ഗുൽമോഹർ തണലിൽ: വായനയിൽ വെളിപ്പെടുന്ന കവിതയുടെ തണലുകൾ

1
882

നിധിൻ. വി. എൻ

മഴയിൽ മുളച്ചു പൊന്തുന്ന കൂണുകൾ പോലെ, കവിത എന്ന മാധ്യമത്തോട് ആകൃഷ്ടരാകുന്നവരുടെ എണ്ണം കൂടി കൂടി വരുന്നു. സ്വന്തം മാധ്യമത്തോടുള്ള ആവേശമാണോ,അതോ എഴുതുന്നതെന്തും കവിതയാകുന്നു എന്ന വിശ്വാസമാണോ കൂടുതൽ പേരെ ആകർഷിക്കുന്നതെന്നറിയില്ല. രണ്ടു തന്നെയായാലും, ജനകീയ മാധ്യമമെന്ന നിലയിൽ കവിതയുടെ വളർച്ചയാണ്. യാതൊരുവിധ നിയമങ്ങൾക്കോ, നിയന്ത്രണങ്ങൾക്കോ വിധേയമാകാതെ ആർക്കും പ്രവേശിക്കാവുന്ന ഒരിടമായി മാറുമ്പോഴും കവിതയുടെ പങ്കുവെപ്പ് വലിയ ആശങ്കകൾക്ക് കാരണമാകുന്നുണ്ട്. ഓരോ കവിയും സ്വന്തം ഗ്രൂപ്പിനപ്പുറത്തേക്ക് വായിക്കപ്പെടുന്നില്ല എന്നതാണ് സത്യം. സ്വന്തം കവിതകളെ സമകാലിക കവികളുടെയും ,ലോക കവികളുടെയും കവിതകളുമായി മാറ്റുരച്ചു നോക്കാനുള്ള അവസരമുണ്ടായിട്ടും പല കവികളും അതിന് ശ്രമിക്കാത്തത് വിചിത്രം തന്നെയാണ്. ഒരു പക്ഷെ അതോടെ തീരാവുന്ന പ്രശ്നനമേയുള്ളൂ ചിലർക്കെങ്കിലും കവിതയെഴുത്ത്.

തന്റെ മാധ്യമത്തിൽ അഗാധമായ വിശ്വാസം രേഖപ്പെടുത്തുന്ന കവികൾ നന്നേ കുറവാണ്. കവിതയിലേക്ക് പുതുതായി കടന്നു വരുന്നവരാകട്ടെ പഴയതിനെ ആവർത്തിക്കുന്നു. പഴയ മേച്ചിൻ പുറത്തേക്കു തന്നെ സ്ഥിരമായി പോകേണ്ടി വരുന്ന കന്നുകളുടെ അവസ്ഥയാണ് വായനക്കാരന്. അവനൊന്നും പുതിയതായി കിട്ടുന്നില്ല. പുതിയ മേച്ചിൻ പുറങ്ങളിലേക്ക് വായനക്കാരെ മേയാൻ വിടുന്ന കാലിച്ചെറുക്കന്മാരെ പോലെയാകണം എഴുത്തുകാരൻ. കൂട്ടംതെറ്റി പോകുന്നവരെ കണ്ടെത്തി കൊണ്ടുവരാൻ എഴുത്തുകാരനാവണം. അത്തരത്തിൽ സ്വയം വളരാൻ,എഴുത്തിനോടൊപ്പം വായനയ്ക്കും പ്രാധാന്യം നൽകേണ്ടതുണ്ട്.

ഇവിടെ, നാം പരിചയപ്പെടാൻ പോകുന്നത് നവീൻ. എസിന്റെ ”ഗുൽമോഹർ തണലിൽ” എന്ന കാവ്യ സമാഹാരമാണ്. പേരു സൂചിപ്പിക്കുമ്പോലെ, പ്രണയ, വിരഹ, വിപ്ലവ പരിസരങ്ങളിലേക്ക് സഞ്ചരിക്കുന്ന കവിതകളടങ്ങുന്ന ഈ സമാഹാരം ആനുകാലിക സംഭവങ്ങളോടുള്ള കവിയുടെ പ്രതിഷേധത്തിന്റെ സ്വരങ്ങളെ കൂടി അടയാളപ്പെടുത്തുന്നുണ്ട്. ദാദ്രി,പെണ്മ, സൗമയോട് എന്നീ കവിതകൾ അതിന് ഉദാഹരണങ്ങളാണ്. “ഓർമ്മ വേണം” എന്ന കവിതയാകട്ടെ, സമൂഹം സ്ത്രീയെ അവളുടെ സ്വാതന്ത്ര്യങ്ങളിൽ നിന്ന് എപ്രകാരമാണ് അകറ്റി നിർത്തുന്നതെന്നും, സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പരിധികൾ നിശ്ചയിക്കുന്ന പാഠങ്ങളുടെ തനിയാവർത്തനങ്ങൾ എപ്രകാരമാണ് രൂപപ്പെടുന്നുവെന്നും കാട്ടി തരുന്നു.

“മാരിവില്ല് വിരിയുന്ന വാനം നോക്കി പറന്നുപൊങ്ങി, / സൂര്യതാപമേറ്റു വാടിപ്പോയവരുടെ/ ദുഃഖം കനത്തോരു കാർമേഘമാകുന്നു/ഇളം തെന്നൽ തലോടലിലറയാതെ വിതുമ്പുന്നു” എന്ന് “മഴ”യെന്ന കവിതയിൽ നവീൻ കുറിക്കുമ്പോൾ അയാൾ തന്റെ മാധ്യമത്തോട് എത്രമാത്രം വിശ്വാസം പുലർത്തുന്നുവെന്ന് വായനക്കാരന് മനസ്സിലാവും. കാരണം  “എന്റെ കവിത”, മുനയൊടിഞ്ഞ പേനത്തലപ്പിൽ നിന്നുതിരും മഷിത്തുള്ളി മാത്രമാണെന്ന് അയാൾ കുറിക്കുന്നുണ്ട്. മഴ നനയാതെ, മഴയെ കുറിക്കുകയല്ല നവീൻ; കവിതയെയും !

“ഇവിടെ ഒരു പുഴയുണ്ടായിരുന്നു, / ആ പുഴയിലൂടെ / നീ എന്നിലേക്കും ഞാൻ നിന്നിലേക്കും നീന്തിയ ദൂരം/ നാമൊരുമ്മിച്ചു നീന്തിയതിലുമേറെയാണ്”. നവീൻ എഴുതുമ്പോൾ അത് വെളിപാടുകളാകുന്നു, കവിതയുടെ വെളിപാടുകൾ. പുഴ,കടൽ,മഴ,വേനൽ,പകൽ,ഉപ്പ് പ്രകൃതിബിംബങ്ങളാൽ സമ്പന്നമാണ് നവീന്റെ കവിതകൾ. വായനയിൽ സ്വയം വെളിപ്പെടുന്ന കവിതയുടെ തണലാണ് “ഗുൽമോഹർ തണലിൽ”. 63 കവിതകളുള്ള ഈ സമാഹാരത്തിലൂടെ സഞ്ചരിക്കുമ്പോൾ വായനക്കാരന് കവിതയുടെ പുതിയ വെളിപാടുകൾ ലഭിക്കുന്നു. ആ വെളിപാടുകൾ തന്നെയാണ് കവിതയുടെ ആയുസ്സ് നിശ്ചയിക്കുന്നതും.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here