നാടകം
എമില്‍ മാധവി
അരങ്ങില്‍ ആളൊഴിഞ്ഞ ഒരു വീല്‍ ചെയര്‍. ദീർഘമായ നിശബ്ദതയെ മുറിച്ചുകൊണ്ട് വീല്‍ ചെയര്‍ പതിയെ ഉരുളുന്നു.
ചക്രങ്ങള്‍ ഉരയുന്ന ചെറിയ ശബ്ദം കേള്‍ക്കാം. അരങ്ങില്‍ പലയിടത്തും പതിയെ നിരങ്ങി കൊണ്ടിരിക്കുന്ന ഒരുപാട് കസേരകൾ, ക്രമേണ കസേരകളുടെ ചലനം വേഗത കൈവരിക്കുന്നു. പല നിലകളിലായി ഒഴുകുന്ന പലതരം കസേരകള്‍. കസേരകളുടെ വലിയ ശബ്ദം ആവർത്തിക്കുന്നു. പൊടുന്നനെ എല്ലാം നിശ്ചലവും നിശബ്ദമാകുന്നു.
കസേരകള്‍ക്കിടയില്‍ പതിയെ തെളിയുന്ന ഒരു ഫാമിലി ഫോട്ടോ. അച്ചന്‍,അമ്മ ,രണ്ട് കുട്ടികള്‍. അവര്‍ ഫോട്ടോയ്ക്ക് പോസ്സ്ചെയ്യുകയാണ്. അദൃശ്യനായ ഒരാളുടെ നിര്‍ദേശത്തില്‍ എന്ന പോലെ അവര്‍ തങ്ങളുടെ ശരീരത്തെയും, മുഖഭാവങ്ങളെയും പല രീതിയില്‍ ഒരുക്കി വെയ്ക്കുന്നുണ്ട്. ശ്വാസം പോലും ക്യാമറയ്ക്ക് വേണ്ടി ഒതുക്കി വച്ചിരിക്കുകയാണ്. ഫ്ലാഷ് വരുമ്പോള്‍ ഒരു ഫോട്ടോയില്‍ എന്ന പോലെ ആ കുടുംബം നിശ്ചലമാവുന്നു.
ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഫാമിലി ഫോട്ടോ.
വിഭ്രമാത്മകമായ സ്വപ്നം പോലെ അവരെ ചുറ്റി നിലത്ത് വെളിച്ചത്തിന്റെ ഒരു വര പടരുന്നു. അഥവാ തെളിച്ചമുള്ള കനത്ത ഒരതിര്‍ത്തി.
പതിയെ അതിനകത്തെ മനുഷ്യര്‍ മാഞ്ഞുപോവുന്നു. പകരം അവിടേക്ക് വരുന്ന “അ” എന്നും “ആ” എന്നും പേരുള്ള രണ്ട് പെൺകുട്ടികള്‍.
അ: ഇത് തുടക്കമാണോ? ഒടുക്കമാണോ? ഇത് ഞാനാണോ? നീയാണോ?
ആ: ശ്…നിശബ്ദത പാലിക്കുക സകലരും സകലതും മറന്നു പോകേണ്ടതുണ്ട്. ഓര്‍മ്മ ഒരു രോഗമാണ് മറവി മരുന്നും.
അ: ഓർമ്മത്തുമ്പിൽ മറവിയുടെ ആഴങ്ങളിൽ ആത്മാവിന്റെ മുട്ടത്തോടിൽ അവസാന ശ്വാസത്തിൽ
കാട്ടു മുല്ലകളെ പോലെ നമ്മൾ ചേർത്ത് വെക്കപ്പെട്ടു.
ആ: എന്തൊരു ബോറൻ ഡയലോഗാണിത്, ഇതുപോലെ അതികാല്പനികത എഴുതുന്നവരെ വെടിവെച്ച് കൊല്ലണം രണ്ടുപേരും പരസ്പരം തോക്ക് ചൂണ്ടുന്നു.
രണ്ട്പേരും: ഇത് തുടക്കമാണോ? ഒടുക്കമാണോ? ഇത് ഞാനാണോ? നീയാണോ? അവര്‍ക്കരികിലേക്ക് പതിഞ്ഞ ശബ്ദത്തില്‍ ഉരുണ്ടു വരുന്ന ഒരു ചക്രക്കസേര. രണ്ട് പേരുടെയും തോക്ക് ഒരേസമയം പൊട്ടുന്നു. അവരെ മൂടുന്ന വലിയ വെളിച്ചം.
ബ്ലാക് ഔട്ട്
ഇരുട്ടില്‍ വെടിയൊച്ച കലര്‍ന്ന സംഗീതം. വെളിച്ചത്തിന്റെ അതിര്‍ത്തി ചുവന്നിരിക്കുന്നു വീൽചെയറിൽ ഭക്ഷണ പാത്രത്തിലേക്ക് നോക്കിയിരിക്കുന്ന അ എന്ന പെൺകുട്ടി. ഭക്ഷണപാത്രത്തില്‍ നിന്നും വെളിച്ചം പുറത്തേക്ക് വരുന്നുണ്ട്.
രണ്ടാമത്തെ പെൺകുട്ടി പുറത്തേക്ക് ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഫോൺ ചെവിയിൽ ഇറുക്കി പിടിച്ചു കൊണ്ട് തന്നെ ബാഗും മറ്റും എടുത്ത് വെക്കുന്നു. ഫോണ്‍ താഴെ വെച്ച് ഭക്ഷണം എടുത്തു കഴിക്കാൻ തുടങ്ങുന്നു, പെട്ടെന്ന് ഫോണെടുത്ത്
ആ: ഹലോ… ഹലോ. ഓ നാശം
ഫോൺ താഴെ വെച്ച്, കമ്മൽ എടുത്തണിഞ്ഞ ശേഷം കണ്ണാടിയിൽ നോക്കി ഭക്ഷണം കഴിക്കുന്നു പെട്ടെന്ന് ഓടിച്ചെന്ന് വീണ്ടും ഫോൺ എടുത്ത് സംസാരിക്കാൻ തുടങ്ങുന്നു
ആ: ഞാൻ ഇറങ്ങാൻ തുടങ്ങുകയാണ്
മുകളിൽ നിന്ന് താഴെ എത്താനുള്ള സമയം അല്ലേ വേണ്ടൂ പിന്നെ ടെന്‍ മിനിട്സ് ഡ്രൈവ്. ഞാനെന്തായാലും കൃത്യസമയത്ത് എത്തും
അ: നീ എത്ര ധൃതി കാട്ടിയാലും ഒരു കാര്യവുമില്ല
ആ: എന്താ….? നീ എന്താ പറഞ്ഞത്?
(ഒന്നുമില്ല എന്ന അർഥത്തിൽ “അ” തലയാട്ടി ചിരിക്കുന്നു )
ആ: നീ എന്തിനാ എപ്പോഴും എന്നെ കളിയാക്കി ചിരിക്കുന്നത്
(“അ” വീണ്ടും ചിരിക്കുന്നു)
ആ: ശല്യം
(“ആ” ദേഷ്യത്തോടെ ബാഗ് എടുത്ത് പുറത്തേക്ക് പോകാൻ തുടങ്ങുന്നു)
അ: ഞാൻ ഓർമ്മിപ്പിക്കുന്നു നിനക്ക് പോകാൻ കഴിയില്ല
ആ: ഞാൻ നിന്നെയും ഓർമ്മിപ്പിക്കുന്നു എനിക്ക് പോയേ പറ്റൂ.
(പുറത്തേക്ക് നടക്കുന്നതിനിടയിൽ പെട്ടെന്ന് എന്തോ മറന്ന പോലെ അസ്വസ്ഥമായിക്കൊണ്ട് )
ആ: ദൈവമേ അതെവിടെ പോയി (എല്ലായിടവും തിരയുന്നു)
നാശം
(“അ”യും ഒപ്പം ചേർന്ന് തിരയുന്നു)
ആ: (“അ” യെ ശ്രദ്ധിച്ചുകൊണ്ട്) നീ എന്താണ് തിരയുന്നത്?
അ: നീ തിരയുന്നത് എന്തോ അതാണ് ഞാനും തിരയുന്നത്.
(തിരച്ചിൽ തുടരുന്നു…. )
ആ: നിര്‍ത്ത്.
