The Reader’s View
അന്‍വര്‍ ഹുസൈന്‍
മുഹമ്മദ് അബ്ബാസ് മലയാളത്തിലെ തലയെടുപ്പുള്ള എഴുത്തുകാരനല്ല. അങ്ങനെയാവാന്‍ അയാള്‍ ആഗ്രഹിക്കുന്നുമില്ല. ജീവിതം വഴിമുട്ടിയപ്പോള്‍ എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ ഒരാള്‍ കൂലിപ്പണിക്കിടെ മലയാളം പഠിച്ച് ലോക ക്ലാസിക്കുകളിലെത്തുകയും അത് ഫേസ് ബുക്കില്‍ പകര്‍ത്തി പിന്നീട് പുസ്തകമാകുകയും ചെയ്തത് അത്ഭുതാദരവോടെ നോക്കി നിന്ന ഒരാളാണ് ഈയുള്ളവന്‍. കാട്ടുകടന്നല്‍ ഉള്‍പ്പെടെ പല ക്ലാസിക്കുകളിലേക്കും എന്റെ വായനയെ ഉയര്‍ത്തിയ ആളാണ് അബ്ബാസ്.
ഒരു പെയിന്റ് പണിക്കാരന്റെ ഫേസ് ബുക്ക് ഭാഗം 2 ആണ് മനുഷ്യന്‍ എന്നത് അത്ര സുഖമുള്ള ഒരേര്‍പ്പാടല്ല എന്ന ഈ പുസ്തകം. മാതൃഭൂമിയുടെ ബെസ്റ്റ് സെല്ലറില്‍ ഒന്നായ വിശപ്പ്, പ്രണയം, ഉന്മാദം പോലെ ഇതും ജീവിതത്തെ ചോര കിനിയും വിധം കോറിയിടുന്നു.
നാല്‍പ്പത്തൊന്ന് കുറിപ്പുകളിലൂടെ ഒട്ടേറെ ജീവിതങ്ങളിലേക്ക് നാം കടന്നു കയറുമ്പോള്‍ നമ്മളും തല കുലുക്കി സമ്മതിക്കും മനുഷ്യന്‍ എന്നത് അത്ര സുഖമുള്ള ഏര്‍പ്പാടല്ലെന്ന്. ഇത് ഇങ്ങനെയാക്കിയത് മനുഷ്യന്‍ തന്നെയാണ്. ഭൂമിയില്‍ എല്ലാവര്‍ക്കും വിഭവങ്ങള്‍ പ്രകൃതിയിലുണ്ടായിരിക്കേ മനുഷ്യരില്‍ ചിലര്‍ ആക്രാന്തത്തോടെ ഏറെ കയ്യടക്കുമ്പോള്‍ ദാരിദ്ര്യം ഉണ്ടാവുന്നു. സ്‌നേഹം എന്ന മാനുഷിക വികാരത്തിലൂടെ മാത്രം എത്തേണ്ട കാമം ക്രൂരമാവുന്നു. ജീവിത പ്രതിസന്ധികള്‍ മനുഷ്യനെ ഉന്മാദിയാക്കുന്നു. ഇതിന്റെ നാള്‍വഴികളിലൂടെയാണ് അബ്ബാസ് യാത്ര ചെയ്യുന്നത്.
ഒറ്റയാനായ അച്ചൂട്ടിയെപ്പോലെ അനവധി കഥാപാത്രങ്ങള്‍, അല്ല ജീവിതങ്ങള്‍, നമ്മിലേക്ക് സംക്രമിക്കുന്നു.
ഉള്ളില്‍ മരുഭൂമികള്‍ ഇരമ്പിയാര്‍ത്തു. തനിച്ചുറങ്ങിയ ശൂന്യതയുടെ ആ മുറിയില്‍ ഇലക്ട്രിക് ഹീറ്ററിലേക്ക് പറന്നു വന്ന് പൊട്ടിത്തെറിക്കുന്ന ചെറു ജീവികളുടെ ശബ്ദം ഞാന്‍ കേട്ടു. വടി കുത്തിപ്പിടിച്ച് ജോലിക്ക് നടന്ന തണുപ്പന്‍ പുലരികള്‍ സൂചിമുനകളായി വന്ന് കുത്തി. ചുമരുകളില്‍ എണ്ണി തീര്‍ത്ത കറുത്ത പൊട്ടുകള്‍ മുഴുവന്‍ മുന്നില്‍ തെളിഞ്ഞു.
