‘ഫ്രീഡം ഫൈറ്റ്’: അന്ത്യമില്ലാത്ത, പരിചിതപോരാട്ടങ്ങൾ

0
735

സൂര്യ പൊയിലിൽ

സ്വാതന്ത്ര്യം ഒരു ബോധമാണ്. എന്തിൽ നിന്ന്, ആരിൽ നിന്ന്, എങ്ങോട്ടേക്ക് എന്നതിന്റെയൊക്കെ ഉത്തരങ്ങൾ വ്യത്യാസപ്പെട്ടേക്കാം എന്നതൊഴിച്ചാൽ സ്വാതന്ത്ര്യം ഒരു അവകാശമാണെന്ന ബോധമാണ് പ്രധാനം. കൊളോണിയലിസത്തോടുള്ള സ്വാതന്ത്ര്യ പോരാട്ടങ്ങളിൽ അവസാനിച്ചെന്ന് കരുതപ്പെടുന്ന സമരങ്ങളുടെ, കാലികപ്രസക്തമായ, തുടർച്ചയെ ഓർമപ്പെടുത്തുകയാണ് ഫ്രീഡം ഫൈറ്റ്, എന്ന ദൃശ്യസമാഹാരം. ഒന്നൊന്നിനോട് ചേരാത്ത തികച്ചും വ്യത്യസ്തമായ അഞ്ച് കഥാപശ്ചാത്തലങ്ങൾ ആണ് ഇതിൽ ഉള്ളതെങ്കിൽ പോലും ഒരൊറ്റ വചനത്തിന്റെ അന്തസത്തയിൽ ഈ ആന്തോളജിയിലെ ഓരോ കഥയും ഒന്നായി തീരുന്നു. ആ വചനം ഇതാണ് :
“Freedom of mind is the real freedom. A person whose mind is not free though he may not be in chains, is a slave, not a free man. One whose mind is not free, though he may not be in prison, is a prisoner and not a free man.” – ഡോ. ബി. ആർ. അംബേദ്‌കർ

ജിയോ ബേബി, അഖിൽ അനിൽകുമാർ, കുഞ്ഞില മസ്സില്ലാമണി, ഫ്രാൻസിസ് ലൂയിസ്, ജിതിൻ ഐസക് തോമസ് എന്നിവരുൾപ്പെടെയുള്ള സംവിധായക സംഘം ‘സ്വാതന്ത്ര്യ പോരാട്ടത്തിന്റെ തനത് പതിപ്പുകൾ സ്ക്രീനിൽ കൊണ്ടു വന്നതായി കാണാം.

അഖിൽ അനിൽകുമാർ സംവിധാനം നിർവഹിച്ച്‌ രജീഷ വിജയൻ കേന്ദ്ര കഥാപ്രാത്രമായ് അഭിനയിച്ച ‘ഗീതു അൺചെയിൻഡ്’ എന്ന ഹ്രസ്വചിത്രം, വ്യക്തിസ്വാതന്ത്ര്യങ്ങൾക്കുമേലെ ഉറപ്പിച്ചു കെട്ടിയിരിക്കുന്ന വികൃതവും വിഷലിപ്തവുമായ സാമൂഹികസദാചാരമൂല്യങ്ങളുടെ പ്രതിഫലനമാണ്. ഗീതുവിന്റെ ജീവിതം സ്ത്രീകളെ സംബന്ധിച്ച് ഒരു പുതിയ അനുഭവമാവാൻ സാധ്യത ഇല്ല. ദശാബ്ദങ്ങളായി പുരുഷാധിപത്യചങ്ങലകളാൽ ബന്ധിക്കപ്പെട്ടിരിക്കുന്ന ഒരു സമൂഹത്തിൽ തന്റെ ചെറുതും വലുതുമായ ഓരോ തിരഞ്ഞെടുപ്പുകളുടെ പേരിലും സ്വന്തം കുടുംബങ്ങളിൽ പോലും സ്ത്രീകൾ ചോദ്യം ചെയ്യപ്പെടുന്നത് ഒരു പുത്തൻ കാഴ്ച അല്ല. സ്വയം തിരഞ്ഞെടുക്കുന്ന ബന്ധങ്ങളിൽ പോലും ഇത്തരത്തിൽ ആധിപത്യമനോഭാവം കണ്ടെത്തുമ്പോൾ ഏതാണ് യഥാർത്ഥത്തിൽ ബന്ധനം എന്ന ചോദ്യം ഒരുവൾ സ്വയം ചോദിച്ചു തുടങ്ങുന്നിടത്താണ് സമരം ആരംഭിക്കുന്നതും ചിത്രം അവസാനിക്കുന്നതും.

