ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് പ്രശംസ

0
294

ന്യൂഡല്‍ഹി: പതിമൂന്നാമത് കേന്ദ്ര ആരോഗ്യ കൗണ്‍സില്‍ സമ്മേളനത്തില്‍ നിപ്പ വൈറസ് പ്രതിരോധനത്തില്‍ കേരളം നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ദ്ധന്‍ പ്രശംസിച്ചു. ആരോഗ്യ ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍, സമഗ്ര ആരോഗ്യ സംരക്ഷണ പദ്ധതികള്‍ എന്നിവയെക്കുറിച്ചുള്ള വിശദമായ ചര്‍ച്ച പതിമൂന്നാമത് കേന്ദ്ര ആരോഗ്യ കൗണ്‍സിലില്‍ നടന്നു.
കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് പാക്കേജിന്റെ അപാകതകള്‍ സംസഥാന ആരോഗ്യ മന്ത്രിമാര്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ആയുഷ്മാന്‍ പദ്ധതിയില്‍ കേരളത്തില്‍ 18 ലക്ഷം കുടുംബങ്ങള്‍ക്കു മാത്രമേ ആനുകൂല്യം ലഭിക്കു എന്നതിനാലാണ് കേരളം കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് സ്‌കീമില്‍ വൈകി ചേര്‍ന്നത്. കേരളത്തില്‍ ആര്‍. എസ്. ബി. വൈ, ചിസ് തുടങ്ങിയ പദ്ധതികളിലൂടെ 41 ലക്്ഷം കുടുംബങ്ങള്‍ക്ക് ആനുകൂല്യം നല്‍കിയിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഇതിനകം 40.90 ലക്ഷം കുടുംബങ്ങള്‍ എന്റോള്‍ ചെയ്തു. വ്യക്തിപരമായ എന്റോളിലൂടെ 58,000 പേരും പദ്ധതിയില്‍ ചേര്‍ന്നു.
ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ റീ ഇംപേഴ്‌സ് മെന്റ് നല്‍കിയതും കേരളമാണ്. കോഴിക്കോട് കോട്ടയം ഗവ. മെഡിക്കല്‍ കോളേജുകള്‍ക്കാണ് ഇതില്‍ ഒന്നും രണ്ടും സ്ഥാനം. ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ 19 ശതമാനം മാത്രമാണ് കേന്ദ്രം നല്‍കുന്നത്. ആയുഷ്മാന്‍ പദ്ധതിയിലെ 18 ലക്ഷം പേര്‍ക്ക് മാത്രമാണ് 60:40 നിരക്കില്‍ പ്രീമിയം കേന്ദ്രത്തില്‍ നിന്ന് ലഭ്യമാകുന്നത്. 41 ലക്ഷം കുടുംബങ്ങള്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്ളതിനാല്‍ മൊത്തം പ്രീമിയത്തിന്റെ 80 ശതമാനം തുകയാണ് കേരളം വഹിക്കുന്നത്.
പ്രീമിയം അടക്കുന്നതിന് കൂടുതല്‍ കേന്ദ്ര സഹായം മന്ത്രി ആവശ്യപ്പെട്ടു. തെലുങ്കാനയും കൂടുതല്‍ ധന സഹായത്തിന് ആവശ്യപ്പെട്ടിട്ടുണ്ട്. ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍ എന്ന കാഴ്ചപ്പാടില്‍ രോഗ പ്രതിരോധവും ആരോഗ്യസംരക്ഷണവും പ്രാഥമിക തലത്തില്‍ നിന്നു തന്നെ ആരംഭിക്കണമെന്ന ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യത്തിനു അനുസരിച്ചാണ് ആര്‍ദ്രം മിഷനിലൂടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോ ഗ്യകേന്ദ്രങ്ങളാക്കി മാറ്റിയിട്ടുള്ളത്. ഇതിനകം 266 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വെല്‍നസ് സെന്റര്‍ ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വെല്‍നസ് സെന്റര്‍ ആരംഭിക്കും. പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് 2018ല്‍ ആരംഭിച്ച ആരോഗ്യജാഗ്രതാ ക്യാംപെയിനിലൂടെ വ്യാപകമായ പ്രചാരണ പരിപാടികളാണ് സംസ്ഥാനത്ത് നടത്തിവരുന്നത്.
പകര്‍ച്ച വ്യാധികളെ ഉറവിടത്തില്‍ നിന്നുതന്നെ തടയുക എന്ന ലക്ഷ്യത്തോടെ 20 വീടുകള്‍ക്ക് ഒരു ആരോഗ്യ സേന എന്ന നിലയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്. പദ്ധതി പ്രവര്‍ത്തനം വ്യാപകമാക്കുന്നതിന് കൂടുതല്‍ കേന്ദ്ര വിഹിതം അനുവദിക്കണം. ശിശു മരണ നിരക്കിലും മാതൃ മരണ നിരക്കിലും ശ്രദ്ധേയമായ നേട്ടം കൈവരിച്ച കേരളം 2020 ഓടെ മാതൃമരണ നിരക്ക് ഒരുലക്ഷത്തിന് ഇപ്പോഴുള്ള 46ല്‍ നിന്നും 30 ആയും 2030ല്‍ 20 ആയും കുറക്കുന്നതിനാണ് കേരളം ലക്ഷ്യമിടുന്നത്.
ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് അമൃതം ആരോഗ്യം പദ്ധതിയും, ക്യാന്‍സര്‍ പ്രതിരോധത്തിനുള്ള പദ്ധതിയും, കേരളം നടപ്പാക്കി വരികയാണ്. പാലിയേറ്റീവ് കെയര്‍ ഗ്രിഡ് പദ്ധതി ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചു. സമഗ്ര ട്രോമാ കെയര്‍ പദ്ധതിയുടെ ഭാഗമായി 315 ആംമ്പുലന്‍സുകള്‍ 30 കി.മീ. പരിധിയല്‍ ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് വൈറോളജി കേന്ദ്രത്തിനും ട്രോമാ കെയര്‍ പദ്ധതിക്കും കൂടുതല്‍ തുക അനുവദിക്കണം. പി. എം. എസ്. എസ് വൈ. പദ്ധതിയില്‍ കോട്ടയം, കണ്ണൂര്‍, തൃശ്ശൂര്‍, പാരിപ്പള്ളി മെഡിക്കല്‍ കോളേജുകള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യം അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ,സംസ്ഥാന ആരോഗ്യ മന്ത്രിമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here