പ്രതിനിഴൽ

0
338

കഥ

പ്രദീഷ്‌ കുഞ്ചു

നാരായൺ ദാസ് ഒ പി ടിക്കറ്റിന് ക്യൂവിൽ നിൽക്കുമ്പോഴാണ് അയാളുടെ ഭാര്യ അയാളെ ഫോണിൽ വിളിച്ചു പറഞ്ഞത്. ഡോക്ടർ ‘സി’ ക്യാബിനിൽ ആണെന്ന്. അതു പറഞ്ഞുതന്നെ ടിക്കെറ്റെടുക്കണമെന്നും.
‘എ’, പിന്നെ ‘ബി’ ക്യാബിനിലൊക്കെ സാമാന്യം തിരക്കുണ്ട്. ‘സി’ ക്യാബിന് മുന്നിൽ അയാളുടെ ഭാര്യ അയാളെ കാത്ത്, ക്യാബിനിലേക്ക് കയറാൻ പാകത്തിൽ നിൽക്കുകയാണ്.
“മേ ഐ കം ഇൻ?”
ക്യാബിനിലോ മേശമേലോ പേരൊന്നും കണ്ടില്ല. ഒരു നാല്പത്തിനോടടുത്ത് പ്രായം തോന്നും. വെളുത്ത ശരീരം. വെളുപ്പും കറുപ്പും കലർന്ന് അച്ചടക്കമില്ലാതെ ചിതറിക്കടക്കുന്ന തലമുടി. ഒരു ഡോക്ടറുടെ, അതും ഒരു ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ അസിസ്റ്റണ്ട് പ്രൊഫസറായ ഒരാൾക്ക് ചേരാത്തവിധം ആകെക്കൂടി പൊളിഷ്ഡ് അല്ലാത്ത രൂപം. “എവിടുന്നാ, അട്ടപ്പാടിയിൽ നിന്നാണോ?”
ഡോക്ടറുടെ ചോദ്യത്തിൽ നാരായൺ ദാസിന്‍റെ നെഞ്ചിൽ അപമാനത്തിന്‍റെ നുര ഏന്തി വന്നു. പിന്നെ മനസ്സിനെ നിർബന്ധിപ്പിച്ച് ഒതുക്കി പറഞ്ഞു.
“അല്ല. മണ്ണാർക്കാട് ആണ്”
നാരായൺ ദാസിന്‍റെ ഭാര്യയുടെ തലയും കഴുത്തും ‘അതേ’ എന്നതിൽ നിന്നും ‘അതേ’ എന്നോ ‘അല്ല’ എന്നോ ഉള്ള ഉത്തരത്തിലേക്ക് എത്തിച്ചേരാൻ അല്പം സമയം എടുത്തു. നല്ല പൊളിഷ്ഡ് ആയ ഇംഗ്ലീഷിൽ തന്നെയാണല്ലോ ഞാൻ അകത്തേക്ക് കയറട്ടേ എന്ന് ഡോക്ടറോട് ചോദിച്ചത്?. ഇന്ന് മാർക്കറ്റിൽ കിട്ടുന്ന ഏറ്റവും മികച്ച ബ്രാൻഡഡ് പാന്‍റ്സും ഷർട്ടും തന്നെയാണല്ലോ ധരിച്ചിട്ടുള്ളത്?. പിന്നെ ഡോക്ടർക്കെങ്ങനെയാണ് ഞാൻ അട്ടപ്പാടിക്കാരനാണെന്ന് മനസ്സിലായത്?. നാരായൺ ദാസിന്‍റെ തലച്ചോറിന് കുറേക്കൂടി മികച്ച ഉത്തരം കിട്ടണമായിരുന്നു.
“പറയൂ, എന്താണ് പ്രശ്‌നം?”
കറങ്ങുന്ന കസേര ശബ്ദമില്ലാതെ തിരിച്ച്, നാരായൺ ദാസിരിക്കുന്ന സ്റ്റൂളിന് അഭിമുഖമായി ഡോക്ടർ ഇരുന്നപ്പോൾ, ചോദിച്ച ചോദ്യത്തിന് പക്ഷെ അയാളുടെ ഭാര്യയാണ് ഉത്തരം കൊടുത്തത് –
“ഇയാൾക്കെപ്പോഴും സങ്കടം ആണ് ഡോക്ടറേ. രാത്രീല് പോലും ശരിക്ക് കെടന്നുറങ്ങൂല്ല. എപ്പഴും ഇങ്ങനെ കൂനിപ്പിടിച്ചോണ്ടിരിക്കും. ഞാ ചോദിച്ച, ഒന്ന് ഒട്ടും പറയേം ഇല്ല”.
പേന ഞെക്കി, പ്രിസ്ക്രിപ്ഷൻ പാഡിലേക്ക് തിരിഞ്ഞ്, ഡോക്ടർ ചോദിച്ചു –
“എന്താ പേര്?”
“നാരായൺ ദാസ്”
“വയസ്സ്?”
“മുപ്പത്തിനാല്” “ദാസ്, അച്ഛന്‍റെ പേരാണോ?”
അല്ല. അടിമയുടെ പര്യായം ദാസൻ. സഹ്യന്‍റെ അടിമ. ചുരങ്ങളിലെ കാറ്റിന്‍റെ, കലങ്ങിമറിയുന്ന കാട്ടാറിന്‍റെ , മലയിടുക്കിലെ ഉറവയുടെ, പുറത്ത് പട്ടണത്തിലെ ഇരുട്ടിന്‍റെ, ഒടുക്കം എന്‍റെ വംശപരമ്പരയുടെ.
നാരായൺ ദാസ് ഉത്തരമൊന്നും പറഞ്ഞില്ല.

