പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം
ജോയി ജോസഫ്
കേരളത്തെ ആധുനികമാക്കി തീർക്കുന്നതിൽ മുഖ്യപങ്കു വഹിച്ച വ്യക്തിയാണ് ജോർജ്ജ് മാത്തൻ പാതിരി (1819-1870). ആധുനിക വിദ്യാഭ്യാസ രീതിയുടെ പ്രാധാന്യത്തെ തിരുവിതാംകൂർ സർക്കാർ മുൻപാകെ ശക്തമായി അവതരിപ്പിച്ച വ്യക്തി, മുൻകാല അടിമജാതികൾക്ക് സ്വാതന്ത്ര്യം വേണമെന്ന് എഴുത്തിലൂടെയും പ്രവർത്തിയിലൂടെയും കാണിച്ചുകൊടുത്ത മനുഷ്യ സ്‌നേഹി, ആധുനിക മലയാള ഭാഷയെയും വ്യാകരണത്തെയും മലയാളികൾക്കിടയിൽ അവതരിപ്പിച്ച പണ്ഡിതൻ, തിരുവിതാംകൂർ ഭാഷാ പാഠപുസ്തക കമ്മിറ്റിയുടെ പ്രസിഡന്റ് തുടങ്ങി നിരവധി മേഖലകളിൽ കഴിവ് തെളിയിക്കുകയും സാമൂഹ്യ പരിഷ്‌കരണത്തിനായി പോരാടുകയും ചെയിത ജോർജ്ജ് മാത്തന്റെ ജീവചരിത്രം വിദ്യാർത്ഥികളുടെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണെമെന്ന വാദമാണ് ഈ ലേഖനത്തിലൂടെ മുൻപോട്ട് വെയ്ക്കുന്നത്.
1819 സെപ്റ്റംബർ 25-നു പത്തനംതിട്ടയിലെ കിടങ്ങന്നൂരിലാണ് ജോർജ് മാത്തൻ ജനിച്ചത്. 1816-ൽ തിരുവിതാംകൂറിൽ പ്രവർത്തനം ആരംഭിച്ച ചർച്ച് മിഷൻ സൊസൈറ്റിയുടെ (സി. എം. എസ്) ആദ്യ തദ്ദേശീയ പുരോഹിതനാണ് ജോർജ് മാത്തൻ അച്ചൻ. 1844 മുതൽ 1870 (മരണം) വരെ മിഷനറി പ്രവർത്തനത്തിൽ സജീവമായിരുന്ന ഇദ്ദേഹം സി. എം. എസ് മിഷനറിമാരുടെ പ്രവർത്തന പരിധിയിൽ വരുന്ന മുൻകാല അടിമ- അയിത്ത ജാതികളുടെ സാമൂഹ്യ-വിശ്വാസ അവസ്ഥകളെക്കുറിച്ച് നിരവധി രേഖപ്പെടുത്തലുകൾ നടത്തിയ ഒരു വ്യക്തി കൂടിയാണ്. ഇംഗ്ളീഷുകാർ 1815-ൽ കോട്ടയത്ത് പണികഴിപ്പിച്ച സെമിനാരിയിലെ ആദ്യകാല വിദ്യാർത്ഥികളിൽ ഒരാളായിരുന്നു ഗീവർഗീസ് ചെമ്മാശൻ എന്ന ജോർജ് മാത്തൻ. 1837-ൽ ജോസഫ് പീറ്റ് എന്ന ഇംഗ്ളീഷു മിഷനറിയുടെ നേതൃത്വത്തിൽ ജോർജ് മാത്തൻ ഉൾപ്പെടെയുള്ള കുട്ടികളെ മദ്രാസിലേയേക്ക് ഉന്നത പഠനത്തിനായി അയച്ചിരുന്നു. ജേക്കബ് രാമവർമ്മ ഇദ്ദേഹത്തിനൊപ്പം മദ്രാസിൽ പഠിച്ചിരുന്ന ശ്രദ്ധേയനായ വ്യക്തിത്വമാണ്. ഈ പഠനകാലത്താണ് മദ്രാസ് ഗവൺമെൻറ് നടത്തിയ ഒരു മത്സര പരീക്ഷയിൽ ജോർജ് മാത്തൻ അച്ചന് ഒന്നാം സമ്മാനം (120 രൂപ) ലഭിച്ചത് (ഡേവിഡ് 1930: 45). സമ്മാനത്തുകയോടൊപ്പം