“ചോരയ്ക്ക് ചോര തിരിച്ചറിയാൻ എളുപ്പമായതുകൊണ്ടാണ് നിങ്ങൾക്കും എനിക്കും ദസ്തയേവ്സ്കിയുടെ ചോരയറിയാനാവുന്നത്.” ദസ്തയേവ്സ്കിയുടെ ചോരഗന്ധം എന്ന കെ.അരവിന്ദാക്ഷന്റെ ലേഖനം ലോകത്തിലെ ഏറ്റവും വലിയ നോവലിസ്റ്റുകളിലൊരാളായ ദസ്തയേവ്സ്കിയെ കുറിച്ച് മലയാളത്തില്‍ വന്നിട്ടുള്ള ഏറ്റവും മികച്ച എഴുത്തുകളിലൊന്നായിത്തന്നെ കണക്കാക്കാം. സ്വന്തം അച്ഛനില്‍ തുടങ്ങി ഗാന്ധിയില്‍ വരെ എത്തിനില്‍ക്കുന്ന ലേഖകന്റെ ജീവന്‍ തുടിക്കുന്ന നിരീക്ഷണങ്ങള്‍ ദസ്തയേവ്സ്കി എന്ന ഫില്‍റ്ററിലൂടെ സ്വന്തം ജീവിത പരിസരങ്ങളില്‍ കാണുന്നതിന്റെ പ്രതിഫലനങ്ങള്‍ തന്നെയാണ്.
സോണി ജോസിന്റെ പീഡോഫിലിയയെക്കുറിച്ചുള്ള ലേഖനം പീഡോഫിലിക്ക് കുറ്റവാളികളെക്കുറിച്ചുള്ള മനശാസ്ത്രപരമായ സമീപനമാണ്. പത്രങ്ങളില്‍ ദിനം പ്രതി നമ്മുടെ പിഞ്ചുകുഞ്ഞുങ്ങള്‍ ഉപദ്രവിക്കപ്പെടുന്നതിന്റെ ഭീതി ജനിപ്പിക്കുന്ന വാര്‍ത്തകള്‍ വരുന്നുണ്ട്. വളരെ സെന്‍സിറ്റിവായ ഒരു വിഷയമാണിത്. എങ്കിലും ഈ ലേഖനത്തില്‍ ഉടനീളം പീഡോഫിലുകളെ ഒരല്പം മൃദുവായാണോ കാണുന്നതെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ തെറ്റ് പറയാന്‍ കഴിയില്ല. ഒരു പക്ഷേ രോഗികള്‍ എന്ന ന്യൂട്രല്‍ സമീപനവുമാവാം.”പീഡോഫിലിയ ഒരു ഭിന്നലിംഗമോ സ്വവര്‍ഗരതിയോ ആയ ആഭിമുഖ്യത്തിനു സമാനമാണ്.” എന്ന് ലേഖിക അഭിപ്രായപ്പെടുന്നു. എത്ര പേര്‍ ഇതിനോട് യോജിക്കുമെന്നു അറിയില്ല. ഇത് വളരെ പ്രധാനപ്പെട്ട ഒരു നിരീക്ഷണമാണ്. ഇത് ശരിയാണെങ്കില്‍ അതിനെ പിന്തുണയ്ക്കുന്ന ആധികാരികമായ ഒരു ശാസ്ത്രീയ റഫറന്‍സ് കൂടി ചേര്‍ക്കേണ്ടതായിരുന്നു.
കെ.അരുണിമയുടെ മൊണോക്രോം ചിത്രങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടു. സാധാരണ കാഴ്ചകള്‍ പോലും ഒരു നല്ല ഫോട്ടോഗ്രാഫറുടെ ക്യാമറക്കണ്ണിലൂടെ എങ്ങിനെ ക്ലാസ്സിക്കുകളായി മാറുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ചിത്രങ്ങള്‍. ജീവിതത്തിലെ ഓരോ നിമിഷങ്ങളും അമൂല്യമാണ് എന്ന് ഈ ചിത്രങ്ങള്‍ പറയുന്നു.
ശ്രീ അരുണ്‍കുമാര്‍ പൂക്കോമിന്റെ ചെറുകഥ ഉള്‍പ്പെടെ ആര്‍ട്ടേരിയ നവംബര്‍ ലക്കത്തിലെ ബാക്കിയുള്ള വിഭവങ്ങളും നല്ല വായനയ്ക്ക് വക നല്‍കി.
അനീഷ് ഫ്രാൻസിസ്
…
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അയക്കാം editor@athmaonline.in
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.