“എന്ത് ചെയ്യുന്നു, നാരായൺ ദാസ്?”
ഡോക്ടറുടെ ശബ്ദം വളരെ താഴ്ന്നിരുന്നു.
“യൂണിവേഴ്‌സിറ്റി കോളേജിൽ അസോസിയേറ്റ് പ്രൊഫസ്സറാണ്”
ഡോക്ടർ, നാരായണൻ ദാസിന്‍റെ ചുമലിൽ വിരലുകൾ കൊണ്ടുമാത്രം പിടിച്ചു.
പിടിക്കൂ, എന്നെ ചേർത്തുപിടിക്കൂ, അറപ്പില്ലാതെ, വെറുപ്പില്ലാതെ, എന്നെയും എന്‍റെ വംശപരമ്പരയേയും ചേർത്തുപിടിക്കൂ.
“വല്ലാത്ത ഡിപ്രെഷൻ ആണ്. മൈൻഡിന് ഒരുതരത്തിലും ഫ്രീ ആവാൻ പറ്റുന്നില്ല. ചെറിയ അസ്വസ്ഥകൾ പോലും മറികടക്കാൻ കഴിയുന്നില്ല. ചെറിയ കാര്യങ്ങൾ അത് സങ്കടം ആവണം എന്ന് പോലും ഇല്ല, എന്നെ വല്ലാതെ തളർത്തുന്നു. എപ്പഴും എല്ലാ സമയത്തും ഒറ്റക്കാണെന്ന തോന്നൽ”
“ദാസ് മര്യാദക്ക് ഫുഡൊക്കെ കഴിക്കാറുണ്ടോ. ശരീരം ആകെ മെലിഞ്ഞാണല്ലോ?”

