ് എനിക്ക് പരിചിതമല്ലാത്ത പലപ്രസിദ്ധീകരണങ്ങളും ആദ്യമായി കണ്ടത്. അവയിലേക്കൊക്കെ കവിതകള്‍ അയച്ചു. അവയില്‍ ചിലതൊക്കെ പ്രസിദ്ധീകരിച്ചുവന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാധ്യമം വാരിക, കലാകൗമുദി, പ്രഭാതരശ്മി, കലാപൂര്‍ണ്ണ, എഴുത്ത്, പ്രസാധകന്‍, മൂല്യശ്രുതി മുതലായ പ്രസിദ്ധീകരങ്ങളില്‍ കവിതകള്‍ നിരന്തരം വന്നുകൊണ്ടേയിരുന്നു. പ്രസിദ്ധീകരിക്കപ്പെട്ടതിലേക്കാള്‍ ഏറെ കവിതകള്‍ തിരസ്‌ക്കരിക്കപ്പെട്ടിട്ടുണ്ട്..

സഞ്ചരിച്ച വഴികളും, മനുഷ്യരും കവിതയില്‍ വന്നു നിറയുന്നുവെന്ന് ഗണേഷ് മുമ്പ് സൂചിപ്പിച്ചിരുന്നല്ലോ. എങ്ങനെയാണ് കവിതയിലേക്ക് എത്തപ്പെടുന്നത്? ഒരു സ്വപ്നം പോലെയാണോ കവിതകള്‍ വന്നു കയറുന്നത്?

എന്റെ ജീവിതം തന്നെയാണ് കവിതയായി ഞാന്‍ ആവിഷ്‌കരിക്കുന്നത്. യാഥാര്‍ഥ്യവും ഫാന്റസിയും തമ്മില്‍ കൂട്ടിമുട്ടുന്ന ആ ബിന്ദുവില്‍ നിന്നാണ് എന്റെ കവിതകള്‍ പിറവിയെടുക്കുന്നത്. ഞാന്‍ യാത്രകള്‍ ചെയ്തു തുടങ്ങിയത് ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ എം.എ ചെയ്തുകൊണ്ടിരുന്നപ്പോഴാണ്. ഞാന്‍ ചെന്നിറങ്ങിയ ഇടങ്ങള്‍, നടന്ന വഴികള്‍, കണ്ടുമുട്ടിയ മനുഷ്യര്‍ എല്ലാം എനിക്ക് അത്ഭുതമായിരുന്നു. ഹൈദരാബാദ് എന്ന നഗരം എനിക്ക് ഒരു വിസ്മയമായിത്തീര്‍ന്നു. അത്രയും കാലം ഒരു ഗ്രാമത്തില്‍ ജീവിച്ചിട്ട് ഒരു വലിയ നഗരത്തിലേക്ക് പോകുമ്പോള്‍ ഉണ്ടാകുന്ന ചെറിയ അങ്കലാപ്പ് അപ്പോഴുണ്ടായി. പക്ഷെ, ആ ക്യാമ്പസ് ജീവിതം എനിക്ക് നല്ല കുറേ കവിതകള്‍ സമ്മാനിച്ചു. ‘അച്ഛന്റെ അലമാര’ തന്നെ ഞാന്‍ ഹൈദരാബാദിലെ എന്റെ ഹോസ്റ്റല്‍ മുറിയില്‍ ഇരുന്ന് എഴുതിയതാണ്. അച്ഛനും അലമാരയും അതിലെ പുസ്തകങ്ങളും വീടും മാത്രമായിരുന്നു മനസ്സില്‍.

‘വിശപ്പിന്റെ ഏതോ നിമിഷത്തില്‍ പുസ്തകങ്ങളുടെ താള് കരണ്ട് തിന്ന ആ ചെറു എലികള്‍ക്കറിയില്ലല്ലോ ഉള്ളിലെ ഈര്‍പ്പം അച്ഛന്റെ ദു:ഖമാണെന്ന്’. അച്ഛന്റെ ജീവിതം പറഞ്ഞ് കണ്ണുനനയിക്കുന്ന എഴുത്താണ് ‘അച്ഛന്റെ അലമാര ‘എന്ന കവിത. ഈ കവിതയുടെ രചനാ പശ്ചാത്തലം എന്തായിരുന്നു?