(നീണ്ട നിശബ്ദത)
ഞാൻ ഈ ബാഗിൽ വെച്ചതാണല്ലോ (പരതി നോക്കുന്നു). അലമാരയിലോ മറ്റോ?, അതോ വഴിയിൽ എവിടെയെങ്കിലും വീണു പോയിരിക്കുമോ! നീയാണ് എൻറെ ഓർമ്മയിൽ നിന്ന് എല്ലാ മായ്ച്ചു കളയുന്നത്.
അ: ഞാനോ? നീയാണ് എല്ലാം മായ്ച്ചു കളയുന്നത്.
ആ: നാശം, എനിക്ക് കൃത്യസമയത്ത് എത്തണം എത്തിയേ പറ്റൂ. (ഫോൺ എടുത്ത്) ഞാൻ എത്തും സാർ കൃത്യ സമയത്ത് തന്നെ എത്തും.
(വീണ്ടും തിരക്കിട്ട് തിരയുന്നു “അ” യും കൂടെ ചേർന്ന് തിരയുന്നു.)
ആ: നീ എനിക്ക് വേണ്ടി തിരയേണ്ട. പല തവണ ഞാന്‍ പറഞ്ഞതാണ് അനാവശ്യമായി എൻറെ കാര്യങ്ങളിൽ തലയിടണ്ടാന്ന്. നിനക്ക് നിൻറെ വഴി. എന്നെ അതിലേക്ക് വലിച്ചിഴക്കേണ്ട. എത്രയും വേഗം ഒന്നിച്ചുള്ള ഈ താമസവും ഞാൻ അവസാനിപ്പിക്കുന്നുണ്ട്.
അ: ഇത്രയും ചെറിയ കാര്യത്തിന് നീ ഇങ്ങനെ ഇമോഷണലാവല്ലേ
ആ: ചെറിയ കാര്യമോ? എനിക്കത് അത്ര ചെറിയ കാര്യമല്ല.
അ: ശരി ഇനി ഞാന്‍ എന്താണ് വേണ്ടത്?
ആ: നീ എന്നെ ഒന്ന് വെറുതെ വിടൂ…പ്ലീസ്
അ: നീ തിരയുന്നതല്ല ഞാന്‍ തിരയുന്നത്. പോരെ
ആ: ശരി പറഞ്ഞു കഴിഞ്ഞല്ലോ? ഇനി നിര്‍ത്തിക്കോ
അ: കഴിഞ്ഞില്ല. (തികച്ചും നിര്‍വികാരമായി) ഞാനിന്നലെ മുകളില്‍ നിന്നും താഴേക്കും അവിടെ നിന്ന് തിരിച്ചും ഒരുപാട് തവണ കയറിയിറങ്ങി. നീ സ്റ്റെയര്‍കേസ്സില്‍ നിന്നും വീണ് കാലൊടിയുമെന്ന് ഇന്നലെ ഞാന്‍ സ്വപ്നം കണ്ടിരുന്നു. എനിക്ക് സങ്കടം തോന്നി. നീ വേദനിക്കുന്നത് കണ്ടപ്പപ്പോള്‍ ഇരുമ്പില്‍ ഇരുമ്പ് ഉരയുന്ന ശബ്ദം കേട്ടപോലെ ഞാന്‍ പല്ല് കടിച്ചു പിടിച്ചു നിന്നു. എന്റെ പല്ല് പുളിച്ചുപോയിരുന്നു. നിന്റെ വേദന ….. ഹോ… എനിക്ക് സഹിക്കാന്‍ വയ്യ. നീ പടികള്‍ ഇറങ്ങുമ്പോള്‍ വഴുക്കാതെ നോക്കണം
ആ: പ്ലിസ് നിര്‍ത്ത്.
അ: നീ ശ്രദ്ധിക്കാനാണ് ഞാന്‍ പറയുന്നത്
ആ: നീയെന്നെ പഠിപ്പിക്കണ്ട… കൂടോത്രക്കാരിയുടെ വായിലെ നാക്കാണ് നിനക്ക്
“അ” അവ്യക്തമായി എന്തോ പറയുന്നു
“ആ” സംശയത്തോടെ നോക്കുന്നു
അ: (പതിയെ പറയുന്നു) എല്ലാവരും അപ്രത്യക്ഷമാവുന്ന രാത്രി, ഒരിക്കലും പെയ്യാനിടയില്ലാത്ത മഴ കാത്തിരുന്ന് മരിച്ച പക്ഷികള്‍ക്കിടയില്‍ ഞാനും നീയുമുണ്ടാവുമെന്ന് പറഞ്ഞത് നീയാണ്. എന്നിട്ട് നീ ചോദിച്ചു മരിക്കാന്‍ നിനക്ക് പേടിയുണ്ടോന്ന്.
ആ: മരണത്തെക്കുറിച്ച് മിണ്ടാതിരിക്ക്.
അ: മരിക്കാന്‍ പേടിയുണ്ടോ എന്ന് ചോദിച്ചത് നീയാണ്
ആ: എനിക്ക് കേള്‍ക്കണ്ട
അ: നിനക്ക് പേടിയാണ്… മരണത്തോടുള്ള ഭയം. മരണഭയമാണ് മനുഷ്യന് ജീവിതത്തോടുള്ള ആര്‍ത്തി തരുന്നത്.
ആ: നിര്‍ത്ത്
അ: നീ മരണത്തെ ഭയക്കുന്നത് കാണുമ്പോള്‍ എനിക്ക് നിന്നെ കൊല്ലാന്‍ തോന്നുന്നു
ആ: എന്ത്?
അ: എനിക്ക്…. നിന്നെ….കൊല്ലാന്‍ …..തോന്നുന്നു
എനിക്ക്….. നിന്നെ ….കൊല്ലാന്‍ ……..
എനിക്ക്….. നിന്നെ…….
എനിക്ക് ….
എനിക്ക്…..
എനിക്ക്……
നിന്നെ…
നിന്നെ…
നിന്നെ….
(അവര്‍ക്ക് ചുറ്റും കസേരകള്‍ നിറയുന്നു, അതിവേഗത്തില്‍ ചുറ്റികൊണ്ടിരിക്കുന്ന കസേരകള്‍ തീ പിടിച്ച് ആളിക്കത്തുന്നു. ദുരെ നിന്ന് കേള്‍ക്കുന്ന ഒരു സ്ത്രീയുടെ അലര്‍ച്ച.)
അരങ്ങിനെ മൂടുന്ന തീവെട്ടി വെളിച്ചം. സ്വപ്നത്തിന്റെ നിറമുള്ള പുക.
അതിനിടയിലേക്ക് വരുന്ന ഒരു കട്ടില്‍. കട്ടിലില്‍ ഒരു യുവതി. അവര്‍ കണ്ണ് പൂട്ടി ധ്യാനത്തില്‍ എന്ന പോലെ കട്ടിലില്‍ ചാരിയിരിക്കുന്നു. വെളിച്ചത്തിന്റെ അതിര്‍ത്തി മാഞ്ഞുപോവുന്നു. പതിയെ രംഗം ശാന്തമാവുന്നു. അവരുടെ ഇടത് കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിട്ടുണ്ട്. കട്ടിലിന് അരികില്‍ ചാരി വച്ച താങ്ങുവടി കാണാം.
യുവതി: “അന്റിബയോട്ടിക്ക്സ്…..കടുത്ത സ്വപ്നങ്ങളുടെ തന്തയും തള്ളയുമാണവര്‍.
(ഉറക്കച്ചടവുള്ള മുഖം അവര്‍ തുണി നനച്ച് തുടക്കുന്നു)
മൂന്ന് ദിവസം മുമ്പാണ് ഈ അപകടം പറ്റിയത്, വര്‍ഷങ്ങളായി, തുടര്‍ച്ചയായി എന്റെ ജീവിതത്തില്‍ വന്നു പെട്ടിരുന്ന മറ്റ് അപകടങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുഞ്ഞാണ്, ശിശു. കാലിന് ഒരു പൊട്ടല്‍ അത്രമാത്രം. മനസ്സിന് ഒരു പൊട്ടലുമില്ല
(ക്ലോക്കിലെ സുചി പോലെ തല അനക്കിക്കൊണ്ട് അവര്‍ അപകടം വിവരിക്കുന്നു)
ടിക്ക്…ടിക്ക്…ടിക്ക്….ടിക്ക്
അന്ന്
ചിരപരിചിതമായ അതേ വൈകുന്നേരം.