“എവിടന്ന്”- നാരായൺ ദാസിന്‍റെ ഭാര്യയാണ് പറഞ്ഞത്. ഡോക്ടർ അവരോട് ഇരിക്കാൻ ആംഗ്യം കാട്ടി. ചെയറിൽ ഇരുന്ന അവർ വീണ്ടും തുടർന്നു –
“അത് മാത്രല്ല. രാത്രീല് പലപ്പോഴും ഇയാള് കരയാറുണ്ട്, ചോദിച്ചാലൊട്ട് പറയേം ഇല്ല”
“മക്കളെത്ര പേരാ?” ഡോക്ടർ ചോദിച്ചു
“രണ്ട് പേരാ, രണ്ടും പെണ്ണാ” അവർ പറഞ്ഞു.
നാരായൺ ദാസിന്‍റെ തല കുനിഞ്ഞുപോയിരുന്നു.
രാത്രി കിടക്കയിൽ കമഴ്ന്ന് കിടന്ന് കരയുമ്പോൾ, വായടയ്ക്കാതെ വിശേഷങ്ങൾ പറയാറുള്ള മൂത്തമകൾ സിൻഡ്രല, സംസാരം നിർത്തും. കേട്ടിട്ടും കേൾക്കാത്ത പോലെ അവൾ മുഖം തിരിച്ചു കിടക്കും. ‘അപ്പ പാവമാ’ എന്ന് അമ്മയോട് പറയാൻ, അവൾക്ക് അത് തന്നെ മതിയായിരുന്നു.
“നിങ്ങൾ പരിചയപ്പെട്ടു വിവാഹം കഴിച്ചതാണോ?”
എന്തിനാണ് ഡോക്ടർ, എന്തിനാണ് അങ്ങനെയൊരു അന്വേഷണം. മടുത്തു. തീരെ മെലിഞ്ഞലിഞ്ഞവന്‍റെ ദുഃഖം, തീരെ കറുത്തവന്‍റെ ദുഃഖം. ഇതുവരെ എഴുതിയതൊക്കെ അബദ്ധങ്ങളായ ആത്മവിശ്വാസത്തിന്‍റെ പുറത്തായിരുന്നു. എത്ര അടച്ചുപിടിച്ചാലും ഹൃദയം വെട്ടിത്തുറന്ന് അവ പുറത്തുവരും. അവലക്ഷണത്തിന്‍റെ നിറവും പേറി. തീരെ മെലിഞ്ഞലിഞ്ഞവന്‍റെ ദുഃഖം, തീരെ കറുത്തവന്‍റെ ദുഃഖം.
നാരായൺ ദാസിന്‍റെ തല വീണ്ടും കുനിയുകയും അയാളുടെ ഭാര്യയുടെ തല ‘അതെ’ എന്നർത്ഥത്തിൽ കുലുങ്ങുകയും ചെയ്തു.
ഒരു ദീർഘ നിശ്വാസം വിട്ട്, ഡോക്ടർ കുറേക്കൂടി അടുത്തുവന്ന് നാരായൺ ദാസിനോട് പറഞ്ഞുതുടങ്ങി.
“നോക്കൂ, ദാസ്, ഇനി പറയുന്ന കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചു കേൾക്കണം. നിങ്ങൾക്കത് ഇഷ്ടപ്പെടണം എന്നില്ല. എന്നാലും പറയട്ടെ; നിങ്ങൾക്ക് അസുഖമൊന്നും ഇല്ല”
ഉണ്ട്. എനിക്ക് മാരകമായ അസുഖം ഉണ്ട്. പിടിവിട്ടു വരാത്ത സൂക്കേട്, എന്‍റെ കുഴിയോളം എന്നെ തളച്ചിടുന്ന സൂക്കേട്. നടവഴിയുടെ ഈർപ്പത്തിലും, കഴായി കുണ്ടിന്‍റെ ആഴത്തിലും, നീർച്ചാട്ടത്തിന്‍റെ ആകാശത്തിലും, എരുക്കിന്‍റെ ഉയരത്തിലും, ആലിന്‍റെ പരപ്പിലും, ചൂടടുപ്പിന്‍റെ കനലിലും, കോറപ്പായുടെ സുഖത്തിലും കെട്ടിയിടുന്ന സൂക്കേട്.
“അതിന്‍റെ ഒന്നാമത്തെ സ്വഭാവം ഞാൻ പറയാം.
നിങ്ങൾക്കുള്ള സങ്കടങ്ങൾ എല്ലാം നിങ്ങൾ സൃഷ്ടിക്കുന്നവയാണ്. നിങ്ങൾക്ക് സ്വയം വിഷാദം സൃഷ്ടിക്കാനുള്ള കഴിവുണ്ട് എന്നതാണ്. അത് നിങ്ങളെയല്ല, നിങ്ങളാണ് അവയെ സൃഷ്ടിക്കുന്നതും നയിക്കുന്നതും. നിങ്ങളുടെ വികാര വിചാരങ്ങൾ വളരെ ശക്തമായവയാണ്. അതോ, നിങ്ങൾക്ക് വേണ്ടാത്തതായ ചിന്തകളും വികാരങ്ങളും.”
എന്താണ് ഞാൻ ഉപേക്ഷിക്കേണ്ടത്. എന്‍റെ ഭാഷ, വേഷം, നാട്, വംശം, ഇതെല്ലാം ഉപേക്ഷിക്കാനുള്ള ഒരു വഴികൂടി പറയൂ. എന്നിട്ട് ഞാനെന്‍റെ ചിന്തയെക്കൂടി ഉപേക്ഷിക്കാം. എത്ര വെട്ടിതെളിച്ചാലും കാടുപോലെ മുളച്ചുപൊന്തുന്ന എന്‍റെയീ ചിന്തകളെ.

