പഴയ ഡൽഹി

0
446
photo-stories-vyshakh cm

വൈശാഖ്

തീസിസിന്‍റെ ഒരു ചാപ്റ്റര്‍ സബ്മിറ്റ് ചെയ്ത ദിവസം രാത്രി സാറിന്‍റെ (Dr. Vikas Bajpai, പിഎച്ച്ഡി ഗൈഡ് ആണ്) മെസ്സേജ്, “നാളെ നമുക്ക് രാവിലെ ഓള്‍ഡ്‌ ഡല്‍ഹി ഒന്നു പോയാലോ”. സ്ട്രീറ്റ് ഫോട്ടോഗ്രാഫിയില്‍ വളരെ കമ്പവും അനുഭവവും ഉള്ള ആളാണ്‌ സാറ്. തീര്‍ച്ചയായും എന്ന് പറഞ്ഞപ്പോള്‍ ഒരു ആറു മണിക്ക് Hauz Khas മെട്രോ സ്റ്റേഷനില്‍ കാണാം എന്ന് പറഞ്ഞു. പിറ്റേന്ന് കാലത്തു രാവിലെ അഞ്ചുമണിക്ക് എണീറ്റു റെഡി ആയി. ക്യാമ്പസില്‍ നിന്നും ബസ്സ്‌ ഏഴു മണിക്ക് ശേഷമേ തുടങ്ങു. പുറത്തിറങ്ങി ഒരു ഓട്ടോ പിടിച്ചു മെട്രോ സ്റ്റേഷനില്‍ എത്തി. അവിടുന്ന് സാറിന്‍റെ കൂടെ മെട്രോ വഴി Chawri Bazar എന്ന സ്ഥലത്ത് എത്തി. മറ്റു സ്റ്റേഷനുകളെ അപേക്ഷിച്ച് ഇവടെത്തെ സ്റ്റേഷന്‍ വളരെ ആഴത്തിലാണ് സ്ഥിതിചെയ്യുന്നത. നീണ്ട കോണിപ്പടികള്‍ കയറി നമ്മള്‍ എത്തുന്നത്‌ പഴയ ഡല്‍ഹിയുടെ ധമനികളില്‍ ഒന്നിലാണ്. നേരത്തെ ഉണര്‍ന്ന തെരുവുകള്‍. വലിയ ഉന്തുവണ്ടികളില്‍ വന്ന സാധനങ്ങള്‍ തലയിലും ചുമലിലുമായി കൊറേ ചുമട്ടുകാര്‍ ചെറിയ കടകളിലേക്കും ഇടുങ്ങിയ ഗലികളിലേക്കും കൊണ്ടുപോവുന്നു. മാളുകളും വലിയ ഹോട്ടലുകളും വിസ്താരമുള്ള പാതകളും ഇല്ലാത്ത, പഴയ ഡല്‍ഹി. എന്നാലും പഴയ കെട്ടിടങ്ങളുടെ ചാരുതയില്‍ തലയുയര്‍ത്തി തന്നെ നില്‍ക്കുന്നു.

ഞായറാഴ്ച ആയതിനാല്‍ ആവണം കടകള്‍ പലതും അടഞ്ഞു കിടന്നു. ഉന്തുവണ്ടികളും ചുമടെടുപ്പുകാരും റോഡുകള്‍ കയ്യടക്കിയിരുന്നു. തലയും താടിയും നരച്ചു കുറുകിയ ഒരു മനുഷ്യന്‍ വളരെ കഷ്ടപ്പെട്ട് രണ്ടു കെട്ടുകള്‍ തലയില്‍ വെച്ച് കുനിഞ്ഞു കൊണ്ട് പോവുന്നു.

ഇടയ്ക്കിടെ എല്ലാവരും റോഡരികിലെ പൊതു പൈപ്പില്‍ നിന്നും ആവോളം ദാഹവും ‘വിശപ്പും’ മാറ്റുന്നുണ്ട്. കുറച്ചു തൊഴിലാളികള്‍ ക്ഷീണം മാറ്റാന്‍ എന്നോണം ഒരു പീടിക കോലായില്‍ ഇരുന്നു വര്‍ത്തമാനം പറയുന്നത് കണ്ടു. നീണ്ട മീശയുള്ള ഒരാളെ കണ്ടപ്പോള്‍ സാര്‍ ഒരു പോര്‍ട്രൈറ്റ്‌ ഫോട്ടോ എടുത്തു, അദ്ദേഹത്തിന്റെ പോസിംഗ് കണ്ടിട്ടെന്നോണം അടുത്തിരിക്കുന്ന കക്ഷി അത്ഭുതത്തോടെ നോക്കിയിരുന്നു.