5.25 pm
നഗരത്തിന്റെ തിരക്കില്‍ രണ്ട് കൈയ്യിലും തൂക്കിപ്പിടിച്ച
പച്ചക്കറി സഞ്ചിയുമായി ഒരു യുവതി, തലയില്‍ വച്ചിരിക്കുന്ന ഹെല്‍മറ്റ് റോഡിനു മറുവശം പാര്‍ക്ക് ചെയ്തിരിക്കുന്ന അവളുടെ സ്ക്കൂട്ടിയെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
ഇരുവശത്തും നോക്കി അവള്‍ റോഡ് മുറിച്ച് കടക്കുമ്പോള്‍ പെട്ടന്നൊരു കാറ്. അതിന്റെ നിറം ഫ്ലുറസെന്റ് പച്ചയായിരുന്നോ? നിലത്തമ്പിയ കാളയെപ്പോലെ ആ കാറ് അമറിയിരുന്നോ? അതോ ഒരു മുയലിനെപ്പോലെ വെളുപ്പോ, നീലയോ നിറമുള്ള ഒരു മിഡില്‍ ക്ലാസ് കാറായിരുന്നോ? അതുമല്ലെങ്കില്‍ ചുവപ്പ് വോട്സ് വാഗണ്‍ പോളോ ആയിരിക്കും.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവരെ ഇടിച്ചത് കാറായിരുന്നില്ല.
ഒരു ടൂവീലര്‍.
അതോടിച്ചത് ഒരു കൌമാരക്കാരന്‍ ചെക്കനോ, മീശക്കാരന്‍ തന്തയോ ആയിരുന്നില്ല. രണ്ട് സഞ്ചിയിലും പച്ചക്കറിവാങ്ങി സ്കൂട്ടിയില്‍ തൂക്കിയിട്ട് പോവുന്ന മറ്റൊരു സ്ത്രീയായിരുന്നു. ഏതായാലും കൈമുട്ടില്‍ ചെറിയ മുറിവും, ഇടം കാലില്‍ ചെറിയൊരു പൊട്ടലും ബാക്കിയാക്കി പൊടിപടലം അവസാനിച്ചു.
വല്ല ടിപ്പറോ, കെ എസ്സ് ആര്‍ ടിസി യോ ആയിരുന്നെങ്കില്‍ ഈ പടം പൂര്‍ണ്ണമായും അങ്ങ് തീര്‍ന്നേനേ
(പതിയെ അവളുടെ കാതിലേക്ക് വരുന്ന വാഹനങ്ങളുടെ അലര്‍ച്ച, അവള്‍ കണ്ണടച്ച് പുഞ്ചിരിക്കുന്നു) പതിയെ എല്ലാം നിശബ്ദ്മാവുന്നു
പെട്ടന്ന് കോളിംഗ് ബെല്‍ അടിക്കുന്നു. അവള്‍ ഞെട്ടി ഉണരുന്നു.
നിശബ്ദത
വീണ്ടും ഒരിക്കല്‍ കൂടെ കോളിംഗ് ബെല്‍ അടിക്കുന്നു പുറത്തുനിന്നും ഒരു സ്ത്രീ ശബ്ദം ഹലോ…
പതിയെ അവള്‍ ഒറ്റക്കാലില്‍ എഴുന്നേറ്റ് വീല്‍ ചെയറില്‍ ഇരുന്ന് വാതിലിനു നേരെ പോവുന്നു. വാതില്‍ തുറക്കുമ്പോള്‍ ഒരു സ്ത്രീ അവരുടെ ഒരു കൈയ്യില്‍ ഹെല്‍മറ്റും മറുകയ്യില്‍ പഴങ്ങള്‍ നിറച്ച സഞ്ചിയും കാണാം.
മിത്ര:വരൂ
ലേഖ : ആ ഞാൻ വിളിച്ചിരുന്നു
മിത്ര: സോറി ഫോൺ സൈലന്റ് ആണ്
ലേഖ:(വീൽചെയറിൽ കൈവെച്ചു കൊണ്ട്) ഞാൻ സഹായിക്കണോ?
മിത്ര :ഏയ് വേണ്ട
(ഇരുവരും ഇരിക്കുന്നു, ഒന്നും പറയാനില്ലാതെ പരസ്പരം ചെറിയ
ചിരി മാത്രം)
ലേഖ : സോറി….
മിത്ര: ഓ…സാരമില്ല
ലേഖ : ഞാൻ വല്ലാതെ ഷോക്കായി പോയി, എന്താ പറയേണ്ടത്എന്നെനിക്കറിയില്ല….. നിങ്ങളെ ഫെയ്സ് ചെയ്യാൻ തന്നെ വല്ലാത്തൊരു ചമ്മൽ.
മിത്ര: അങ്ങിനെ ഒന്നും കരുതേണ്ടതില്ല, അത് പോട്ടെ, എങ്ങനെ കണ്ടുപിടിച്ചു
എന്റെ ഈ താവളം
ലേഖ : ഞാൻ ഹോസ്പിറ്റലിൽ പോയിരുന്നു ഞാൻ പഠിപ്പിച്ച ഒരു കുട്ടിയുടെ അമ്മ അവിടെ നഴ്സ് ആണ്, അവരാണ്
ഈ അഡ്രസ് എടുത്തു തന്നത്. ഇതാ ഇത് കുറച്ച് ഫ്രൂട്ട്സ് ആണ്
മിത്ര :ഫ്രൂട്ട്സ് മാത്രമേയുള്ളൂ!
ലേഖ : എന്താ വേണ്ടെന്ന് പറയൂ ഞാൻ വാങ്ങിക്കൊണ്ട് വരാം.
മിത്ര: ഞാൻ ചുമ്മാ പറഞ്ഞതാണ് ഇതു തന്നെ അനാവശ്യമാണ്
ലേഖ : ശരിക്കും സോറി കേട്ടോ
മിത്ര : എത്രാമത്തെ തവണയാണിത്,
സോറിയൊന്നും വെറുതേ ചിലവാക്കാനുള്ളതല്ല
ലേഖ : പെട്ടെന്ന് എനിക്ക് ബ്രേക്ക് പോലും പിടിക്കാൻ കഴിഞ്ഞില്ല. എന്താണ് സംഭവിച്ചത് എന്ന് പോലും ശരിക്ക് ഓർമ്മയില്ല. ആളുകൾ ഓടിക്കൂടുന്നതും റോഡിൽ ഉരുളുന്ന തക്കാളികളും മാത്രമാണ് എന്റെ ഓർമ്മയിൽ ഉള്ളത്. ഒരൊച്ച പോലുമില്ല.
ഞാൻ ആദ്യം കരുതിയത് എനിക്ക് തന്നെ എന്തോ പറ്റി എന്നാണ്.
മിത്ര : അത് വിടൂ…. നിങ്ങളുടെ സ്കൂട്ടറിനു പകരം വല്ല ബസ്സോ മറ്റോ ആവാതിരുന്നത് ഭാഗ്യം എന്നാണ് ഞാൻ കരുതുന്നത്. കാരണം അത്രയും ബോധമില്ലാതെ ആണ് അന്ന് ഞാൻ റോഡ് മുറിച്ചു കടന്നത്, അതുകൊണ്ട് ഞാനും സോറി പറയുന്നു. നന്നായൊന്ന് പേടിപ്പിച്ചതിന്, ഈ വൈകുന്നേരം എന്നെ തിരഞ്ഞ് ഇവിടെ വരേണ്ടി വന്നതിന്. സോറി.
ലേഖ: അതൊന്നും സാരമില്ല ഒരു അപകടത്തിലൂടെ ആണെങ്കിലും പുതിയൊരാളെ പരിചയപ്പെടാൻ ആയല്ലോ
മിത്ര : ഏതായാലും ഞാൻ കുറച്ച് ചായ എടുക്കാം
ലേഖ: അയ്യോ ചായ വേണ്ട, അല്ലെങ്കിലും ഈ വയ്യാത്ത കാലും വെച്ച്…അല്ലാ ഇവിടെ വേറെ ആരുമില്ലേ?