“ഇനി അതല്ല. ഇതൊക്കെ നിങ്ങളിൽ തനിയെ ആണ് വരുന്നതെങ്കിൽ നിങ്ങൾക്ക് ക്ലിനിക്കലി അസുഖം ഉണ്ട് എന്നതാണ്. അതിനർത്ഥം നിങ്ങൾ എന്‍റെയടുക്കൽ എത്തിച്ചേർന്നിരിക്കുന്നു എന്നതാണ് സത്യം.
പിന്നെയുള്ള സാധ്യത ഇത് ജനിതകപരമാവാം എന്നതാണ്. അതായത് നിങ്ങളുടെ അച്ഛന്, നിങ്ങടെ പരമ്പരയിൽ നിന്ന്, നിങ്ങൾ സ്വീകരിച്ചത്. അങ്ങനെയല്ല ഇതെന്ന് എനിക്കറിയാം.
എന്താ ശരിയല്ലേ?”
നാരായൺ ദാസിന്‍റെ ഭാര്യ കൃത്യമായും അതിന് ‘അതെ’ എന്ന ഉത്തരം പറഞ്ഞു.
അതെങ്ങനെ ശരിയാവും. ഉമിക്കൂനയുടെ കനല് കായുമ്പോൾ. ഉച്ചവെയിൽ ചൂടിൽ തിരമാലപോലെ വരയിട്ട നെല്ലിൽ കാൽ കൊണ്ട് ചീകുമ്പോൾ. നാൽപ്പത് കിലോ ഭാരമുള്ള ആ ഉടലിന്‍റെ മേൽ അമ്പതുകിലോ ചാക്കുകളുടെ ഭാരം പല്ലുകടിച്ചു കനക്കുമ്പോൾ. അമ്മ വിളമ്പുന്ന കൂട്ടാൻ പാത്രങ്ങൾ മുറ്റത്തേക്ക് വലിച്ചെറിയുമ്പോൾ. പുതിയ പട്ടണവീട്ടിലേക്ക് ഒറ്റയാനേപ്പോലെ തളച്ചിട്ടപ്പോൾ. ഒക്കെ അയാള് വിഷാദത്തിന്‍റെ നറസിക്കുന്ന് കേറിക്കാണണം.

“ഇയാള് അകാരണമായി ദേഷ്യപ്പെടാറുണ്ടോ?”
നാരായൺ ദാസിന്‍റെ ഭാര്യയോടാണ് ഡോക്ടർ ചോദിച്ചത്. ‘അതേ’ എന്ന അർത്ഥം നൽകുന്ന തലയാട്ടം വളരെ പതുക്കെ അവർ ഡോക്ടർക്ക് നൽകി. ‘ഇടക്കിടെ’ എന്ന് അതിന്‍റെ അവസാനം നാരായൺ ദാസിനെ രക്ഷിക്കാനെന്നോണം പറഞ്ഞുവെക്കുകയും ചെയ്തു.