സർക്കാർ പരിഭാഷകൻ എന്ന ഉയർന്ന ജോലികൂടി അദ്ദേഹത്തിന് മദ്രാസ് സർക്കാർ നൽകിയെങ്കിലും അദ്ദേഹം അത് നിരസിച്ചു. മദ്രാസിൽ നിന്നും ലത്തീൻ, ഗ്രീക്ക്, എബ്രായ, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകൾ പഠിച്ച മാത്തൻ അച്ചൻ തിരികെ നാട്ടിൽ എത്തി സ്വപ്രയത്നത്താൽ സംസ്‌കൃതം, തമിഴ്, തെലിങ്ക്, ഹിന്ദുസ്ഥാനി തുടങ്ങുയ ഭാഷകളും വശത്താക്കുകയുണ്ടായി. ക്ഷേത്രഗണിതം, ബീജ ഗണിതം തുടങ്ങിയവയിലും പ്രഗത്ഭനായിരുന്നു മാത്തനച്ചൻ (ഡേവിഡ് 1930: 47). അതേപോലെ 1861-ൽ എഴുതിയ ‘സത്യവാദ ഖേടം’ എന്ന പ്രകരണത്തിന് തിരുവിതാംകൂർ സർക്കാരിന്‍റെ ഒന്നാം സമ്മാനം ലഭിക്കുകയുണ്ടായി. 1863-ൽ ‘സത്യവാദ ഖേടം’ എന്ന കൃതി പ്രസിദ്ധപ്പെടുത്തുകയുമുണ്ടായി. അതേ വർഷത്തിൽ തന്നെ മലയാണ്മയുടെ വ്യാകരണവും പ്രസിദ്ധീകരിച്ചു. ഈ വ്യാകരണ പുസ്തകത്തിന്റെ നൂറ് പ്രതികൾ തിരുവിതാംകൂർ സർക്കാർ നേരിട്ട് വാങ്ങുകയുണ്ടായി എന്നാണ് മഹാകവി ഉള്ളൂർ രേഖപ്പെടുത്തിയിരിക്കുന്നത്. മലയാണ്മയുടെ വ്യാകരണമാണ് ജോർജ്ജ് മാത്തൻ അച്ചന്റെ കൃതികളിൽ പ്രഥമഗണനീയമായിട്ടുള്ളത്. അ. എ, ഇ, ഒ, ഉ എന്ന അഞ്ചു ഹസ്രാക്ഷരങ്ങളും ആ, ഏ, ഈ, ഓ, ഊ എന്ന അഞ്ചു ദീർഘാഷരങ്ങളും ചേർന്ന് മലയാള ഭാഷയിൽ പത്ത് സ്വരാക്ഷരങ്ങളെ ഉള്ളുവെന്നാണ് ജോർജ്ജ് മാത്തൻ അച്ചന്റെ വാദം. അതേപോലെ സംയുക്തി എന്ന മറ്റൊരു പുസ്തകം കൂടാതെ മറുജന്മം, സ്ത്രീകളുടെ യോഗ്യമായ സാമൂഹ്യസ്ഥിതി, മരുമക്കത്തായത്താലുള്ള ദോഷങ്ങൾ, വേദകാര്യങ്ങളെക്കുറിച്ചുള്ള ഒരു സംവാദം, കൊഴുമുതലണ്മ, നാനാർത്ഥം, ഭൂമി ഉരുണ്ടതാണോ തുടങ്ങിയ ലേഖനങ്ങൾ കോട്ടയത്ത് നിന്നുമിറങ്ങിയ കോളേജ് മാഗസിനിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. കേരളത്തിലെ ആദ്യ കോളേജ്ജ് മാഗസിൻ പ്രസിദ്ധീകരിച്ച ബഹുമതിയും ജോർജ് മാത്തൻ അച്ചനു അവകാശപ്പെട്ടതാണ്. ഇതേകാലത്ത് മിഷനറി പ്രവർത്തനഭാഗമായി അയിത്ത ജാതികളെക്കുറിച്ചു നിരവധി കുറിപ്പുകൾ മാത്തനച്ചൻ തയ്യാറാക്കുകയുണ്ടായി. മധ്യതിരുവിതാംകൂറിലെ അടിമത്തം, അടിമജാതികൾ തുടങ്ങിയവയെ കുറിച്ച് മാത്തനച്ചൻ എഴുതിയ കുറിപ്പുകൾ നിരവധി മിഷനറി പ്രസിദ്ധീകരണങ്ങളിൽ അച്ചടിക്കപ്പെട്ടിരുന്നു.