ഫാമിലി?
മിത്ര: ആരുമില്ല ഒറ്റക്കാണ്. നേരത്തെ എന്റെ കൂട്ടുകാരി ഉണ്ടായിരുന്നു ഞങ്ങൾ ഒന്നിച്ചാണ് ഈ ഫ്ലാറ്റ് എടുത്തത് അവൾ കല്യാണം കഴിഞ്ഞ് പോയി. ഇപ്പോൾ ഒറ്റയ്ക്ക്.
ലേഖ: ഒറ്റയ്ക്ക് ഈ വയ്യാത്ത കാലും വെച്ച് എന്താ ചെയ്യാ
ലേഖ: അതൊന്നും പറഞ്ഞാൽ ശരിയാവില്ല ഞാനൊരു കാര്യം ചെയ്യട്ടെ നിങ്ങളെ എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകട്ടെ
മിത്ര : നോ നോ ഞാനിവിടെ ഓ കെ യാണ്. ഭക്ഷണം വെക്കാനും വൃത്തിയാക്കാനും ഒരു ചേച്ചി വരാറുണ്ട്
(ലേഖ ഫ്ലാറ്റ് മുഴുവൻ നോക്കുന്നു)
ലേഖ: ഏതു ചേച്ചിയാണ് ഇവിടെ ഇത്രയും അലങ്കോലമാക്കിയിട്ടിരിക്കുന്നത്? ബുദ്ധിമുട്ടില്ലെങ്കിൽ ഞാൻ ഇതൊന്നു വൃത്തിയാക്കി തരാം.
മിത്ര : അതൊന്നും വേണ്ട രണ്ടു ദിവസം കഴിഞ്ഞാൽ ചേച്ചി വരും (ലേഖ നിലത്തു കിടക്കുന്ന പുസ്തകവും മറ്റും അടുക്കി വൃത്തിയാക്കിതുടങ്ങുന്നു.
മിത്ര ചക്ര കസേരയിൽ നിന്നും എഴുന്നേറ്റു ലേഖയെ തടയാൻ ശ്രമിച്ചു പരാജയപ്പെടുന്നു
മിത്ര : ഇതൊക്കെ കുറച്ചു കൂടുതലല്ലേ? അടുത്ത തവണ ഞാൻ നിങ്ങളെ വണ്ടി ഇടിപ്പിച്ചാല്‍, നിങ്ങൾ വീട്ടിൽ ഇരിക്കുമ്പോൾ ഞാൻ വരും, ഒരു കൂട പഴം തരും. ഹോസ്പിറ്റൽ ബില്ല് അടയ്ക്കും. വേണമെങ്കിൽ ഒരു സോറിയും പറഞ്ഞു
ഞാൻ അങ്ങ് മുങ്ങും. പിന്നെ നമ്മൾ തമ്മിൽ അപകടകരമായ ഒരു ബന്ധവും ഉണ്ടാകില്ല
ലേഖ: അപകടകരമായ ബന്ധം! അത് കൊള്ളാലോ.
മിത്ര: അപകടകരമായ ബന്ധം….
ലേഖ: ശരിക്കും എന്താണ് ഈ അപകടകരമായ ബന്ധം? ഒരു അപകടത്തിലൂടെ ഉണ്ടാവുന്ന ബന്ധമാണോ? അതോ
അപകടത്തിലേക്ക് നയിക്കുന്ന ബന്ധമാണോ?
മിത്ര : ഇറ്റ് ഡിപ്പന്‍സ്, അപകടത്തിലൂടെ ഉണ്ടാവുന്ന ബന്ധം പ്രേമം പോലെയാണ്. അപ്രതീക്ഷിതമായി
സംഭവിച്ച ഒരു അപകടം പോലെ അടിമുടി തരിപ്പിച്ച് പ്രേമം ഉണ്ടാവുന്നു. എന്നാൽ അപകടത്തിലേക്ക് നയിക്കുന്ന
ബന്ധം വിവാഹം പോലെയും. വിവാഹം…. ഏതോ വലിയ അപകടത്തിലേക്ക് രണ്ടു പേരെ കൊണ്ട് ചെന്നിടുകയല്ലേ…
ലേഖ: ഹേയ് അതൊക്കെ ചുമ്മാ പറയുന്നതാ, ഞാനും പ്രേമിച്ചു കല്യാണം കഴിച്ചതാണ്
മിത്ര : ഞാനും
ലേഖ: അത് ശരി, ഹസ്ബന്റ് എന്തു ചെയ്യുന്നു.
മിത്ര: അറിയില്ല.
നിശബ്ദത
നീണ്ട നിശബ്ദത
ലേഖ പതിയെ എഴുന്നേറ്റ് ബാക്കിഭാഗം കൂടെ അടുക്കിയൊതുക്കി വൃത്തിയാക്കുന്നു. മിത്ര ചക്രക്കസേര നിരക്കി ഫ്രിഡ്ജ് തുറന്ന്
ജ്യൂസ് എടുത്തു കൊണ്ടു വരുന്നു. രണ്ടുപേരും ഇരുന്നു ജ്യൂസ് കുടിക്കുന്നു.
നിശബ്ദത
നീണ്ട നിശബ്ദത
മിത്ര : താങ്ക്സ്… ഇവിടെ വൃത്തിയാക്കിയതിനല്ല. ഇവിടേക്ക് വന്നതിന് എന്നോട് സംസാരിച്ചതിന്. നിങ്ങൾ വന്നില്ലായിരുന്നെങ്കിൽ
ഞാൻ ഡിപ്രഷനടിച്ചു ചത്തുപോയേനെ. ആന്റിബയോട്ടിക്സിന്റെ മണം… ഹോ എനിക്ക് ഭ്രാന്ത് പിടിക്കും.
ഡിപ്രഷനിലേക്ക് വഴുതി പോകും, എന്ന് തോന്നുമ്പോൾ ഞാൻ ഒറ്റയ്ക്ക് സംസാരിക്കാൻ തുടങ്ങും. ഞാൻ തന്നെ എനിക്ക് പ്രിസ്ക്രിബ് ചെയ്യ്ത മരുന്നാണത്. അങ്ങിനെയൊരു സമയത്താണ് നിങ്ങൾ വന്നത്. താങ്ക്സ്…..എന്നെ ഉണര്‍ത്തിയത്തിന്, ഞാനിപ്പോൾ ഓ ക്കെയാണ് വേദനയില്ല…. സന്തോഷം തോന്നുന്നു
ലേഖ പുഞ്ചിരിക്കുന്നു ജ്യൂസ് ഗ്ലാസ്സും മൊബൈലും എടുത്തു അല്പം മാറി നിന്ന് ഒരു വോയിസ് മെസ്സേജ് അയക്കുന്നു
ലേഖ: ഞാന്‍ അവരെ കണ്ടു. വേറെ കുഴപ്പമൊന്നുമില്ല പക്ഷേ അവർ ഇവിടെ ഒറ്റയ്ക്കാണ്, സഹായത്തിനും ആരുമില്ല
അതുകൊണ്ട് ഇന്ന് ഞാൻ കൂട്ടുനിന്നാലോ എന്നാലോചിക്കുകയാണ്. നാളെ രാവിലെ വരാം ഏതായാലും നാളെ ലീവ് ആണല്ലോ. രാത്രി ചപ്പാത്തി ഉണ്ടാക്കിക്കോ. ദോശ മാവ് ഫ്രിഡ്ജിൽ ഇരിപ്പുണ്ട് രാവിലെ ഉണ്ടാക്കി കഴിച്ചോളൂ. നാളെ കാണാം
മിത്ര: എനിക്ക് വേണ്ടി വെറുതേ ബുദ്ധിമുട്ടേണ്ട
ലേഖ: എന്റെ കൂട്ട് ബുദ്ധിമുട്ടാകുമോ?
മിത്ര: എനിക്ക് സന്തോഷമേയുള്ളൂ, പക്ഷേ നിങ്ങള്‍ക്ക് ബുദ്ധിമുട്ടാവില്ലേ?