“നാരായൺ ദാസ് നിങ്ങൾ ദേഷ്യപ്പെടുന്നു. എന്തിന്. ആരോട് എന്നതിന് എന്‍റെ പക്കൽ ഉത്തരമുണ്ട്. നിങ്ങൾക്ക് ദേഷ്യമുണ്ടാകുകയാണ്. അത്രയേ ഉള്ളൂ. അല്ലാതെ നിങ്ങൾ ആരോടെങ്കിലും ദേഷ്യപ്പെടാൻ വേണ്ടി ദേഷ്യം ഉണ്ടാക്കുകയല്ല. ഇത് അധികകാലം തുടരാനാവുന്ന ഒരു കളിയല്ല. അത് കൈവിട്ട് പോകുന്ന ഒരു കളിയാണ്. കുറച്ചുനാൾ കൂടി നിങ്ങൾ ഇത് തുടർന്നാൽ നിങ്ങൾക്ക് നിങ്ങളെ നഷ്ടപ്പെടും നാരായൺ ദാസ്. ആളുകളോട് ദേഷ്യം പിടിക്കുന്നത് നിങ്ങളുടെ അവകാശം ആണെന്ന് നിങ്ങൾ വിചാരിക്കരുത്. ഇനിയും നിങ്ങൾക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങൾ ക്ലിനിക്കലി ഒരു രോഗിയായി കഴിഞ്ഞു എന്ന് മാത്രം”. കസേരകൾ ഉടയുന്ന ശബ്ദം. ലാപ്ടോപ്പിന്‍റെ കീ ബോഡിലെ കീകൾ വിറക്കുന്ന അപതാളം.
ഡോക്ടറുടെ ശബ്ദം ഉയർന്നുവരുന്നു.
“ആളുകളോട് ദേഷ്യപ്പെടുകയും വിഷാദം ഭാവിച്ചു ഇരിക്കുകയും ചെയ്യുമ്പോൾ നിങ്ങൾക്ക് ശ്രദ്ധകിട്ടും, എന്ന് നിങ്ങൾ വിചാരിക്കുന്നതിന് നിങ്ങൾക്കിനി അവകാശമില്ല. കാരണം നിങ്ങൾ ജീവിക്കുന്നത് നിങ്ങളുടെ ബാല്യകാലത്തിലല്ല. ബാല്യകാലത്തിൽ നിങ്ങൾക്കങ്ങനെ ഒരുപാട് അവകാശങ്ങൾ ഉണ്ടായിരുന്നിരിക്കാം”
കനല് തിളക്കുന്ന ചോറ്റുകലത്തിന്‍റെ ചൂടിനൊപ്പം ചേർന്നിരിക്കുന്ന ഓർമകൾ അയാളെ പൊതിഞ്ഞു. മണ്ണിരകൊത്തിച്ച് മീനുകളെ കബളിപ്പിച്ചുകൊണ്ടിരുന്ന ഇടവേളകൾ, കൂട്ടില്ലാതെ ഒറ്റക്ക് കാടുകടക്കുന്ന ഏകാന്തതകൾ, പുസ്തകങ്ങൾ സമ്മാനിച്ച നിശബ്ദത, അധ്യാപകരുടെ ഒതുക്കലുകൾ. അങ്ങനെ നല്ല കുട്ടിയായി വളർന്ന ഒറ്റപ്പെടലുകൾ.

“നാരായൺ ദാസ്. ഒരു കാര്യം അവസാനമായി പറയുന്നു. അത് പ്രത്യേകം ശ്രദ്ധിക്കണം. വിഭ്രാന്തിക്കും സമാധാനത്തിനും ഇടക്കുള്ള വര വളരെ നേർത്തതാണ്. നിങ്ങൾ വിഷാദം സൃഷ്ടിക്കുമ്പോഴും ദേഷ്യപ്പെടുമ്പോഴും ആ വര നിങ്ങൾ മായ്ച്ചുകൊണ്ടിരിക്കുകയാണ്. ഒരു ദിവസം നിങ്ങൾക്ക് ആ വര കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ല. ഉള്ളതിനെക്കുറിച്ചു ചിന്തിക്കുക. ഉള്ളതിനെ അനുഭവിക്കുക. നാരായൺ ദാസ്, കെട്ടിപ്പടുക്കുവോളം മാത്രമാണ് സ്വപ്നത്തിന്‍റെ ഭംഗി.
ഇപ്പൊ ഞാൻ മരുന്ന് തരാം. ഇനി ഇവിടെ വരരുത്.
വന്നാൽ ഇനി ഞാനും നിങ്ങളും തമ്മിൽ പിരിയാനാവാത്ത ബന്ധം ഉണ്ടാകും. അത് വേണ്ട.”