ഒരുപാട് സാധനങ്ങളുമായി ഒരു ഉണ്ടുവണ്ടി കടന്നു പോവുന്നു, ഒരു ചെറുപ്പക്കാരന്‍ സര്‍വ ശക്തിയുമെടുത്തു മുന്നോട്ടു നീങ്ങുന്നു.

ആവശ്യക്കാര്‍ ആരും വരാത്തതിനാല്‍ ആണോ എന്തോ വലിയ ഉരുളി പാത്രങ്ങളും മറ്റും വാടകയ്ക്ക് കൊടുക്കുന്ന ചേട്ടന്‍ വളരെ വിഷാദ മുഖത്തോടെ തന്റെ കടയില്‍ ഇരിക്കുന്നത് കണ്ടു.

ഞങ്ങള്‍ ചെറിയൊരു ഇടവഴിയിലേക്ക് കടന്നു. നേരത്തെ പറഞ്ഞ ഉന്തുവണ്ടി അവിടെ നിര്‍ത്തിയിട്ടിരിക്കുന്നു. അതില്‍ നിന്നും പെട്ടികള്‍ ഒരു ഇരുട്ട് നിറഞ്ഞ മുറിയിലേക്ക് കൊണ്ടുപോവുന്നതു കണ്ടു. ഗോഡൗണ്‍ പോലെ തോന്നിച്ചു.

പാല്‍ തിളപ്പിച്ച്‌ വറ്റിച്ചു ഒരുപാട് തരം പലഹാരങ്ങള്‍ ഉണ്ടാക്കുന്ന ഒരു കട. അവിടെ നിന്നും രണ്ടുമൂന്നു തരം സാധനങ്ങള്‍ വാങ്ങി കഴിച്ചു. രാവിലെ ഒന്നും കഴിക്കാത്തതിനാല്‍ നല്ല വിശപ്പ് ഉണ്ടായിരുന്നു.

രണ്ടു കുഞ്ഞു പെങ്ങമ്മരുടെയും കൈ പിടിച്ചു തിരക്കിട്ട് പോവുന്ന ഒരു ‘ചേട്ടനെ’ കണ്ടു. അറിയാത്ത കൈകളില്‍ നിന്നും സംരക്ഷിച്ചു അവരെ കൊണ്ടു പോവുന്ന പോലെ തോന്നി.

പഴയകാല ഗാംഭീര്യം വിളിച്ചോതുന്ന രണ്ടുനില കെട്ടിടങ്ങളുടെ ഇടയിലുടെ ഞങ്ങള്‍ നടന്നു. ഇടയ്ക്കിടെ പഴയ ഡല്‍ഹിയുടെ ചരിത്രവും മാറ്റങ്ങളും കെട്ടിട നിര്‍മ്മാണത്തിലെ വൈദഗ്ദ്യവും ഒക്കെ സാറ് വിവരിച്ചുകൊണ്ടിരുന്നു.

ക്യാമറയും കൊണ്ട് നടക്കുന്ന ഞങ്ങളെ കണ്ടു ഒരു നീണ്ട വെളുത്ത കുര്‍ത്ത ധരിച്ച അപ്പൂപ്പന്‍ അടുത്തേക്ക് വന്നു. ക്യാമറ നോക്കി കൊണ്ട് ഇഗ്ലീഷില്‍ സംസാരിക്കാന്‍ തുടങ്ങി “ഞാനും ഒരു ഫോട്ടോഗ്രാഫർ ആയിരുന്നു. ഫോട്ടോ എടുക്കലും, ക്യാമറ നന്നാക്കലും പഴയ ക്യാമറകള്‍ വില്‍ക്കുന്നതുമായ ഒരു കട നടത്തിയിരുന്നു. ഇപ്പോള്‍ ഒന്നും ഇല്ല” വളരെ പണ്ട്, 1950 നും മുന്‍പ് കാശ്മീരില്‍ നിന്നും ഡല്‍ഹിയിലേക്ക് കുടിയേറിയ ആളാണ്‌.