ലേഖ: മാറി ഉടുക്കാന്‍ ഒന്നും എടുത്തിട്ടില്ലാ എന്ന ബുദ്ധിമുട്ടേയുള്ളൂ
മിത്ര: ഒരലമാര നിറച്ചുമുണ്ട്, ഇഷ്ടമുള്ളത് എടുക്കാം, പാകമാകുമോ എന്ന് എനിക്കറിയില്ല.
ലേഖ : പാകമാവും….എനിക്കൊന്ന് കുളിച്ചാല്‍ കൊള്ളാം, എവിടെയാണ് ബാത്ത്റും
മിത്ര: നേരെ ആ മുറിയിലേക്ക് കയറിക്കോളൂ, അലമാരയില്‍ നിന്ന് ഡ്രസ്സും എടുക്കാം
(ലേഖ അകത്തേക്ക്പോവുന്നു)
മിത്ര: (ഡയറി തുറന്ന് എഴുതുന്നു) an accidental guest പൊടുന്നനെ ഒരു അതിഥി ..അപ്രതീക്ഷിതമായ കടന്നുകയറ്റം….അഗാധമായ ഏതോരു തോന്നലാണ് എന്നെക്കൊണ്ട് ഇത് എഴുതിപ്പിക്കുന്നത്.
ഒരു അസ്വാഭാവികതയും ഇല്ലാതെ…എന്നാല്‍ അത്രമേല്‍ അസ്വഭാവികമായി അവള്‍ എന്നിലേക്ക് വരുന്നു. സ്വപ്നത്തില്‍ കണ്ട നഗ്നരായ പെണ്‍കുട്ടികളെ കുളിപ്പിക്കുന്ന അമ്മയെപ്പോലെ…ഓര്‍മ്മകളുടെ ഭാരമില്ലാത്തവളാണവള്‍.
ഞാനോ?……
(പതിയെ പരക്കുന്ന വെള്ളത്തിന്റെ ഒച്ച)
എനിക്കും കുളിക്കാന്‍ തോന്നുന്നു… കാല് നനയാതെ വെള്ളത്തിന്റെ ഒരു ഉടുപ്പെടുത്തണിയണം…. ഉടല്‍ നനഞ്ഞുകുതിരണം
(ഇപ്പോള്‍ വെള്ളത്തിന്റെ ഒച്ച കുറച്ചുകൂടി വ്യക്തമായി കേള്‍ക്കാം, നിഴല്‍ പോലെ തെളിയുന്ന ബാത്ത്റൂം)
അരങ്ങില്‍ പലയിടങ്ങളിലായി ഒഴുകുന്ന കസേരകളുടെ നിഴല്‍. ലേഖ പുത്തിറങ്ങി മിത്രയുടെ കസേര നിരക്കി അവളെയും കൊണ്ട് കുളിമുറിയിലേക്ക് കയറുന്നു….
ഷവറില്‍ നിന്നും വീഴുന്ന വെള്ളത്തിന്റെ നിഴല്‍. കസേരയില്‍ ഇരിക്കുന്ന മിത്ര.
പിന്നിലായി ലേഖ, പതിയെ മിത്രയെ വെള്ളത്തിന്റെ നിഴലിലേക്ക് നീക്കി നിര്‍ത്തുന്നു. നിഴല്‍ വീണ് നനയുന്ന മിത്ര. വെള്ളത്തിന്റെ ആവര്‍ത്തനം….
ബാത്ത്റൂമും, അതിനകത്തെ നിഴല്‍ രൂപങ്ങളും പതിയെ മാഞ്ഞ് ഇരുട്ട് പരക്കുന്നു. അപ്പോഴും കേള്‍ക്കാം വെള്ളത്തുള്ളികളുടെ ഒച്ച.
ബ്ലാക്ക് ഔട്ട്
രാത്രി, ബാല്‍ക്കണിയില്‍ ഇരിക്കുന്ന മിത്ര. അരികിലായി ചെറിയ ചില അലങ്കാരവിളക്കുകള്‍ കത്തുന്നുണ്ട്, ദൂരെ പാലം കടന്നുപോവുന്ന വാഹനങ്ങളുടെ വെളിച്ചം കാണാം. ലേഖ മിത്രക്ക് അരികില്‍ വന്ന് നില്‍ക്കുന്നു. ഒരു കണ്ണാടിയിലേക്കെന്നപോലെ മിത്ര ലേഖയെ നോക്കുന്നു
ലേഖ: മ്…
മിത്ര: ഒന്നുമില്ല, പെട്ടന്ന് ഞാന്‍ തന്നെ ഇറങ്ങി വന്നതാണെന്ന് തോന്നി
ലേഖ: (ഒരു നിമിഷം ഒന്നും മിണ്ടുന്നില്ല) അത് അങ്ങിനെ തന്നെ അവിടെ കിടക്കട്ടെ, ഒരു കളി പോലെ
മിത്ര: ഒരു കളി പോലെ! ശരിയാണ് ഒരു കളി പോലെ…..എല്ലാം ഒരു കളിയാണ്, ഞാന്‍ റോഡ് മുറിച്ചു കടന്നതും
ലേഖ: എന്‍റെ വണ്ടി തട്ടിയതും,കാലൊടിഞ്ഞതും
മിത്ര : ഞാനിവിടെ ഒറ്റയ്ക്കായതും
ലേഖ: ഈ രാത്രി ഞാന്‍ ഇവിടെ എത്തിയതും,
മിത്ര: നമ്മള്‍ പരിചിതരായതും, ഈ ബാല്‍ക്കണിയില്‍ കൈകോര്‍ത്തു ഇരിക്കുന്നതും
ലേഖ: അതിന് നമ്മള്‍ ….
(ലേഖ പറയാന്‍ വന്നത് മുറിച്ചുകൊണ്ട് മിത്ര ലേഖയുടെ കൈ വിരലുകളെ ചേര്‍ത്ത് പിടിക്കുന്നു)
മിത്ര: എല്ലാം കളിയാണ്… നമ്മള്‍ പരിചിതരായതും, ഈ ബാല്‍ക്കണിയില്‍ കൈകോര്‍ത്തു ഇരിക്കുന്നതും
ലേഖ: ഞാന്‍ ഈ തോളിലേക്ക് തല ചായ്ക്കുന്നതും
മിത്ര: ശ്വാസം വന്നെന്റെ കഴുത്തില്‍ തട്ടുന്നതും
ലേഖ: ഞാന്‍ ഈ കൈപ്പത്തിയില്‍ ചുംബിക്കുന്നതും
(പതിയെ ചുംബിക്കുന്നു)
മിത്ര: ഞാന്‍ ഈ വിരലുകളില്‍ ചുംബിക്കുന്നതും
(മിത്ര ലേഖയുടെ ഓരോ വിരലുകളെയും സ്നേഹപൂര്‍വ്വം ചുംബിക്കുന്നു)
ലേഖ: മിത്രാ….. ഞാന്‍ വിറയ്ക്കുന്നുണ്ടോ
മിത്ര: അടിമുടി വിറപ്പിച്ചുകൊണ്ടല്ലേ പ്രേമം ഉണ്ടാവുന്നത്.
ലേഖ: ഒരപകടം പോലെ!
മിത്ര: ഇത് അപകടമാണോ?
ലേഖ: അറിയില്ല….
നിശബ്ദത
(മിത്ര ലേഖയെ ചുംബിക്കാന്‍ ശ്രമിക്കുന്നു)
ലേഖ: വേണ്ട മിത്രാ… ഇതൊരു അപകടം പിടിച്ച കളിയാണ്
(മിത്ര വിണ്ടും ശ്രമിക്കുന്നു)
ലേഖ: മിത്രാ ഞാനൊരു ടീച്ചറാണ്…
മിത്ര: അതിന്?…ടീച്ചര്‍മാര്‍ക്ക് ഉമ്മവെയ്ക്കാന്‍ പാടില്ലേ?
ലേഖ: (പുഞ്ചിരിച്ചുകൊണ്ട്) പാടില്ലാന്നാ തോന്നുന്നത്
(രണ്ട് പേരും ചിരിക്കുന്നു)
മിത്ര: നീയെന്നെ കുളിപ്പിച്ചപ്പോള്‍ എനിക്ക് നിന്നെ ഉമ്മ വെയ്ക്കാന്‍ തോന്നി.
ലേഖ: നിനക്കെന്നെ ?
മിത്ര: എനിക്ക്…..
