ഗസൽ ഡയറി ഭാഗം 6
മുർഷിദ് മോളൂർ
ഞാനിതാ നിന്റെ നാട്ടുവഴികളിൽ..
ഹം തേരേ ഷഹർ മേ ആയെ ഹൈ
മുസാഫിർ കി തറഹ്..
നഷ്ട്ടപ്പെട്ട അനുരാഗകാലത്തിന്റെ സ്മരണകൾ ഒതുക്കിക്കെട്ടി പ്രിയപ്പെട്ടവളുടെ നാട്ടുവഴിയിൽ അലയുന്നവന്റെ ഗാനം..
ഹം തേരേ ഷഹർ മേ ആയെ ഹൈ
മുസാഫിർ കി തറഹ്..
സിർഫ് ഏക് ബാർ മുലാഖാത് ക മൗഖ ദേ
ഞാനിതാ നിന്റെ നാട്ടുവഴികളിൽ..
ഒരിക്കൽ, ഒരിക്കൽ മാത്രം
ഒന്ന് നിന്നെ കാണാനെനിക്കാവുമോ ?
പരിഭവത്തിന്റെ വാക്കുകളിൽ പ്രണയം കലർത്തിയ അപേക്ഷ പോലെ..
ഈ ഗാനം ഏകാകിയുടെ പ്രണയാർത്ഥനയാണ്.
ഗുലാം അലി പാടിയൊഴിയുമ്പോൾ നമ്മൾ അലയാൻ തുടങ്ങുകയാണ്..
മേരീ മൻസിൽ ഹേ കഹാ
മേരാ ടികാനാ ഹേ കഹാ..
സുബ്ഹോ തക്
തുജ് സെ ബിച്ചട് കർ
മുജേ ജാനാ ഹേ കഹാ..
സോച്ച് നേ കേലിയേ ഇക് രാത് കാ
മൗഖ ദേ ദേ…
എവിടെയെന്റെ വീട്, എവിടെയാണ് ഞാൻ, എങ്ങോട്ടാണീ യാത്ര..
എനിക്കെന്നെത്തന്നെ നഷ്ടപ്പെടുന്നത് പോലെ..
അതോർത്തെടുക്കാനെങ്കിലും ഒരു രാവിൻറെ സമയം വേണമെന്ന അപേക്ഷ..
അപ്നി ആൻങ്കോ പെ ചുപാ രഖ് ഹേ
ജുഗ്നു മൈ നെ.
അപ്നി പൽകോ പെ
സജാ രഖ് ഹേ
ആൻസൂ മൈ നെ.
കണ്ണുകളിൽ പ്രതീക്ഷയുടെ വെളിച്ചം ഒളിപ്പിച്ചു വെച്ചാണ് വന്നത് ഞാൻ.
എന്റെ പുരികങ്ങൾ കണ്ണുനീരുകൊണ്ട്
മഷിയെഴുതിയിട്ടുണ്ട്…
വെളിച്ചത്തെ ഒളിപ്പിച്ചു വെക്കുന്നതെങ്ങനെയാണ്?
കണ്ണുനീരിൽ പോലും സൗന്ദര്യം മുളക്കുന്നത് പ്രണയത്തിന്റെ മതിൽ കെട്ടിനുള്ളിൽ, അവിടെ മാത്രം.
അപ്നി, ആങ്കോന് കൊ
ഇക് ബർസാത് കാ മൗഖ ദേ ദേ
ഒന്ന് പെയ്ത് തീരാൻ, എന്റെ കണ്ണുകൾക്ക് അനുവാദം നൽകൂ..
ഈ രാവ് എനിക്കുള്ളതാണ്, എന്റെ ഹൃദയവേദന പറയാനുള്ള രാവ്..
എന്റെ വിറയാർന്ന ചുണ്ടുകളുടെ പരിഭവങ്ങൾ പങ്കുവെക്കാനുള്ള രാവ്..
ആജ്, ഇസ്ഹാറേ, ഖയാലാത്ത് കാ മൗഖ ദേ ദേ..
എല്ലാമൊന്ന്, പറഞ്ഞു തീർക്കാൻ
എനിക്കിന്നൊരവസരം തരൂ..
നീ ഒന്നുകൂടി വരുമോ ?
സിർഫ് ദോ ചാർ സവാലാത്ത് ക മൗഖ ദേ ദേ.
എനിക്ക് ചോദിക്കാനുണ്ട് കാര്യങ്ങൾ ചിലത്..
ഭൂൽനാ താ തോ യെ
ഇഖ്‌റാർ കിയാ താ ക്യൂ ത്ഥ..
ഇങ്ങനെ മറക്കാനായിരുന്നെങ്കിൽ എന്തിനാണ് ഈ വഴി തുറക്കാനൊരുങ്ങിയത്?
ബേ വഫാ തൂ നെ മുജേ
പ്യാർ കിയാ യെ, ക്യൂ ത്ഥ..
വാക്കിന്റെ വിലയറിയാത്ത നീ
എന്തിനാണെന്നോട് പ്രണയം പറഞ്ഞത് ?
ആകാശമുകളിൽ, സാഗരപ്പരപ്പിൽ, നൂലു പൊട്ടിയ പട്ടം പോലെ അലയുന്നവന്റെ പ്രണയ വിശേഷമാണിത്..
മഴയായ് വന്ന് തളിർപ്പിക്കരുതേ, പിന്നെ വെയിലായ് വന്ന് ഉണക്കുവാനാണെങ്കിൽ എന്ന അപേക്ഷയുടെ ഉൾവരികൾ..
പ്രിയപ്പെട്ടവരുടെ വിശേഷങ്ങൾ നമ്മുടെ ജന്മയാത്രക്ക് വഴിയൊരുക്കുന്നത് കാണുന്നില്ലേ ?
വരി: ഖൈസർ അൽ-ജിഫ്രി
ശബ്ദം: ഉസ്താദ് ഗുലാം അലി.