ഓട്‌ പെട്രോളെ കണ്ടം വഴി !

0
784

ഫർസീൻ അലി പി.വി

ഓണത്തിനിടയ്ക്ക്‌ പുട്ടു കച്ചവടം നടത്തുന്നവരെ കുറിച്ച്‌ കേട്ടിട്ടുണ്ട്‌. എന്നാൽ പെട്രോൾ വിലവർദ്ധനക്കിടക്ക്‌ സൈക്കിൾ ബോധവൽക്കരണവുമായി ഇറങ്ങിയിരിക്കുന്ന എൻജിനിയറിംഗ്‌ വിദ്യാർത്ഥികളെ കുറിച്ച്‌ കേട്ടിട്ടുണ്ടോ ?

അനിയന്ത്രിതമായ പെട്രോൾ വിലവർദ്ധനക്കെതിരെ സൈക്കിൾ കൊണ്ട്‌ പ്രതിരോധം തീർക്കുകയാണ് തിരുവനന്തപുരം സി.ഇ.ടി സൈക്ലിംഗ്‌ ക്ലബിലെ ഈ വിദ്യാർത്ഥികൾ. സി.ഇ.ടി സൈക്ലിംഗ്‌ ക്ലബ്ബിനെ പ്രതിനിധീകരിച്ച്‌ മലപ്പുറം സ്വദേശി അബ്ദുൽ റഷീദ്‌, തൃശൂർ സ്വദേശി മുഹമ്മദ്‌ ഹബീബ്‌, കോഴിക്കോട്‌ സ്വദേശി മുഫിൽ റഹ്മാൻ എന്നിവരാണ് 1000 കിലോമീറ്റർ ലക്ഷ്യമിട്ടു കൊണ്ട് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ പ്രതിഷേധാത്മക ബോധവൽക്കരണ സൈക്കിൾ യാത്ര സംഘടിപ്പിക്കുന്നത്‌.

രണ്ട് ചക്രങ്ങളും ചങ്ങലയും യുവത്വത്തിന്റെ തളരാത്ത ആവേശവും, തമ്മിലുള്ള സൊറ പറച്ചിലും ഉണ്ടെങ്കിൽ പിന്നെ പെട്രോളിനെ കണ്ടം വഴി ഓടിക്കാമെന്നാണ് ഇവരുടെ ഭാഷ്യം. മോട്ടോർ വാഹനങ്ങൾക്ക്‌ പകരം സൈക്കിൾ ഉപയോഗിക്കുന്നത്‌ വഴി ലഭിക്കുന്ന സാമ്പത്തിക ലാഭത്തിന് പുറമെ ശാരീരിക, മാനസിക, പാരിസ്ഥിതിക ലാഭങ്ങൾ കൂടി പൊതുജനങ്ങളിലെത്തിക്കാനാണ് ഈ സൈക്കിൾ യാത്ര.

മെയ്‌ 27ന് തിരുവനന്തപുരം സി.ഇ.ടി കോളേജിൽ നിന്നാരംഭിച്ച റൈഡ്‌ കാസർകോഡ്‌ വഴി തിരിച്ച്‌ തിരുവനന്തപുരത്ത്‌ സമാപിക്കും. റമദാൻ വ്രതം അനുഷ്ടിച്ച്‌ കൊണ്ട്‌ തന്നെയാണ് സൈക്കിൾ റൈഡ്‌ എന്നതും ശ്രദ്ധേയമാണ്. സൈക്ലിംഗിന്റെ ഗുണങ്ങളെ കുറിച്ചുള്ള ബോധവത്ക്കരണവും പൊതുജന സമ്പർക്കവും റൈഡിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്‌. സൈക്കിൾ സംസ്കാരത്തിലേക്ക്‌ കേരള ജനതയെ കൈപിടിച്ച്‌ നടത്താൻ നിരവധി പ്രവർത്തനങ്ങളാണ് ഈ സൈക്ലിംഗ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച്‌ വരുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here