എനിക്ക്…
എനിക്ക്….. നിന്നെ
നിന്നെ…
നിന്നെ….
ഉമ്മ വെയ്ക്കാന്‍ തോന്നി
ലേഖ: എന്നിട്ട്?
മിത്ര: എന്നിട്ട് നമ്മള്‍… ചുണ്ട് ചേര്‍ത്ത്…. ശ്വാസം ചേര്‍ത്ത് കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കാന്‍ തുടങ്ങി….
(അല്പനേരം പരസ്പരം നോക്കി നിന്ന് അവര്‍ അഗാധമായി ചുംബിക്കുന്നു)
അരങ്ങിലേക്ക് വരുന്ന മറ്റൊരു പെണ്‍കുട്ടി:
(പ്രേക്ഷകരോടായി )
ഈ നാടകം ഇവിടെ അവസാനിച്ചിരിക്കുന്നു.
നിങ്ങള്‍ക്ക് പോവാം.
(അവള്‍ പ്രേക്ഷകരെ നോക്കി നില്‍ക്കുന്നു)
അവര്‍ കാര്യകാരണങ്ങള്‍ ബോധിപ്പിക്കാതെ ചുംബനം തുടരട്ടെ…. നിങ്ങള്‍ക്ക് പോവാം
അരങ്ങിലും വേദിയിലും ഇരുട്ട് പരക്കുന്നു ….
ഇരുട്ടില്‍ പടരുന്ന സംഗീതം
നേര്‍ത്ത വെളിച്ചത്തില്‍ കാണാം സ്വപ്നത്തിന്‍ നിന്നും ഇറങ്ങി വന്നതു പോലെ ഒരു പെണ്‍പാവ. പതിഞ്ഞ താളത്തില്‍ പ്രേക്ഷരുടെ മുന്നിലേക്ക് വരുന്ന പാവ. പ്രേക്ഷകരുടെ തൊട്ടു മുമ്പില്‍ നിന്ന് പാവയുടെ വസ്ത്രങ്ങള്‍ ഉരിഞ്ഞു പോവുകയും, ഉടലിനുള്ളില്‍ നിന്നും ചുവപ്പ് വെളിച്ചം പരക്കുകയും ചെയ്യുന്നു. പതിയെ ഉടല്‍ പലതായി വേര്‍പെട്ട് ചുവന്ന വെളിച്ചത്തിന്റെ പല കഷ്ണങ്ങളായി അവ അരങ്ങില്‍ നിറഞ്ഞ് അദൃശ്യമാകുന്നു.
ബ്ലാക്ക് ഔട്ട്
വെളിച്ചം വരുമ്പോള്‍ മിത്ര മാത്രം. ഇപ്പോള്‍ അവളുടെ കാലില്‍ കെട്ടില്ല. പിന്നില്‍ ഒഴിഞ്ഞു കിടക്കുന്ന ചക്രക്കസേര
മിത്ര: കണ്ണ് കെട്ടിക്കൊണ്ട് ഞങ്ങള്‍ ചുംബിച്ചു, വിവസ്ത്രരായി, ആദ്യമായി മനുഷ്യസ്പര്‍ശം ഏറ്റപോലെ പരസ്പരം തൊട്ടു. കാഴ്ചയില്ലാതായി….സ്പര്‍ശം മാത്രം. . പ്രണയത്തിന്റെ ഒടുവിലെ അറ്റമായിരുന്നു എനിക്കവള്‍. അവള്‍ ജീവിത്തിലേക്ക് കടന്നു വന്ന വഴികളും ഇറങ്ങിപോയ വഴികളും പലയാവര്‍ത്തി ഞാന്‍ കയറിയിറങ്ങി. അവളുടെ വന്യമായ ശാന്തതയില്‍ ഞങ്ങള്‍ നഗ്നരായി.
അവള്‍…. എവിടെനിന്നോ വന്ന് എവിടേക്കോ പോയി
ഓര്‍മ്മകളും… പ്രണയവും….രതിയുമെല്ലാം…. അവളുടെ ശൂന്യതയെ കെട്ടിപിടിച്ച് ഉടല്‍ മുഴുവന്‍ പടര്‍ന്ന് കിടക്കുകയാണ്
കുറച്ചു ദിവസം മുമ്പ് അവള്‍ വന്നിരുന്നു. അവനെ എനിക്ക് പരിചയപ്പെടുത്തി, ഒരു പക്ഷെ പഴയപോലെ ഞങ്ങളിനി ഇടക്കിടെ കാണാന്‍ ഇടയില്ല. ഞാന്‍ ഡല്‍ഹിയിലേക്ക് ഷിഫ്റ്റ് ചെയ്യുന്നതിനെ പറ്റി ആലോചിച്ച് തുടങ്ങിയിരുന്നു. അവളുടെ പുസ്തകങ്ങളും കമ്മലുകളുടെ കൂടും ചില വസ്ത്രങ്ങളും അവള്‍ തിരികെ എടുക്കാതെ പോയി. ഞാന്‍ ഓര്‍മ്മിച്ചപ്പോള്‍ എന്റെ നെറ്റിയില്‍ നെട്ടിമുട്ടിച്ച് കണ്ണടച്ച് നിന്നു. ശ്വാസം എന്നെ തൊട്ടു. പെട്ടന്ന് തിരിഞ്ഞ് അവള്‍ ലിഫ്റ്റിന് നേരെ നടന്നു അവനും.
ഇനി ഒരിക്കലും പരസ്പരം കാണില്ലെന്ന് തോന്നി. ഒരു ഫോണ്‍ കോള്‍ പോലും ഞാന്‍ പ്രതിക്ഷിക്കുന്നില്ല
ഞാന്‍ വഴിവിട്ട് പ്രണയിക്കുന്നു എന്ന് പലരും കുറ്റപെടുത്തുന്നത് പോലെ പ്രശംസിച്ചു. ചിലര്‍ കളിയാക്കി എനിക്ക് അങ്ങിനയേ പറ്റു, കാരണം എന്റെ പ്രണയത്തിന്റെ നിയമം പ്രണയം മാത്രമായിരുന്നു.
(വെളിച്ചം പതിയെ മറഞ്ഞ് തെളിയുമ്പോള്‍ അരങ്ങില്‍ ലേഖ മാത്രം)
ലേഖ: എനിക്ക് പേടിയാണ്…. ചിലപ്പോള്‍ എന്നെത്തന്നെ. സ്ക്കൂളിൽ ക്ലാസ്സ് എടുക്കുമ്പോള്‍ പോലും ഞാന്‍ എന്നെ മറക്കുന്നു. ഒന്നിന് പകരം ഒരു പാട് കുപ്പയമിട്ട ഒരാളെ പോലെയാണ് ഞാനിപ്പോള്‍, ഒന്നനങ്ങാന്‍ പോലും കഴിയാതെ നിന്ന് വിയര്‍ക്കുന്നു. മിത്രാ… എനിക്ക് നിന്നെ കാണണം, ഇപ്പൊ ഈ നിമിഷം തന്നെ. എനിക്കിവിടെ ഒറ്റക്കിരുന്നു കരയാന്‍ പോലും ഒരു സ്ഥലമില്ല. ചുറ്റും ആളുകളാണ്. അവര്‍ക്ക് വേണ്ടി ഞാന്‍ ചിരിക്കണം, എന്നെ തന്നെ മറച്ചു വയ്ക്കണം.
ദൈവമേ… ഈ ഒറ്റയ്ക്കുള്ള സംസാരം നിര്‍ത്താനേ ആവുന്നില്ലല്ലോ! എനിക്കറിയാം ഇതവളുടെ ഉമിനീരില്‍ നിന്നും പകര്‍ന്ന് കിട്ടിയതാണ്
മിത്രാ… എനിക്ക് നിന്നെ കാണണം
ബ്ലാക്ക് ഔട്ട്
വെളിച്ചം വരുമ്പോള്‍ അരങ്ങ് നിറയെ കസേരകള്‍. ഒന്നില്‍ മിത്രയിരിക്കുന്നുണ്ട്, വെളിച്ചത്തിന്റെ അതിര്‍ത്തി ചുവന്നിരിക്കുന്നു.