കേവല ഭാവനയിൽ വിരിഞ്ഞ ഒരു കഥ അഥവാ ആശയം അല്ല കുഞ്ഞിലയുടെ സിനിമയായ ‘അസംഘടിതർ’ ക്കു ആധാരം. കേരളത്തിലെ ടെക്സ്റ്റൈൽ ഷോറൂമുകളിൽ ജോലി ചെയ്തിരുന്ന സ്ത്രീകൾക്ക് ജോലി സ്ഥലത്തു ഇരിക്കാനോ, ഇടവേളകളിൽ വിശ്രമിക്കാനോ വാഷ്‌റൂമുകൾ ഉപയോഗിക്കാനോ അനുവദിക്കപ്പെട്ടിരുന്നില്ലാത്ത ഒരു ചുറ്റുപാടുണ്ടായിരുന്നു അഥവാ ഉണ്ട്. ജോലിക്കാർക്ക് ഇരിക്കുവാൻ കസേരകളോ മൂത്രമൊഴിക്കാൻ വൃത്തിയുള്ള മൂത്രപ്പുരകളോ അനുവദിച്ച്‌ നൽകാത്ത വിധം അവകാശലംഘനങ്ങൾ തുടരുന്ന ആ കാലഘട്ടത്തിൽ കോഴിക്കോട്ടെ ഒരു പറ്റം സ്ത്രീത്തൊഴിലാളികൾ നടത്തിയ അവകാശപോരാട്ടങ്ങളുടെ നേർചിത്രം അതിന്റെ എല്ലാ തീവ്രതയോടും കൂടി അവതരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ തന്നെയാവാം ഒരു പക്ഷെ ‘അസംഘടിതർ’ എന്ന ഈ സിനിമയ്ക്ക് ഡോക്യൂ-ഫിക്ഷൻ ആഖ്യാന ശൈലി ഉപയോഗിച്ചിട്ടുള്ളത്.

ഡോ. ബി. ആർ. അംബേദ്‌കർ ന്റെ തന്നെ മറ്റൊരു ഉദ്ധരണിയിൽ അദ്ദേഹം പറയുന്നു: “സ്ത്രീകൾ നടത്തുന്ന പ്രസ്ഥാനങ്ങളിൽ ഞാൻ ശക്തമായി വിശ്വസിക്കുന്നു. അവരെ ശരിക്കും വിശ്വാസത്തിലെടുക്കുകയാണെങ്കിൽ, വളരെ ദയനീയമായ സമൂഹത്തിന്റെ ഇപ്പോഴത്തെ ചിത്രം അവർ മാറ്റിയേക്കാം. കഴിഞ്ഞ കാലങ്ങളിൽ, ദുർബല വിഭാഗങ്ങളുടെയും വർഗങ്ങളുടെയും അവസ്ഥ മെച്ചപ്പെടുത്തുന്നതിൽ അവർ ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്:”
മൂത്രപ്പുര സമരം, ഇരിക്കൽ സമരം എന്നിങ്ങനെ രണ്ടു സമരങ്ങളിലൂടെ കേരളത്തിന്റെ സാമൂഹ്യവികസന മണ്ഡലങ്ങളിൽ ചർച്ചയായി തീർന്ന ഈ സ്ത്രീകളും അവരുടെ മുൻനിരപോരാളിയായ് പ്രവർത്തിച്ച വിജി പെൺകൂട്ടും തന്നെയാണ് ചിത്രത്തെ ആദിമധ്യാന്തം കൊണ്ടുപോവുന്നത്. ആർത്തവ ശുചിത്വം, ക്വീയർ പ്രാതിനിധ്യം / തിരിച്ചറിയൽ എന്നിങ്ങനെ ഒന്നിലേറെ സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങളെ സൂക്ഷ്മമായി തന്നെ അഭിസംബോധന ചെയ്യുന്നുണ്ട് കുഞ്ഞിലയുടെ ഈ ചിത്രം. അവതരിപ്പിക്കുന്ന വിഷയത്തിന്റെ സീരിയസ്നെസ്സ് ചോർന്നു പോകാതിരിക്കാൻ സംവിധായിക പ്രത്യേക ശ്രദ്ധ നൽകിയാതായി അനുഭവപ്പെട്ടു. യാതൊരു വിധ പശ്‌ചാത്തല സംഗീതമോ അനുചിതമായ ശബ്ദവിന്യാസങ്ങളോ ഉപയോഗിക്കാതെ തീർത്തും തീവ്രവും വിശദവുമായി തന്നെ വിഷയങ്ങൾ അവതരിപ്പിക്കപ്പെട്ടു എന്നതും ശ്രദ്ധേയമാണ്. ആഖ്യാനം കൊണ്ടും ചർച്ചയ്‌ക്കെടുത്ത വിഷയങ്ങൾ കൊണ്ടും ചരിത്രപ്രാധാന്യത്തോടെ ദീർഘകാലത്തേക്കുള്ള ഒരു റഫറൻസ് ആയി തന്നെ ഈ ചിത്രം പരിഗണിക്കപ്പെടും എന്നുറപ്പ്.


