ഹിജ്‌റ

1
252
habroosh-01

ഹബ്റൂഷ്

തീവലയത്തിലൂടെ ചാടാനുള്ളൊരു
ക്യൂവിൽ നിന്നെന്നപോലെ
വെന്തകാലുകളുമായി
തോറ്റമനുഷ്യർ പുറത്തുവരും

‘നിങ്ങളുടേത് ‘ എന്ന് മുദ്രവെച്ച ജീവിതങ്ങൾ
പാരമ്പര്യങ്ങളിൽ നിന്നു കുടിയിറക്കപ്പെടും
കണ്ണുകലങ്ങിയ മനുഷ്യരെ കുത്തിനിറച്ചു
നിലവിളികളോടെ രാജ്യമില്ലാത്തവരുടെ വണ്ടി
ക്രൂരനായ ഗരുഡനെപ്പോലെയവരെ നാടുകടത്തും

ഇരുട്ടൊലിക്കുന്ന കണ്ണുകളാൽ
തൊലിയുരിയുന്ന ഒച്ചയിൽ
ഞാനതിലിരുന്നു കരയും

കൊതിയോടെ ദേശീയഗാനം
ഒരുവട്ടംകൂടി വിറയോടെയിരുന്നു ചൊല്ലും
കുട്ടിക്കാലവും വഴികളും പുഴകളും
ഓണവും പെരുന്നാളും വിദൂരതയിൽ നിന്നു
കൈ വീശിക്കാണിക്കും

ലോകത്തിന്റെ സഹതാപമേ,
തടങ്കൽപാളയത്തിലേക്കു ഉരുകിയൊലിക്കുന്ന
ഞങ്ങളെ നോക്കിയന്ന് അഭയാർത്ഥികൾ
എന്ന് വിളിക്കരുത്

ഞങ്ങളന്നു മരിച്ചു ആറിക്കിടക്കുന്നൊരമ്മയുടെ
മാറ് നുണയുന്ന കുഞ്ഞുങ്ങൾ പോലുമല്ല
* ഹിജ്‌റ : പലായനം


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
editor@athmaonline.in, +919048906827


ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

  1. ക്യൂവിൽ നിന്നതുകൊണ്ടു കാലുകൾ വെന്തുപോകില്ലല്ലോ. ആ ഉപമ ചേരില്ല. ക്യൂവിൽനിന്നു തീവലയത്തിലൂടെ ചാടിവന്നതുപോലെ എന്ന അർത്ഥം വരുന്ന രീതിയിൽ എഴുതണം. പാരമ്പര്യങ്ങളിൽനിന്നു എന്നു ചേർത്തെഴുതണം. അല്ലെങ്കിൽ അർത്ഥം മാറിപ്പോവും. രാജ്യമില്ലാത്തവരുടെ വണ്ടിയിൽ എന്നുവേണം എഴുതാൻ. അല്ലെങ്കിൽ വാചകം അർത്ഥപൂർണ്ണമാവില്ല. തൊലിയുരിയുന്ന ഒച്ച ശരിയായ ഉപമയായില്ല. ഒച്ചയാൽ തൊലിയുരിയുകയില്ലല്ലോ. എഴുതുന്ന എന്തിനും അടിസ്ഥാനപരമായ ശാസ്ത്രയോജിപ്പു വേണം. ഇരുട്ടൊലിക്കുന്ന കണ്ണുകൾ ശരിയായി പ്രയോഗിച്ചിരിക്കുന്നു. വിദൂരതയിൽനിന്നു എന്നു ചേർത്തെഴുതണം. തടങ്കൽപ്പാളയത്തിലേക്ക് എന്നെഴുതണം. മരിച്ചു എന്നല്ല മരിച്ച് എന്നെഴുതണം. കുഞ്ഞുങ്ങൾപോലുമല്ല എന്നു ചേർത്തെഴുതണം. ഞാൻ എന്നാണാദ്യം പറയുന്നത്. അവസാനമായപ്പോൾ ഞങ്ങളായി. അതും മറ്റൊരു പോരായ്മയാണ്. രംഗങ്ങളിൽ ഞാൻ എന്ന ഒരാളുടെ സ്ഥിതിയല്ല മറിച്ച്, എല്ലാവരുടെയും സ്ഥിതിയാണ്. എല്ലായിടത്തും ഞങ്ങൾ എന്നു പറയുന്നതാണുചിതം

LEAVE A REPLY

Please enter your comment!
Please enter your name here