ന്യൂഡൽഹി: ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിലെ സ‌്കൂളുകളില്‍ അടിസ്ഥാനതലം മുതൽ ഹിന്ദി നിര്‍ബന്ധമായി പഠിപ്പിക്കാനുള്ള നീക്കത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തെ തുടർന്ന്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് കേന്ദ്ര സർക്കാർ തിരുത്തി. ഹിന്ദി നിർബന്ധമാണെന്ന് ശുപാർശ ചെയ്യുന്ന ദേശീയ വിദ്യാഭ്യാസനയം–-2019 ന്റെ കരടില്‍ ഡോ. കസ‌്തൂരിരംഗൻ അധ്യക്ഷനായ സമിതിയാണ് തിരുത്തല്‍ വരുത്തിയത്. മാനവവിഭവശേഷി മന്ത്രാലയം വെബ‌്സൈറ്റിൽ അപ‌്‌ലോഡ‌് ചെയ‌്ത പരിഷ‌്കരിച്ച കരടിൽ ‘ഹിന്ദി പഠിക്കണമെന്ന’ നിർദേശം പൂർണമായും ഒഴിവാക്കി. പ്രാവീണ്യം തെളിയിച്ച ശേഷം വിദ്യാർഥികൾക്ക‌് താൽപ്പര്യാനുസരണം ഭാഷകൾ മാറ്റാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി.
‘മൂന്ന‌് ഭാഷകൾ പഠിക്കുന്ന വിദ്യാർഥികൾക്ക‌് ആറാം ക്ലാസിലോ ഏഴാം ക്ലാസിലോ എത്തുമ്പോൾ ഒന്നോ അതിൽ കൂടുതലോ ഭാഷകൾ മാറ്റാനുള്ള അവസരമുണ്ടാകും. നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നതും പരീക്ഷകളിൽ പ്രാവീണ്യം തെളിയിച്ചതുമായ ഭാഷയോ ഭാഷകളോ മാറ്റാനാകും അവസരമുണ്ടാക്കുക’– എന്നാണ‌് പരിഷ‌്കരിച്ച കരടിലെ നിർദേശം. എന്നാല്‍ പുതിയ കരട് നയത്തിലും ഒന്നാംക്ലാസമുതല്‍ മൂന്ന്ഭാഷ പഠിക്കണമെന്ന ശുപാര്‍ശയില്‍ മാറ്റം വരുത്തിയിട്ടില്ല.
ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ദക്ഷിണേന്ത്യന്‍ മേഖലയില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. തമിഴ‌്നാട്ടിൽ എഐഎഡിഎംകെയും ഡിഎംകെയും കോൺഗ്രസും മക്കൾ നീതി മയ്യവും ഉൾപ്പെടെയുള്ള പാർടികൾ ഒറ്റക്കെട്ടായി സമരത്തിനിറങ്ങി. ബംഗാളിലും മഹാരാഷ്ട്രയിലും പ്രതിഷേധപ്രകടനങ്ങള്‍ അരങ്ങേറി. സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമായി. ഇതിനുപിന്നാലെയാണ‌് വിവാദവ്യവസ്ഥകൾ ഒഴിവാക്കി കരട‌് പരിഷ‌്കരിച്ചത‌്. തീരുമാനം തിരുത്തിയതിനെ ഓസ‌്കർ ജേതാവ‌് എ ആർ റഹ്മാൻ ഉൾപ്പെടെയുള്ള പ്രമുഖർ സ്വാഗതം ചെയ്തു.