ടി.ജി. റാഗ്‌ളണ്ട് എന്ന മിഷനറിയുടെ നിർദ്ദേശ പ്രകാരമാണ് മധ്യകേരളത്തിലെ മിഷനറി പ്രസ്ഥാനം അടിമജാതികൾക്കിടയിൽ പ്രവർത്തനം ആരംഭിക്കുന്നത്. 1850-ല്‍ സി.എം.എസിന്‍റെ കറസ്പോണ്ടിംഗ് സെക്രട്ടറിയായിരുന്ന ടി.ജി റാഗ്ലണ്ട് എന്ന മിഷനറി തിരുവതാംകൂര്‍ സന്ദർശിച്ചപ്പോൾ മല്ലപ്പളിയിലെ ആംഗ്ലിക്കൻ പള്ളിയിലെ പുരോഹിതനായി ജോലിചെയ്തിരുന്ന ജോർജ് മാത്തനച്ചന്‍റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. മധ്യ തിരുവിതാംകൂറിൽ താമസിച്ച ദിവസങ്ങളിൽ അദ്ദേഹം പകലന്തിയോളം വയലില്‍ പണി എടുക്കുന്ന പുലയരായ സ്ത്രീ പുരുഷന്മാരെ കാണുകയുണ്ടായി, അവരുടെ അധ്വാനവും കഷ്ടപ്പാടുകളുമെല്ലാം റാഗ്‌ളണ്ടിനെ ദുഃഖത്തിലാക്കിയിരുന്നു. മാത്രമല്ല ഒരു പുലയനെ കാളയോടൊപ്പം നുകത്തിൽ കെട്ടി നിലം ഉഴുതുന്ന കാഴ്ച അദ്ദേഹത്തിനെ ആകെ ഞെട്ടിച്ചു (Carmichael, 1922: vi.). ഈ സാധുമനുഷ്യർക്കുവേണ്ടി എന്തെങ്കിലും അടിയന്തിരമായി ചെയ്യണമെന്നായി അദ്ദേഹത്തിന്‍റെ ചിന്ത. തിരുവിതാംകൂറിൽ അടിമത്തം നിയമപരമായി നിരോധിക്കുന്നതിന് മുൻപുള്ള കാലമായിരുന്നു അത്. ഇദ്ദേഹം ഈ കാര്യം ജോർജ് മാത്തനോടു സംസാരിക്കുകയും അടിമകളെ പഠിപ്പിക്കുന്നതിനെക്കുറിച്ചും അവരുടെ ഇടയില്‍ പ്രവർത്തനം നടത്തുന്നതിനെക്കുറിച്ചും ആലോചിക്കുകയുമുണ്ടായി. സമീപത്തുള്ള (തിരുവല്ല) ആംഗ്ലിക്കൻ മിഷനറി ജോൺ ഹോക്‌സ്‌വേർത്തിനെയും ഇതേകാര്യം ധരിപ്പിക്കുകയും ഇതിനുവേണ്ടുന്ന ധനസഹായം നല്‍കുകയും ചെയ്തു. പ്രത്യേകിച്ച് ആദ്യം എഴുത്തും വായനയും പഠിക്കുന്ന അടിമകൾക്ക് പുതിയനിയമം വാങ്ങിക്കൊടുപ്പാന്‍ കുറേ പണം ജോര്‍ജ് മാത്തന്‍ അച്ചനെ ഏല്പിക്കുകയും ചെയ്തു. ഇതൊരു പുതിയ തുടക്കമായിരുന്നു. ഇതിന്‍റെ ഭാഗമായി ജോർജ് മാത്തൻ അച്ചൻ മല്ലപ്പള്ളിയിലെ അടിമകളെ കുറിച്ച് വിശദമായി ഒരു ലേഖനം എഴുതുകയുണ്ടായി. ഇത് പിന്നീട് നിരവധി മിഷനറി മാസികകളിൽ അച്ചടിച്ച് വരികയുണ്ടായി. ആഗോള തലത്തിൽ ശ്രദ്ധനേടിയ ഈ ലേഖനം നിരവധി ചർച്ചകൾക്ക് വഴിവെച്ചിരുന്നു. തിരുവിതാംകൂറിലെ പുലയരുടെ ജീവിതത്തിന്‍റെ നേർരേഖയായി മാറ്റപ്പെടുകയായിരുന്നു