“നിങ്ങൾ ഇവിടെ ഇരുന്നോ. ഞാൻ പോയി മരുന്ന് വാങ്ങി വരാം”.
ഡോക്ടറുടെ കാബിനിൽ നിന്ന് പുറത്ത് ഇറങ്ങിയ ഉടൻ നാരായൺ ദാസിന്‍റെ ഭാര്യ പറഞ്ഞു. കാബിനിലേക്ക് കേറാനോ കാത്തുനിൽക്കാനോ ആരും ഉണ്ടായിരുന്നില്ല. മറ്റ് ക്യാബിനുകളുടെ പുറത്തും രോഗികൾ ഉണ്ടായിരുന്നില്ല.
നാരായൺ ദാസ് ഒരു ദീർഘ നിശ്വാസം വിട്ടു. അയാൾ അയാളോട് തന്നെ ആത്മവിശ്വാസത്തോടെ സംസാരിക്കുകയാണ്.
ഡോക്ടറുടെ പേര് ചോദിക്കാമായിരുന്നു. എന്തിന്! ഇനി ഡോക്ടറെ കാണാൻ വരില്ലല്ലോ. ഒന്നുകൂടി ക്യാബിനിലേക്ക് കയറിച്ചെന്നാലോ?
അവസാനമായി ഡോക്ടറുടെ മുന്നിൽ ചെന്ന് ഉള്ളുതുറന്നൊന്ന് പൊട്ടിക്കരഞ്ഞാലോ? അയാൾക്കെന്നെ മനസ്സിലാവും. അയാൾക്ക് മാത്രം. വേണ്ട!. പ്രതീക്ഷകൾ ഇല്ലാതെ ജീവിക്കണം. ഇനിയും എന്‍റെ കടിഞ്ഞാണില്ലാത്ത ജീവിതത്തോട് അടിയറവ് പറയാൻ വയ്യ..ഡോക്ടറുടെ ക്യാബിനിലേക്ക് ഒരിക്കൽക്കൂടി കയറി ചെന്നാലോ?. ഭാര്യ മരുന്നുമായി വരുന്നതിന് മുൻപ്..ഡോക്ടരുടെ പേരെങ്കിലും ഒന്ന് ചോദിക്കാൻ. നാരായൺ ദാസ് ഡോക്ടറുടെ ക്യാബിനിലേക്ക് കയറിച്ചെന്നു.”നിവിരി പിന്നേം വന്തിതി, ലാ?
എന്ക്കിനിമ ജീവിക്കൊണാറ്ന്ത്ത്. എന്നെ എന്ക്ക് പിന്നേം കൊണ്ടുവറണാറ്ന്ത്ത്. എത്ത് ഭാസേത്തിരുന്ത്. വേസത്തിരുന്ത്, വംസത്തിരുന്ത്.
ഇത്തനീ ആളത്തീ ഊന്തുപോയത്തുമ് നിവിരി എത്ത് അടിയുറക്കാക്ക് വന്തതാ?”
(“നിങ്ങൾ വീണ്ടും വന്നു. അല്ലേ?
എനിക്കിനിയും ജീവിക്കണമായിരുന്നു. എന്നെ എനിക്ക് വീണ്ടെടുക്കണമായിരുന്നു. എന്‍റെ ഭാഷയിൽ നിന്ന്, വേഷത്തിൽ നിന്ന്, വംശത്തിൽ നിന്ന്.
ഇത്രമേൽ ആഴത്തിൽ വീണുപോയിട്ടും. നീയെന്‍റെ വേരറുക്കാൻ വന്നതാണോ?”)