ഫ്രാൻസിസ് ലൂയിസ് സംവിധാനം ചെയ്ത് ജിയോ ബേബി, കബനി എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തുന്ന ‘ക്ലിപ്ത വിഹിതം’ എന്ന സിനിമ വ്യത്യസ്ത സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നുള്ള രണ്ട് അയൽക്കാരെയും അവർക്കിടയിലെ പങ്കുവയ്ക്കലുകളും അവതരിപ്പിക്കുന്നത്തിലൂടെ ചർച്ചയ്‌ക്കെടുക്കുന്നത് വർഗരാഷ്ട്രീയവും കാലങ്ങളായി തൂർത്തിട്ടും നിവരാത്ത സാമൂഹിക അന്തരത്തെയും ആണ്. എല്ലാ കാലത്തിലുമെന്ന പോലെ ഇക്കാലത്തും, സാമ്പത്തിക പദവി ഉപരിവർഗത്തെ സ്വതന്ത്രമാക്കുമ്പോൾ, അതേ സങ്കല്പം താഴ്ന്ന വർഗത്തെ കൂട്ടിലടയ്ക്കുന്നു, അവരെ ഞെരിക്കുന്നു. ഒരേ സമയം ലളിതമെന്നും ആഴമുള്ളതെന്നും തോന്നുന്ന ഒരു മികച്ച കഥാതന്തുവാണ് ‘ക്ലിപ്തവിഹിതം’. ഭക്ഷണങ്ങളിലെ ധാരാളിത്തത്തെ ഒരു രൂപകമായി പ്രയോഗിച്ചു കൊണ്ട് പരിമിതികളുടെയും സ്വാതന്ത്ര്യത്തിന്റെയും രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുകയാണ് ഫ്രാൻസിസ്ന്റെ ഈ ചിത്രം.

ഉച്ചനീചവ്യത്യാസങ്ങളോ സാമൂഹിക അന്തരമോ മാത്രമല്ല സ്വാതന്ത്ര്യ പോരാട്ടങ്ങൾക്കാധാരം എന്ന് കൂടെ പറഞ്ഞു തുടങ്ങുന്ന സെഗ്മെന്റ് ആണ് ജിയോ ബേബി സംവിധാനം ചെയ്ത് ജോജു ജോർജ്, രോഹിണി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘ഓൾഡ് ഏജ് ഹോം’ എന്ന സിനിമ. ഡിമെൻഷ്യ രോഗി ആയി ജോജു ജോർജ് ന്റെ അഭിനയം തീർത്തും പക്വവും അളവിലും ആയതിനാൽ തന്നെ സിനിമ മുഴുവനായും ഒരു റിയലിസ്റ്റിക് അനുഭവം തരുന്നുണ്ട്. സ്നേഹം കരുതൽ എന്നിവ വ്യക്തിസ്വാതന്ത്ര്യങ്ങളെ മാനിക്കാത്തിടത്തോളം പ്രയോഗികതലത്തിൽ എത്രത്തോളം അർത്ഥശൂന്യമായി തീരുന്നു എന്നത് പറഞ്ഞു വയ്ക്കുന്നു ഈ ചിത്രം. സന്ദേശങ്ങളെ ഒരേ സമയം ഹൃദ്യമായും തീക്ഷ്ണമായും അവതരിപ്പിക്കാൻ സാധിച്ചു എന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്.

ജിതിൻ ഐസക് തോമസ് അവതരിപ്പിക്കുന്ന പ്ര.തൂ. മു ആണ് രാഷ്ട്രീയം കൊണ്ടും നിലപാടുകൾ കൊണ്ടും ഏറെ തീവ്രവും ഞെട്ടിപ്പിക്കുന്നതും ആയി അവതരിപ്പിക്കപ്പെട്ടത്. ഒരു സെപ്റ്റിക് ടാങ്ക് വൃത്തിയാക്കലിന്റെ പശ്ചാത്തലത്തിൽ ഒരു ഭരണാധികാരിയെയും അദ്ദേഹത്തിന്റെ പ്രജകളെയും കേന്ദ്രപാത്രങ്ങൾ ആക്കി കൊണ്ട് വർഗ രാഷ്ട്രീയം സംസാരിക്കുന്നത്, ആഖ്യാനരീതി കൊണ്ടും വിഷയപ്രാധാന്യം കൊണ്ടും അമ്പരപ്പിച്ചു കളഞ്ഞു. ആഴത്തിൽ വേരൂന്നിയ വർഗ അടിച്ചമർത്തലിനെ ഈ സെഗ്മെന്റ് സൂക്ഷ്മമായി അഭിസംബോധന ചെയ്യുന്നു. കൊടുംപീഡനങ്ങളുടെ ദൃശ്യങ്ങൾ മനസ്സിന്റെ ആഴത്തിൽ കൊളുത്തി വലിപ്പിച്ചു കൊണ്ട് നിർത്തുമ്പോൾ അനുതാപത്തിന്റെ പാരമ്യതയിൽ പാടി പോവും, ഓരോരുത്തരും, പോകരുതാ വഴി പോകരുതേ എന്ന്.

‘ഫ്രീഡം ഫൈറ്റ്’ ഒരു ധീരമായ, കാലികപ്രസക്തമായ, രാഷ്ട്രീയ ഔന്നത്യമുള്ള, കലാമൂല്യമുള്ള സൃഷ്ടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here