മിത്ര: ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു, രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആ ബാല്‍ക്കണിയില്‍ വച്ചാണ് ഞങ്ങള്‍ പ്രണയത്തിലാവുന്നത്
(വെളിച്ചത്തിന്റെ മറ്റൊരു അതിര്‍ത്തി തെളിയുന്നു അതില്‍ ലേഖ)
ലേഖ: നമ്മള്‍ എന്നാണ് അവസാനമായി കണ്ടതെന്ന് നിനക്ക ഓര്‍മ്മയുണ്ടോ?
മിത്ര: നീ അമ്മയാവാന്‍ പോവുന്നു എന്നറിഞ്ഞ ദിവസം
ലേഖ: എനിക്ക് അമ്മയാവണമായിരുന്നു….
മിത്ര: അന്ന് നമ്മള്‍ ചുരം കയറി, ആ രാത്രി മുഴുവന്‍ കെട്ടിപ്പിടിച്ചിരുന്നു
ലേഖ: നമ്മളന്ന് ഒരുപാടു കരഞ്ഞു
മിത്ര: പിറ്റേന്ന് ഞാന്‍ നിന്നെ ബസ്സ് കയറ്റി വിട്ടു, അവന്റെ അടുത്തേക്ക്
ലേഖ: ആ പുലര്‍ച്ചെ നീ ഒറ്റക്ക് ചുരമിറങ്ങി
മിത്ര: അതെ…ഞാന്‍ ഒറ്റക്ക്
ലേഖ : ഞാനും ഒറ്റക്ക്
മിത്ര: നിനക്ക് എപ്പോഴെങ്കിലും എന്നെ കാണണമെന്ന് തോന്നിയില്ലേ?
ലേഖ: ഞാന്‍ പഴയത് പോലെയല്ല
മിത്ര: എനിക്ക് മനസ്സിലാകും
ലേഖ: നിനക്കേ മനസ്സിലാകൂ
നിശബ്ദത
ലേഖ: ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോള്‍, കുളിക്കുമ്പോള്‍, കുഞ്ഞിനു പാല് കൊടുക്കുമ്പോഴുമെല്ലാം നിന്നെ ഓര്‍ക്കും.
മിത്ര : നീ മുല കൊടുക്കുന്നത് ഞാന്‍ കണ്ണാടിക്ക് മുമ്പില്‍ അഭിനയിച്ച് നോക്കാറുണ്ട്.
(അവള്‍ അഭിനയിച്ച് കാണിക്കുന്നു, രണ്ട് പേരും പുഞ്ചിരിക്കുന്നു) നീ പ്രസവിക്കുന്നത് ഞാന്‍ സ്വപ്നം കണ്ടിട്ടുണ്ട്,പലപ്പോഴും
ലേഖ: പലപ്പോഴും നീയെന്നെ ഉമ്മ വയ്ക്കുന്നത് ഓര്‍മ്മ വരും. ചിലപ്പോഴൊക്കെ നിന്റെ മണം.
(ലേഖ സ്വന്തം വിരലുകള്‍ മണക്കുന്നു)
ലേഖ: ഞാന്‍ ഇനി തിരിച്ചു പോവുന്നില്ല.
മിത്ര: വേണ്ട നീ തിരിച്ച് പൊയ്ക്കോ, ഇനിയും നല്ല ഓര്‍മ്മകള്‍ എനിക്ക് വേണ്ട. അതെന്നെ കൂടുതല്‍ വേദനിപ്പിക്കും.
ലേഖ: ഇല്ല ഞാന്‍ ഉറപ്പിച്ചിട്ടാണ് ഇറങ്ങിയത്
മിത്ര : നിനക്ക് മാത്രമല്ല നിന്റെ കുഞ്ഞിന് അവന്റെ അച്ഛനെ വേണ്ടി വരില്ലേ.
ലേഖ: നീയവനോട് പറഞ്ഞാല്‍ മതി അവന് രണ്ട് അമ്മമാരുണ്ടെന്ന്. മറ്റാര്‍ക്കും പകരം അത് മതിയവന്.
മിത്ര: ഞാനുണ്ടാവും എന്നും. പക്ഷേ …. അവന്റെ അച്ഛൻ? അയാള്‍ ഇനിയും പ്രശ്നമുണ്ടാക്കിയാലോ?
ലേഖ: അവനിപ്പോള്‍ നമ്മുടെ പ്രണയത്തിന്റെ തീവ്രത അറിയുന്നുണ്ടെന്ന്! ഒരിക്കല്‍ നിന്നെയും കൂട്ടി വരാന്‍ പറഞ്ഞിരുന്നു. കൂടെ കിടക്കാന്‍ ഒരാള് കൂടി ആയല്ലോ എന്ന്.
മിത്ര: കൂടെക്കിടക്കാന്‍ ….. അവനെപ്പോലെ പലരും എന്നെ വിളിക്കാറുണ്ട്. പെണ്ണിനെ പ്രേമിക്കുന്ന പെണ്ണല്ലേ ഞാന്‍. കടിമൂത്തവളല്ലേ? ലൈഗിക സ്വാതന്ത്ര്യം നേടിയവളല്ലേ? അപ്പോള്‍ ഏത് പട്ടിക്കും വിളിക്കാം കൂടെക്കിടക്കാന്‍. വേറെ ചിലരുണ്ട് പകല്‍ മുഴുവന്‍ അവര്‍ നമ്മുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് മുദ്രാവാക്യം വിളിക്കും, രാത്രിയില്‍ ആ സ്വാതന്ത്ര്യത്തിന്റെ പങ്ക് നക്കാന്‍ വരും. മൂന്ന് പെഗ്ഗിന്റെയും അരച്ചാണ്‍ ഫിലോസഫിയുടെയും ബലത്തില്‍ അവരും വിളിക്കും….. കൂടെക്കിടക്കാന്‍. ഈ ആണുങ്ങളെല്ലാം …..
(സംസാരത്തെ മുറിച്ചു കൊണ്ട് ഒരു പുരുഷന്‍ രംഗത്തേക്ക് വരുന്നു)
അയാള്‍ : പ്ലീസ് ഒന്ന് നിര്‍ത്ത്.
(മിത്രയും ലേഖയും പരസ്പരം നോക്കുന്നു)
ലേഖ: എന്ത് നിര്‍ത്താന്‍ ?
അയാള്‍: ഈ നാടകം കളി നിര്‍ത്താന്‍
മിത്ര: ഏത് നാടകം?
അയാള്‍ : ഈ നാടകം തന്നെ.
മിത്ര: അതിനിത് നാടകമാണെന്ന് തന്നോട് ആര് പറഞ്ഞു.
അയാള്‍: അത് പ്രത്യേകിച്ച് ആരെങ്കിലും പറയണോ!
മിത്ര: പറയണം.
അയാള്‍ : എങ്കില്‍ ഞാന്‍ പറയുന്നു ഇത് നാടകമാണ്. ഈ നാടകം ഈ നിമിഷം ഇവിടെ വച്ച് നിങ്ങള്‍ അവസാനിപ്പിക്കണം.
മിത്ര: അവസാനിപ്പിച്ചില്ലെങ്കില്‍
അയാള്‍ : അവസാനിപ്പിച്ചേ പറ്റു
മിത്ര: അത് പറയാന്‍ താന്‍ ആരാണ്?
അയാള്‍: ഞാനാണ് ഈ നാടകത്തിന്റെ കര്‍ത്താവ്,നാടകകൃത്ത്.
മിത്ര : നാടകത്തിന്റെ കര്‍ത്താവായിക്കോ പക്ഷേ ഞങ്ങളുടെ കര്‍ത്താവാകാന്‍ വരണ്ട.
കര്‍ത്താവ്: ഞാന്‍ നിങ്ങളുടെ പിതൃത്വം ഏറ്റെടുക്കാന്‍ വന്നതല്ല. പക്ഷേ ഒന്ന് മറക്കരുത്, നിങ്ങള്‍ ഈ നാടകത്തിലെ വെറും കഥാപാത്രങ്ങള്‍ മാത്രമാണ്. ഞാനാണ് നാടകകൃത്ത്. ഞാന്‍ എഴുതാത്തത് പലതും നിങ്ങള്‍ പറയാനും ചെയ്യാനും തുടങ്ങി. ഇത്രയും ആളുകള്‍ക്ക് മുന്‍പില്‍ വച്ച് ഉമ്മ വെയ്ക്കാന്‍ ആരാണ് നിങ്ങളോട് പറഞ്ഞത്
ലേഖ: ഞങ്ങള്‍ക്ക് പ്രണയിക്കാനോ ഉമ്മവയ്ക്കാനോ വേറെ ഒരാളുടെ സമ്മതം ആവശ്യമില്ല.