ഡോക്ടർ, ഞാൻ ഡോക്ടറെ സുമ്മാ പാക്കാക്ക്തെ വന്തേ.
(“ഡോക്ടർ, ഞാൻ ഡോക്ടറെ വെറുതേ കാണാൻ വന്നതാണ്”)
“അല്ല. ഞാന് നിന്നെതെ പാക്കാക്ക്തെ വന്തേ.”
(“അല്ല. ഞാൻ നിന്നെയാണ് കാണാൻ വന്നത്”)
“ഡോക്ടർ, ഡോക്ടറ്ത് കൊറല് ഒസൊററിത്.”
(“ഡോക്ടർ, ഡോക്ടറുടെ ശബ്ദം വല്ലാതെ ഉയരുന്നു”)
“എങ്ക് എത്ത് കൊറല്
അത് കാട്ക്ക്മു, കാട്ടാറുക്ക്മു വിട്ട് കൊടുത്തതാക്ക്. എനാക്ക്നീ അത് പിന്നേം പറാന്തവന്താ? എന്നെ സങ്കടപെടുത്തക്കാക്ക? എന്നെ ഇല്ലാതാക്കാക്കാ?
(“എവിടെന്‍റെ ശബ്ദം.
അത് കാടിനും, കാട്ടാറിനും വിട്ടു കൊടുത്തതാണ്. എന്തിന് നീ അത് തേടിപ്പിടിച്ചു വീണ്ടും കൊണ്ടുവന്നു. എന്നെ മുറിവേല്പിക്കാൻ, എന്നെ ഇല്ലാതാക്കാൻ?)
ഡോക്ടർ ഒരു ശ്വാസം എടുത്ത്, വീണ്ടും അതേ വേഗതയിൽ തിരിച്ചെത്തി.
“നീ എനാത് പഠിപ്പിക്കാ?”
(“നീ എന്താണ് പഠിപ്പിക്കുന്നത്?”)
“നമ്മ്‌ത്ത് മാതൃ ഭാസേയന, മലയാളത്തിന”
(“നമ്മുടെ മാതൃഭാഷ, മലയാളം”)
“ഏങ്ക് ഒന്ത് സൊല്ലു എത്ത് അമ്മള്ത്ത് ഭാസെതി. എത്ത് ചോര ഭാസെതി. സൊല്ല് എമ്മ്ത് മാതൃ ഭാസേനെ”.
(എവിടെ ഒന്ന് ചൊൽകെന്‍റെ സോദര. എന്‍റെ അമ്മതൻ ഭാഷയിൽ, എന്‍റെ ചോരതൻ ഭാഷയിൽ, ചൊൽകയെന്‍റെ മാതൃഭാഷ.)
“കൊന്തതാക്കൂ ഭാസേനെ. കാണാതെ പോനത് വേലുമെ കാണാലില്ലെന്തി ഓർക്കാതെ. കൊന്ത്, എക്കനാറു എത്ത് ഭാസേനെ. മാതൃഭാസേങ്കേ പേര്തി എല്ലാ മലയാളിയാം സേന്ത്”.
(“കൊന്നതാണെന്‍റെ ഭാഷയെ. കാണാതെ പോയതുപോലും കാണ്മാനില്ല എന്നോർക്കാതെ. കൊന്നതാണവർ. എന്‍റെ ഭാഷയെ. മാതൃഭാഷയെന്ന പേരിൽ എല്ലാ മലയാളികളും ചേർന്ന്)
“എനക്കൊന്ന് ളാറോണായിരുന്ത്ത്”
(“എനിക്കൊന്നു കരയണമായിരുന്നു”)
എനാക്ക്. ഇനീം നിന്ക്ക് മതിയാകല്ലേനാ
നിത്ത് കണ്ണ്ന്താണി. അത് നിനക്ക് മാത്രതെ രുസിക്കാക്ക് മുടിയൂ.
ഇന്തത്തെ നാടക ജീവിതത്തീ നിത്ത് കണ്ണ്ന്താണിക്ക് എന വെലെ? വെല കെട്ട ജീവിതം കൊണ്ട് പിന്നെം പിന്നെം എന്നെ കൊലക്ക് കൊടുക്കാന.
(“എന്തിന്? ഇനിയും നിനക്ക് മതിയായില്ലേ. നിന്‍റെ കണ്ണീർ, അത് നിനക്ക് മാത്രേ രുചിക്കാൻ കഴിയൂ.
ഇന്നിന്‍റെ അഭിനയ.ജീവിതത്തിൽ നിന്‍റെ കണ്ണീരിന് എന്ത് വില. വിലകെട്ട ജീവിതവും പേറി. വീണ്ടും വീണ്ടും. എന്നെ കുരുതി കൊടുക്കാൻ”)
“ഡോക്ടർ, ഡോക്ടറ്ത് കണ്ണെല്ലാ രക്ത കളറാകുത്”
(“ഡോക്ടർ, ഡോക്ടറുടെ കണ്ണുകൾ ചുവന്നു നിറയുന്നു”)

ഇനിയും മരുന്നു വാങ്ങി വരാത്ത തന്‍റെ ഭാര്യയെ ഓർത്ത് അയാൾക്ക് ദേഷ്യം തോന്നിയില്ല.
ഒരിക്കൽക്കൂടി കയറി ചെന്നാലോ. ഭാര്യ കേറി വരുന്നതിന് മുൻപ്. ഡോക്ടരുടെ പേരെങ്കിലും ഒന്ന് ചോദിക്കാൻ..നടന്നുകൊണ്ടിരുന്ന നാരായൺ ദാസ് അടുത്ത ക്യാബിന്‍റെ മുൻപിലുള്ള കസേരയിൽ ഇരുന്നു.
“മിടുക്കനാ”
ഒരു മദ്ധ്യ വയസ്ക്കൻ അവിടെ ഇരുപ്പുണ്ടായിരുന്ന കാര്യം നാരായൺ ദാസ് അപ്പോഴാണ് ശ്രദ്ധിച്ചത്.
ഇയാൾ ഇവിടെയിരുന്നത് ഞാൻ എന്താണ് കാണാതെ പോയത്. നാരായൺ ദാസ് ചിന്തിച്ചു
“ആര്?”
“അല്ല, നിങ്ങടെ ഡോക്ടറേ”
“ഓ”
നാരായൺ ദാസിന്‍റെ ഭാര്യ മരുന്നുമായി വന്നു.
“മുഷിന്ത്താ”
(“മുഷിഞ്ഞോ”)
“ഇല്ലേ”
(“ഇല്ല”)
“അതെനാക്ക്, കാത്തിരിപ്പ് വേറെന്നതേ . ഇല്ലാത്ത ആളേനാ?”
(അതെന്താ, കാത്തിരിപ്പ് വല്യ പിടിത്തം.ഇല്ലാത്ത ആളാണല്ലോ?)

