കവിത
ഹണി ഹർഷൻ
വീടിനോട് പിണങ്ങി
ഇന്ന് ഞാനൊന്ന് കടലുകാണാൻ പോയി..
ശാന്തമായ തീരം..
തീരത്ത് പണ്ടെങ്ങോ വന്നുപോയൊരു
കൂറ്റൻ തിരമാല കൊണ്ടുപോകാൻ മറന്ന ചിലതും ഞാനും മാത്രം..
കൂപ്പുകുത്തിയ ഒരു മേൽക്കൂരയെന്നെ
ചാരിയിരിക്കാൻ ക്ഷണിച്ചു,
തലചേർത്തുവെച്ച്,
വിശാലമായി ഇരുന്ന്,
അതിവിശാലമായ കടലാസ്വാദനം..
കടലിന്റെ ഭാഷയും കേട്ട് കണ്ണടച്ചങ്ങനെ ഏറെ നേരം…
ചേർത്തുവെച്ച തലയ്ക്കടുത്ത്
ഒരു ഇരുമ്പിന്റെ കൊളുത്ത്,
കൊളുത്തിൽ നിന്ന്
തേഞ്ഞുതീരാറായ ഒരു കയർ
നീണ്ടുനീണ്ട്…
അറ്റത്തൊരു പിഞ്ഞിപ്പോയ
തുണിത്തൊട്ടിൽ,
ഉറക്കം മുറിഞ്ഞുപോയൊരു കുഞ്ഞിക്കരച്ചിൽ
തൊട്ടുതാഴെ താളം തെറ്റിയൊരു അമ്മത്താരാട്ട്,
തീർക്കും തോറും കുരുക്ക് മുറുകുന്നൊരു വലയുമായൊരാളുടെ
ദീർഘനിശ്വാസം ഉമ്മറപ്പടിയോടൊപ്പം
താണു താണ്…
കടലിന്റെ സീൽക്കാരങ്ങളോട് മാത്രം സമരസപ്പെട്ടുകൊണ്ടൊരു കിടപ്പുമുറി,
ഉപ്പുമാത്രം ബാക്കിയാക്കിയൊരു മണ്ണിനോട്
ആത്മഗതം പങ്കിട്ടുകൊണ്ടൊരടുക്കള..
ചിന്തമുറിയുമ്പോ നെറ്റിയിൽ പൊടിഞ്ഞവിയർപ്പിനെ
കളിയാക്കിക്കൊണ്ടൊരു തണുത്ത കടൽക്കാറ്റ്..
തിരിച്ചൊന്നും പറയാതെ ഞാൻ എണീറ്റ് നടന്നു..
പെട്ടെന്ന് വീട്ടിലേക്ക് എത്തണം ..
എനിക്കെന്റെ വീടിനെയൊന്ന് കെട്ടിപ്പിടിക്കണം..
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.