ചാന്ദ്രയാനോടൊപ്പം വിജയക്കുതിപ്പുമായി ഹെയ്ദി സാദിയയും: അഭിനന്ദനവുമായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

0
173

തിരുവനന്തപുരം: ഓരോ ഭാരതീയനും അഭിമാനം നല്‍കുന്ന ചാന്ദ്രയാന്‍-2 ന്റെ ഓര്‍ബിറ്ററും ലാന്‍ഡറും തമ്മില്‍ വേര്‍പിരിഞ്ഞ മുഹൂര്‍ത്തത്തില്‍ മറ്റൊരു വിജയക്കുതിപ്പ് നടത്തിയിരിക്കുകയാണ് തൃശൂര്‍ ചാവക്കാട് സ്വദേശി ഹെയ്ദി സാദിയ. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും കേരളത്തിലെ ആദ്യ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റായി ഒരു ടെലിവിഷനിലൂടെ വാര്‍ത്ത വായിക്കുകയായിരുന്നു ഹെയ്ദി സാദിയ.

കൈരളി ന്യൂസിലാണ് ചാന്ദ്രയാന്‍ ദൗത്യ വിജയം പ്രേക്ഷകര്‍ക്ക് മുമ്പില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇംഗ്ലീഷ് ബിരുദത്തിന് ശേഷം തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്നാണ് ഇലക്‌ട്രോണിക്‌സ് ജേണലിസത്തില്‍ ഫസ്റ്റ് ക്ലാസോടെ ഹെയ്ദി സാദിയ പി.ജി. ഡിപ്ലോമ കരസ്ഥമാക്കിയത്. പഠനകാലത്ത് സാമൂഹ്യ സുരക്ഷാ മിഷന്റെ മഴവില്ല് പദ്ധതിയിലൂടെ സ്‌കോളര്‍ഷിപ്പ് നല്‍കിയിരുന്നു. ആഗസ്റ്റ് 31നാണ് കൈരളി ന്യൂസില്‍ ജോലിയില്‍ പ്രവേശിച്ചത്.

ചാന്ദ്രയാന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു. ഒപ്പം ഹെയ്ദി സാദിയയേയും മന്ത്രി അഭിനന്ദിച്ചു. ഇത് മറ്റുള്ള ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് പ്രചോദനമാണെന്ന് മന്ത്രി പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമത്തിനായി വലിയ പ്രവര്‍ത്തനമാണ് ഈ സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ നയം രൂപീകരിച്ച ആദ്യ സംസ്ഥാനമാണ് കേരളം. ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ സമഗ്ര വികസനത്തിനും അവരെ മുഖ്യധാരയില്‍ കൊണ്ടു വരാനുമായി മഴവില്ല് എന്ന ബൃഹദ് പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here