‘അച്ഛന്റെ അലമാര’ എന്റെ ജീവിതത്തിന്റെ പച്ചയായ യാഥാര്‍ഥ്യമാണ്. എഴുത്തുകാരന്‍ ആകണമെന്ന് ആഗ്രഹിച്ച അച്ഛന് അത് ആകാന്‍ കഴിയാതെ പോയതിലെ ദുഃഖത്തിന്റെ ആഴവും പരപ്പും എനിക്കറിയാം. എന്റെ ഈ പ്രായത്തില്‍ അച്ഛനെ എഴുത്തില്‍ പിന്തുണയ്ക്കാന്‍ ഒരാള്‍ ഉണ്ടായിരുനെങ്കില്‍ ഗണേഷ് പുത്തൂര്‍ എന്ന പേരിന് പകരം രമേശന്‍ പുത്തൂര്‍ എന്ന പേര് മലയാള സാഹിത്യത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടേനെ. പക്ഷെ കാലം കാത്ത്വെച്ചത് മറ്റൊന്നായിരുന്നു. വര്‍ഷങ്ങളോളം ഒരു ഒറ്റമുറി വീട്ടിലാണ് താമസിച്ചത്. ആ വീട്ടിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തുക്കള്‍ അച്ഛന്റെ പുസ്തകങ്ങള്‍ ആയിരുന്നു. നല്ല മഴയത്ത് വീട് ചോര്‍ന്നൊലിക്കുമായിരുന്നു. ഒരു ചെറിയവീട്ടിലെ വലിയ ലോകമായിരുന്നു അച്ഛന്റെ അലമാര. നല്ല പഴക്കമുണ്ടായിരുന്നു ആ അലമാരയ്ക്ക്. ഈ മാത്രകള്‍ എല്ലാം യോജിപ്പിച്ചപ്പോള്‍ അച്ഛന്റെ അലമാര എന്ന കവിത ജനിച്ചു.

ജോലി ചെയ്യുന്ന നോയിഡയെക്കുറിച്ച്, നോയിഡയിലെ രാത്രി നടത്തങ്ങളെക്കുറിച്ചെല്ലാം ഗണേഷ് കവിതയില്‍ കുറിക്കുന്നുണ്ട്. അതുപോലെ ദല്‍ഹി, ബംഗാളി, വൈക്കം എന്നീ സ്ഥലങ്ങളും കവിതയില്‍ ചേര്‍ത്തുനിര്‍ത്തിയിരിക്കുന്നു. യാത്രകള്‍ എഴുത്തിനെ സ്വാധീനിച്ചതായി തോന്നിയിട്ടുണ്ടോ?

യാത്രകള്‍ എന്റെ സാഹിത്യരചനയെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ഓരോയിടവും നമുക്ക് ഓരോ യാഥാര്‍ഥ്യങ്ങളും കാട്ടിത്തരുന്നു. ഹൈദരാബാദ് പോലെ അല്ല ഡല്‍ഹി, അതുപോലെ അല്ല കല്‍ക്കട്ട, ഇതില്‍ നിന്നും വ്യത്യസ്തമാണ് മുംബൈ. വൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ രാജ്യം. ആ വൈവിധ്യങ്ങളെ അടുത്തറിയുക എന്നത് ഓരോ പൗരന്റെയും കടമയായി കൂടി ഞാന്‍ കാണുന്നു. ഈ നഗരങ്ങളിലൂടെയൊക്കെ ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്, അവിടെ നിന്ന് ലഭിച്ച അനുഭൂതികള്‍ കവിത ആക്കിയിട്ടുമുണ്ട്. പത്തുവര്‍ഷത്തോളം വൈക്കത്ത് ആണ് താമസിച്ചത്. ‘വൈക്കം കവിതകള്‍’ ആ അനുഭവത്തെ അടയാളപ്പെടുത്തുന്നു. നോയിഡയിലും ഡെല്‍ഹിയിലുമായി ഒരു വര്‍ഷത്തോളം താമസിച്ചു, രണ്ടു കൊല്ലം ഹൈദരാബാദില്‍.

ഗണേഷിന്റെ കവിതയിലൂടെ സഞ്ചരിക്കുമ്പോള്‍ പൊള്ളുന്ന ഒരു പാട് അനുഭവങ്ങളിലൂടെയാണ് ഗണേഷ് സഞ്ചരിച്ചതെന്ന് തോന്നിയിട്ടുണ്ട്. അനുഭവങ്ങളുടെ സ്വാധീനം എഴുത്തില്‍ എത്രത്തോളമുണ്ട്?

ജീവിതം ഒരിക്കലും എളുപ്പമായിരുന്നില്ല. ഒന്നുമില്ലായ്മയില്‍ വട്ടം കറങ്ങിയിട്ടുണ്ട്. ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ട്. പക്ഷെ, ഇതൊന്നും എന്റെ മാത്രം പ്രശ്‌നങ്ങള്‍ അല്ല എന്ന തിരിച്ചറിവ് എനിക്ക് എന്റെ യാത്രകളില്‍ നിന്ന് ഉണ്ടായി. പക്ഷെ, അതിനെ എല്ലാം തരണം ചെയ്യാന്‍ എനിക്ക് സാധിച്ചൂ എന്നത് ഞാന്‍ വളരെ പോസിറ്റീവ് ആയി കാണുന്നു.