മാത്തനച്ചന്‍റെ ലേഖനം. പിൽക്കാലത്ത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പത്രത്തിൽ ഈ ലേഖനം മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുകയുണ്ടായി. മുൻകാല അടിമ ജാതികൾക്കിടയിലെ പ്രവർത്തനങ്ങളോടൊപ്പം മാത്തനച്ചൻ ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രചാരകൻ കൂടിയായിരുന്നു. കൈപ്പറ്റയിലെ ഹാബേൽ പിതാവും കുടുംബവും, ഭാര്യ സഹോദരൻ ചേരാതിയും കുടുംബവുമെല്ലാം ആദ്യമായി വിശ്വസാസ്വീകരണം നടത്തിയ ദളിതരായിരുന്നു.
1867- ഓഗസ്ത് 13-നു ജോർജ് മാത്തൻ അച്ചൻ കൊല്ലം ഡിവിഷൻ കച്ചേരിയിൽ നടത്തിയ പ്രഭാഷണമാണ് ബാലാഭ്യാസനം എന്ന പേരിൽ അറിയപ്പെടുന്നത്. ബാലാഭ്യാസനത്തെ കുറിച്ച് മാത്തനച്ചൻ നടത്തിയ പ്രഭാഷണം കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തിന്റെ നാഴികക്കല്ലായി മാറിയ ഒന്നാണ്. ദീർഘമായ ഈ പ്രഭാഷണം തിരുവിതാംകൂറിന്റെ സാമൂഹ്യ പരിവർത്തനത്തെയും ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയേയും അടിവരയിട്ട് പ്രഖ്യാപിക്കുന്ന ഒന്നാണ്. തിരുവിതാംകൂറിലെ കൊളോണിയൽ പ്രസ്ഥാനങ്ങളുടെ സാമൂഹ്യ ഇടപെടലുകളെ വ്യക്തമാക്കിക്കൊണ്ടാണ് മാത്തനച്ചൻ തന്റെ പ്രഭാഷണം ആരംഭിക്കുന്നത്. ആധുനിക വിദ്യാഭ്യാസത്തിനെ ജാതി നിയമം അനുസരിച്ചു സ്വീകരിക്കാനുള്ള ശ്രമമായിരുന്നു സവർണ്ണർ നടത്തി വന്നിരുന്നത്. മാത്തനച്ചൻ യാഥാസ്ഥിക ജനതയുടെ വികാര വിചാരങ്ങളെ തന്റെ പ്രഭാഷണത്തിലൂടെ ശക്തമായി പരിഹസിക്കുന്നുണ്ട്. പൊതുജനമധ്യത്തിലുള്ള പ്രസംഗംപോലും തിരുവിതാംകൂറിനെ സംബന്ധിച്ചു പുതുമയുള്ളതായിരുന്നു. പ്രസംഗം പറച്ചിൽ ക്രിസ്ത്യാനികളുടെ ഇടയിൽ നടക്കുന്നതാണെന്നും, മതപരിവർത്തനത്തിന് ഉപയോഗിക്കുന്ന തന്ത്രമാണെന്നുമാണ് പൊതുജന ധാരണയെന്ന് മാത്തൻ അച്ചൻ ബാലാഭ്യാസനത്തിന്റെ തുടക്കത്തിലേ പറയുന്നുണ്ട്. മനുഷ്യനെ കേന്ദ്രസ്ഥാനത്ത് നിർത്തിക്കൊണ്ട് വികസിക്കുന്ന ഈ പ്രഭാഷണത്തിൽ ജ്ഞാനം, അറിവ് തുടങ്ങിയവയുടെ അർഥവും, സാമൂഹിക രൂപീകരണവുമെല്ലാം യൂറോപ്യൻ നവോഥാന ചിന്തകളുടെ പിൻബലത്താൽ മാത്തനച്ചൻ വിശദമാക്കുന്നുണ്ട്.
