മൂത്രമൊഴിക്കാൻ പോലും പുറത്തേക്കിറങ്ങാത്ത ഒരു കുട്ടി ലോക്ക്ഡൗണിൽപ്പോലും അകപ്പെടുന്നില്ല

0
290
aadhi-article-wp

ആദി

സുരക്ഷിതത്വമെന്നാൽ അടച്ചിടലാണെന്ന് എന്റെ ക്ലാസ്സ്മുറികൾ എന്നെ പണ്ടേ പഠിപ്പിച്ചതാണ്.അപ്പോൾ ഇത് ഒരുതരം തിരിച്ചുപോക്കാണ്. എന്റെ ശീലം തന്നെയാണ്. അന്നൊക്കെ, യാതൊരു സുരക്ഷിതത്വവുമില്ലാത്ത ഒരു വീട്ടിലാണ് ഞാൻ ജീവിച്ചിരുന്നത്. രാത്രികൾ ഉറങ്ങാതിരിക്കാൻ കൂടിയുള്ളതാണെന്ന് അന്നേ അമ്മ എന്നെ പഠിപ്പിച്ചിരുന്നു. കാലടിയിലെത്തിയപ്പോൾ ഉറക്കമില്ലായ്മകളിൽ കണ്ടമാനം സന്തോഷിക്കാനുള്ള ചില വക കൂടിയുണ്ടെന്ന് ഞാൻ മനസ്സിലാക്കി.

സ്‌കൂളിൽ പഠിക്കുമ്പോഴും ക്ലാസ്സ്മുറിയുടെയൊരു മൂലയിൽ മൂട്ടിൽ വേരുമുളച്ച മട്ടിലുള്ള ആ ഇരിപ്പ് ഞാൻ തുടർന്നു. മൂത്രമൊഴിക്കാൻ ഞാൻ ഒരിക്കൽപ്പോലും പുറത്തുപോയില്ല. എന്റെ മൂത്രസഞ്ചിയ്ക്ക് വീട്ടീന്നിറങ്ങുന്നതു തൊട്ട് തിരിച്ചുവീടെത്തും വരെയുമുള്ള മൂത്രം സൂക്ഷിക്കാൻ കഴിവുണ്ടായിരുന്നു. വീട്ടിലെത്തിയാൽ, നേരെ തിരിമ്പുകല്ലിന് മുകളിൽ കേറി മഞ്ഞളിച്ച മൂത്രമേറ്റവും ദൂരത്തെത്തിക്കാൻ ഞാൻ കിണഞ്ഞു ശ്രമിച്ചു. ഈ വിദ്യ അനിയനാണെന്നെ പഠിപ്പിച്ചത്. തിരിമ്പുകല്ലിന്‌ മോളിൽ കേറിനിന്ന് മൂത്രമൊഴിച്ചാൽ ദൂരെയുള്ള തെങ്ങിൻകുണ്ടിലേക്കെളുപ്പമെത്തിക്കാൻ പറ്റും. എന്നാൽ ഈ സാഹസത്തിനു മുതിരുമ്പോളേക്കു തന്നെ എന്റെ മൂത്രാശയത്തിൽ നിന്ന് വേദനിപ്പിക്കുന്ന സൂചിതരിപ്പ് അടിവയറ്റിലേക്കിരച്ചുകേറും.

ഊണുകഴിച്ചു, കഴിഞ്ഞ് കൈകഴുകാൻപോലും ഞാൻ ക്ലാസ്സിൽ നിന്നു പുറത്തുപോയില്ല. ക്ലാസ്സിലെ ജനലുവഴി അത്രയും ശ്രദ്ധിച്ചാണ് ഞാൻ അന്നൊക്കെ കൈയും വായും കുൽകഴുകിയിരുന്നത്. ഈ പതിവുകൾ ഞാൻ പ്ലസ്‌ടു വരെയും ഭാഗികമായി ഡിഗ്രിവരെയും തുടർന്നുപോന്നു. കളി പിരീഡുകളെ അങ്ങേയറ്റം വെറുത്ത ഒരു കുട്ടി നിങ്ങളുടെ മനസ്സിലുണ്ടെങ്കിൽ, ചിലപ്പോഴെങ്കിലും അവനെന്റെ ഛായയുണ്ടാകും. കഴിഞ്ഞ ദിവസം, ഒരു സുഹൃത്ത് വിളിച്ചവന്റെ കുട്ടിക്കാലത്തെ കുറിച്ചുപറഞ്ഞപ്പോൾ ഞാനാ കഥയിൽ എന്നെ കണ്ടു.ആ കുട്ടിയുടെ വെപ്രാളപ്പെടൽ,വിയർത്തൊലിക്കൽ എല്ലാമെനിക്കേറെ പരിചിതമാണ്.
വിഷ്ണു പറയുന്നതുപോലെ സ്ഥലവും കാലവും വ്യക്തികളും മാത്രമേ മാറുന്നുള്ളൂ. അനുഭവങ്ങളെല്ലാം ഒന്നുതന്നെയാണ് എന്ന് എനിക്കും ഇപ്പോൾ തോന്നുന്നുണ്ട്.

എന്തുകൊണ്ടാണ്,ഞാനിങ്ങനെ എന്നോട് ചേർത്ത് എന്നെ കെട്ടിയിട്ടത് ? എന്റെ ഇടങ്ങളെ എന്തിനാണ് ഞാനിത്ര ചുരുക്കിക്കളഞ്ഞത് ? ആരെങ്കിലുമെന്റെ സത്യത്തെ കുറിച്ച് കണ്ടുപിടിക്കുമെന്ന് പേടിച്ചിട്ടാകുമോ ?
അല്ലെങ്കിൽ, എന്റെ കൈയുടെ ചെറിയൊരു ചലനത്തിലെ സ്ത്രൈണതയെ ചാന്തുപൊട്ടെന്ന വിളിയിൽ മുക്കി,മൂത്രപ്പുരയിലെ മഞ്ഞളിച്ച ഭിത്തിയോട് ചേർത്ത് എന്റെ ട്രൗസറിന്റെ കുടുക്ക് പൊട്ടുമാറ് വലിച്ചൂരി അവരു നോക്കുമോ എന്നുള്ള പേടി കൊണ്ടാകുമോ ? മൂത്രത്തിൽ വീണ കുടുക്കിലേക്ക് നോക്ക് ഒരു കൈ കൊണ്ട് ട്രൗസറ് വലിച്ചുപിടിച്ചു കരയുന്ന കുട്ടിയ്ക്ക്, കുപ്പായം പിന്നിപ്പോയതിന്റെ അടികൂടി കിട്ടാനുണ്ടെന്ന ഏങ്ങലടി ചെവിയിൽ കുരുങ്ങികിടക്കുന്നു. മൂക്കൊലിക്കുന്നു… ഇടവഴികളൊന്നുമേ അവന്റെ (അവരുടെ) കാൽപാടുകൾ അവശേഷിപ്പിക്കുന്നുപോലുമില്ല.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here