“ഏയ്, ഇനി എത്തനി വേണ്ന്താലും കാത്തിറ്ക്കിലാ”
(“ഏയ്, ഇനി എത്ര വേണേലും കാത്തിരിക്കാം”)
“അതു ശരി, ഡോക്ടർ ഇത്തനി വേഗ നിമ്മെ മാത്തിനേന?”
(“അതു കൊള്ളാം. ഡോക്ടർ ഇത്രവേഗം നിങ്ങളെ മാറ്റിയോ?”)
“മാത്തിനാന്ത് വേണ്ന്താലും സൊല്ലുകിലാ”
(“മാറ്റിയെന്ന് വേണമെങ്കിൽ പറയാം”)
“ഇനിയിപ്പാ ഈ മറുന്തള്ളാ തിറുപ്പികൊടുക്കണമാ?”
(“ഇനിയിപ്പോ ഈ മരുന്നൊക്കെ തിരിച്ചുകൊടുക്കണോ?)
നാരായൺ ദാസിന്‍റെ ഭാര്യ മൃദുവായി ചിരിച്ചു.
“ഏയ് ഇത് അവകാസവാദമൊന്തു അല്ലാട്ട. എന്താലുമു സൊല്ലുകേമു, ഇനി നമുക്ക് ഇങ്കെ വരണോന്ത്ല്ലേ. നിസമായതേ”
(“ഏയ്, അവകാശവാദമൊന്നും ഇല്ല. എന്നാലും പറയാണ്. ഇനി നമുക്ക് ഇങ്ങോട്ട് വരണം എന്നില്ല. ഉറപ്പായും”)
“എന്താതെ ഡോക്ടർക്കേ സൊല്ലിത്തതേ കാര്യാ. ഡോക്ടറെ ഒന്ത് പത്താലോ?”
(“എന്നാ അത് ഡോക്ടറോട് പറഞ്ഞിട്ടു തന്നെ കാര്യം. ഡോക്ടറെ ഒന്ന് കണ്ടാലോ?”)
“പിന്നെ ന്നാതു”
(“പിന്നെന്താ”)

നാരായൺ ദാസും ഭാര്യയും ഡോക്ടറുടെ ക്യാബിനിലേക്ക് കയറി. ഡോക്ടർ ജനാലക്ക് നേരെ നോക്കി ഇരിപ്പാണ്. ചെയർ ജനാലക്ക് അഭിമുഖമായി തിരിച്ചിരുന്നതുകൊണ്ട് മുഖം കാണാൻ സാധിച്ചില്ല. നാരായൺ ദാസ് ഡോക്ടറെ വിളിച്ചു. ഡോക്ടർ വിളികേട്ടില്ല. വീണ്ടും വിളിച്ചു. കേൾക്കുന്നില്ല. നാരായൺ ദാസിന്‍റെ ഭാര്യയും വിളിച്ചു. ഡോക്ടർ കേട്ടില്ല. നാരായൺ ദാസ് ഡോക്ടറുടെ ചെയറിൽ പിടിച്ചു തിരിച്ചു. മുഖം കോടിയൊടിഞ്ഞ്, ശരീരം ചലനമറ്റ്, ഡോക്ടർ തന്‍റെ നിഴലിലേക്ക് അവസാനമായി കാലുകുഴഞ്ഞു കൂപ്പുകുത്തി.

നിഴലല്ല. നീയത്രേ നിന്‍റെ നിഴലിനെ പിന്തുടരുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here