
തിരുവനന്തപുരം: 2017 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം കവി കെ സച്ചിദാനന്ദന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒന്നരലക്ഷമായിരുന്ന അവാർഡ് തുക മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് അഞ്ച് ലക്ഷമാക്കിയതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പുരസ്കാരം പിന്നീട് സമ്മാനിക്കും. സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖൻ ചെയർമാനും പ്രൊ.എം.കെ.സാനു, ഡോ.എം.ലീലാവതി, സി.രാധാകൃഷ്ണൻ, സാസ്കാരികസെക്രട്ടറി റാണിജോർജ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് നിർണയിച്ചത്.
വിദേശകവിതയെ മലയാളത്തിലേക്കും മലയാളകവിതയെ ലോകസാഹിത്യത്തിനും പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്ന ശ്രദ്ധാലുവായ വിവർത്തകൻ കൂടിയാണ് സച്ചിദാനന്ദനെന്ന് സമിതി വിലയിരുത്തി. എഴുത്തച്ഛനെഴുതുന്പോൾ, ഇവനെക്കൂടി, വീടുമാറ്റം, കയറ്റം, അപൂർണം, അഞ്ചു സൂര്യൻ, ഇന്ത്യൻ സ്കെച്ചുകൾ, സംഭാഷണത്തിന് ഒരു ശ്രമം, വിക്ക് എന്നിവയാണ് പ്രധാന കൃതികൾ.