പ്രസാധകരെ കാത്തിരിക്കാതെ സോഷ്യല്‍ മീഡിയയിലൂടെ കവിതകള്‍ പങ്കുവെക്കുകയും വായിക്കുകയും ചെയ്യുന്ന ഒരുപാട് കവികള്‍ ചുറ്റുമുണ്ട്. സോഷ്യല്‍ മീഡിയ എഴുത്തിനെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്?

ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളുടെ സാദ്ധ്യതകള്‍ പരിമിതമായേ ഞാന്‍ പ്രയോജനപ്പെടുത്തിയിട്ടുള്ളു എന്നത് ഒരു സത്യമാണ്. ഫേസ്ബുക്കില്‍ വരുന്ന കവിതകള്‍ വായിക്കാറുണ്ട്. ചിലപ്പോഴൊക്കെ അഭിപ്രായങ്ങള്‍ പറയാറുണ്ട്. പ്രസിദ്ധീകരിക്കുന്ന കവിതകള്‍ എല്ലാം ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാറുണ്ട്.

ഗണേഷിന്റെ കവിതകള്‍ക്ക് കൃത്യമായ രാഷ്ട്രീയമുള്ളതായി തോന്നിയിട്ടുണ്ട്. എങ്ങനെയാണ് സ്വന്തം കവിതകളെയും അതിന്റെ രാഷ്ട്രീയത്തെയും വിലയിരുത്തുന്നത്?

ദുഃിക്കുന്നവര്‍ക്കൊപ്പം ആയിരിക്കണം എഴുത്തുകാരന്‍ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മനുഷ്യനെയും പ്രകൃതിയെയും കീറിമുറിച്ചു പോകുന്ന വികസനത്തെ പുനര്‍വിചിന്തനം ചെയ്യണം എന്ന് ഞാന്‍ കരുതുന്നു. ഇന്ത്യയിലെ മഹാനഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളില്‍ ജീവിക്കുന്ന മനുഷ്യരെ ഞാന്‍ കണ്ടിട്ടുണ്ട്. നഗരത്തിന്റെ മോടികള്‍ ഒന്നും ഇല്ലാതെ, വൃത്തിഹീനമായ ചുറ്റുപാടില്‍ അവര്‍ അധിവസിക്കുന്നു. മനുഷ്യര്‍ തമ്മിലുള്ള ഈ അന്തരം എന്നെ ഭയപ്പെടുത്തുന്നുണ്ട്. എല്ലാ മനുഷ്യരും സമന്മാരാണ്. ഇവിടെ വലിയവനോ ചെറിയവനോ ഇല്ല. എല്ലാവരും ബഹുമാനിക്കപ്പെടണം. അതാണ് എന്റെയും എന്റെ കവിതയുടെയും രാഷ്ട്രീയം.

എഴുത്തിന്റെ പ്രതീക്ഷകള്‍ എന്തൊക്കെയാണ്?

പന്ത്രണ്ടാം വയസ്സില്‍ ആദ്യ കവിത പ്രസിദ്ധീകരിച്ചതുമുതല്‍ ഞാന്‍ ആഗ്രഹിക്കുന്നത് ഒരു എഴുത്തുകാരനായി അറിയപ്പെടുക എന്നതാണ്. എഴുതുക എന്നത് ഞാന്‍ ഏറ്റവും ആസ്വദിച്ചു ചെയ്യുന്ന ഒരു പ്രക്രിയയാണ്. എഴുത്തിനെ ഇഷ്ടപ്പെടുന്ന/ നന്നായി എഴുതുന്ന കുറെയധികം മനുഷ്യര്‍ക്ക് അവരുടെ സര്‍ഗാത്മകത അവതരിപ്പിക്കാന്‍ വേദികള്‍ കിട്ടാറില്ല. അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതും എന്റെ കര്‍ത്തവ്യമായി ഞാന്‍ കാണുന്നു. ഭാഷയെ വളര്‍ത്തുക എന്ന വലിയ ഉത്തരവാദിത്തം കൂടി ഓരോ എഴുത്തുകാരനിലും നിക്ഷിപ്തമാണ്. കൂടാതെ എന്റെ രണ്ടാമത്തെ കവിതാ സമാഹാരം വരുന്ന ഓഗസ്റ്റില്‍ പുറത്തുവരുന്നുണ്ട്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here