കോഴിക്കോട്ടുകാരന്‍ ബ്രിജേഷ് പ്രതാപ് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം ‘ഐ’ പൂണെ ഇന്റര്‍നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നു. കണ്ണുണ്ടായിട്ടും കാണാത്തവരുടെ ലോകത്തേക്ക്, കണ്ണടച്ച് ഇരുട്ടാക്കുന്നവരുടെ ഇടയിലേക്ക്, നേരിന്‍റെ ഉൾക്കാഴ്ച്ചയുമായാണ് ‘ഐ’ എത്തുന്നത്.
15 മിനിട്ടാണ് ദൈർഘ്യം. ഒരു ഫ്ളാറ്റിൽ താമസിക്കുന്ന അന്ധയായ പെൺകുട്ടിയും അവൾക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആനുകാലികം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന നിരവധി വിഷയങ്ങളെ പ്രത്യേകിച്ച് സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും പുരുഷ മേധാവിത്വ സമീപനങ്ങളും ചിത്രം ചർച്ച ചെയ്യുന്നു.
വലൻസിയ മീഡിയ കോർട്ടിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിന്‍റെ തിരക്കഥ ദിലീപ് കീഴൂരാണ്. ക്യാമറയും എഡിറ്റിംഗും നിർവഹിച്ചത് സുബീഷ് യുവ. പശ്ചാത്തല സംഗീതം വിനീഷ് ബാലകൃഷ്ണൻ. മികച്ച ചിത്രത്തിന് ഭരത് ഷോർട്ട് ഫിലിം ഫെസ്റ്റിൽ ഐ.വി. ശശി പുരസ്കാരവും മലബാർ സൗഹൃദ വേദിയുടെ പുരസ്കാരവും നേടിയിട്ടുണ്ട്. കോഴിക്കോട് നടന്ന ഓറിയൻറൽ ഫിലിം ഫെസ്റ്റിൽ മികച്ച നടി, കൊല്ലം സംസ്കാര സാഹിതിയുടെ മേളയിൽ മികച്ച തിരക്കഥ എന്നീ അവാർഡുകൾ നേടിയ ചിത്രം ഹൈദരബാദ് ഫിലിം ഫെസ്റ്റിലിലേക്കും മുംബൈ ചിത്രഭാരതി ഷോർട്ട് ഫിലിം ഫെസ്റ്റിലിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ശില്പ വിജയൻ, അനിൽ തിരുവമ്പാടി, ആര്യ ശ്രീനിവാസ്, പ്രശോഭ് മേലടി, മിഥുൻ പയ്യോളി, ആൻസി ബിജു, ചന്ദ്രൻ കണ്ടോത്ത്, ജീനാ ഷാബി, അഖിൽ പയ്യോളി, പ്രജിമണിയൂർ, രഞ്ചു, രേവതി, ഗീതാ ശ്രീജിത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.