കേരള സാഹിത്യ ചരിത്രം നാലാം വാല്യത്തിൽ മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ ജോർജ് മാത്തൻ ചെയ്ത സാഹിത്യ സംഭാവനകളെ വിശദമായി പരാമർശിച്ചിട്ടുണ്ട്. “വാസ്തവത്തിൽ വ്യവസ്ഥിതമായ ഒരു ഗദ്യരീതി ഭാഷയ്ക്ക് സിദ്ധിച്ചത് കേരളത്തിൽ ഇംഗ്ലീഷ് ഭാഷ പ്രചാരം തുടങ്ങിയതിനുമേൽ ആ ഭാഷയിൽ പാണ്ഡിത്യം നേടിയ ഭാഷാഭിമാനികളുടെ പരിശ്രമം നിമിത്തമാണ്. ഇംഗ്ലീഷിന് പുറമെ സംസ്‌കൃതത്തിലും പര്യാപതമായ ജ്ഞാനം സിദ്ധിച്ച ഒരാൾക്കല്ലാതെ അത്തരത്തിലുള്ള പരിശ്രമം കൊണ്ട് ഏതെങ്കിലും സാധിക്കുന്നതിനു മാർഗമില്ലാതിരുന്നതിനാൽ ആ പന്ഥാവിൽ സഞ്ചരിക്കുവാൻ ആദ്യകാലത്ത് ആരും അത്രതന്നെ ധൈര്യപ്പെട്ടില്ല. പാശ്ചാത്യ സമ്പ്രദായത്തിലുള്ള ഒരു ഗദ്യ പദ്ധതി ഭാഷയിൽ ഇദം പ്രദമായി അവതരിപ്പിച്ചു ആ പദ്ധതിയിൽ വിവിധ വിഷയങ്ങളെ അധികരിച്ചു പുസ്തകങ്ങളും ഉപന്യാസങ്ങളും രചിച്ച ഒന്നാമത്തെ കേരളീയൻ റവറന്റ് ജോർജ്ജ് മാത്താനാണ്”. ഇത്തരത്തിൽ കേരളത്തിന്റെ സാമൂഹ്യ-സാഹിത്യ ചരിത്രത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ജോർജ് മാത്തൻ അച്ചനെ കേരള പൊതുസമൂഹം തീർച്ചയായും ഓർക്കേണ്ടതാണ്.
സഹായക ഗ്രന്ഥങ്ങൾ
Amy Wilson Carmichael, Ragland Pioneer, Madras: SPCK, 1922.
വി. ടി. ഡേവിഡ് , തിരുവിതാംകൂർ കൊച്ചി ആംഗലേയ സഭാ ചരിത്രം, കോട്ടയം: സി.എം.എസ്
പ്രസ് 1930).
ജോയി ജോസഫ്, മല്ലപ്പള്ളിയും സാമൂഹ്യ പരിവർത്തനവും, മല്ലപ്പളി സി.എസ്. സഭാ സ്മരണിക, 2011.
ഉള്ളൂർ എസ്. പരമേശ്വരയ്യർ, കേരള സാഹിത്യചരിത്രം, ഭാഗം
…
ജോയി ജോസഫ്
ഡൽഹി ഫോറം, പ്രോഗ്രാം ഫോർ സോഷ്യൽ ആക്ഷൻ എന്നീ ദേശീയ സമിതികളുടെ കോർഡിനേറ്റർ ആയും വർത്തമാനം മാസികയുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. മല്ലപ്പള്ളി സ്വദേശി.