കര്‍ത്താവ്: ശരി സമ്മതിച്ചു, പക്ഷേ ഞാന്‍ എഴുതിയത് കാല്‍പനികമാണെന്നും അതെഴുതിയ എന്നെ വെടിവെച്ച് കൊല്ലണം എന്നുമല്ലേ, നാടകം തുടങ്ങുമ്പോള്‍ തന്നെ പറഞ്ഞത്.
മിത്ര: ആ തോക്ക് ഇപ്പോഴും ഞങ്ങളുടെ കൈയ്യില്‍ തന്നെയുണ്ട്
ലേഖ: അല്ലെങ്കിലും ക്ലൈമാക്സ്സില്‍ ഞങ്ങളില്‍ ഒരാളെ കൊല്ലാന്‍ തന്നെയായിരുന്നില്ലേ നിങ്ങളുടെയും ഉദേശ്യം
കര്‍ത്താവ്: അതിനുള്ള സ്വാതന്ത്രം എഴുത്തുകാരനില്ലേ
മിത്ര : ഞങ്ങളുടെ കാര്യത്തില്‍ ഇല്ല.
കര്‍ത്താവ്: (ചിരിക്കുന്നു) നിങ്ങളെ പരിചയപ്പെടുത്തിയത് ഞാന്‍, പ്രണയിക്കാന്‍ പറഞ്ഞത് ഞാന്‍, ഉമ്മ വയ്ക്കാനുള്ള സ്ഥലവും, സന്ദര്‍ഭവും ഒരുക്കി തന്നത് ഞാന്‍. അപ്പൊ നിങ്ങളെ കൊല്ലാനും എനിക്ക് കഴിയും.
(മിത്രയും ലേഖയും ചിരിക്കുന്നു)
ലേഖ: കഴിയില്ല. കാരണം ഈ കഥ എഴുതുന്നത് താനല്ല, ഞങ്ങളാണ്. താന്‍ ഇത് എഴുതാന്‍ തുടങ്ങുന്നതിന് മുമ്പേ ജീവിച്ച് തുടങ്ങിയവരാണ് ഞങ്ങള്‍. മനസ്സിലാവുന്നില്ല അല്ലേ?
മിത്ര: ഞങ്ങളുടെ പ്രേമത്തെ കൊഴുപ്പിക്കാന്‍ താനൊരു ഫ്ലാറ്റ് ഒരുക്കി തന്നു. കൂടെ താമസിച്ച പെണ്‍കുട്ടി കല്യാണം കഴിഞ്ഞ് പോയെന്ന് അലസമായി എഴുതി. ആ പെണ്‍കുട്ടി ആരാണെന്ന് എഴുത്തുകാരന്‍ അന്വേഷിച്ചിരുന്നോ?
ലേഖ: എന്തിന് അന്വേഷിക്കണം അല്ലേ? താന്‍ എഴുതിയ നാടകത്തിനു മുമ്പും മിത്രയ്ക്കും, ലേഖയ്ക്കും ജീവിതമുണ്ടായിരുന്നു. നീയത് മറന്നു. താനൊരു പൊട്ടനാണ് എഴുതുമ്പോള്‍ ഓര്‍ക്കേണ്ടത് ഒന്നും ഓര്‍ത്തില്ല. ഞങ്ങള്‍ക്കിടയില്‍ ഒരു റോഡപകടം സൃഷ്ടിച്ചു എന്നത് ഒഴിച്ച് ഞങ്ങളുടെ കഥയില്‍ നിനക്ക് ഒരു സ്ഥാനവും ഇല്ല. യൂ ആര്‍ ജസ്റ്റ് ആന്‍ അക്സിടന്റ്റ് മേയ്ക്കര്‍…. ദാറ്റ്സ് ഇറ്റ്.
മിത്ര: എടോ കര്‍ത്താവേ ഈ നാടകത്തില്‍ തന്റെ റോള്‍ എപ്പോഴേ കഴിഞ്ഞതാണ്, അതുകൊണ്ട് താന്‍ വിട്ടോ. കൂടുതല്‍ കാര്യങ്ങള്‍ ഒന്നും അന്വേഷിക്കണ്ട.
കര്‍ത്താവ് : പക്ഷേ ഈ നാടകം ഇങ്ങിനെയാണ് നിങ്ങള്‍ അവസാനിപ്പിക്കാന്‍ പോവുന്നത്
ലേഖ: നാടകം അവസാനിക്കുകയല്ല തുടങ്ങുകയാണ്.
മിത്ര: ഇത് തുടക്കമാണോ? ഒടുക്കമാണോ?
ലേഖ: ഇത് ഞാനാണോ? നീയാണോ?
(അരങ്ങിലേക്ക് സംഗിതം പടരുന്നു)
മിത്ര: ശ്…നിശബ്ദത പാലിക്കുക. സകലരും ഇതുവരെയുള്ളതെല്ലാം മറന്നു പോകേണ്ടതുണ്ട്. ഓര്‍മ്മ ഒരു രോഗമാണ് മറവി ചിലപ്പോള്‍ മരുന്നും.
ലേഖ: ഓർമ്മ തുമ്പിൽ മറവിയുടെ ആഴങ്ങളിൽ ആത്മാവിന്റെ അവസാന ശ്വാസത്തിൽ പോലും
കാട്ടു മുല്ലകളെ പോലെ നമ്മൾ ചേർത്ത് വെക്കപ്പെടും
മിത്ര: കാട്ടുമുല്ലകളല്ല കാട്ടു മുലകളെ പോലെ നമ്മൾ ചേർത്ത് വെക്കപ്പെടും.
ലേഖ: എഴുത്തുകരാ ഇറങ്ങിപ്പോവുക ഞങ്ങളുടെ ജീവിതത്തില്‍ നിന്ന്,
മിത്ര: അല്ലെങ്കിലും അതികാല്പനികത എഴുതുന്നവരെ വെടിവെച്ച് കൊല്ലണം
മിത്രയും ലേഖയും അയാള്‍ക്ക് നേരെ വിരല്‍തോക്ക് ചൂണ്ടുന്നു. അവര്‍ക്ക് മുന്നില്‍ നിന്നും അയാള്‍ മാഞ്ഞു പോവുന്നു.
അരങ്ങിലേക്ക് വരുന്നുണ്ട് ഒരു തൊട്ടില്‍, കുഞ്ഞിന്റെ കരച്ചില്‍.
ലേഖ കുഞ്ഞിനെ എടുത്ത് മിത്രയുടെ കയ്യിലേക്ക് കൊടുക്കുന്നു അവര്‍ കുഞ്ഞിനെ ചേര്‍ത്ത് പിടിക്കുന്നു.
രണ്ട് പേരും : ഇത് തുടക്കമാണോ? ഒടുക്കമാണോ? ഇത് ഞാനാണോ? നീയാണോ?
ഒരു ഫോട്ടോയില്‍ എന്നപോലെ ചിരിച്ചുകൊണ്ട് അവര്‍ പ്രേക്ഷകരെ നോക്കുന്നു.
അരങ്ങില്‍ പലയിടങ്ങളിലായി തെളിയുന്ന വ്യത്യസ്തമായ ഫാമിലി ഫോട്ടോസ്. ലെസ്ബിയന്‍സ്, ഗെയ്സ്, ട്രാന്‍സ് ജെന്റെര്സ്, തുടങ്ങി പ്രായം, ജാതി, മതം, ദേശം, ലിഗം എന്നിവയെല്ലാം ഇടകലര്‍ത്തിയ വ്യത്യസ്തമായ പലതരം കുടുബ ചിത്രങ്ങള്‍ അരങ്ങില്‍ നിറയുന്നു. പതിയെ അവയെല്ലാം കൂടി ചേര്‍ന്ന് അരങ്ങ് ഒരു വലിയ കുടുബ ചിത്രമായി മാറുന്നു.
…