ബഷീറിനെപ്പോലെ തീവ്രമായ അനുഭവങ്ങളാണ് അബ്ബാസിനെയും എഴുത്തുകാരനാക്കിയത്. അബ്ബാസ് എഴുതുകയല്ല, എഴുതിപ്പോവുകയാണ്.
ആരെയും തിരിച്ചറിയാത്ത ആള്‍ക്കൂട്ടം നല്‍കുന്ന ഒട്ടേറെ അനുഭവങ്ങള്‍ ഇതില്‍ പകര്‍ത്തിയിട്ടുണ്ട്. ഒരാളുടെയും ഉള്ളറിയാന്‍ കഴിയാത്ത ജനക്കൂട്ടം ചിലരെ വേശ്യയും ചിലരെ കള്ളനുമാക്കുന്നു. അതെ, മനുഷ്യന്‍ അത്ര സുഖമുള്ള ഏര്‍പ്പാടേയല്ല.
ഫറൂഖ് കോളേജില്‍ കണ്ടുമുട്ടിയ ആ മോനെപ്പോലെ തന്റെ പരിമിതികളെ അതിജീവിക്കുന്ന ചിലരെയും ഇതില്‍ പരിചയപ്പെടുത്തുന്നു. ജീവിതത്തെ പ്രസാദാത്മകമായി കാണാന്‍ ഇവര്‍ നമ്മെ ഉണര്‍ത്തും.
ഒരാളെ മനോരോഗിയാക്കുന്നത് പലപ്പോഴും സമൂഹമാണ്. അയാള്‍ അനുഭവിക്കുന്ന കടുത്ത മാനസിക സംഘര്‍ഷം സ്വന്തം അനുഭവത്തിലൂടെയും മറ്റു ചിലരുടെ അനുഭവങ്ങളിലൂടെയും പകര്‍ത്തിയിട്ടുണ്ട്. കണ്ണു നിറഞ്ഞും ഹൃദയം മിടിച്ചുമല്ലാതെ ആ കുറിപ്പുകള്‍ വായിക്കാനാവില്ല.
സക്കാത്ത് പോലെയുള്ള ഉന്നതമായ ആശയത്തെ പോലും മനുഷ്യന്‍ എത്ര വികലമാക്കി എന്ന് കാണേണ്ടതാണ്. പാവങ്ങളെ വരി നിര്‍ത്തി എന്തെങ്കിലും എറിഞ്ഞു കൊടുക്കുന്ന ഈ ഏര്‍പ്പാട് സക്കാത്തിന്റെ അന്തസത്തയെ ചോദ്യം ചെയ്യുന്ന ഒന്നാണ്.
അടുക്കളപ്പുകയിലും അലക്കുകല്ലിലും പച്ചക്കറിയിലും മീനിലും ഇറച്ചിയിലും തുടക്കലിലും കഴുകലിലും അടിച്ചുവാരലിലും ഗര്‍ഭം ധരിക്കലിലും മുലയൂട്ടിലും പെട്ട് എത്രയെത്രയോ പെണ്‍ പ്രതിഭകള്‍ ശ്വാസം മുട്ടി മരിച്ചിട്ടുണ്ടാവും.
ഇത്തരം ചില നിരീക്ഷണങ്ങള്‍ ഇതിലുണ്ട്. സ്ത്രീയെ കാമപൂര്‍ത്തിയുടെ ഉപകരണമായി കാണുന്ന പുരുഷന്മാര്‍ ഇന്നുമുണ്ട്. അവളുടെ വ്യക്തിത്വം അംഗീകരിക്കുന്ന, സര്‍ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്ന കൂട്ടുകാരനായി പുരുഷന്‍ മാറേണ്ടതുണ്ട്.
പേപ്പര്‍ പബ്ലിക്കാ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ 192 താളുകളിലും നിറയെ ജീവിതമാണ്. കണ്ണീരും സ്വപ്നങ്ങളും രതിയും ഉന്മാദവും പ്രണയവും പരിഹാസവും നിന്ദയും ക്രൂരതയുമെല്ലാം അവിടെ ഇഴ കോര്‍ക്കുന്നു. ദൈവമേ, ഇത് മൊത്തം എനിക്ക് പകര്‍ത്താനാവുന്നില്ലല്ലോ!
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല