ഹെലാരോ- പ്രതിരോധത്തിന്റെ ‘ഗർബ നൃത്തം’

0
274
hellaro-wp

സിനിമ

അനുപ്രിയ രാജ്

“നിന്റെ കൊമ്പും ചിറകും നീ തന്നെ ഒടിക്കുന്നതാണ് നല്ലത്, ഞാൻ ഒടിക്കാൻ നിന്നാൽ നീ കൂടുതൽ വേദന അനുഭവിക്കേണ്ടി വരും”. പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വെയ്ക്കുന്ന ഒരു പെണ്ണിനോട്  ആദ്യരാത്രി  അവളുടെ ഭർത്താവ് ഇങ്ങനെ പറയുമ്പോൾ തനിക്കിനി ഒരു  ജീവിതമുണ്ടാകില്ലെന്നു അവൾ ഏതാണ്ടൊക്കെ ഉറപ്പിക്കുന്നു. എങ്കിലും കൊല്ലാതെ ചവിട്ടിയരയ്ക്കപ്പെട്ട ഏതൊരു ജീവനും ജീവിതത്തിനായി പിടഞ്ഞുക്കൊണ്ടേയിരിക്കും. ചിലർ ആരോരുമറിയാതെ അകലങ്ങളിലേക്ക് മറഞ്ഞു  മങ്ങും. മറ്റു ചിലർ അത്ഭു‌തകരമായി തിരികെ വരും. അത്തരത്തിൽ ജീവിതം പകരുന്ന സന്തോഷങ്ങൾ  പൊരുതി നേടിയ പന്ത്രണ്ട് സ്ത്രീകളുടെ കഥയാണ് “ഹേലാരോ” എന്ന ഗുജറാത്തി സിനിമയുടെ പ്രമേയം. സിനിമയുടെ അവസാന രംഗത്തിനു ശേഷം ക്രെഡിറ്റ്‌ എഴുതി കാണിക്കുമ്പോൾ നീണ്ട നിശബ്ദതയിൽ നിന്നും  ഒരു നെടുവീർപ്പുമായി പ്രേക്ഷകൻ തീയേറ്ററിൽ നിന്നും മടങ്ങിയേക്കാം. അതിനുള്ള കാരണം കാല്പനികമായി പറയുകയാണെങ്കിൽ ഹൃദയത്തിൽ തൊടുന്ന ചില നിമിഷങ്ങളിലൂടെ സിനിമ കാണുന്ന പ്രേക്ഷകൻ കടന്നു പോകുന്നു എന്നുള്ളതാണ്.

anupriya-raj
അനുപ്രിയ രാജ്

ഗുജറാത്തിലെ കച്ച് ജില്ലയിലെ സമർപൂർ എന്ന ഗ്രാമം. 1975 ലെ അടിയന്തിരാവസ്ഥയാണ് സിനിമയുടെ പശ്ചാത്തലം. എന്നാൽ രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചൊന്നും ഗ്രാമീണർ വേവലാതിപ്പെടുന്നില്ല. കാരണം സർക്കാർ സംവിധാനങ്ങളോ  പദ്ധതികളോ ആ ഗ്രാമത്തിലേക്ക് കടന്നുവരുന്നില്ല. ഗ്രാമ മുഖ്യൻ പറയുന്നുത് പോലെ ഗ്രാമീണർ അനുസരിക്കുന്നു. പ്രസവിക്കാനും പിള്ളേരെ പോറ്റാനുമായി കുറെ സ്ത്രീ ശരീരങ്ങൾ നാല് ചുമരുകൾക്കുള്ളിൽ  പതുങ്ങിയിരുപ്പുണ്ട്. സ്ത്രീകൾ സന്തോഷിക്കുന്നത് പാപമാണ്. അവർ വരുമാനം ഉണ്ടാക്കുന്നത് ശരീരം വിൽക്കുന്നതിന് തുല്യമാണ്. കലാപരമായ കഴിവുകൾ നിഷിദ്ധമാണ്. അങ്ങനെ മനുഷ്യന്റെ അടിസ്ഥാന സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടു ശ്വാസം മുട്ടി ജീവിക്കുന്ന സ്ത്രീകൾക്ക് മുന്നിൽ പുരുഷന്മാർ ‘ഗർബാ  നൃത്തം’ വെയ്ക്കുമ്പോൾ  മക്കളെ മാറോടു ചേർത്തുക്കൊണ്ടു അവർ വിതുമ്പുന്നു. എന്നാൽ ദേവി ഭഗവതിയുടെ മുന്നിൽ “മഴ പെയ്യിച്ചു ഞങ്ങളുടെ ദാരിദ്ര്യം മാറ്റണേ” എന്ന്‌ പുരുഷന്മാർ പ്രാർത്ഥിക്കുന്നുണ്ട്. ചിത്രപ്പണി തുന്നൽ ചെയ്തു കൊണ്ട് ഗ്രാമത്തിലെ ഒരു സ്ത്രീ പാപം ചെയ്‌തെന്നും അങ്ങനെ ദേവി ശാപം മൂലം ഗ്രാമം കൊടും വരൾച്ചയിലായെന്നുമാണ് ഗ്രാമത്തിലെ ആസ്ഥാന പൂജാരിയുടെ കണ്ടുപിടിത്തം.

നിരപരാധിയായ ആ പാവം  സ്ത്രീയെ ഗ്രാമീണർ കൊലപ്പെടുത്തി പാപക്കറ മായ്ക്കാൻ ശ്രമിച്ചെങ്കിലും മഴ ദൈവങ്ങൾ കനിഞ്ഞില്ല. ഇപ്പോൾ മൂന്ന് കൊല്ലമായി ഗ്രാമത്തിൽ മഴ പെയ്യുന്നില്ല. സ്ത്രീകൾ പാപം ചെയ്യാതെ മഴ ദൈവങ്ങളെ പ്രീതിപ്പെടുത്തണമെന്നാണ് ഗ്രാമ മുഖ്യന്റെ കല്പന. തങ്ങൾക്കു നേരെ നടക്കുന്നത് അനീതിയാണെന്നുള്ള ബോധം പോലുമില്ലാതെ ഗ്രാമത്തിലെ സ്ത്രീകൾ ശ്വാസമടക്കിപ്പിടിച്ചു ജീവിക്കുന്നു. സമീപത്തുള്ള തടാകത്തിൽ നിന്നും  വെള്ളമെടുക്കാൻ പോകുന്നതാണ് അവരുടെ  ആകെയുള്ള ആശ്വാസം. ആ യാത്രയ്ക്കിടയിൽ  മരുഭൂമിയിൽ വെള്ളം കിട്ടാതെ പാതി ജീവനായി കിടക്കുന്ന ഒരു പുരുഷനെ  കണ്ടുമുട്ടുന്നിടത്താണ് സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട സ്ത്രീകളുടെ ജീവിതത്തിൽ നിർണ്ണായക വഴിത്തിരിവുണ്ടാകുന്നത്.

hellaro-movie-still

വിഷ്വൽ സ്റ്റോറി ടെല്ലിംഗിന്റെ മികച്ച ഉദാഹരണമായ ഈ സിനിമയ്ക്ക്  2019യിലെ മികച്ച സിനിമയ്ക്കുള്ള ദേശിയ പുരസ്കാരം ലഭിച്ചിരുന്നു. തന്റെ ആദ്യ സിനിമയിലൂടെ തന്നെ മികച്ച സംവിധായകൻ എന്ന ഖ്യാതി “ഹെല്ലറായിലൂടെ” സംവിധായകൻ അഭിഷേക് ഷാഹ് നേടിയിരുന്നു. ‘ഗർബാ  നൃത്തം’ കേന്ദ്ര കഥാപാത്രമായി തന്നെ  അവതരിപ്പിക്കുന്ന സിനിമയിൽ മികവുറ്റ നൃത്ത രംഗങ്ങളാണ് ചിട്ടപ്പെടുത്തിയിക്കുന്നത്. ചിന്തയെയും മനസ്സിനെയും ഒരുപോലെ സ്പർശിക്കുന്ന വിധത്തിൽ സിനിമയിലെ  സംഭാഷണങ്ങൾ സൗമ്യ ജോഷി എഴുതിയിട്ടുണ്ട്. വിലങ്ങുകളുടെ ചങ്ങലകളെ വലിച്ചെറിഞ്ഞു കൊണ്ടു പന്ത്രണ്ട് സ്ത്രീകൾ ചെയ്യുന്ന അതിജീവനത്തിന്റെ ഗർബാ നൃത്തം കാണുമ്പോൾ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകനും അവർക്കായുള്ള ഡോലികൾ മനസ്സിലൂടെ കൊട്ടിക്കൊണ്ടു പറയും” ഇത് നിങ്ങളുടെ കാലമാണ്”.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in,

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here