തിരക്കും ബഹളവും ഒന്നും അറിയാതെ ഒരു സൈക്കിള്‍ റിക്ഷയില്‍ ഉറക്കത്തിലാണ് കക്ഷി.

പച്ചക്കറികള്‍ നിരത്തി വെച്ച് വില്‍ക്കുന്ന തെരുവുകളും കഴിഞ്ഞു ചെന്നപ്പോള്‍ ഒരു അപ്പൂപ്പന്‍ ഞങ്ങളെ നോക്കി ചിരിക്കുന്നു. സാറിന്‍റെ കയ്യില്‍ 35-150 mm വലിയ ലെന്‍സും എന്‍റെ കയ്യില്‍ 50 mm prime വളരെ ചെറിയ ലെന്‍സും ആയിരുന്നു ഉള്ളത്. അത് കണ്ടിട്ട് അപ്പൂപ്പന്‍ ചോദിച്ചു നിന്‍റെ മെഷ്യന്‍ വളരെ ചെറുതാണല്ലോ മോനെ, ഇതില്‍ ചെറിയ ചിത്രങ്ങള്‍ മാത്രമേ കൊള്ളൂ എന്ന്. എന്നിട്ട് പല്ലില്ലാതെ സുന്ദരനായി ചിരിച്ചു, ഞങ്ങളും ചിരിച്ചു. സാറ് കുറെ സംസാരിച്ചിരുന്നു. എടുത്ത ഫോട്ടോകള്‍ കാണിച്ചപ്പോള്‍ ഒരുപാട് സന്തോഷത്തോടെ നോക്കി ഇരുന്നു.

എല്ലാ ആളുകളോടും സമ്മതം വാങ്ങിയതിന് ശേഷം മാത്രമേ സാർ ഫോട്ടോ എടുക്കുന്നുള്ളൂ. ആ സമ്മതത്തിന്റെ ബലത്തിലാണ് ഞാനും എടുത്തിരുന്നത്. റിക്ഷാ സൈക്കിളിലിരുന്നു ബീഡി വലിക്കുന്ന ചേട്ടന്റെ ഫോട്ടോ എടുത്തു കഴിഞ്ഞപ്പോൾ എന്നോട് ചോദിച്ചു എന്റെ എത്ര ഫോട്ടോ എടുത്തു എന്ന്. ഞാൻ പറഞ്ഞു മൂന്ന്. ഒരു ഫോട്ടോയ്ക്ക് 200 രൂപ വെച്ച് 600 രൂപ ചാർജ് നീ എനിക്ക് തരണം എന്ന് പറഞ്ഞു ഉറക്കെ ചിരിച്ചു.

തിരിച്ചു വരുമ്പോള്‍ നമ്മുടെ നേരത്തെ പറഞ്ഞ വാടക കടക്കാരന്‍ ചേട്ടന്‍ വളരെ സന്തോഷത്തിലാണ്, മൂന്നാല് പത്രങ്ങള്‍ വാടകയ്ക്ക് കൊടുക്കാന്‍ കടയില്‍ നിന്നും ഇറക്കി വെച്ചിരുന്നു.

മെട്രോ എത്താറായപ്പോള്‍ ജംഗ്ഷനില്‍ ഇരുന്നു വളരെ സൂക്ഷ്മമായി പൂവുകോര്‍ത്തിരിക്കുന്ന അമ്മൂമ്മയെ കണ്ടു.

വൈശാഖ് സി.എം

കോഴിക്കോട് സ്വദേശി.
വയനാട്ടിൽ നിന്നും ആറളത്തേക്ക് പുനഃരധിവസിപ്പിച്ച പണിയ ആദിവാസി വിഭാഗക്കാരുടെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ജീവിതമാറ്റങ്ങളും, അവ അവരുടെ ആരോഗ്യത്തിൽ വരുത്തിയ മാറ്റങ്ങളും. എന്ന വിഷയത്തിൽ ഡൽഹി ജവഹർലാൽ നെഹ്രു യൂനിവേഴ്സിറ്റിയിൽ ഗവേഷകനാണ്.

Mobile:9555506140

പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്ന ഫോട്ടോ സ്റ്റോറികൾ editor@athmaonline.in എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.

കൂടുതൽ വിവരങ്ങൾക്ക് : 9048906827

LEAVE A REPLY

Please enter your comment!
Please enter your name here